
എല്ലാ മാറ്റങ്ങളും അതിന്റെ സത്വത്തിൽ നിന്നും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. യഥാർത്തത്തിൽ മാറ്റം മാത്രമേ നടക്കുന്നുള്ളൂ , പുതിയതായി ഒന്നും തന്നെ സൃഷ്ടിക്കപ്പെടുന്നില്ല . മാറ്റങ്ങൾക്കു വിധേയമാവത്തതായി ഒന്നുമില്ലങ്കിലും മാറ്റപ്പെടുമ്പോഴും മാറ്റം സംഭവിക്കാത്ത ചില കാര്യങ്ങളുണ്ട് നമ്മുടെ സമൂഹത്തിൽ . അതിലൊന്നാണ് സ്ത്രീധനം .
കാലങ്ങളോളം പഴക്കമുള്ള ഒരു വ്യവസ്ഥിതിയാണ് സ്ത്രീധനം . കാലം മാറിമറിഞ്ഞ് മാറ്റങ്ങൾക്ക് വഴി വെട്ടി കൊടുക്കുമ്പോൾ ഏതിനും സംഭവിക്കാവുന്ന മാറ്റങ്ങൾ സ്ത്രീധനമെന്ന സമ്പ്രദായത്തെയും തൊട്ടുണർത്തിയിടുണ്ട്. സ്ത്രീധനം ഒരു ധനസ്രോതസ്സിന്റെ സാമ്പത്തികഘടനയാകുമ്പോൾ മാറ്റം സംഭവിക്കുന്നതും മാറിവരുന്ന പണത്തിന്റെ മൂല്യത്തെ അശ്രയിച്ചുകൊണ്ടുതന്നെയായിരിക്കും.
കാലത്തിന്റെ ഗതിക്കനുസരിച്ച് സാമ്പത്തികവ്യതിചലനങ്ങൽക്കനുസൃതമായി സ്ത്രീധനസമ്പ്രദായത്തിൽ മാറ്റങ്ങൾ തുടർന്നുകൊണ്ടിരുന്നു. പണം ,സ്വർണ്ണം, കാറ്, സ്ഥലം , വീട് , ഫ്ലാറ്റ് , ജോലി എന്നിങ്ങനെ പോകുന്നു മാറ്റത്തിന് വിധേയമായ സ്ത്രീധന ഘടകങ്ങൾ.
നമ്മുടെ സമൂഹത്തിൽ നമുക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നാതായ അനാചാരങ്ങളെ കണ്ണടച്ച് കണ്ടില്ലന്ന് നടിക്കാൻ ശ്രമിക്കുന്ന നമ്മൾ സ്വന്തം ദേഹം നോവാത്ത മുൾമുനകളെ തിരിഞ്ഞുനോക്കേണ്ട ആവിശ്യകതയില്ലന്നു വിശ്വസിക്കുന്നു . ജീവിതത്തിൽ വ്യക്തമായ ദിശാബോധാമോ ആശയങ്ങളോ വെച്ചുപുലർത്താത്തവൻ അന്യൻറെ ജീവിതരീതികളെ കടമെടുക്കുന്ന അല്ലെങ്കിൽ അനുകരിക്കുന്ന സ്ഥിതിവിശേഷകാലഘട്ടത്തിലാണ് നമ്മുടെ ജീവിതം .
നമ്മുടെ സമൂഹത്തിൽ സാമ്പത്തികമായി വ്യത്യസ്തനിലവാരം പുലർത്തുന്നവരായി മൂന്നു തരക്കാരുണ്ട്. ഒന്നാമത്തെ വിഭാഗം സാമ്പത്തികവും സാമൂഹികവുമായി ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരാണ് . രണ്ടാമത്തെ വിഭാഗം അഭിജാതവിഭാഗക്കാരെങ്കിലും ജീവിതത്തിന്റെ പാതിവഴിയിൽ സമ്പത്തിന്റെ കഴമ്പ് കൈവിട്ടുപോയവരാണ് . എന്നാൽ കുടുംബമഹിമയും സാമ്പത്തികവും പണ്ടേ ഇല്ലാത്ത ദരിദ്രവിഭാഗം എന്ന് മുദ്രകുത്തപ്പെട്ട താഴെക്കിടയിലുള്ളവരാണ് മൂന്നാമത്തെ വിഭാഗം .
ഒന്നാമത്തെ വിഭാഗം പണത്തിന്റെ ഹുങ്കിൽ ചെയ്യുന്നത് സമൂഹത്തിൽ നാട്ടുനടപ്പ് അഥവാ ആചാരമായി മാറുന്നു. ആ ആചാരത്തെ രണ്ടാം വിഭാഗക്കാർ പറമ്പും പാടവും വിറ്റാണെങ്കിലും നിലനിർത്തുന്നു. എന്നാൽ മൂന്നാമത്തെ വിഭാഗം ഈ ആചാരങ്ങളുടെ പേരിൽ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുമ്പോഴാണ് ആചാരം അനാചാരത്തിലെത്തി എന്ന് നാം കണ്ണുമിഴിക്കുന്നത്.
അതായത് മുമ്പ് ഒരു കൂലിപ്പണിക്കാരനെ വരാനായി കിട്ടാൻ ഇരുപത് പവനും അമ്പതിനായിരം രൂപയും കൊടുത്താൽ മതിയാകും എന്നത് കാലത്തിന്റെ മാറ്റത്തിന് വഴിമാറിക്കൊടുത്തപ്പോൾ കമ്പോളത്തിൽ അവന്റെ വില അമ്പത് പവനും ഒരു ലക്ഷവുമായി .[ഇത് നാലു വർഷം മുമ്പുള്ള കാര്യമാണ്].
സ്ത്രീധനം ആചാരമോ അനാചാരമോ എന്ന് വാദിക്കുന്നവരുണ്ട് . എന്നാൽ എന്ത്തന്നെയായാലും അതിനെ വേരോടെ പിഴിതെറിയാനുള്ള ഇച്ഛാശക്തി നമുക്കുണ്ടാകണം . ഒരു വിവാഹം നിശ്ചയിച്ചാൽ ആണിന്റെതയാലും പെണ്ണിന്റെതായാലും നാം ആദ്യം ചർച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീധനത്തെക്കുറിച്ചായിരിക്കും. എത്ര കൊടുക്കും, എത്രകിട്ടും എന്ന ചർച്ചക്കൊടുവിൽ ചന്തയിലെ മൂരികളെപോലെ വിലപേശി പൊന്നും പണവും നീട്ടിവെച്ചുകൊടുത്ത് പെണ്‍കുട്ടിയുടെ കൈപിടിച്ച് കൊടുക്കുമ്പോൾ ഏത് പരിഷ്കൃത സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് നെഞ്ചത്ത് കൈവെച്ച് ചിന്തിക്കുന്നത് നന്നായിരിക്കും .
പത്തുരൂപയുടെ വരുമാനമുണ്ടെങ്കിൽ പതിനഞ്ചു രൂപയുടെ നിലവാരത്തിൽ ജീവിക്കണമെന്ന പൊങ്ങച്ച മനോഭാവമാണ് പലരെയും പടുക്കുഴിയിൽ കൊണ്ടു ചാടിക്കുന്നത് . തനിക്കും ഉള്ളവനെപോലെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നത് നല്ലത് തന്നെ . പക്ഷെ അതിനു ശ്രമിക്കുമ്പോഴയാണ് തനിക്കു തരണം ചെയ്യാൻ കഴിയുന്നതിനപ്പുറത്തേക്ക് സാമ്പത്തിക പ്രശ്നങ്ങൾ കുടിയേറിയിരിക്കുന്നത് മനസ്സിലാവുക . പിന്നെ ഒരു തിരിച്ചിറക്കം വിഫലമാകും . അവസാനം ജീവിതം തുഴയില്ലാത്ത നൗകപോലെ ഗതിയറിയാതെ ഒഴുകും . ലക്ഷ്യത്തിലെത്താനാകാതെ പുഴയുടെ നടുവിൽ ഒറ്റപ്പെട്ടുപോകും .
ഇതിനെല്ലാം കാരണം ദാമ്പത്യജീവിതത്തിലേക്ക് ഒരു പെണ്ണിന്റെ കൈ പിടിച്ച് കയറുമ്പോൾ ഏതോ ഒരു സാഹസികലോകത്തേക്ക് കയറുന്ന ഭയപ്പെടൽ നമ്മുടെ ഉള്ളിലുള്ളത്കൊണ്ടാണ്. സ്വയം അധ്വാനിച്ച് ഒരു പെണ്ണിനെ പോറ്റാൻ കഴിവില്ലന്ന് ബോധ്യപ്പെടുമ്പോഴാണ് പെണ്ണിന്റെ കൈപിടിച്ച് തന്നവരോട് ഒരു യാചകനെപ്പോലെ കൈ നീട്ടുന്നത് . പശുവിനെ ദാനമായി കൊടുത്തപ്പോൾ എന്നിക്ക് പശുവിനെ മാത്രം പോര , പശുവിന് പുല്ല് തിന്നാനുള്ള പറമ്പും കൂടി തരണം എന്ന് പറഞ്ഞപോലുള്ള അവസ്ഥയാണിത്. തന്റെ മകളെ മാത്രമല്ല അവളെ സ്നേഹിക്കാനും സംരക്ഷിക്കാനും കൈകൂലി അഥവാ സ്ത്രീധനം കൂടി കൊടുക്കേണ്ടിവരുന്ന രക്ഷിതാക്കളുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നോർത്ത് ലജ്ജിക്കേണ്ടിയിരിക്കുന്നു .
ഏറ്റവും കൂടുതൽ രാഷ്ട്രീയപാർട്ടികളും സാമുദായികസംഘടനകളും ഉള്ളത് ഒരു പക്ഷെ നമ്മുടെ കൊച്ചു കേരളത്തിലാകും. എന്നിട്ടും സമൂഹത്തെ അർബുദം പോലെ കാർന്നുതിന്നുന്ന സ്ത്രീധനമെന്ന വിപത്തിനെ ചെറുത്തു തോൽപ്പിക്കുവാൻ ആരുമില്ല എന്നതാണ് സത്യം . മാറുന്ന സമൂഹത്തിലേക്ക് പുതിയ ഒരു സൂര്യൻ ഉദിക്കുമെന്നും ,മാറ്റത്തിന്റെ നല്ല ഒരു പുലരി പിറക്കുമെന്നും എപ്പോഴുമെന്നപോലെ നമുക്ക് സ്വപ്നം കാണാം .
* ശുഭം *
റൗഫ്റഹ്മത്തുള്ള,




No comments:
Post a Comment
അഭിപ്രായം അറിയിക്കുക