മൂന്ന് മുഴം കറുത്ത ചരട് , ഒരു ചൂല് , ചെന്തെങ്ങിന്റെ കരിക്ക് ഒന്ന് , ഒരു ചൂണ്ടു വിരൽ നീളത്തിന് വെള്ളിനൂല് , മുപ്പത്തിമൂന്ന് കുരുമുളക് മണികൾ , വീടിന്റെ ഉമ്മറത്തെ ചവിട്ടിൽ പടിയുടെ ഇറക്കിൽ നിന്ന് ഒരു പിടി മണ്ണ് , ഒരു ചെറിയ കുപ്പി തേൻ .. ഇത്രയും അടങ്ങുന്ന ഒരു ലിസ്റ്റാണ് ഏനുകുട്ടി മൂപ്പര് കുഞ്ഞൈസാക്ക് കൊടുത്തത് .
ഇതൊരു കൂടോത്രമൊന്നുമല്ലന്ന് കുഞ്ഞൈസാക്ക് നല്ല വിശ്വാസമുണ്ട് . ഏനുകുട്ടിമൂപ്പര് കൂടോത്രം ചെയ്യുന്ന ആളെല്ലാന്നും കുഞ്ഞൈസാക്ക് അറിയാം . അല്ലെങ്കിലും കെട്ടിയ മാപ്ലയോട് ആരെങ്കിലും കൂടോത്രം ചെയ്യുമോ ?...
കിഴക്കേലെ കദീസുമ്മയാണ്ഏനുകുട്ടിമൂപ്പരെ പറ്റി കുഞ്ഞൈസാട് പറഞ്ഞത് . എത്രയെത്ര അനുഭവങ്ങളാണ് കദീസുമ്മാക്ക് പറയാനുണ്ടായിരുന്നത് . എത്രവട്ടം അത് കുഞ്ഞൈസാടെ കാതിലും കദീസുമ്മ ഓതി കൊടുത്തിട്ടുണ്ട് . നാല് കൊല്ലം പൂക്കാതെ നിന്ന മാവ് പൂത്തില്ലേ ? മൂന്നു തവണ ഡ്രൈവിംഗ് ലൈസൻസിന്റെ ടെസ്റ്റ് പൊട്ടിയിട്ടുംകിട്ടാതെ നട്ടം തിരിഞ്ഞ ഗൾഫിലുള്ള സാഹിറാടെ കെട്ടിയോൻക്ഏനുകുട്ടിമൂപ്പരുടെ ഒറ്റമന്ത്രം കൊണ്ട് ലൈസൻസ് കിട്ടിയില്ലേ ? തെക്കേലെ സരോജിനിയുടെ ഇളയമോന്റെ കാലിൽ വന്ന ചൊറി എങ്ങനെയാ മാറിയത് ? എല്ലാരും ഡോക്ടറെ കാണിക്കാൻ പറഞ്ഞിട്ട് ഓള് കേട്ടോ ..? എന്ത്യേ . ഓള് കേൾകാർന്ന് , ഓൾക്കറിയാം നല്ലോണം പഠിക്കുന്ന ചെക്കൻക്ക് ആരോ കൂടോത്രം ചെയ്തതാണെന്ന് എന്നിട്ടെന്തായി ! ഏനുകുട്ടിമൂപ്പരെ അടുത്ത് പോയി ഒരു ചരട് മന്ത്രിച്ച് അരയിൽ കെട്ടിയപ്പോ നാലിന്റന്ന് ചെറുക്കന്റെ കാലിലെ ചൊറി മാറിയില്ലേ ? അപ്പോൾ പിന്നെ ഏനുകുട്ടിമൂപ്പർക്ക് കഴിവില്ലാഞ്ഞിട്ടാ ....?
ഇങ്ങനെ എത്രെയെത്ര അനുഭവങ്ങൾ , എത്രയെത്ര ആൾക്കാർക്ക് അത് തന്നെ പല ജാതിക്കാർക്കും പിന്നെങ്ങിനെയാ .... കുഞ്ഞൈസാക്ക്ഏനുകുട്ടി മൂപ്പരില് വിശ്വാസല്ലാണ്ടിരിക്യാ ....
ഖത്തറിലുള്ള കുഞ്ഞൈസാടെ കെട്ടിയോന്റെ കത്ത് വന്നിട്ട് മൂന്ന് മാസത്തോളമായി ടെലിഫോണ്‍ മേഖലയിലെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി കുത്തകകളുടെ കടന്നു കയറ്റം കൊണ്ട് ഉൾഗ്രാമപ്രദേശം കൂടിയായിട്ട് പോലും കുഞ്ഞൈസാടെ നാട്ടിലുള്ളോർക്കൊക്കെ ഫോണായി . കുഞ്ഞൈസാടെയും , കദീസുമ്മാടെയും , അങ്ങനെ ചുരുക്കം ചില വീട്ടിൽ മാത്രം ഫോണില്ല . കുഞ്ഞൈസ ഇപ്പോഴും കത്തിലൂടെയാണ് തന്റെ കെട്ടിയോനുമായി വിരഹസ്വപ്നങ്ങൾ പങ്കുവെക്കുന്നത് . പക്ഷെ ! കഴിഞ്ഞ മൂന്നുമാസമായി കുഞ്ഞൈസ അയച്ച കത്തിന് മറുപടി വന്നിട്ട് .
ഖത്തറിലുള്ളോരാരും നാട്ടിലില്ലാത്തത്കൊണ്ട് പോസ്റ്റുമാനെ കണ്ണും നട്ടിരിക്കല്ലാതെ കുഞ്ഞൈസാക്ക് വേറെ വഴിയില്ല . നോക്കി നോക്കിയിരുന്ന് കുഞ്ഞൈസാടെ കണ്ണ്‍ കഴച്ചു . ഉള്ളില് ഇടുങ്ങി നിന്ന വേദന കദീസുമ്മാടല്ലാണ്ട് കുഞ്ഞൈസ വേറെ ആരോട് പറയും . പക്ഷെ പറഞ്ഞത് നന്നായി എന്നായി കുഞ്ഞൈസാക്ക് . മൂപ്പത്ത്യാരോട് പറഞ്ഞോണ്ടല്ലേ , ആണുങ്ങക്ക് ഇമ്മാതിരി ബെടക്കത്തരൊക്കെ കയ്യിലുണ്ടെന്ന് മനസ്സിലാക്കാൻ പറ്റിയത് .
പക്ഷെ തന്റെ കെട്ടിയോൻ അമ്മാതിരി ബെടക്കത്തരൊന്നും ചെയ്യില്ലന്ന് കുഞ്ഞൈസാക്ക് നല്ല വിശ്വാസമുണ്ട് .
"ന്റെ മുത്തീബീ .... അന്നെ ഞാൻ എത്ര പെരുത്ത് ഇഷ്ടപെടണ്ട്ന്ന് പറയാൻ ഈ ലോകത്ത് ഇനി വല്ലവാക്കും കണ്ടുപിടിക്കെണ്ടിവരും ."
ഖത്തറിൽ പോണേന്റെ നാല് ദിവസം മുമ്പ് കെട്ടിയോൻ കെട്ടിപ്പിടിച്ച് കിടന്ന് പറഞ്ഞവാക്കുകൾ കുഞ്ഞൈസ ഒരു കോരിത്തരിപ്പോടെ അസർ നിസ്കാരം കഴിഞ്ഞ് നിസ്കാരപ്പായയിലിരുന്നുകൊണ്ട് ഓർത്തു . ഒപ്പം കദീസുമ്മാടെ വാക്കുകളും . കെട്ടിയോൻ നല്ലോനായിട്ട് എന്താ കാര്യം കദീസുമ്മ പറഞ്ഞപോലെ ഖത്തറില് ആണുങ്ങളെ കൈവെഷംകൊടുത്ത് മയക്ക്ണ പെണ്ണ്ങ്ങള്ണ്ടെങ്കി എന്താ ചെയ്യാ ...?
ന്റെ റബ്ബേ ..... കാത്തോളെനെന്റെ കെട്ടിയോനേ . നിസ്കാര പായയിലിരുന്ന് കയ്യും കണ്ണും മേൽപ്പോട്ട് ഉയർത്തി കുഞ്ഞൈസ പടച്ചോനെ തേങ്ങി വിളിച്ചു .
കദീസുമ്മ പറഞ്ഞപോലെ വല്ല പെണ്ണുങ്ങളും കൈവിഷം കൊടുത്തിണ്ടങ്കീ .. ഏനുകുട്ടി മൂപ്പരെ കണ്ട് കാര്യം പറഞ്ഞാൽ കെട്ടിയോനെ തിരിച്ച് കിട്ടോ ...? കുഞ്ഞൈസ തന്നോട് തന്നെ ഒരു നൂറാവർത്തി ചോദിച്ച്കൊണ്ടിരുന്നു .
ഒടുവിൽ കദീസുമ്മാടെ അനുഭവത്തിന്റെ കാതല് മനസ്സിലാക്കി കുഞ്ഞൈസ ഏനുകുട്ടി മൂപ്പരെ കാണാൻ തന്നെ തീരുമാനിച്ചു . ഏനുകുട്ടിമൂപ്പരെ കണ്ട് കാര്യം പറഞ്ഞപ്പോൾ കുഞ്ഞൈസാക്ക് സമാധാനമായി .
അവിട്ന്ന് എഴുതികൊടുത്ത ഒരു ലിസ്റ്റുമായി തിരിക്കുമ്പോൾ ഒരാഴ്ച കഴിഞ്ഞ് ലിസ്റ്റിൽ പറഞ്ഞ സാധനങ്ങളും അയ്യായിരം ഉറുപ്പികയും കൊണ്ടുവരാൻ ഏനുകുട്ടി മൂപ്പര് രണ്ടും മൂന്നും വട്ടം പറഞ്ഞാണ് ഓർമിപ്പിച്ചത് .
വടക്കുപുറത്തെ കിണറ്റിൻ കരയിലിരുന്ന് മീൻ നന്നാക്കുമ്പോഴും , തുണി അലക്കുമ്പോഴും , അടുക്കളയിൽ ചോറും കറിയുമായി ബദർ യുദ്ധം നടത്തുമ്പോഴും , അകം അടിച്ചുവാരുമ്പോഴും കുഞ്ഞൈസാടെ മനസ്സിൽ ഒരേ ചിന്ത മാത്രം . ഖത്തറിലുള്ള കെട്ടിയോൻ വേറെ വല്ല പെണ്ണുങ്ങളുമായി പൊറുതി തുടങ്ങിയോ ? കത്തയക്കാത്തതിന്റെ പൊരുള് അതാകാമെന്നാണല്ലോ .... കദീസുമ്മ പറണത് ...
ന്നാലും ന്റെ റബ്ബേ ... ന്നെ ഇത്ര പെട്ടന്ന് കെട്ടിയോൻക് മടുത്തോ .... ഗൾഫില് പോയ ആണ്ങ്ങളൊക്കെ ഇങ്ങ്നെന്യാവോ .....?
പണികൾകിടയിൽ ചുമരും ചാരിനിന്ന് കുഞ്ഞൈസ തേങ്ങി കരയും . കരിപുരണ്ട കൈകൊണ്ട് കവിളത്ത് ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ച് കുഞ്ഞൈസ ഒന്ന് നെടുവീർപ്പിടും . പിന്നെ കണ്ണ് മിഴിച്ച് നിന്ന് ഒരാത്മഗദം പോലെ ങ്ഹാ ... ഏനുകുട്ടി മൂപ്പര് ഉണ്ടല്ലോ .... കുഞ്ഞൈസാടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഒരു പ്രതീക്ഷയുടെ നിഴലാട്ടം ഒളിമിന്നും .
വെള്ളി നൂലും , കറുത്ത ചരടും , ചെന്തങ്ങിന്റെ കരിക്കും , ചെറുതേനും ഒക്കെ ഒരാഴ്ചകൊണ്ട് കുഞ്ഞൈസ ഒപ്പിച്ചു . പക്ഷെ അയ്യായിരം ഉറുപ്പിക ! അതിന് മാത്രം കുഞ്ഞൈസാക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു .
നുള്ളിപ്പെറുക്കിയും , ഒരു കോടിയ സ്വർണ്ണവള വിറ്റുമാണ് കുഞ്ഞൈസ അയ്യായിരം ഉറുപ്പിക ഒപ്പിച്ചത് . വളല്ലെങ്കിലും വേണ്ടില്ല ന്റെ കെട്ടിയോൻ കൈവിട്ട് പോവൂല്ലലോ ..... എന്ന് തേങ്ങി കരഞ്ഞുകൊണ്ടാണ് കദീസുമ്മാടെ കയ്യിൽ കുഞ്ഞൈസ വള വിക്കാൻ കൊടുത്തത് .
യ്യ് ഒന്നോണ്ടും പേടിക്കണ്ടന്റെ കുഞ്ഞൈസാ ..... ഏനുകുട്ടി മൂപ്പര് ചില്ലറക്കാരനല്ലാ ...ഇക്കന്നെ എത്ര അനുഭവാ ഉള്ളത് .....
കദീസുമ്മ കുഞ്ഞൈസാടെ നെറുകയിൽ തടവിക്കൊണ്ട് സമാധാനിപ്പിച്ചു .
കാലത്തെ പണികളെല്ലാം നേരെത്തെ ചെയ്ത് വെച്ച് കദീസുമ്മാനെയും കൂട്ടി കുഞ്ഞൈസ ഏനുകുട്ടി മൂപ്പര് പറഞ്ഞദിവസം ചെന്നു.
ലിസ്റ്റിൽ പറഞ്ഞ സാദനങ്ങളും അയ്യായിരം ഉറുപ്പികയും ഏനുകുട്ടി മൂപ്പരെ മേശപ്പുറത്ത് വെച്ചുകൊടുക്കുമ്പോൾ കുഞ്ഞൈസ വിങ്ങിപ്പൊട്ടി .
ന്റെ കെട്ടിയോൻ ......
പറഞ്ഞ് തുടങ്ങുമ്പോഴേക്കും കുഞ്ഞൈസ കുട്ടികളെ പോലെ തേങ്ങി കരയാൻ തുടങ്ങി . കദീസുമ്മ പുറത്ത് തടവി കുഞ്ഞൈസാനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു , ഏനുകുട്ടി മൂപ്പര് കണ്ണടച്ചിരുന്ന് എന്തോ പിറുപിറുത്തു . മുറിക്കുള്ളിൽ കുന്തിരിക്കത്തിന്റെയും ചന്ദനത്തിന്റെയും മണം . ചുമരിൽ വലിച്ചുകെട്ടിയ പച്ചപ്പട്ടിൽ ഖുർആൻ സൂക്തങ്ങൾ . മേശപ്പുറത്ത് നിറയെ കിത്താബുകൾ . കുഞ്ഞൈസാടെ തേങ്ങൽ നിന്നപ്പോൾ ഏനുകുട്ടി മൂപ്പര് കണ്ണ്‍ തുറന്നു .
ഞാൻ ഊഹിച്ച പോലെ തന്നെയാണ് കാര്യങ്ങള് . ങ്ങളെ കെട്ടിയോന് ഒരു പെണ്ണ്‍ കൈവിഷം കൊടുത്ത്ക്കേന്നേണ് കെട്ടിയോൻ ആ പെണ്ണില് മയങ്ങീക്ക്ണ് .....
കുഞ്ഞൈസയും കദീസുമ്മയും ഏനുകുട്ടിമൂപ്പരെ തന്നെ തുറിച്ച് നോക്കിയിരിന്നു . ഏനുകുട്ടി മൂപ്പര് ഒരു കിത്താബെടുത്ത് മറിച്ച്നോക്കി . പിന്നെ എന്തോ പിടികിട്ടിയ പോലെ തലയാoട്ടി .
ങ്ങള് ഒന്നോണ്ടും പേടിക്കണ്ട .... ഇതിന് പറ്റിയ നല്ല പണീന്റെ കയ്യിലിണ്ട് . ഇതിലും വല്ല്യ ഇബിലീസോളെ ഞാൻ കൈകാര്യം ചെയ്തീണ്ട് . ങ്ങള് പൊയ്ക്കോ ഒരാഴ്ചക്കുള്ളിൽ കത്ത് വരും ...
കുഞ്ഞൈസാടെ മനസ്സൊന്ന് തണുത്തു . കദീസുമ്മാടെ മുഖത്ത് ആശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും പാൽനിലാവ് . സാരിയുടെ തലകൊണ്ട് കണ്ണ്‍ തുടച്ച് സന്തോഷത്തോടെ കുഞ്ഞൈസയും കദീസുമ്മയും വീട്ടിലേക്ക് തിരിച്ചു .
ഏനുകുട്ടി മൂപ്പരെ വാക്ക് അച്ചട്ടായിരുന്നു . അഞ്ചിന്റന്ന് കുഞ്ഞൈസാടെ കയ്യിൽ കത്ത് കിട്ടി . വേലിക്കൽ സൈക്കിൾ നിർത്തി മുളകമ്പ് കൊണ്ടുള്ള ഗേറ്റ് പൊക്കി പടികയറി വരുന്ന പോസ്റ്റുമാനെ കണ്ടപ്പോൾ കുഞ്ഞൈസാടെ കണ്ണ്‍ നിറഞ്ഞു . ഒപ്പം ഏനുകുട്ടിമൂപ്പരെ പണി ഏറ്റു . എന്ന് മനസ്സിൽ പറഞ്ഞു .
സമയം പതിനൊന്ന് മണി . കദീസുമ്മാടെ വീട്. കദീസുമ്മ മണ്ടപോയ തെങ്ങിന്റെ ചുവട്ടിലിരുന്ന് കറിവെക്കുന്ന ചട്ടിയിൽ നീണ്ടു നിവർന്നു കിടക്കുന്ന ചാളയെ നന്നാക്കി എടുക്കുന്ന പണിയിലായിരുന്നു . അടിപ്പാവാടയുടെ മേലെ ഒരുമുണ്ടും , ജാക്കറ്റും , തലയിൽ ശബരിമലക്ക് പോകുന്നവരുടെ തലയിലെ ഇരുമുടിക്കെട്ട് പോലെ ഒരു മുണ്ട് ചുരുട്ടി മടക്കി വെച്ചിട്ടുണ്ട് . ദൂരെനിന്ന് കുഞ്ഞൈസാടെ വരവ് കണ്ടപ്പോൾ കദീസുമ്മ മുട്ടിനു മേപ്പോട്ട് കേറിയ അടിപ്പാവാടയും പുള്ളിമുണ്ടും താഴ്ത്തിയിട്ടു . മീൻ നന്നാക്കുമ്പോൾ കദീസുമ്മാക്ക് മുട്ടോളം പാവാട കയറ്റിവെക്കൽ ഒരു പതിവായിരുന്നു .
കുഞ്ഞൈസാടെ വരവ് അത്ര പന്തിയല്ലന്ന് കദീസുമ്മാക്ക് തോന്നി . മുഖം ചുവന്ന് കലങ്ങിയിട്ടുണ്ട് . കണ്ണിൽ കോപത്തിന്റെ തീപ്പൊരി . പക്ഷേ .... കയ്യില് കത്ത് കണ്ടപ്പോൾ കദീസുമ്മാക്ക് സമാധാനമായി .
അല്ലേ .... നമ്മടെ ഏനുകുട്ടിമൂപ്പരെ പണി ഏറ്റുലേ .... കുഞ്ഞൈസ പല്ല് കടിച്ച് പിടിച്ച് നിന്നു . ചുണ്ടുകളും കവിൾത്തടങ്ങളും വിറക്കുന്നുണ്ടായിരുന്നു .
ന്താ... ന്റെ കുഞ്ഞൈസാ അണക്ക് പറ്റ്യേ .... അന്റെ കെട്ടിയോന്റെ കത്തല്ലേ..... കയ്യില്.....
അതേ ...
കുഞ്ഞൈസ പല്ല് കടിച്ച് കൊണ്ട് തന്നെ പറഞ്ഞു .
അല്ല കുഞ്ഞൈസാ .. അപ്പോൾ സന്തോഷിക്കല്ലേ വേണ്ടത് . ഞമ്മടെ ഏനുകുട്ടിമൂപ്പരെ ഒരു കയിവേ ........ "
കുഞ്ഞൈസ പെട്ടന്ന് എല്ലാ നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചു .
ങ്ങളും ങ്ങളൊരു മൂപ്പരും ; ഥ്ഫൂ ...... കുഞ്ഞൈസ നീട്ടിയൊന്ന് തുപ്പി . എന്നിട്ട് തുടർന്നു . ങ്ങള് മേലാല് ആ ബലാലിന്റെ പേര് .... ന്നോട് പറയര്ത് . ന്റെ കെട്ടിയോൻക് വേറെ പെണ്ണിണ്ടത്രേ ..... അയാളെ വാപ്പാക്കാണ് പെണ്ണ്‍ . ങ്ങക്കറിയോ ... മൂന്ന് മാസായിട്ട് പൊസ്റ്റാപീസ് സമരായ്ർന്നത്രെ .....
പൊസ്റ്റ്മാൻ പറഞ്ഞപ്പോളല്ലേ .... ഞാൻ അറിഞ്ഞത് . പിന്നെ ഒന്നും പറയാൻ കിട്ടാതെ കുഞ്ഞൈസ വിങ്ങിപ്പൊട്ടി . പിന്നെ തിരിഞ്ഞ് നടന്നു പോകുന്ന പോക്കിൽ .. വെറുതെന്റെ സ്വർണ്ണവള വിറ്റു . ന്റെ കായും പോയി .. ങ്ങക്ക് ഞാൻ വെച്ചിണ്ട്ട്ടാ ..... എന്നും പറയുന്നുണ്ടായിരുന്നു . എന്ത് പറയണമെന്നറിയാതെ കദീസുമ്മ കയ്യിലെ കത്തിയും ചാളയും അങ്ങനെ പിടിച്ചോണ്ട് മണ്ടപോയ തെങ്ങും ചാരി അന്തം വിട്ടിരിരിന്നു .
*... ശുഭം ....*
റൗഫ് റഹ്മത്തുള്ള ,




haha
ReplyDeleteghollaaam..........