Translate

Monday, July 29, 2013

കനവെല്ലാം കാത്തുവെച്ചു ..(ഗാനം) -(ആൽബം ഇവർകൂട്ടുകാർ.)

ജിവിതത്തിൽ സുഹൃത്ബന്ധം എന്നും വിലപ്പെട്ടതാണ്‌ . നിങ്ങൾക്കുള്ളത്പോലെ എനിക്കും ഏറെ പ്രിയപ്പെട്ട ഒരു സുഹൃത്തുണ്ട് , ഗഫൂർ. 2008 ൽ അവനെ കുറിച്ച് ഒരു ഗാനം രചിച്ച് കൊണ്ടാണ് കഥയുടെയുടെ ലോകത്ത് നിന്നും ഞാൻ   പാട്ടുകളുടെ ലോകത്തേക്ക് കടക്കുന്നത് . എന്റെ സുഹൃത്ത് സലീംകോടത്തൂരിന്റെ മധുര ശബ്ദത്തിൽ നിങ്ങൾ കേട്ട് ആസ്വദിച്ച , എന്നും എന്റെ പ്രിയപ്പെട്ട ആ ഗാനം നിങ്ങൾക്ക് സമർപ്പിക്കുന്നു....  സ്നേഹത്തോടെ                                                                                                            റൗഫ്റഹ്മത്തുള്ള,                                            ***************************



കനവെല്ലാം കാത്തുവെച്ചു ..ആ കാലം ഓർത്തുവെച്ചു..
നിഴലായി എന്നും എന്നിലെ കൂട്ടുകാരാ..-എന്റെ
മരണം വരെ കാത്തുവെക്കും കൂട്ടുകാരാ ..
ചെറുപാദം മെല്ലെ പതിച്ച ആ ബാല്യ കാലത്തിൽ..-എൻ
കൈകോർത്തു പിടിച്ചുനടന്നെൻ കൂട്ടുകാരാ ...-എന്റെ
മരണം വരെ ചേർത്ത് വെക്കും കൂട്ടുകാരാ ......(കനവെല്ലാം )
ഒരു വാക്ക് മോഴിഞ്ഞന്നാലോ മറുവാക്ക് തെല്ലതുമില്ല ,
കളിയില്ല കാര്യവുമില്ല മുഖമൊന്നു കറുത്തതുമില്ല ..
കാലങ്ങൾ പഴകും തോറും സ്നേഹം കൂടും കൂട്ടുകാരാ
കാലങ്ങൾ പഴകും തോറും സ്നേഹം കൂടും കൂട്ടുകാരാ  .(കനവെല്ലാം )

കൂടെ പിറന്നവനല്ല ഭാര്യ ഭർത്താവതുമല്ല ,
കണ്ടവരോ കണ്ടുകൊതിക്കും കാണാത്തൊരു സ്നേഹം കണ്ടാൽ 
അങ്ങകലെ പോയന്നാലും സ്നേഹം കൂടും കൂട്ടുകാരാ 
അങ്ങകലെ പോയന്നാലും സ്നേഹം കൂടും കൂട്ടുകാരാ (കനവെല്ലാം
പിരിയാത്തൊരു ബന്ധവുമാണേ പിരിശങ്ങൾ ഏറെയുമാണേ 
ഇരുലോകം ചുറ്റി നടന്നാൽ കാണില്ലിതുപോലൊരു പേരെ ..
മരണം കൊണ്ടല്ലാതെ നാം പിരിയുകയില്ലെൻ കൂട്ടുകാരാ 
മരണം കൊണ്ടല്ലാതെ നാം പിരിയുകയില്ലെൻ കൂട്ടുകാരാ (കനവെല്ലാം )
                                                                                                   
                                                                                                          റൗഫ്റഹ്മത്തുള്ള,


                     ***************************

                                                                               

                                                               


Saturday, July 27, 2013

മാറാൻ മടിക്കുന്ന സമൂഹം... (സ്ത്രീധനം)

           സമൂഹം മാറിക്കൊണ്ടിരിക്കുകയാണ് . എല്ലാ മേഖലയിലും മാറ്റത്തിന്റെ കിതപ്പുമാത്രം. മനുഷ്യന്റെ ചിന്തകൾ, വ്യവസ്ഥിതികൾ, പാർപ്പിടങ്ങളുടെ രൂപഭംഗി ഇവയെല്ലാം ദിനംപ്രതി മാറുന്നു. നാല് അതിരുകൾ തീർത്ത് മതിലുകൾ കെട്ടിപ്പൊക്കി അയൽവാസികളെ അകൽച്ചയുടെ കണ്‍വെട്ടെത്ത് നിർത്തുന്നു. ജീവിത നിലവാരത്തിലും വസ്ത്രധാരണ രീതികളിലും സ്വബോധം നഷ്ടപ്പെടുന്നു . ഭക്ഷണക്രമങ്ങൾ മാറുന്നു , മാനവ മനസ്സുകളിൽ സ്നേഹബന്ധങ്ങളെ തിരിച്ചറിയാൻ കഴിയാത്തവിധം മാറ്റങ്ങൾ ഉടലെടുത്തിരിക്കുന്നു .
എല്ലാ മാറ്റങ്ങളും അതിന്റെ സത്വത്തിൽ നിന്നും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. യഥാർത്തത്തിൽ മാറ്റം മാത്രമേ നടക്കുന്നുള്ളൂ , പുതിയതായി ഒന്നും തന്നെ സൃഷ്ടിക്കപ്പെടുന്നില്ല . മാറ്റങ്ങൾക്കു വിധേയമാവത്തതായി ഒന്നുമില്ലങ്കിലും മാറ്റപ്പെടുമ്പോഴും മാറ്റം സംഭവിക്കാത്ത ചില കാര്യങ്ങളുണ്ട് നമ്മുടെ സമൂഹത്തിൽ . അതിലൊന്നാണ് സ്ത്രീധനം .
കാലങ്ങളോളം പഴക്കമുള്ള ഒരു വ്യവസ്ഥിതിയാണ് സ്ത്രീധനം . കാലം മാറിമറിഞ്ഞ് മാറ്റങ്ങൾക്ക് വഴി വെട്ടി കൊടുക്കുമ്പോൾ  ഏതിനും സംഭവിക്കാവുന്ന മാറ്റങ്ങൾ സ്ത്രീധനമെന്ന സമ്പ്രദായത്തെയും തൊട്ടുണർത്തിയിടുണ്ട്. സ്ത്രീധനം ഒരു ധനസ്രോതസ്സിന്റെ സാമ്പത്തികഘടനയാകുമ്പോൾ മാറ്റം സംഭവിക്കുന്നതും മാറിവരുന്ന പണത്തിന്റെ മൂല്യത്തെ അശ്രയിച്ചുകൊണ്ടുതന്നെയായിരിക്കും.
കാലത്തിന്റെ ഗതിക്കനുസരിച്ച് സാമ്പത്തികവ്യതിചലനങ്ങൽക്കനുസൃതമായി സ്ത്രീധനസമ്പ്രദായത്തിൽ മാറ്റങ്ങൾ തുടർന്നുകൊണ്ടിരുന്നു. പണം ,സ്വർണ്ണം, കാറ്, സ്ഥലം , വീട് , ഫ്ലാറ്റ് , ജോലി എന്നിങ്ങനെ പോകുന്നു മാറ്റത്തിന് വിധേയമായ സ്ത്രീധന ഘടകങ്ങൾ.
നമ്മുടെ സമൂഹത്തിൽ നമുക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നാതായ അനാചാരങ്ങളെ കണ്ണടച്ച് കണ്ടില്ലന്ന് നടിക്കാൻ ശ്രമിക്കുന്ന നമ്മൾ സ്വന്തം ദേഹം നോവാത്ത മുൾമുനകളെ തിരിഞ്ഞുനോക്കേണ്ട ആവിശ്യകതയില്ലന്നു വിശ്വസിക്കുന്നു . ജീവിതത്തിൽ വ്യക്തമായ ദിശാബോധാമോ ആശയങ്ങളോ വെച്ചുപുലർത്താത്തവൻ അന്യൻറെ ജീവിതരീതികളെ കടമെടുക്കുന്ന അല്ലെങ്കിൽ അനുകരിക്കുന്ന സ്ഥിതിവിശേഷകാലഘട്ടത്തിലാണ് നമ്മുടെ ജീവിതം .
നമ്മുടെ സമൂഹത്തിൽ സാമ്പത്തികമായി വ്യത്യസ്തനിലവാരം പുലർത്തുന്നവരായി മൂന്നു തരക്കാരുണ്ട്. ഒന്നാമത്തെ വിഭാഗം സാമ്പത്തികവും സാമൂഹികവുമായി ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരാണ് . രണ്ടാമത്തെ വിഭാഗം അഭിജാതവിഭാഗക്കാരെങ്കിലും ജീവിതത്തിന്റെ പാതിവഴിയിൽ സമ്പത്തിന്റെ കഴമ്പ് കൈവിട്ടുപോയവരാണ് . എന്നാൽ കുടുംബമഹിമയും സാമ്പത്തികവും പണ്ടേ ഇല്ലാത്ത ദരിദ്രവിഭാഗം എന്ന് മുദ്രകുത്തപ്പെട്ട താഴെക്കിടയിലുള്ളവരാണ് മൂന്നാമത്തെ വിഭാഗം .
ഒന്നാമത്തെ വിഭാഗം പണത്തിന്റെ ഹുങ്കിൽ ചെയ്യുന്നത് സമൂഹത്തിൽ നാട്ടുനടപ്പ് അഥവാ ആചാരമായി മാറുന്നു. ആ ആചാരത്തെ രണ്ടാം വിഭാഗക്കാർ പറമ്പും പാടവും വിറ്റാണെങ്കിലും നിലനിർത്തുന്നു. എന്നാൽ മൂന്നാമത്തെ വിഭാഗം ഈ ആചാരങ്ങളുടെ പേരിൽ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുമ്പോഴാണ് ആചാരം അനാചാരത്തിലെത്തി എന്ന് നാം കണ്ണുമിഴിക്കുന്നത്.
കാലത്തിനൊത്ത് മാറ്റം സംഭവിക്കുന്നു എന്ന് നാം പറയുമ്പോൾ ഓരോ മാറ്റവും ഒന്നിന്റെ തുടർച്ച മാത്രമാണെന്ന സത്യം നാം വിസ്മരിക്കുന്നു . ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്നല്ലാതെ ഒന്നില്ലാതായി മറ്റൊന്നുണ്ടാകുന്നു എന്ന അവസ്ഥ ഉണ്ടാകുന്നില്ലായെന്നതാണ് സത്യം . സ്ത്രീധന സമ്പ്രദായത്തിൽ വന്ന മാറ്റവും അങ്ങിനെ തന്നെ . സ്ത്രീധനത്തിന്റെ സാമ്പത്തിക നിലവാര സൂചിക ഉയർന്ന് പെണ്‍മക്കളുടെ രക്ഷിതാക്കളുടെ കണ്ണീരിന്റെ ഒഴുക്കിന് ആക്കം കൂട്ടിയെന്ന മാറ്റത്തിലേക്കാണ് അത് മാറി മറിഞ്ഞത് .
അതായത് മുമ്പ് ഒരു കൂലിപ്പണിക്കാരനെ വരാനായി കിട്ടാൻ ഇരുപത് പവനും അമ്പതിനായിരം രൂപയും കൊടുത്താൽ മതിയാകും എന്നത് കാലത്തിന്റെ മാറ്റത്തിന് വഴിമാറിക്കൊടുത്തപ്പോൾ കമ്പോളത്തിൽ അവന്റെ വില അമ്പത് പവനും ഒരു ലക്ഷവുമായി .[ഇത് നാലു വർഷം മുമ്പുള്ള കാര്യമാണ്].
സ്ത്രീധനം ആചാരമോ അനാചാരമോ എന്ന് വാദിക്കുന്നവരുണ്ട് . എന്നാൽ  എന്ത്തന്നെയായാലും അതിനെ വേരോടെ പിഴിതെറിയാനുള്ള ഇച്ഛാശക്തി നമുക്കുണ്ടാകണം . ഒരു വിവാഹം നിശ്ചയിച്ചാൽ ആണിന്റെതയാലും പെണ്ണിന്റെതായാലും നാം ആദ്യം ചർച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീധനത്തെക്കുറിച്ചായിരിക്കും. എത്ര കൊടുക്കും, എത്രകിട്ടും എന്ന ചർച്ചക്കൊടുവിൽ ചന്തയിലെ മൂരികളെപോലെ വിലപേശി പൊന്നും പണവും നീട്ടിവെച്ചുകൊടുത്ത് പെണ്‍കുട്ടിയുടെ കൈപിടിച്ച് കൊടുക്കുമ്പോൾ ഏത് പരിഷ്കൃത സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് നെഞ്ചത്ത് കൈവെച്ച് ചിന്തിക്കുന്നത് നന്നായിരിക്കും .
പത്തുരൂപയുടെ വരുമാനമുണ്ടെങ്കിൽ പതിനഞ്ചു രൂപയുടെ നിലവാരത്തിൽ ജീവിക്കണമെന്ന പൊങ്ങച്ച മനോഭാവമാണ് പലരെയും പടുക്കുഴിയിൽ കൊണ്ടു ചാടിക്കുന്നത് . തനിക്കും ഉള്ളവനെപോലെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നത് നല്ലത് തന്നെ . പക്ഷെ അതിനു ശ്രമിക്കുമ്പോഴയാണ്‌ തനിക്കു തരണം ചെയ്യാൻ കഴിയുന്നതിനപ്പുറത്തേക്ക് സാമ്പത്തിക പ്രശ്നങ്ങൾ കുടിയേറിയിരിക്കുന്നത് മനസ്സിലാവുക . പിന്നെ ഒരു തിരിച്ചിറക്കം വിഫലമാകും . അവസാനം ജീവിതം തുഴയില്ലാത്ത നൗകപോലെ ഗതിയറിയാതെ  ഒഴുകും . ലക്ഷ്യത്തിലെത്താനാകാതെ പുഴയുടെ നടുവിൽ ഒറ്റപ്പെട്ടുപോകും .

ഇതിനെല്ലാം കാരണം ദാമ്പത്യജീവിതത്തിലേക്ക് ഒരു പെണ്ണിന്റെ കൈ പിടിച്ച് കയറുമ്പോൾ ഏതോ ഒരു സാഹസികലോകത്തേക്ക് കയറുന്ന ഭയപ്പെടൽ നമ്മുടെ ഉള്ളിലുള്ളത്കൊണ്ടാണ്. സ്വയം അധ്വാനിച്ച് ഒരു പെണ്ണിനെ പോറ്റാൻ കഴിവില്ലന്ന് ബോധ്യപ്പെടുമ്പോഴാണ് പെണ്ണിന്റെ കൈപിടിച്ച് തന്നവരോട് ഒരു യാചകനെപ്പോലെ കൈ നീട്ടുന്നത് . പശുവിനെ ദാനമായി കൊടുത്തപ്പോൾ എന്നിക്ക് പശുവിനെ മാത്രം പോര , പശുവിന് പുല്ല് തിന്നാനുള്ള പറമ്പും കൂടി തരണം എന്ന് പറഞ്ഞപോലുള്ള അവസ്ഥയാണിത്. തന്റെ മകളെ മാത്രമല്ല അവളെ സ്നേഹിക്കാനും സംരക്ഷിക്കാനും കൈകൂലി അഥവാ സ്ത്രീധനം  കൂടി കൊടുക്കേണ്ടിവരുന്ന രക്ഷിതാക്കളുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നോർത്ത് ലജ്ജിക്കേണ്ടിയിരിക്കുന്നു .
'സ്ത്രീധനമായി ഞങ്ങൾക്കൊന്നുംവേണ്ട, നിങ്ങൾ നിങ്ങളുടെ മകൾക്ക് ഇഷ്ടമുള്ളത് കൊടുത്തോളൂ- ഞങ്ങൾക്ക് ഡിമാന്റുകളൊന്നുമില്ല' എന്ന് ഞെളിഞ്ഞിരുന്ന് പറഞ്ഞ് സ്ത്രീധനസമ്പ്രദായമാറ്റത്തിൽ ഒരംഗമാകാൻ ചിലർ മുന്നോട്ട് വരാറുണ്ട്. ചോദിക്കാതെ തന്നെ അവിശ്യാനുസരണം കിട്ടുമ്പോൾ എന്തിന് ചോദിച്ച് ഒരു അനാചാരത്തിൽ പങ്കാളിയാകണം എന്ന ചിന്തയാണ് അവരെ ഭരിക്കുന്നത് . അതിന് അവർക്ക് അവരുടെതായ ന്യായങ്ങളുണ്ടാകും നിരത്താൻ . എന്നാൽ സ്ത്രീധനസമ്പ്രദായത്തെ സമൂഹത്തിന്റെ നിഘണ്ടുവിൽ നിന്ന് തന്നെ പിഴുതെറിയാൻ വേണ്ടിയുള്ള ഒരു മാറ്റത്തിലേക്കുള്ള വെല്ലുവിളിയാണ് എന്നും നേരിടുന്നത് .

ഏറ്റവും കൂടുതൽ രാഷ്ട്രീയപാർട്ടികളും സാമുദായികസംഘടനകളും ഉള്ളത് ഒരു പക്ഷെ നമ്മുടെ കൊച്ചു കേരളത്തിലാകും. എന്നിട്ടും സമൂഹത്തെ അർബുദം പോലെ കാർന്നുതിന്നുന്ന സ്ത്രീധനമെന്ന വിപത്തിനെ ചെറുത്തു തോൽപ്പിക്കുവാൻ ആരുമില്ല എന്നതാണ് സത്യം . മാറുന്ന സമൂഹത്തിലേക്ക് പുതിയ ഒരു സൂര്യൻ ഉദിക്കുമെന്നും ,മാറ്റത്തിന്റെ നല്ല ഒരു പുലരി പിറക്കുമെന്നും എപ്പോഴുമെന്നപോലെ നമുക്ക് സ്വപ്നം കാണാം .


                *  ശുഭം *




                        റൗഫ്റഹ്മത്തുള്ള,



Wednesday, July 17, 2013

( ഇവർകൂട്ടുകർ , എന്ന ആൽബത്തിൽ ഞാൻ രചനയും സംഗീതവും കൊടുത്ത ഒരു ഗാനം)

നിമിഷങ്ങൾ നിനവായി പൂത്തുലയും നേരത്ത് ..
നിന്നോടായ് ഞാനെന്റെ ഇഷ്ടം ചൊല്ലാം ...
തേൻ നുകരുംവണ്ടിന്റെ ചുണ്ടിൽ വിടരും പോലെ ,
ആ ഗാനം നിനക്കായി പാടാം സഖിയേ ...
ആ ഗാനം നിനക്കായിഞാൻ  പാടാം സഖിയേ ...(നിമിഷങ്ങൾ )

അരിമുല്ലപ്പുപോലെ പുഞ്ചിരി തൂകി ..
അരയന്നപ്പിട പോലെ നീമുന്നിൽ വന്നു ... 
അഗതാരിൽ സ്നേഹത്തിൻ പൂമാല കോർക്കുന്നു ..
അലിവോടെ നിന്നോടായ് ഇഷ്ടം ഞാൻ ചൊല്ലുന്നു .(നിമിഷങ്ങൾ )

അറിയാതെ എന്നോ നീ എൻ കനവിൽ വന്നപ്പോൾ ..
അറിഞ്ഞില്ല ഞാനന്ന് നീയെന്റെ പെണ്ണെന്ന് ..
പലവട്ടം മനസ്സിൽഞാൻ ചൊല്ലിയ വാക്കുകൾ 
സ്നേഹത്താൽ ഞാനെന്റെ ഉള്ളം തുറക്കുന്നു ...(നിമിഷങ്ങൾ )



നീ പടിയിറങ്ങുമ്പോൾ ... (കവിത )

നിൻ മിഴിനീർ , കാർമുകിൽ കണമായ് പതിച്ചൊരെൻ -
കളിമണ്ണ് കൊണ്ടൊരാ   ഹൃദയത്തുടിപ്പിൽ .....

ആരോടൊന്നില്ലാത്ത , അനുരാഗ മോഹമെന്നിൽ ..
ആദ്യമായ് മുളപൊട്ടി കിളിർത്തോരാ നിമിഷവും ..,

കാലം കാരിരിമ്പോളം കരുത്തുറ്റവനായിട്ടും ...
ഒരു തുള്ളി കണ്ണുനീരിൽ ആ കരുത്തലിഞ്ഞുവോ ..

മുറ്റത്തെ ചെമ്പകപ്പൂവും ചെമ്പനിനീർപ്പൂവും  ,...
ഒളിച്ചുവെച്ച സൗരഭ്യം നിനക്കു  നൽകിയപ്പോൾ ..

നിൻ അധരത്തൊടിയിൽ പൂത്തുനിന്നൊരാ പുഞ്ചിരികണ്ട് ...
ഞാൻ, അറിയാതെ അനുരാഗ കൂട്ടിലേറിയില്ലേ ...?

വഴിയോരങ്ങളിൽ  നാം തീർത്ത പ്രണയസ്മാരകങ്ങളോക്കെയും ,...
ഓർമകളെന്ന , ഭൂതകാലക്കൂട്ടിൽ ബന്ധിതമാക്കണോ ....... ?

ചാലിട്ടൊഴുകിയ കണ്ണുകൾ നീ തുടച്ചില്ല !..  പകരം -
ഒരു വാക്കിലോതുക്കി യാത്ര പറഞ്ഞുനീ തിരിഞ്ഞു നടന്നു .

രാവുകളും പകലുകളും കണ്ണുകൾക്ക് ഒരുപോലെയായി ..
കരയാത്ത എന്റെ കണ്ണുകളിൽ എപ്പോഴും  സൂര്യാസ്തമയം .

നമുക്കിടയിൽ നാം തീർത്ത നമ്മുടെ പ്രണയസ്വപ്നങ്ങൾ ,..
തകർന്നുവീണ കണ്ണാടിക്കൂട്ടിലെ സ്വർണ്ണമത്സ്യം  പോലെ പിടഞ്ഞു .

ഒരിക്കലെങ്കിലും നീയെന്നെ ഓർക്കാൻ ഇടവന്നാൽ ...
നിന്നെയും ഓർത്ത്കൊണ്ട് ഞാനീ മണ്ണിലില്ലന്നോർക്കണം നീ ...




                                     * ....... ശുഭം ......*


               
                                                                                                                                                                റൗഫ്റഹ്മത്തുള്ള ,






Sunday, July 14, 2013

കുഞ്ഞൈസാടെ കൂടോത്രം , (കഥ )


      

മൂന്ന് മുഴം കറുത്ത ചരട് , ഒരു ചൂല് , ചെന്തെങ്ങിന്റെ കരിക്ക് ഒന്ന് , ഒരു ചൂണ്ടു വിരൽ നീളത്തിന് വെള്ളിനൂല് , മുപ്പത്തിമൂന്ന് കുരുമുളക് മണികൾ , വീടിന്റെ ഉമ്മറത്തെ ചവിട്ടിൽ പടിയുടെ ഇറക്കിൽ നിന്ന് ഒരു പിടി മണ്ണ് , ഒരു ചെറിയ കുപ്പി തേൻ .. ഇത്രയും അടങ്ങുന്ന ഒരു ലിസ്റ്റാണ് ഏനുകുട്ടി മൂപ്പര് കുഞ്ഞൈസാക്ക് കൊടുത്തത് .
                 ഇതൊരു കൂടോത്രമൊന്നുമല്ലന്ന് കുഞ്ഞൈസാക്ക് നല്ല വിശ്വാസമുണ്ട് .                               ഏനുകുട്ടിമൂപ്പര് കൂടോത്രം ചെയ്യുന്ന ആളെല്ലാന്നും കുഞ്ഞൈസാക്ക് അറിയാം . അല്ലെങ്കിലും കെട്ടിയ മാപ്ലയോട് ആരെങ്കിലും കൂടോത്രം ചെയ്യുമോ ?...
                         കിഴക്കേലെ കദീസുമ്മയാണ്ഏനുകുട്ടിമൂപ്പരെ പറ്റി കുഞ്ഞൈസാട് പറഞ്ഞത് . എത്രയെത്ര അനുഭവങ്ങളാണ് കദീസുമ്മാക്ക് പറയാനുണ്ടായിരുന്നത് . എത്രവട്ടം അത് കുഞ്ഞൈസാടെ കാതിലും കദീസുമ്മ ഓതി കൊടുത്തിട്ടുണ്ട് . നാല് കൊല്ലം പൂക്കാതെ നിന്ന മാവ് പൂത്തില്ലേ ? മൂന്നു തവണ ഡ്രൈവിംഗ് ലൈസൻസിന്റെ ടെസ്റ്റ്‌ പൊട്ടിയിട്ടുംകിട്ടാതെ നട്ടം തിരിഞ്ഞ ഗൾഫിലുള്ള സാഹിറാടെ കെട്ടിയോൻക്ഏനുകുട്ടിമൂപ്പരുടെ ഒറ്റമന്ത്രം കൊണ്ട് ലൈസൻസ് കിട്ടിയില്ലേ ? തെക്കേലെ സരോജിനിയുടെ ഇളയമോന്റെ കാലിൽ വന്ന ചൊറി എങ്ങനെയാ മാറിയത് ? എല്ലാരും ഡോക്ടറെ കാണിക്കാൻ പറഞ്ഞിട്ട് ഓള് കേട്ടോ ..? എന്ത്യേ . ഓള് കേൾകാർന്ന് , ഓൾക്കറിയാം നല്ലോണം പഠിക്കുന്ന ചെക്കൻക്ക് ആരോ കൂടോത്രം ചെയ്തതാണെന്ന് എന്നിട്ടെന്തായി ! ഏനുകുട്ടിമൂപ്പരെ അടുത്ത് പോയി ഒരു ചരട് മന്ത്രിച്ച് അരയിൽ കെട്ടിയപ്പോ നാലിന്റന്ന് ചെറുക്കന്റെ കാലിലെ ചൊറി മാറിയില്ലേ ? അപ്പോൾ പിന്നെ ഏനുകുട്ടിമൂപ്പർക്ക് കഴിവില്ലാഞ്ഞിട്ടാ ....?
                          ഇങ്ങനെ എത്രെയെത്ര അനുഭവങ്ങൾ , എത്രയെത്ര ആൾക്കാർക്ക് അത് തന്നെ പല ജാതിക്കാർക്കും പിന്നെങ്ങിനെയാ .... കുഞ്ഞൈസാക്ക്ഏനുകുട്ടി മൂപ്പരില് വിശ്വാസല്ലാണ്ടിരിക്യാ ....
                          ഖത്തറിലുള്ള കുഞ്ഞൈസാടെ കെട്ടിയോന്റെ കത്ത് വന്നിട്ട് മൂന്ന് മാസത്തോളമായി ടെലിഫോണ്‍ മേഖലയിലെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി  കുത്തകകളുടെ കടന്നു കയറ്റം കൊണ്ട് ഉൾഗ്രാമപ്രദേശം കൂടിയായിട്ട് പോലും കുഞ്ഞൈസാടെ നാട്ടിലുള്ളോർക്കൊക്കെ ഫോണായി . കുഞ്ഞൈസാടെയും , കദീസുമ്മാടെയും , അങ്ങനെ ചുരുക്കം ചില വീട്ടിൽ മാത്രം ഫോണില്ല . കുഞ്ഞൈസ ഇപ്പോഴും കത്തിലൂടെയാണ് തന്റെ കെട്ടിയോനുമായി വിരഹസ്വപ്നങ്ങൾ പങ്കുവെക്കുന്നത് . പക്ഷെ ! കഴിഞ്ഞ മൂന്നുമാസമായി കുഞ്ഞൈസ അയച്ച കത്തിന് മറുപടി വന്നിട്ട് .
                                                 ഖത്തറിലുള്ളോരാരും നാട്ടിലില്ലാത്തത്കൊണ്ട് പോസ്റ്റുമാനെ കണ്ണും നട്ടിരിക്കല്ലാതെ കുഞ്ഞൈസാക്ക് വേറെ വഴിയില്ല . നോക്കി നോക്കിയിരുന്ന് കുഞ്ഞൈസാടെ കണ്ണ്‍ കഴച്ചു . ഉള്ളില് ഇടുങ്ങി നിന്ന വേദന കദീസുമ്മാടല്ലാണ്ട് കുഞ്ഞൈസ വേറെ ആരോട് പറയും . പക്ഷെ പറഞ്ഞത് നന്നായി എന്നായി കുഞ്ഞൈസാക്ക് . മൂപ്പത്ത്യാരോട് പറഞ്ഞോണ്ടല്ലേ , ആണുങ്ങക്ക് ഇമ്മാതിരി ബെടക്കത്തരൊക്കെ കയ്യിലുണ്ടെന്ന് മനസ്സിലാക്കാൻ പറ്റിയത് .
              പക്ഷെ തന്റെ കെട്ടിയോൻ അമ്മാതിരി ബെടക്കത്തരൊന്നും ചെയ്യില്ലന്ന് കുഞ്ഞൈസാക്ക് നല്ല വിശ്വാസമുണ്ട് .
  "ന്റെ മുത്തീബീ .... അന്നെ ഞാൻ എത്ര പെരുത്ത് ഇഷ്ടപെടണ്ട്ന്ന് പറയാൻ ഈ ലോകത്ത് ഇനി വല്ലവാക്കും കണ്ടുപിടിക്കെണ്ടിവരും ."
ഖത്തറിൽ പോണേന്റെ നാല് ദിവസം മുമ്പ് കെട്ടിയോൻ കെട്ടിപ്പിടിച്ച് കിടന്ന് പറഞ്ഞവാക്കുകൾ കുഞ്ഞൈസ ഒരു കോരിത്തരിപ്പോടെ അസർ നിസ്കാരം കഴിഞ്ഞ് നിസ്കാരപ്പായയിലിരുന്നുകൊണ്ട് ഓർത്തു . ഒപ്പം കദീസുമ്മാടെ വാക്കുകളും . കെട്ടിയോൻ നല്ലോനായിട്ട് എന്താ കാര്യം കദീസുമ്മ പറഞ്ഞപോലെ ഖത്തറില് ആണുങ്ങളെ കൈവെഷംകൊടുത്ത് മയക്ക്ണ പെണ്ണ്ങ്ങള്ണ്ടെങ്കി എന്താ ചെയ്യാ ...?
             ന്റെ റബ്ബേ ..... കാത്തോളെനെന്റെ കെട്ടിയോനേ . നിസ്കാര പായയിലിരുന്ന് കയ്യും കണ്ണും മേൽപ്പോട്ട് ഉയർത്തി കുഞ്ഞൈസ പടച്ചോനെ തേങ്ങി വിളിച്ചു .
കദീസുമ്മ പറഞ്ഞപോലെ വല്ല പെണ്ണുങ്ങളും കൈവിഷം കൊടുത്തിണ്ടങ്കീ ..  ഏനുകുട്ടി മൂപ്പരെ കണ്ട് കാര്യം പറഞ്ഞാൽ കെട്ടിയോനെ തിരിച്ച് കിട്ടോ ...? കുഞ്ഞൈസ തന്നോട് തന്നെ ഒരു നൂറാവർത്തി ചോദിച്ച്കൊണ്ടിരുന്നു .
           
  ഒടുവിൽ കദീസുമ്മാടെ അനുഭവത്തിന്റെ കാതല് മനസ്സിലാക്കി കുഞ്ഞൈസ ഏനുകുട്ടി മൂപ്പരെ കാണാൻ തന്നെ തീരുമാനിച്ചു . ഏനുകുട്ടിമൂപ്പരെ കണ്ട് കാര്യം പറഞ്ഞപ്പോൾ കുഞ്ഞൈസാക്ക് സമാധാനമായി .
       അവിട്ന്ന് എഴുതികൊടുത്ത ഒരു ലിസ്റ്റുമായി തിരിക്കുമ്പോൾ ഒരാഴ്ച കഴിഞ്ഞ് ലിസ്റ്റിൽ പറഞ്ഞ സാധനങ്ങളും അയ്യായിരം ഉറുപ്പികയും കൊണ്ടുവരാൻ ഏനുകുട്ടി മൂപ്പര് രണ്ടും മൂന്നും വട്ടം പറഞ്ഞാണ് ഓർമിപ്പിച്ചത് .

                           വടക്കുപുറത്തെ കിണറ്റിൻ കരയിലിരുന്ന് മീൻ നന്നാക്കുമ്പോഴും , തുണി അലക്കുമ്പോഴും , അടുക്കളയിൽ ചോറും കറിയുമായി ബദർ യുദ്ധം നടത്തുമ്പോഴും , അകം അടിച്ചുവാരുമ്പോഴും കുഞ്ഞൈസാടെ മനസ്സിൽ ഒരേ ചിന്ത മാത്രം . ഖത്തറിലുള്ള കെട്ടിയോൻ വേറെ വല്ല പെണ്ണുങ്ങളുമായി പൊറുതി തുടങ്ങിയോ      ?   കത്തയക്കാത്തതിന്റെ പൊരുള് അതാകാമെന്നാണല്ലോ .... കദീസുമ്മ പറണത് ...
                     ന്നാലും ന്റെ റബ്ബേ ... ന്നെ ഇത്ര പെട്ടന്ന് കെട്ടിയോൻക് മടുത്തോ .... ഗൾഫില് പോയ ആണ്ങ്ങളൊക്കെ ഇങ്ങ്നെന്യാവോ .....?
                                          പണികൾകിടയിൽ ചുമരും ചാരിനിന്ന് കുഞ്ഞൈസ തേങ്ങി കരയും . കരിപുരണ്ട കൈകൊണ്ട് കവിളത്ത് ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ച് കുഞ്ഞൈസ ഒന്ന് നെടുവീർപ്പിടും . പിന്നെ കണ്ണ് മിഴിച്ച് നിന്ന് ഒരാത്മഗദം പോലെ     ങ്ഹാ ... ഏനുകുട്ടി മൂപ്പര് ഉണ്ടല്ലോ .... കുഞ്ഞൈസാടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഒരു പ്രതീക്ഷയുടെ നിഴലാട്ടം ഒളിമിന്നും .
                      വെള്ളി നൂലും , കറുത്ത ചരടും , ചെന്തങ്ങിന്റെ കരിക്കും , ചെറുതേനും ഒക്കെ ഒരാഴ്ചകൊണ്ട് കുഞ്ഞൈസ ഒപ്പിച്ചു . പക്ഷെ അയ്യായിരം ഉറുപ്പിക ! അതിന് മാത്രം കുഞ്ഞൈസാക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു .
നുള്ളിപ്പെറുക്കിയും , ഒരു കോടിയ സ്വർണ്ണവള വിറ്റുമാണ് കുഞ്ഞൈസ അയ്യായിരം ഉറുപ്പിക ഒപ്പിച്ചത് . വളല്ലെങ്കിലും വേണ്ടില്ല ന്റെ കെട്ടിയോൻ കൈവിട്ട് പോവൂല്ലലോ ..... എന്ന് തേങ്ങി കരഞ്ഞുകൊണ്ടാണ് കദീസുമ്മാടെ കയ്യിൽ കുഞ്ഞൈസ വള വിക്കാൻ കൊടുത്തത് .
      യ്യ് ഒന്നോണ്ടും പേടിക്കണ്ടന്റെ കുഞ്ഞൈസാ ..... ഏനുകുട്ടി മൂപ്പര് ചില്ലറക്കാരനല്ലാ ...ഇക്കന്നെ എത്ര അനുഭവാ ഉള്ളത് .....
  കദീസുമ്മ കുഞ്ഞൈസാടെ നെറുകയിൽ തടവിക്കൊണ്ട് സമാധാനിപ്പിച്ചു .
                 
          കാലത്തെ പണികളെല്ലാം നേരെത്തെ ചെയ്ത് വെച്ച് കദീസുമ്മാനെയും കൂട്ടി കുഞ്ഞൈസ ഏനുകുട്ടി മൂപ്പര് പറഞ്ഞദിവസം ചെന്നു.
 ലിസ്റ്റിൽ പറഞ്ഞ സാദനങ്ങളും അയ്യായിരം ഉറുപ്പികയും ഏനുകുട്ടി മൂപ്പരെ മേശപ്പുറത്ത് വെച്ചുകൊടുക്കുമ്പോൾ കുഞ്ഞൈസ വിങ്ങിപ്പൊട്ടി .
       ന്റെ കെട്ടിയോൻ ......
                      പറഞ്ഞ് തുടങ്ങുമ്പോഴേക്കും കുഞ്ഞൈസ കുട്ടികളെ പോലെ തേങ്ങി കരയാൻ തുടങ്ങി . കദീസുമ്മ പുറത്ത് തടവി കുഞ്ഞൈസാനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ,  ഏനുകുട്ടി മൂപ്പര് കണ്ണടച്ചിരുന്ന് എന്തോ പിറുപിറുത്തു . മുറിക്കുള്ളിൽ കുന്തിരിക്കത്തിന്റെയും ചന്ദനത്തിന്റെയും മണം . ചുമരിൽ വലിച്ചുകെട്ടിയ പച്ചപ്പട്ടിൽ ഖുർആൻ സൂക്തങ്ങൾ . മേശപ്പുറത്ത് നിറയെ കിത്താബുകൾ . കുഞ്ഞൈസാടെ തേങ്ങൽ നിന്നപ്പോൾ ഏനുകുട്ടി മൂപ്പര് കണ്ണ്‍ തുറന്നു .
ഞാൻ ഊഹിച്ച പോലെ തന്നെയാണ് കാര്യങ്ങള് . ങ്ങളെ കെട്ടിയോന് ഒരു പെണ്ണ്‍ കൈവിഷം കൊടുത്ത്ക്കേന്നേണ് കെട്ടിയോൻ ആ പെണ്ണില് മയങ്ങീക്ക്ണ് .....
            കുഞ്ഞൈസയും കദീസുമ്മയും ഏനുകുട്ടിമൂപ്പരെ തന്നെ തുറിച്ച് നോക്കിയിരിന്നു . ഏനുകുട്ടി മൂപ്പര് ഒരു കിത്താബെടുത്ത് മറിച്ച്നോക്കി .                                                                        

പിന്നെ എന്തോ പിടികിട്ടിയ പോലെ തലയാoട്ടി .
                  ങ്ങള് ഒന്നോണ്ടും പേടിക്കണ്ട ....  ഇതിന് പറ്റിയ നല്ല പണീന്റെ കയ്യിലിണ്ട് . ഇതിലും വല്ല്യ ഇബിലീസോളെ ഞാൻ കൈകാര്യം ചെയ്തീണ്ട് . ങ്ങള് പൊയ്ക്കോ ഒരാഴ്ചക്കുള്ളിൽ കത്ത് വരും ...
 കുഞ്ഞൈസാടെ  മനസ്സൊന്ന് തണുത്തു . കദീസുമ്മാടെ മുഖത്ത് ആശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും പാൽനിലാവ് . സാരിയുടെ തലകൊണ്ട് കണ്ണ്‍ തുടച്ച് സന്തോഷത്തോടെ കുഞ്ഞൈസയും കദീസുമ്മയും വീട്ടിലേക്ക് തിരിച്ചു .
             

              ഏനുകുട്ടി മൂപ്പരെ വാക്ക് അച്ചട്ടായിരുന്നു . അഞ്ചിന്റന്ന് കുഞ്ഞൈസാടെ കയ്യിൽ കത്ത് കിട്ടി . വേലിക്കൽ സൈക്കിൾ നിർത്തി മുളകമ്പ് കൊണ്ടുള്ള ഗേറ്റ് പൊക്കി പടികയറി വരുന്ന പോസ്റ്റുമാനെ കണ്ടപ്പോൾ കുഞ്ഞൈസാടെ കണ്ണ്‍ നിറഞ്ഞു . ഒപ്പം ഏനുകുട്ടിമൂപ്പരെ പണി ഏറ്റു . എന്ന് മനസ്സിൽ പറഞ്ഞു .




                                             സമയം പതിനൊന്ന് മണി . കദീസുമ്മാടെ വീട്. കദീസുമ്മ മണ്ടപോയ തെങ്ങിന്റെ ചുവട്ടിലിരുന്ന് കറിവെക്കുന്ന ചട്ടിയിൽ
 നീണ്ടു നിവർന്നു കിടക്കുന്ന ചാളയെ നന്നാക്കി എടുക്കുന്ന പണിയിലായിരുന്നു . അടിപ്പാവാടയുടെ മേലെ ഒരുമുണ്ടും , ജാക്കറ്റും , തലയിൽ ശബരിമലക്ക് പോകുന്നവരുടെ തലയിലെ ഇരുമുടിക്കെട്ട് പോലെ ഒരു മുണ്ട് ചുരുട്ടി മടക്കി വെച്ചിട്ടുണ്ട് . ദൂരെനിന്ന് കുഞ്ഞൈസാടെ വരവ് കണ്ടപ്പോൾ കദീസുമ്മ മുട്ടിനു മേപ്പോട്ട് കേറിയ അടിപ്പാവാടയും പുള്ളിമുണ്ടും താഴ്ത്തിയിട്ടു . മീൻ നന്നാക്കുമ്പോൾ കദീസുമ്മാക്ക് മുട്ടോളം പാവാട കയറ്റിവെക്കൽ ഒരു പതിവായിരുന്നു .
   കുഞ്ഞൈസാടെ വരവ് അത്ര പന്തിയല്ലന്ന് കദീസുമ്മാക്ക് തോന്നി . മുഖം ചുവന്ന് കലങ്ങിയിട്ടുണ്ട് . കണ്ണിൽ കോപത്തിന്റെ തീപ്പൊരി . പക്ഷേ .... കയ്യില് കത്ത് കണ്ടപ്പോൾ കദീസുമ്മാക്ക് സമാധാനമായി .
അല്ലേ .... നമ്മടെ ഏനുകുട്ടിമൂപ്പരെ പണി ഏറ്റുലേ .... കുഞ്ഞൈസ പല്ല് കടിച്ച് പിടിച്ച് നിന്നു . ചുണ്ടുകളും കവിൾത്തടങ്ങളും വിറക്കുന്നുണ്ടായിരുന്നു .
ന്താ... ന്റെ    കുഞ്ഞൈസാ അണക്ക് പറ്റ്യേ .... അന്റെ കെട്ടിയോന്റെ കത്തല്ലേ..... കയ്യില്.....
അതേ ...
കുഞ്ഞൈസ പല്ല് കടിച്ച് കൊണ്ട് തന്നെ പറഞ്ഞു .
അല്ല കുഞ്ഞൈസാ .. അപ്പോൾ സന്തോഷിക്കല്ലേ വേണ്ടത് . ഞമ്മടെ ഏനുകുട്ടിമൂപ്പരെ  ഒരു കയിവേ ........ "
കുഞ്ഞൈസ പെട്ടന്ന് എല്ലാ നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചു .
ങ്ങളും ങ്ങളൊരു മൂപ്പരും ;  ഥ്ഫൂ ...... കുഞ്ഞൈസ നീട്ടിയൊന്ന് തുപ്പി . എന്നിട്ട് തുടർന്നു .   ങ്ങള് മേലാല് ആ ബലാലിന്റെ പേര് .... ന്നോട് പറയര്ത് . ന്റെ കെട്ടിയോൻക് വേറെ പെണ്ണിണ്ടത്രേ ..... അയാളെ വാപ്പാക്കാണ് പെണ്ണ്‍ . ങ്ങക്കറിയോ ... മൂന്ന് മാസായിട്ട് പൊസ്റ്റാപീസ് സമരായ്ർന്നത്രെ .....
പൊസ്റ്റ്മാൻ പറഞ്ഞപ്പോളല്ലേ .... ഞാൻ അറിഞ്ഞത് . പിന്നെ ഒന്നും പറയാൻ കിട്ടാതെ കുഞ്ഞൈസ വിങ്ങിപ്പൊട്ടി . പിന്നെ തിരിഞ്ഞ് നടന്നു പോകുന്ന പോക്കിൽ  .. വെറുതെന്റെ സ്വർണ്ണവള വിറ്റു . ന്റെ കായും പോയി .. ങ്ങക്ക് ഞാൻ വെച്ചിണ്ട്ട്ടാ ..... എന്നും പറയുന്നുണ്ടായിരുന്നു . എന്ത് പറയണമെന്നറിയാതെ കദീസുമ്മ കയ്യിലെ കത്തിയും ചാളയും അങ്ങനെ പിടിച്ചോണ്ട് മണ്ടപോയ തെങ്ങും ചാരി അന്തം വിട്ടിരിരിന്നു .

                                                             
                                     *... ശുഭം ....*       


                                                                                                                         റൗഫ് റഹ്മത്തുള്ള ,
                                                                                                                   

Friday, July 12, 2013

മദ്യത്തിനും മനുഷ്യനും ഇടയിൽ ,

             
            മനുഷ്യനും ലഹരിയും തമ്മിൽ നൂറ്റാണ്ടുകളോളം ബന്ധമുണ്ട് .
 മനസ്സിനെ ഉല്ലാസപരിതമക്കാൻ , മനസ്സിലെ പിരിമുറുക്കങ്ങൾക്ക് ഒരു അയവുവരാൻ , എല്ലാം മറക്കാൻ , അങ്ങനെ പല ന്യായികരണങ്ങളും പണ്ടുമുതലേ മനുഷ്യൻ മദ്യഗ്ലാസ്സിനും ചുണ്ടിനുമിടയിൽ നിരത്താർ ഉണ്ട് .
     എന്നാൽ ഇന്നിന്റെ തലമുറക്ക് പറയാൻ  ഒരേ ഒരു വാക്ക്, .. 'ഒരു രസം'  അതിനുമപ്പുറം മറ്റൊന്നും അവർ ചിന്തിക്കുന്നില്ല ,അവർ അറിയുന്നുമില്ല .ഒരു ഗ്ലാസ്‌ മദ്യം കൊണ്ട് എന്ത് നേടുന്നു എന്ന് ചോദിച്ചാൽ അവർ പറയും .. 'ഒരു രസം '..., മദ്യപിച്ചു മദോന്മാരായി അബോതാവസ്ഥയിലായാൽ ..അവർ പറയും .. 'ഒരു രസം' മദ്യഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് ചിയേഴ്സ് പറയ്മ്പോഴുണ്ടാകുന്ന ബന്ധമാണ് നല്ല സുഹുർത്ബന്ധമെന്ന് വിശ്വസിക്കുന്ന ചിലരുണ്ട് . മദ്യപാനംകൊണ്ടുള്ള ബന്ധമാണ് ഏറ്റവും നല്ല ബന്ധം എന്നുവിശ്വസിക്കുന്നവരുമുണ്ട് .  
                               
   '' നീ എത്ര പെഗ്ഗടിക്കും ...'' ഒരാൾ തന്റെ സുഹ്ർത്തിനോട്‌ ഒരു വെല്ലുവിളിയെന്നോണം ചോദിക്കും.. "ഞാനൊരു അഞ്ചാറ് പെഗ്ഗടിക്കും " സുഹൃത്തിന്റെ മറുപടി കേട്ടാൽ ഒരു പരിഹാസ ഭാവത്തോടെ  അയാൾ പറയും "അഞ്ചാറു പെഗ്ഗോ...അയ്യേ..മോശം..,ഞാനൊക്കെ ഒരു ഫുൾ ഒറ്റക്കിരുന്നു തീർക്കും ..സ്റ്റാമിന  വേണം ..അല്ലാത്തോൻ ഈ പണിക്ക് നിൽക്കരുത് .." 
       കൂടുതൽ പെഗ്ഗടിക്കുന്നതാണ് ശരീരത്തിന്റെ സ്റ്റാമിന എന്ന് കരുതുന്ന ചിലരുണ്ട് ഇക്കൂട്ടരുടെ ഇടയിൽ .അതിനുവേണ്ടി കഷ്ടപ്പെട്ട് കുടിച്ച് പെഗ്ഗിന്റെ അളവുകൂട്ടുന്നവരും കുറവല്ല ..അവർ നേടുന്നത് സ്റ്റാമിന അല്ല ,മറിച്ച് രക്തത്തിൽ ആല്കഹോളിന്റെ അളവ് കൂട്ടുകയാണ് .സ്വാപാവികാമായും പിന്നീട് ശരീരം അതിനോട് പ്രതികരിക്കാതിരിക്കും .അയാൾ നല്ലൊരു മദ്യപാനിയുമാകും .കുറച്ചു കുടിക്കുംബോഴേക്കും വാള് വെക്കുന്നവരുണ്ട് ..മദ്യപാനികളുടെ ഇടയിൽ അയാൾ പരിഹാസ്സിതനാവുകയും ചെയ്യും . ഇങ്ങനെ വരുമ്പോഴും ചിലർ മിനക്കെട്ട് കുടിച്ച് വാളുവെക്കാതെ നോക്കും .അയാളും അങ്ങനെ നല്ലൊരു കുടിയനാകുന്നു .
                പതിനഞ്ചു രൂപയുടെ ഒരുബോട്ടിൽ വെള്ളം വാങ്ങാൻ കാശ്കൊടുക്കാത്തവൻ ആയിരം രൂപയുടെ ഒരു ഫുൾ ബോട്ടിൽ വാങ്ങാൻ കാശ് കൊടുക്കും .വിശന്നാൽ ഭക്ഷണം വാങ്ങിച്ചു കൊടുക്കാതെ വയറു നിറച്ച് കള്ള് വാങ്ങിക്കൊടുക്കും ഇത്തരക്കാർ.  ഇങ്ങനെ കാശ് ചിലവാക്കുന്നവരെ പറഞ്ഞിട്ടും കാര്യമില്ല , കാരണം കള്ള്കുടി മാത്രമാണ് ജീവിതമെന്ന് കരുതുന്ന ചില ഹതഭാഗ്യവന്മാരാണ് ഇത്തരക്കാരെ സൃഷ്ടിക്കുന്നത് .
            ക്ഷമയും വിട്ടുവീഴ്ചയും മദ്യപാനികളുടെ ഇടയിൽ ധാരാളം കാണാം .മാത്രവുമല്ല തുറന്ന മനസ്സും .നാം ഒരു ഓട്ടോ കാരനെ വിളിച്ചാൽ അയാൾക്ക് വൈറ്റിങ്ങ് ചാർജ് കൊടുക്കേണ്ടി വരും. ഒരഞ്ചു മിനുട്ട് നമ്മളൊന്ന് വൈകിയാൽ അയാൾ ബഹളം വെക്കും.എന്നാൽ ആ ഓട്ടോകാരൻ തന്റെ സുഹൃത്തിന്റെ കൂടെ ബിവറേജിൽ പോകും .കാശ് വാങ്ങില്ല .പകരം കള്ള് മതി .എത്ര സമയം വേണമെങ്കിലും ബിവറെജിന്റെ മുന്നിൽ കാത്ത്കെട്ടികിടക്കും ...നോ വൈറ്റിങ്ങ് ചാർജ് ..നോ ടെൻഷൻ .. പകരം കള്ളുമതി ..സൊ ,ഹാപ്പി ...ജീവിതം ധന്യം .
                            " ജീവിതത്തിൽ എന്തെങ്കിലും രസമുണ്ടെങ്കിൽ അത് മദ്യപാനമാണ്‌ "..ഇങ്ങനെ പറയുന്ന എത്രയോ പേർ നമുക്കിടയിലുണ്ട് . നല്ല കൈതോഴിലറിയുന്നവൻ പണിക്കുപോകാതെ കള്ളിന്നു വേണ്ടി അലയുന്നു ..എന്തൊരു വേദനാജനകമാണ് ആ അവസ്ഥ കാണുന്നവർക്ക് .കുടുംബങ്ങളിലെ അസ്വസ്തതയിലേക്ക് ഞാൻ കടക്കുന്നില്ല ..
                            എന്തെങ്കിലും ലഹരി മനുഷ്യനിൽ എപ്പോഴും ഉണ്ടാകും ..സംഗീതം ,സാഹിത്യം ,കല ,കായികം ,പെണ്ണ്‍ ,മണ്ണ്‍ ,പണം ,മതം,എന്നിങ്ങനെ എന്തെങ്കിലുമൊന്ന് അവന്റെയുള്ളിൽ ലഹരിപോലെ ഉണ്ടാകും .മദ്യമെന്ന ലഹരിയോട് വിടപറഞ്ഞ് ,നിങ്ങളിൽ നിങ്ങളറിയാതെ ഉറങ്ങുന്ന കഴിവുകളെ, തൊട്ടുണർത്തൂ ...അതിനെ ഒരു ലഹരിയാക്കൂ .. ..    മദ്യത്തെക്കാൾ  നല്ല ലഹരി നിങ്ങൾക്കാസ്വതിക്കാം ... ഈ ജീവിതത്തിൽ നിങ്ങൾ ആരാണ് എന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കൂ ....
       
                                          

                                      *  -------ശുഭം -----*

                                                                                                   റൗഫ്റഹ്മത്തുള്ള,

Tuesday, July 9, 2013

പ്രവാസത്തിൻറെ കണ്ണീർത്തുള്ളികൾ ..(കവിത)

പ്രവാസത്ത്തിന്റെ പടികയറും മുമ്പേ ......
യാത്ര പറയും മുമ്പേ .............
ബന്ധങ്ങളുടെ കണ്ണികൾ അറക്കും മുമ്പേ ....
ചുറ്റും കൂടിയവരുടെ കവിൾത്തടങ്ങളിൽ 
കണ്ണുനീർതുള്ളികൾ .
നാടും ഇടവഴികളും പുൽമേടുകളും ..........
കാടും കാഴ്ചകളും പൂമരങ്ങളും പൂക്കാലങ്ങളും ...
ഓർമ്മകളുടെ അറയിൽ ബന്ധിതമാകുമ്പോൾ -
തന്റെതൻ കവിൾത്തടങ്ങളിൽ ഉരുണ്ടുവീഴുന്നു  കണ്ണുനീർ തുള്ളികൾ .
 പൊള്ളലേറ്റ മണൽത്തിട്ടകളിൽ -
 ഒഴുകുന്ന വിയർപ്പു തുള്ളിതൻ ചൂടിൽ
ചെക്കും ,ഡ്രാഫ്റ്റും ,എൻ ആർ ഐ  അക്കൗണ്ടും 
ചുമലിൽ ഒരു പ്രാരാബ്ദത്തിന്റെ -പുതു -
കണ്ണുനീർ തുള്ളികൾ .
നാലതിര് തീർത്ത ഭൂസ്വത്തിന്റെ ഉടമ !
രണ്ട് നില കെട്ടിപൊക്കിയ വീടിന്റെ ഉടമ !
ബാങ്ക് ബാലൻസുകൾ ഇടിയുന്നു ,ബന്ധങ്ങൾ ചിതറുന്നു 
ഭാര്യ ,മക്കൾ ,ബാധ്യത ,കാലം നനയ്ക്കുന്നു -
കണ്ണുനീർ തുള്ളികൾ .

                      * ----------------------------------------------------*

                                                                                                             റൗഫ്റഹ്മത്തുള്ള .

അഞ്ചേപത്ത് ,കിഷോർ ബസ്സ്‌ ,കുന്നംകുളംസ്റ്റാന്റ് ...[കഥ ]

 പേരുപോലെത്തന്നെ കുന്നംകുളം ബസ്സ്റ്റാൻറ്റിലാണ് ഈ കഥനടക്കുന്നത് ..,ഒന്ന് മനസ്സുവെച്ചാൽ നിങ്ങള്കും  ഇതിലെ കഥാപാത്രങ്ങളാകാം ...നിങ്ങൾ തയ്യാറാണെങ്കിൽ വരൂ ..നമുക്ക്പോകാം .. തിരക്കുപിടിച്ച കുന്നംകുളം സ്റ്റാൻന്റിലേക്ക് . ഇതിലെകഥാനായകൻ ഞാൻ തന്നെയാണ് . നിങ്ങൾ സ്റ്റാന്റിന്റെ പലഭാഗത്തായി നിന്നാൽ മതി കഥ നേരിട്ട്കാണാം .....
                                                                     സിനിമാ പോസ്ററുകൾ ഒട്ടിച്ചുംകീറിയും, ഒട്ടിച്ചുംകീറിയും വണ്ണംവച്ചുപോയ  ഒരുതൂണും ചാരി ഞാൻ നിൽക്കാൻതുടങ്ങിയിട്ട്മണിക്കൂറുകളോളം ആയി ...4.40 ന് അവൾ സ്കൂൾ വിട്ടുവരും 5.10 നുള്ള കിഷോർ  ബസ്സിൽഅവള്പോകും.  വിലപ്പെട്ട മുപ്പത് മിനുട്ടുകൾ ....,  ബസ്സുകളുടെ കോലാഹലങ്ങളും ,യാത്രക്കാരെവിളിച്ചു ബസ്സിൽകയറ്റാൻ മുറവിളികൂട്ടുന്ന കിളികളുടെ ഷബ്ദമലിനീകരണവും ,ഇഞ്ചിമിട്ടായിക്കാരുടെയും ,ലോട്ടറിവിൽപനക്കാരുടെയും ,തേങ്ങലുകളും ...മറ്റുകച്ചവടക്കാരുടെ കലപിലശബ്ദങ്ങളും ,ഒന്നും തന്നെ ഞാൻ മാത്രംകേട്ടില്ല !. 
                                                  കാലംകുറെയായി ഈപെണ്ണ്‍ എന്നെയിട്ടുവട്ടംകറക്കുന്നു . അല്ല, അവളെപറഞ്ഞിട്ടും കാര്യമില്ല .ഞാൻ അവളെ ഇഷ്ടപ്പെടുന്നകാര്യം അവളുംകൂടിഅറിയണ്ടേ ...... .
                       അധികമൊന്നുമായിട്ടില്ല ഞാൻ ഇവളെ സ്നേഹിക്കാൻ തുടങ്ങിയിട്ട് വെറും രണ്ടുവർഷം .. ! അപ്പൊപ്പിന്നെ ഇനിയുംകിടക്കുന്നു ഇഷ്ടംപറയാൻ സമയംഒത്തിരി . ഞാൻ എപ്പോ ,എന്ന് ,എങ്ങിനെ അവളെ ഇഷ്ടപെട്ടന്നു പറയുന്നില്ല ..,, മറ്റൊന്നുംകൊണ്ടല്ല  ,പറയാൻ ഇപ്പൊസമയമില്ല ..അവിളപ്പോവരും ...............
                                                               എന്നത്തെയുംപോലെ അവൾ കൃത്യം 4.40 ന് തന്നെവരും .. പച്ചതട്ടവും ക്രീംചുരിദാറുംഇട്ട് ജ്യുസ്കടയുടെ അടുത്ത്മാറിനിൽകുന്ന കുട്ടികളുടെകൂട്ടത്തിൽ അവളുണ്ടാകും ..... ''റബ്ബേ ..ഇന്നെങ്കിലും അവളെന്നെയൊന്നു നോക്കണേ ...." എന്നപ്രാർഥനയും എന്നിലുണ്ടാകും ..."
                                       കൃത്യം .........,,! പെണ്ണായാൽ ഇങ്ങനെതന്നെവേണം ... സമയം 4.40 , അവളെത്തി ,,....  എന്നെകാണാനെന്ന ആഗ്രഹത്തോടെവരുന്നപോലെയാണ് എനിക്ക്തോന്നിയത് .. എവടെ ,,!   അവൾ പതിവുപോലെതന്നെ ഞാൻ അവിടെനിൽകുന്നുണ്ടെന്ന ഒരു വിജാരവും ഇല്ലാതെ ഒരുപറ്റംസുന്ദരിക്കോതകളുടെകൂടെ മുല്ലപ്പൂപൊഴിയുന്ന പുഞ്ചിരിയുമായി  സ്ഥിരംസ്ഥലമായ ജൂസ്കടയുടെ മുന്നിലേക്ക് കയറിനിന്നു ..
                      ഈകഥയിലെ ഒരംഗമായി നിങ്ങൾപലരും അവരിലാരാകഥാനായ്കി എന്ന് തുറിച്ച്നോക്കിനില്പുണ്ടാകും ...മാൻമിഴികണ്ണ്‍ ,ചാമ്പക്കച്ച്ചുണ്ട്,തക്കാളിക്കവിള് ,ചന്ദനത്തിൽകടഞ്ഞെടുത്ത ആകാരഭംഗി ,..ഇങ്ങനെയൊക്കെ വേണമെങ്കിൽ അവളെക്കുറിച്ച് പറയാം ..., പക്ഷെ ഞാൻ പറയുന്നില്ല ,പറഞ്ഞാൽ നിങ്ങളവളെനോക്കും .  അതുവേണ്ട , അങ്ങനെമറ്റുള്ളവർ അവളെനോക്കുന്നത് എനിക്കിഷ്ടമല്ല .
                       ഞാൻ പതിവ്പോലെ കണ്ണിനിമവെട്ടാതെ അവളെ തുറിച്ചുനോക്കിനിൽപുതുടങ്ങി .5.10 നുള്ള കിഷോർ ബസ്സിൽഅവള്പോകും ഒന്നുതിരിഞ്ഞുനോക്കുകപോലുമില്ലാതെ . അത്പതിവുകാഴ്ച്ചതന്നെയാണ് .പിന്നെ ഇന്നന്താ ഇത്രപ്രത്യേകത എന്നല്ലേ...! പറയാം , ഇന്ന്ഞാൻരണ്ടുംകൽപിച്ചുള്ളവരവാണ് .എന്റെ ഇഷ്ടം ഞാനിന്നവളോട് പറയും .പക്ഷെ എന്റെ പ്രിയപെട്ടകാമുകി ഒന്നുതിരിഞ്ഞുനോക്കണ്ടേ .. പെണ്ണുങ്ങളുടെ മാനംകാക്കാൻഎന്നപോലെ അവളുടെഅഹങ്കരംകൊണ്ടുള്ള ഒരുനിൽപുണ്ടല്ലോ .. സത്യമായും അത്കണ്ടാപ്പോൾ എനിക്ക്അവിടെകിടന്നിരുന്ന ,ഇന്നലെരാത്രിയിലാരോ സമാധാനംനേടിയെടുത്ത് വലിച്ചെറിഞ്ഞ ഒരുബ്രാണ്ടിയുടെ കാലിബോട്ടൽ എടുത്ത് അവളുടെതലമണ്ടക്ക് നോക്കി ഒന്നുകൊടുക്കാൻ തോന്നി .പിന്നെ പണ്ടാരമടങ്ങാൻ പ്രേമിച്ചുപോയില്ലേന്നുകരുതി വിട്ടുകളഞ്ഞു .
                  കരിക്കാനകടവിലേക്കുള്ള കിഷോർബസ്സ് എന്റെ നെഞ്ചത്തുകൂടെകയറ്റി ജൂസുകടയുടെ മുന്നിൽവന്നുനിന്നു  .'നിന്റെ മാടപ്രാവിനെ ഞാൻകൊണ്ടുപോവാടാ '..എന്ന ഒരുആക്കിയനോട്ടം ആബസ്സിലെ ഡ്രൈവറുടെ മുകത്ത് ഞാൻ കണ്ടു . 'ദ്രോഹി !.. അവനോട് ദൈവംചൊദിക്കും .
               പച്ചതട്ടവും ക്രീംചുരിദാറും അണിഞ്ഞ ആപക്ഷിക്കൂട്ടങ്ങൾ കമ്പിയിൽതൂങ്ങി ബസ്സിൽകയറിപ്പറ്റാൻ നോക്കുന്നു .. ആകൂട്ടത്തിൽ എന്റെ പഞ്ചാരക്കിളിയും ,....ഒരു തിരിഞ്ഞുനോട്ടത്തിനായി എന്റെകണ്ണുകൾ വെമ്പൽകൊണ്ടു . എന്റെ കണ്ണുകൾനിറഞ്ഞു ..എനിക്കൊന്നും കാണാൻകഴിയാത്തത്പോലെ തോന്നി .ഞാൻ കണ്ണുകൾതുടച്ചുവീണ്ടുംതുറിച്ചുനോക്കി .എന്റെ സ്നേഹത്തെ അവളൊന്നുതിരിഞ്ഞുനോക്കുകപോലുംചെയ്തില്ല .ഒരുവട്ടംകൂടി ഞാൻകണ്ണുകൾതുടച്ചുനോക്കിയപ്പോഴേക്കും അവളെയുംകൊണ്ട് കിശോർബസ്സ്‌ പറന്നകന്നിരുന്നു .
                        ഒന്നുതിരിഞ്ഞുനോക്കാൻപോലും മനസ്സ്കാണിക്കാത്ത അവളോട്ഞ്ഞാനെങ്ങനെപറയും എന്റെയുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന ഇഷ്ടം ....എല്ലാംവിധി , ഇനിയൊരുപെണ്ണിനോടും ഈ സാഹിസികത ഞാൻകാണിക്കില്ലന്നുറപ്പിച്ചു ഞാനവിടെനിന്നും ബസ്സ്കയറി . ചിലമ്പുന്ന സ്പീക്കറിൽനിന്നും പഴയൊരുഗാനശകലം ഒഴികിവന്നു ...'മോഹങ്ങൾ മരവിച്ചു ..മോതിരക്കൈ മുരടിച്ചു ...മനസ്സുമാത്രം മനസ്സുമാത്രം ..മുരടിച്ചില്ല ....'
                          കണ്ടുനിന്നുചിരിച്ച നിങ്ങൾക്കൊന്നുംപോകാനായില്ലേ ...

                                                              ശുഭം .
                                                                                                                     റൗഫ്റഹ്മത്തുള്ള ,
                   
               

Tuesday, July 2, 2013

തീവ്രവാദി ,....[കഥ ]

വൈകീട്ട് ഒരു 5 മണി ആയിക്കാണും ..ഒറ്റപ്പെട്ട്നിൽക്കുന്ന ഒരു പെട്ടിക്കടക്കരികിൽ സിഗ്രട്ടിന് തീകൊളുത്തി കണ്ടാല്മോശമല്ലാത്ത ,സാമാന്യം പൊക്കവും ആരോഗ്യവും ഉള്ള ഒരു ചെറുപ്പക്കാരൻ പെട്ടിക്കടയുടെ മേൽക്കൂരതാങ്ങിനിൽക്കുന്ന മുളകൊണ്ടുണ്ടാക്കിയ ഒരു തൂണുംചാരി പുക ആഞ്ഞുവലിച്ച്കൊണ്ട് നിന്നു ,...പഞ്ചായത്തിന്റെ ടാറിടാത്ത കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ചെറുതും വലതുമായ വാഹനങ്ങൾ പൊടിപാറിച്ചുകൊണ്ട് ഇഴഞ്ഞുനീങ്ങുന്നു ....
               സമയം 5.05 ....,അയാളുടെമുഖത്ത് പരിഭ്രമത്തിന്റെ അസ്തമയസൂര്യൻ നിഴലിച്ചുനിന്നു . എരിഞ്ഞമർന്നസിഗെരെറ്റ്കുറ്റി താഴെയിട്ട്ച്ചവിട്ടിക്കെടുത്തി നാലുപാടും നോക്കി അയാൾ അടുത്ത സിഗെരെട്ടിന്ന് തീകൊളുത്തി ... തോളിൽ തൂങ്ങികിടക്കുന്ന ലാപ്ടോപിന്റെ ബാഗ്‌ അയാള്ശരീരത്തോട് ചേർത്ത്പിടിച്ചു . അടുത്തുള്ള ഒരു പോന്തക്കാടിലേക്ക് നോക്കി അയാൾ പതുക്കെനടന്നു ..,അയാൾ നാലുപാടുംവീക്ഷിച്ചു......, ആരൊക്കയൊ തന്നെശ്രദ്ധിക്കുന്നുണ്ടന്ന് അയാൾക്ക് തോന്നി ...
                സമയം 5.15 ... പെട്ടിക്കടയിൽ ഒരു സർബത്ത്കുടിക്കാൻകയറിയ പോലീസിനോട് പെട്ടിക്കടക്കാരൻ എന്തോസ്വകാര്യംപറഞ്ഞു .. പോലീസുകാരൻ തൂങ്ങിക്കിടക്കുന്ന മുർക്ക് പാക്കറ്റുകൾക്കിടയിലൂടെ പോന്തക്കാടിന്നടുത്തുള്ള ആ ചെറുപ്പക്കാരനെ നോക്കി  ...പോലീസുകാരൻ തന്നെ ശ്രദ്ധിക്കുന്നുണ്ടന്നറിഞ്ഞ അയാൾ പരിഭ്രമംകൊണ്ട് പോന്തക്കാടിൽനിന്ന് റോഡിലേക്ക് ഇറങ്ങിനിന്നു .....
                  സമയം 5.25 ..., പോലീസുകാരൻ അയാളുടെ അടുത്തെക്ക്ചെന്നു .............
എന്തടാ ഇവിടേ ....? പോലീസുകാരന്റെ ചോദ്യത്തിനുമുന്നിൽ അയാള്പതറി . ഒരുതുള്ളി ഉമിനീരിറക്കികൊണ്ട് അയാൾ പറഞ്ഞു ..സർ ഞാൻ ...ഞാൻ ..,വെറുതെ ഇവിടെ ..  "എന്തൂന്നടാ ഒരു കള്ളലക്ഷണം .." അയാള്പറയുന്നതിനുമുൻപ് പോലീസുകാരൻ അലറി ..
'എന്തൂന്നടാ നിന്റെപേര് .." 
   "ഷുക്കൂർ"  തന്റെപേര് പറയുമ്പോൾ  അയാൾ ആകെ വിയർകുന്നുണ്ടായിരുന്നു .
പോലീസുകാരൻ അയാളെ അടിമുടി ഒന്ന്നോക്കി ....
  "നീവല്ലതീവ്രവാദിയാണോടാ.. " പോലീസുകാരൻ അയാളുടെ അടുത്തേക്ക് ചെർന്നുനിന്ന് മുരടുന്ന സ്വരത്തിൽ ചോദിച്ചു . പോലീസുകാരന്റെ ചോദ്യം കേട്ട് അയാളുടെ മുഖം ചെമ്പരത്തിപ്പൂ പോലെ വിടർന്നു ...
"ഞാൻ ഒരു പാവമാണ് സാറേ ..."
"നിനക്കെന്താടാ ഇവിടെ പണി  ഇവടെ മുസ്ലിംവീടല്ലലോ ....."പോലീസുകാരന് സംശയങ്ങൾ കൂടിവന്നു ..
"ഞാൻ തീവ്രവാദിയല്ലാ .."അയാളുടെ മുഖം ചുവക്കാൻതുടങ്ങി കണ്ണുനിറഞ്ഞു .
"പിന്നെ ഈ പൊന്തക്കാട്ടിൽ നിനെക്കെന്താടപണി ..."
                               പോലീസുകാരന്റെ ചോദ്യങ്ങൾക്ക്മുന്നിൽ അയാള്ക്ക് ഉത്തരം മുട്ടി .പോലീസുകാരൻ പിന്നെയും ചോദ്യങ്ങൾ ഓരോന്നായി തൊടുത്തുവിട്ടു .ഒടിവിൽ അയാള്ക്ക് സത്യംപറയേണ്ടിവന്നു ....
"സാറേ ..,അരമണിക്കുറായി ഞാൻ വയറുവേദനിച്ച്നില്കുന്നു എനിക്കൊന്ന് വെളിക്കിരിക്കണം അതിനുപറ്റിയ ഒരുസ്ഥലം നോക്കുവായിരുന്നു ..അല്ലാതെ ഞാൻ തീവ്രവാദിയൊന്നുമല്ലാ ..ഒരു മുസ്ലിമായ എനിക്ക് വെളിക്കിരിക്കാനുള്ള  സ്വാതന്ത്ര്യം പോലും ഈ ഇന്ത്യമഹാരാജ്യത്തില്ലേ ..."
     
സമയം 5.30 .....,
                                                            ശുഭം.

                                                                                                                         റൗഫ്റഹ്മത്തുള്ള .

വേഷങ്ങൾ

വേഷങ്ങൾ പലതാണ് നാടകമെന്ന ഈ ജീവിതത്തിൽ .. അച്ഛൻ , അമ്മ , മകൻ , മകൾ , ഭാര്യ , ഭർത്താവ് , സഹോദരൻ , സഹോദരി , മുത്തശ്ശി , മുത്തച്ഛൻ , സുഹുർത്ത് ......, ഇതിൽ പല വേഷങ്ങളും ഒരേസമയം ആടിതീർക്കുന്ന നല്ല നടന്മാരാണ് നമ്മളിൽപലരും .., ചിലരുടെ വേഷങ്ങൾക്  മറ്റുള്ളവർ കൂകിവിളിക്കാറുണ്ട് ..അവർ ജീവിതമെന്ന ഈ നാടകത്തിൽ നല്ല നടനാവില്ല അത്കൊണ്ട്തന്നെ അവൻ നല്ല മനുഷ്യനുമാകുന്നില്ല ...ഒരുവേഷമെങ്കിലും നന്നായി അഭിനയിച്ച് രംഗം ഒഴിയാൻ നമുക്ക് സാദിക്കട്ടെ .....
                                                                               
                                                                                                             റൗഫ് റഹ്മത്തുള്ള
വേഷങ്ങൾ 

Monday, July 1, 2013

ഒരു സുഖം

നിമിഷങ്ങൾ കൊണ്ട് കവിതയുണ്ടാകുന്നു ..കവിത കൊണ്ട് കണ്ണീരുണ്ടാകുന്നു .ആകണ്ണീരിൽ പ്രണയമുണ്ടാകുന്നു ..നാം അറിയാതെ ഒരു കാമുകനാകുന്നു ..അതെ ..ആ കവിതയുടെ കാമുകൻ .
                                                                                               

                                                                       റൗഫ് റഹ്മത്തുള്ള ,