Translate

Wednesday, March 16, 2016

സ്നേഹം മാത്രം (കഥ )

"ദാരപ്പാ ന്റെ പുറകേ ബരണത്‌..കുറച്ചീസായല്ലോ ന്റെ റബ്ബേ..."

അവൾ തലതാഴ്ത്തി ധൃതിയിൽ നടന്നു..

'പർദ്ദട്ടാലും ഈ പണ്ടാറങ്ങളു വിടില്ലേ..'
അവൾ പിറുപിറുത്തു..

ആ ചെറുപ്പക്കാരൻ ബൈക്കിന്റെ വേഗത കുറച്ച്‌ അവളുടെ പുറകേ തന്നേയുണ്ട്‌..
ബൈക്കിന്റെ ശബ്ദം അവളുടെ തൊട്ടുപുറകിലായി മുഴങ്ങിക്കൊണ്ടിരുന്നു...

'ബല്ല പോലീസേരും ഈ പണ്ടാറ ചെക്കനെ ഹെൽമറ്റിടാത്തതിനു പിടച്ചെങ്കി റബ്ബേ..'

അവൾ രണ്ടു മതിലുകൾക്കിടയിലൂടെയുള്ള വഴിയിലേക്ക്കയറി..ആവഴിയിലൂടെ അരക്കിലോമീറ്റർ നടന്നാ അവളുടെ വീടായി... അവൾക്ക്‌ സമാധാനമായി..
ആ ചെറുപ്പക്കാരന്റെ മുഖത്ത്‌ പ്രണയ ഭാവമില്ല..പകരം പേടിച്ച്‌ വിളറിയ മുഖഭാവം മാത്രം അവൻ രണ്ടും കൽപ്പിച്ച്‌ ബൈക്ക്‌ അവളുടെ മുന്നിലേക്ക്‌ എടുത്തു..

"എനിക്ക്‌..എനിക്കൊരു കാര്യം പറയാനുണ്ട്‌..ഞാൻ.."

"ന്റെമ്മാാാാ..."

അവൻ പറഞ്ഞ്‌ തുടങ്ങുമ്പോഴേക്കും അവൾ കരഞ്ഞ്‌ കൊണ്ട്‌ ഓടി.. അവൻ ബൈക്കുമായി ജീവനും കൊണ്ട്‌ പാഞ്ഞു...
ആയിരത്തിലധികം മുസ്ലിം വീടുകളുള്ള ഒരു വലിയ മഹല്ലിലെ പള്ളി സെക്രട്ടറി ആലിയുടെ മകളായിരുന്നു അവൾ...
കരഞ്ഞ്‌ കൊണ്ട്‌ വീട്ടിലേക്ക്‌ ഓടിക്കയറിയ മകളെ പറമ്പിലെ വാഴത്തോട്ടം നനച്ച്കൊണ്ടിരുന്ന ആലി കണ്ടു. പെട്ടന്ന് തന്നെ കയ്യിലെ വള്ളം നനച്ചിരുന്ന പൈപ്പ്‌ പണിക്കാരൻ ബംഗാളി പയ്യന്റെ കയ്യിൽകൊടുത്ത്‌ ആലിയും വീട്ടിലേക്ക്‌ ഓടിക്കയറി..
ഉമ്മയോട്‌ സങ്കടം പറയുന്ന മോളെ കണ്ട്‌ ആലി കാര്യം തിരക്കി...

"എന്താ മോളേ യ്യ്‌ കരേണത്‌...."

"മോളകത്ത്‌ പോയി ബല്ലതും കയ്ക്ക്‌ ..ങ്ങളോളോടൊന്നും ചൊയ്ക്കണ്ടാ.."

പിന്നെ കാര്യം പറഞ്ഞത്‌ ഉമ്മയായിരുന്നു..കാര്യം കേട്ടപ്പോൾ ആലി അലറി..

"ആരാണ്ടിയോൻ..കള്ള ഹമുക്ക്‌..ന്നെ ഓനിക്ക്‌ അറിയില്ലാ.."
"ഇങ്ങളു ബെറുതേ കലിതുള്ളണ്ടാ..നാട്ടുകാരറിഞ്ഞാ പിന്നെ പലതും പറഞ്ഞിണ്ടാക്കും..കെട്ടിച്ച്‌ പോണ്ട പെണ്ണാ.."
"മ്മ്മ്മ്..ആട്ടെ ഓനാരാന്ന് മനസ്സിലായാ.. "
"ഓൾക്കറിഞ്ഞൂടാ..പിന്നെ ഓളൊരു സംശയം പറഞ്ഞു..ഇബടെ പത്രം ഇടാൻ ബന്നിരുന്നോനാണെന്ന്.."
"ഹേ...ആ കാഫിറാ..."
"ഇങ്ങളാഹാലാകാതെ..ഓനാന്ന് സംശയേയുള്ളൂ.."
"മ്മ്മ്മ് നാളെ ഓളെ ക്കാണാൻ ഓൻ ബരോന്ന് നോക്കാം..അപ്പൊ പിടിച്ച്‌ ഓന്റെ ആണ്ട്‌ നേർച്ച നടത്താ.."

അടുത്ത ദിവസം..അതേ സമയം.,

അവളുടെപിറകേ വിളറിയ മുഖവുമായി അവനും..

"ആലിക്കാടെ മോളല്ലേ..എനിക്കൊരു കാര്യം പറയാനിണ്ട്‌.. "
അവൾ മിണ്ടാതെ തലതാഴ്ത്തി വേഗം നടന്നു..

"ഒരു കാര്യം എനിക്ക്‌ വേണ്ടി ഉപ്പാട്‌ പറയ്യോ... ഇയ്യാളു പറഞ്ഞാ ഉപ്പ കേൾക്കും.. "

ആ വാക്കുകൾ കേട്ടപ്പോൾ അവൾക്ക്‌ കാര്യമെന്തന്നറിയണമെന്നുണ്ടായിരുന്നു.. പക്ഷെ അപ്പോഴേക്കും അവൾ രണ്ട്‌ മതിലുകൾക്കിടയിലൂടെയുള്ള വഴിയിലേക്ക്‌ കയറിയിരുന്നു..ഉടനെ അവൾ ഓടി..അവൻ ബൈക്ക്‌ സ്പീഡ്‌ കൂട്ടുമ്പോഴേക്കും അവന്റെ മുന്നിൽ ആലിയും കൂട്ടരും ചാടിവീണു..
അവരെ കണ്ടപാടേ ഭയന്ന് വിറച്ച അവൻ രക്ഷപ്പെടാൻ നോക്കിയെങ്കിലും അപ്പോഴേക്കും അടി വീണിരുന്നു..

" കള്ള പ്പന്നി യ്യ്‌ ന്റെ വീട്ടിൽ പേപ്പറിടുന്നോനല്ലടാ.."
"അതെ ഇക്കാ..ന്നെ തല്ലല്ലേ..ഞാനൊന്ന് പറഞ്ഞോട്ടെ.. "
"മുസ്ലിം പെൺകുട്ടികളെ പെഴപ്പിക്കാൻ നോക്കണല്ലടാ കാഫിറേ..."

അവൻ പെട്ടന്ന് കുതറി

"ഞാനിങ്ങളുദ്ധേശിക്കുന്ന ആളല്ലാ..ഞാൻ പിഴപ്പിക്കാൻ നടക്കുന്നോനല്ലാ..ന്റെ വയറ്റിപ്പിഴപ്പിനു വേണ്ടി നടക്കുന്നോനാ..."

പെട്ടന്ന് എല്ലാരും നിശബ്ദരായി..

"സത്യമാണു..ഞാനീ ഏരിയയിലെ മാതൃഭൂമി പത്രത്തിന്റെ ഏജന്റാണു..കഴിഞ്ഞ ദിവസം ഇങ്ങളെ നബിയെ പറ്റി മോശമാക്കി എഴുതിയതിൽ പ്രധിഷേധിച്ച്‌ ഇങ്ങളെ മഹല്ലിലെ എല്ലാ വീട്ടുകാരോടും മാതൃഭൂമി പത്രം നിർത്താൻ ഇങ്ങളു കുറിപ്പിറക്കിയില്ലേ..ഇപ്പോ ആയിരത്തിയെണ്ണൂറിലധികം പത്രം ഒറ്റയടിക്ക്‌ നിന്നു.. അതൊന്ന് ഇങ്ങളെ മോളോട്‌ പറഞ്ഞ്‌ ഇങ്ങളെ കൊണ്ട്‌ തീരുമാനം മാറ്റിക്കാൻ വേണ്ടിയാ...അല്ലാതെ...ങ്ങളു വിജാരിക്കും പോലെ..."

അവന്റെ കണ്ണുകൾ നിറഞ്ഞു..

"ന്റെ വീട്ടിൽ ന്റെ അമ്മയും രണ്ട്‌ പെങ്ങമ്മാരും മാത്രമുള്ളൂ ..അവർക്ക്‌ വേണ്ടിയാ ഞാൻ കഷ്ടപ്പെടുന്നത്‌.."

ആലി അവന്റെ തോളിൽ തട്ടി..

"സാരല്ലാ...പോട്ടെ... ഏതൊരു തന്തയും പ്രതികരിക്കുന്നതേ ഞാനും ചൈതുള്ളൂ.."
ഇത്രയും പറഞ്ഞ്‌ ആലിയും കൂട്ടരും നടന്നു..

"ഇക്കാ..."

അവൻ പുറകിൽ നിന്ന് വിളിച്ചു..

"ഇക്കാ മാതൃഭൂമി പത്രത്തിന്റെ കാര്യം..ഒന്നും പറഞ്ഞില്ലാ.."

ആലി അവനെ അടുത്തേക്ക്‌ മാടി ...അവന്റെ രണ്ട്‌ തോളിലും കൈവെച്ചു..

"നിനക്ക്‌ നിന്റമ്മയേ ഒരുപാടൊരുപാട്‌ ഇഷ്ടമല്ലേ..."

അവൻ പതിയെ തലയാട്ടി

"മ്മ്മ്മ് ...നിന്റെ ആ പുന്നാര അമ്മ പിഴച്ചവളാണെന്നും വെഭിചാരിയാണെന്നും ഒക്കെ നാളത്തെ മാതൃഭൂമി പത്രത്തിൽ വന്നാൽ ആ പത്രവുമായി ഇവടെയുള്ള വീടുകളിൽ യ്യ്‌ അത്‌ വിതരണം ചെയ്യോ.."

പെട്ടന്ന് ആലിയുടെ കൈ തട്ടി ഇല്ലാ എന്നമട്ടിൽ തലയാട്ടികൊണ്ട്‌ അവിയൻ പിറകോട്ട്‌ പോയി.

"മോനേ..ഇത്‌ വർഗ്ഗീയതയല്ലാ..ഭീകരവാദമല്ല..സ്നേഹമാണു..നീ നിന്റെ അമ്മയെസ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ......"

       ----------====((((())))))=====-------
                            ശുഭം.

            റൗഫ്‌ റഹ്മത്തുള്ള വടക്കേകാട്‌,


No comments:

Post a Comment

അഭിപ്രായം അറിയിക്കുക