Translate

Monday, September 9, 2013

ഒരു കാമുകിയും മുപ്പത്തിനാല് കാമുകന്മാരും (കഥ )

                        മഴ പെയ്തൊഴിഞ്ഞപ്പോൾ നാടിൻറെ മുഖം വെളുത്തു ..പക്ഷെ എൻറെ മുഖം വെളുത്തില്ല !. കാറ്റ് വീശി ഭൂമിയിലേക്ക് കണ്ണും നട്ടിരിക്കുന്ന ചക്കയും തേങ്ങാ കുലകളും ആടി . പക്ഷെ അവളുടെ മനസ്സ് ഉറച്ച് തന്നെ നിന്നു .കള്ള് ഷാപ്പിൽനിന്നിറങ്ങിയ പലരും തോട്ടുവരമ്പത്ത് വീണു .എൻറെ പ്രണയത്തിനു മുന്നിൽ അവൾ മാത്രം വീണില്ല !..ഞാനത്രക്ക് കൊള്ളരുതാത്തവനാണോ ..? മനസ്സിൻറെ ഏതോ കോണിൽ നിന്ന് അപകർഷതാബോധം എന്നെ തോണ്ടി വിളിച്ചു .
                  എന്തായിരിക്കും അവളെന്നെ തീരെ ഉപേക്ഷിക്കാൻ കാരണം ..ഞാൻ നിരാശയുടെ നെല്ലിപ്പടിയിൽ തലയിട്ടടിച്ചു .അവൾ വരുന്ന വഴിയോരത്ത് ബൈക്കുമായി കാത്ത്നിന്ന് വെള്ളമിറക്കിയത് വെറുതെയായി .ഞാൻ വിട്ടില്ല എനിക്ക് സഹിക്കെട്ട് അവളുടെ വീട്ടിലേക്കുള്ള റോഡരികിൽ വെച്ച് സിനിമാ സ്റ്റൈലിൽ അവളെ തടഞ്ഞു .എന്നോടൊന്ന് മിണ്ടിയാലെന്താന്നു ചോദിക്കുമ്പോഴേക്കും ഞാനും ബൈക്കും റോഡരികിലെ ചാലിലേക്ക് ഇന്ത്യയുടെ രൂപപോലെ മൂക്കുകുത്തി .ഒന്ന് പുഞ്ചിരിച്ച് അവൾ ഓടിയകന്നു ..സമാധാനം അവൾ ചിരിച്ചു .
               അവൾ കൂട്ടുകാരിയോട് എനിക്കെന്തെങ്കിലും പറ്റിയോന്ന് രണ്ട് ദിവസത്തിനു ശേഷം അന്വേഷിച്ചെന്നറിഞ്ഞപ്പോൾ ഞാൻ സന്തോഷം കൊണ്ട് കയ്യിലുണ്ടായിരുന്ന ചായക്കപ്പ് മേൽപ്പോട്ടിട്ട് ചാടി കാച്ച് ചെയ്തു .പക്ഷെ ചായക്കപ്പ് അപ്പുറത്ത് തെറിച്ച് വീണ് പതിനാല് കഷ്ണമായി .എൻറെ തല കസേരയിൽ തട്ടുകയും ചെയ്തു .എന്നാലും സാരമില്ല ,ഒരു പ്രണയം പൂവിടാൻ കുറച്ച് വേദന സഹിക്കണമെന്ന് ഏതോ ഒരു കാമുകൻ എവിടെയോ പറഞ്ഞിട്ടുണ്ടല്ലോ ...
                 അടുത്തദിവസം അവളെ കാണാൻ ബൈക്കെടുത്തു .പുറപ്പെടുംമുംബ് ബൈക്കൊന്നു കുലുക്കി നോക്കി .പെട്രോൾ കഷ്ടിയുള്ളു .കാമുകന്മാർക്ക് കാമുകികളെ കാണാൻ പെട്രോളിന് സബ്സീഡി നമ്മുടെ സർക്കാർ ഏർപ്പെടുത്തിയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ച് പോയി . ഇന്നവൾ എന്നോടെന്തെങ്കിലുമൊന്ന് മിണ്ടുമെന്നുതന്നെ ഞാൻ ഉറപ്പിച്ചു .
            അവളെക്കാൾ സൗന്ദര്യമുള്ള എത്രയെത്ര സുന്ദരികളാണ് കോളേജ് വിട്ടപ്പോൾ ഒഴുകിപോകുന്നത് .പക്ഷെ അവരെയൊന്നും നോക്കാതെ ഞാൻ അവളെ മാത്രം നോക്കിയതിന് എനിക്ക് കിട്ടി .മിണ്ടുന്നത് പോയിട്ട് ഒന്ന് നോക്കുക പോലും ആ പഹച്ചി ! ചെയ്തില്ല !!!. അപ്പുറത്തുള്ള ചാലിലേക്ക് ബൈക്കും കൊണ്ട് തലകുത്തിമറിഞ്ഞാലോന്നു വരെ ചിന്തിച്ചു .അങ്ങനെയെങ്കിലും അവളൊന്ന് ചിരിക്കുമല്ലോ .
          ദുഃഖം സഹിക്കവയ്യാതെ വറുത് മാപ്ലെടെ കടയിൽ നിന്ന് അരപ്പേക്കറ്റ് സിഗരട്ട് വാങ്ങി പഞ്ചായത്തുകാർക്ക് പോലും വേണ്ടാത്ത പഞ്ചായത്ത് പാലത്തിൻറെ മതിലിൽ ചെന്നിരുന്ന് .സിഗരറ്റിനു തീകൊളുത്തുമ്പോഴാണ്‌ പാലത്തിന്റെ അടുത്തുള്ള എൻറെയൊരു സുഹൃത്ത് വരുന്നത് .അവനുമായി സംസാരിച്ചാൽ എല്ലാം ഒന്ന് മറക്കാമല്ലോന്നു കരുതി .എവടെ ..! സംസാരിച്ച് തുടങ്ങിയത് തന്നെ അവളെ കുറിച്ചായിരുന്നു .ഞാൻ എൻറെ സങ്കടം അവനോട് പറഞ്ഞു .കേട്ടപാടെ അവൻ പൊട്ടി പ്പൊട്ടി ച്ചിരിക്കാൻ തുടങ്ങി ..അവൻ പറഞ്ഞു " നിനക്കവളുടെ ചരിത്രം അറിയില്ലേ ..അവളെ പ്രേമിക്കാത്തവർ ഈ നാട്ടിൽ ചുരുക്കമാണ് ..." ഇതും പറഞ്ഞ് അവൻ ഓരോ പേരുകൾ എണ്ണിപ്പറയാൻ തുടങ്ങി ..ഓരോ പേരുകൾ കേൾക്കുമ്പോഴും ഞാൻ അന്തം വിട്ട് ചോദിക്കും .."ങേ ..അവനോ ..,"...ആതെണ്ടിയോ "...."ആ കറപ്പനാ .."...എനിക്ക് വയ്യ "....
അവസാനം അവൻ പറഞ്ഞു  "മുപ്പത്തിമൂന്നാളെ ഞാനിപ്പോ എണ്ണി ,നിന്നെയും കൂട്ടിയാൽ മുപ്പത്തിനാല്... "
ആ അരപ്പേക്കറ്റ് സിഗരട്ട് ഒറ്റയിരിപ്പിന് വലിച്ച് തീർത്തിട്ടേ ഞാൻ കുടുമത്ത് പോയൊള്ളൂ .........

                                                    ****ശുഭം ****

                                                                               റൗഫ് രഹ്മത്തുള്ള ,




1 comment:

  1. ഒരു കാമുകിയും മുപ്പത്തിനാല് കാമുകന്മാരും വായിച്ചു, ധാരാളം ഉപമകൾ ഉള്ള അരസികൻ കഥ / അനുഭവകഥ- കൂടുതൽ മികച്ചവ പ്രതീക്ഷിക്കുന്നു.

    ReplyDelete

അഭിപ്രായം അറിയിക്കുക