സൂപ്പുവിന്റെ കൈപിടിച്ച് സൂപ്പുവിന്റെ അച്ഛൻ സ്‌കൂളിലേക്ക് വലിഞ്ഞ് നടന്നു..അച്ഛന്റെ മുഖം ചുവന്നിരുന്നു...
എന്താ സംഭവം എന്നറിയണമെങ്കിൽ തലേദിവസം അൽഫോൺസ ടീച്ചറുടെ ജിയോഗ്രാഫി ക്ലാസ്സിൽ പോയി നോക്കണം...
ക്ലാസ് എടുക്കുന്നതിനിടെ അൽഫോൺസാ ടീച്ചർ തൻ്റെ മകളുടെ പഠിപ്പിനെ പറ്റി വാചാലമായി..ഇത് കേട്ട് സഹികെട്ട് സൂപ്പു ടീച്ചറോട്..
"മോള് കാണാനെങ്ങനെ..."
ചോദ്യം ടീച്ചർക്ക് രസിച്ചില്ല..
"ഉം, ന്തേ..നിനക്ക് കെട്ടാൻ പ്ലാനുണ്ടോ.."
സൂപ്പു വിട്ടില്ല..
"ടീച്ചർ നിർബന്ധിച്ചാൽ.. ഞാൻ കെട്ടാം.."
ഇത് കേട്ട് കുട്ടികൾ ചിരിച്ചു..ടീച്ചർക്ക് അരിശം വന്നു..
"പൊക്കോ ന്റെ ക്ളാസിന്ന്...നാളെ അച്ഛനെ വിളിച്ചാണ്ട് വന്നാ ക്ലാസിൽ കേറാ.."
അന്ന് രാത്രി സൂപ്പുവിന്റെ വീട്ടിൽ നടന്നത്..
"അച്ഛാ ഞാനിനി ആ സ്‌കൂളിൽ പോണില്ല.."
"ഏ.. എന്തേ..."
"അവിടെ പഠിച്ചാൽ ഞാൻ പിന്നെ ചീത്തയാകും..ഒരു ടീച്ചർ ഇന്ന് എന്നോട് അവരുടെ മോളെ കെട്ടോന്ന ചോദിച്ചു..ഞാൻ പറഞ്ഞു അച്ഛനോട് ചോദിക്കണമെന്ന..എന്നാ നാളെ അച്ഛനേം വിളിച്ച് ചെല്ലാൻ പറഞ്ഞു ."
സൂപ്പുവിന്റെ വാക്ക് കേട്ടുള്ള അച്ഛന്റെ പടപ്പുറപ്പാടായിരുന്നു ഇന്ന് കണ്ടത്..
സൂപ്പുവിന്റെ കയ്യും പിടിച്ച് അച്ഛൻ സ്റ്റാഫ്‌റൂമിലേക്ക് കയറി അലറി..
"ആരാ അൽഫോൺസാ ടീച്ചർ.."
"ഞാനാണ്.."
"ഇങ്ങക്കിവിടെ വാദ്യാര് പണിയാണോ ബ്രോക്കർ പണിയാണോ.."
"സൂപ്പു പറഞ്ഞത് എന്താന്നറിയ്യോ.."
"അവൻ ഒന്നും പറയില്ല..ഓൻ ൻറെ മോനാ..അത്കൊണ്ട് ഞാൻ പറയുന്നു ഇങ്ങളെ മോളെ കെട്ടാൻ ൻറെ മോൻക്ക് സമ്മതല്ല...കുറച്ച് കൂടി അന്തസ്സുള്ള ബന്ധം കിട്ടോന്ന ഞാനൊന്ന് നോക്കട്ടെ...ആ ഹാ.."
ഇതും പറഞ്ഞ് സിനിമാ സ്റ്റൈലിൽ സൂപ്പുവിന്റെ അച്ഛൻ നടന്നു..സൂപ്പുവിന്റെ പൊടിപോലും കണ്ടില്ല..എല്ലാം കേട്ട് നിന്ന ടീച്ചർ കുന്തം വിഴുങ്ങിയപോലെ നിന്നു..
No comments:
Post a Comment
അഭിപ്രായം അറിയിക്കുക