Translate

Sunday, November 26, 2017

സൂപ്പു കഥകൾ

സ്‌കൂൾ ഉച്ചഭക്ഷണത്തിന് വിട്ട സമയം... സൂപ്പു തൻറെ ചോറും പാത്രം കഴുകി ക്ലാസ്സ്  റൂമിന്റെ ഇടവഴി കയറിയ സമയത്താണ് ലവൾ പ്രണയലേഖനം നീട്ടുന്നത്.. ഒട്ടും ചിന്തിച്ചില്ല ലോക കാമുകന്മാർക്ക് മാതൃക കാട്ടി സൂപ്പു പ്രണയലേഖനം ലവൾക്ക് തന്നെ തിരിച്ച് കൊടുത്തു.. ഈ സംഭവം ക്ലാസ്സിൽ ആകെ പാട്ടായി... ലോക കാമുകിമാർക്ക് താനൊരു അപമാനമായി എന്ന തിരിച്ചറിഞ്ഞ ലവൾ ലൗ ലറ്ററിൽ ട്വിസ്റ്റ് വരുത്തി സൂപ്പു തനിക്ക് ലൗ ലെറ്റർ തന്നു എന്ന ലവൾ വീട്ടിൽ പരാതി പറഞ്ഞു...
അടുത്ത ദിവസം ലവളുടെ അമ്മ സ്‌കൂളിലേക്ക്.. തന്റെ മോൾക്ക് പ്രേമലേഖനം കൊടുത്ത സൂപ്പുവിനെ സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്ന് പരാതി കൊടുത്തു..
പരാതി കൈപ്പറ്റിയ ക്ലാസ്സ് ടീച്ചർ സൂപ്പുവിനോട് അച്ഛനെ വിളിച്ച് ക്ലാസിൽ കയറാൻ പറഞ്ഞു...
സൂപ്പുവിന്റെ വീട്ടിൽ വീണ്ടും ട്വിസ്റ്റ്..

"അച്ഛാ...ഒരു കാര്യം പറഞ്ഞാൽ സ്‌കൂളിൽ പോയി ബഹളമുണ്ടാക്കോ.."

"ഏ... എന്താടാ കാര്യം..."

"അമ്മ അറിയണ്ട...."

"നീ കാര്യം പറ സുപ്പൂ..."

"അല്ലാ...ന്റെ ക്ലാസ്സ് ടീച്ചർ അച്ഛന് തരാൻ ഒരു ലൗ ലെറ്റർ നിക്ക് തന്നു...ഞാൻ പറഞ്ഞു അത് അച്ഛന് നേരിട്ടങ്ങ് കൊടുത്താ മതീന്ന്.."

"ചെറിയ വായിൽ വല്യ വർത്താനം പറഞ്ഞാലുണ്ടല്ലോ..പോയി കിടന്ന ഉറങ്ങാൻ നോക്ക്..."

സൂപ്പു ഉറക്കം പിടിച്ച് വരുന്നു...

"സുപ്പൂ...നീ ഉറങ്ങിയാ..."

"ഇല്ലച്ചാ... ന്തേ..."

"ആ കവിളത്ത് കറുത്ത മറുകുള്ള ടീച്ചറാണോടാ..."

"ആ..."

അടുത്ത ദിവസം സൂപ്പുവിന്റെ അച്ഛൻ സ്‌കൂളിലേക്ക്...

"ടീച്ചർ ന്നെ കാണണം ന്ന പറഞ്ഞോ..."

"ഉവ്വ്...ഒരു ലൗ ലറ്ററിന്റെ കാര്യം പറയാനാ.."

സൂപ്പുവിന്റെ അച്ഛൻ ടീച്ചറുടെ അടുത്തേക്ക് ചാഞ്ഞു..

"ഇതൊക്കെ കുട്ടികളോട് പറയാൻ പാടുണ്ടോ...എനിക്ക് അന്നേ ഒരു നോട്ടമുണ്ടായിരുന്നു...ലറ്ററൊന്നും വേണ്ടാ വീട്ടിൽ അറിഞ്ഞാൽ....
എനിവേ...എനിക്കിഷ്ടമാണ്.."

സൂപ്പുവിന്റെ അച്ഛൻ സിനിമാ നായകൻറെ സ്റ്റൈലിൽ തിരിഞ്ഞ് നടന്നു... ടീച്ചർ കണ്ണിനിമ വെട്ടാതെ സൂപ്പുവിന്റെ അച്ഛനെ നോക്കിയിരുന്നു..

ഇതൊന്നും അറിയാതെ സൂപ്പുവും ലവളും അവരുടെ കൂട്ടുകാരൊത്ത് കളിച്ച് രസിച്ചു...

Sunday, November 19, 2017

സദാചാരക്കാർ

ഒരു പണിയുമില്ലാതെ റോഡരികിലെ ചെറുമതിലിൽ കൊച്ചിക്കാരെ ഭാഷയിൽ കളക്ഷനെടുക്കാൻ ഇരിക്കുന്ന , പച്ചമലയാളത്തിൽ വായ്‌നോക്കാനിരിക്കുന്ന നാല് ഫ്രീക്കാൻസ് പതിവ് പോലെ ഒരു നാല് മണി നേരത്ത് ....
ഈ സമയത്ത്  നല്ല മൊഞ്ചുള്ള തലയിൽ തട്ടമിട്ട ഒരു താത്തകുട്ടി യുടെ എൻട്രി..ഒരു വളവും തിരിഞ് അവളുടെ എൻട്രിയിൽ ഫ്രീക്കൻസ് വീണു.. പക്ഷെ ഫ്രീക്കൻസിന്റെ കണ്ണ് തള്ളിക്കൊണ്ട് അവളുടെ തൊട്ട് പുറകെ ഒരു പയ്യന്റെ എന്ററിയും..നിറം കുറഞ്ഞ ആ പയ്യനെ കണ്ടതും അവരിലെ ആൺ വർഗ്ഗം ഉണർന്നു..

"എത്തവനാടാ അത്...നുമ്മ ഇവിടിരിക്കുമ്പോൾ ലവൻ കേറി പഞ്ചാരയടിക്കുന്നോ..."

"അവനെ കണ്ടിട്ട് മ്മളെ കൗമല്ലന്ന തോന്നുന്നു..."

"എന്നാ ഇത് ലതന്നെ..ഒളിച്ചോട്ടം.."

"ഹേ... അവനെ കണ്ടിട്ട് ഒരു സങ്കിയെ പോലുണ്ടല്ലേ.."

അവരിലെ സദാചാരം ഉണർന്നു..പള്ളിയിൽ നിന്ന് ബാങ്ക് വിളിക്കുമ്പോൾ സിനിമാ കഥയും പറഞ്ഞിരിക്കുന്ന ലവരുടെ മതബോധവും ഉണർന്നു..പിന്നെ ഒന്നും നോക്കിയില്ല ചാടിയിറങ്ങി..

"ആരാടി ഇവൻ.."

"അത് ചോദിക്കാൻ നീയാരാ.."

ലവളുടെ മറുചോദ്യം കേട്ട് കലിപൂണ്ടവൻ

"മ്മളെ സമുദായത്തിലെ നിന്നെപോലുള്ള കുട്ടികളെ വളച്ചു കൊണ്ടുപോകലാ ഇവന്മാരെ പണി.."

ഉടനെ ലവളുടെ കൂടെയുള്ള പയ്യൻ ഇടപെട്ടു..

"ഹാലോ മിഷ്ടർ..ഞാനാരാന്നറിയ്യോ.."

"നീ ഏത് സങ്കിയാണെലും ഞങ്ങക്ക് പുല്ലാ.."
ഇത് പറയലും അവർ ആ പയ്യനെ തല്ലി.. ആളുകൾ കൂടി..പ്രശ്നം വഷളായി..പോലീസ് വന്നു എല്ലാവരെയും കൊണ്ടുപോയി..

"സാറേ..ഞങ്ങളെ സമുദായത്തിൽ പെട്ട പെൺകുട്ടികളെ കറക്കി കൊണ്ട് പോകൽ ഇവരുടെ സ്ഥിരം ഏർപ്പാടാ.."

"സമുദായം പറയുന്ന നിങ്ങളിന്ന് സുബഹി നിസ്ക്കാരിച്ചോ.."

S i യുടെ ചോദ്യത്തിന് മുന്നിൽ നാലുപേരും തലകുനിച്ചു...

"ആ നിസ്‌ക്കാരിക്കാത്ത സമുദായ സ്നേഹികൾ ഒന്നങ്ങോട്ട് മാറി നിന്നേ.."

S i പെൺകുട്ടിയോട്..

"ഇവൻ നിന്റെ ആരാ..."

"എന്റെ ആങ്ങളയാ സാറേ..."

പെട്ടന്ന് ഒരുഷോക്കോടെ നാല്‌പേരും കണ്ണ് തള്ളി ലവളെ  നോക്കി...ങ്ങേ..!!!
അതേ സ്പോട്ടിൽ തന്നെ s i യുടെ കൈ ലവന്മാരെ മുഖത്ത് വീണു...പൊന്നീച്ചയെ അവർ അന്ന് ആദ്യമായി കണ്ടു..

പെൺകുട്ടിയും ആങ്ങളയും അത്യാവശ്യം സമ്പത്തുള്ള തറവാട്ട് കാരായത് കൊണ്ട് ലവന്മാരെ വിട്ടില്ല...കേസ് കൊടുത്തു..ലവന്മാരെ കോടതി കയാറ്റിയിറക്കി..അതും പതിനഞ്ച് തവണ....

സദാചാര പരിപാടിയും ചെറുമതിലിൽ ഇരുന്നുള്ള വായ്‌നോട്ടവും അവസാനിപ്പിച്ച് ഫ്രീക്കൻസ് നാടിന് മാതൃകയായി...

Friday, November 10, 2017

പോടൻ

അച്ഛനും അമ്മയും പേരിട്ടത്തിന്റെ പേരിൽ ഒരുപാട് സങ്കടം സഹിച്ച ആളായിരുന്നു പോടൻ..

സ്‌കൂൾ മുതൽ ഇന്ന് കൂലിപ്പണിക്ക് പോകും വരെ പോടനെ കൂട്ടുകാരും നാട്ടുകാരും പോടാ..പോടാ..എന്നാ വിളിച്ചിരുന്നത്...കേട്ട് കേട്ട് സഹികെട്ട് പോടൻ വാർഡ് മെമ്പർ സുഗുണനെ കണ്ട സങ്കടം പറഞ്ഞു.. സുഗുണന്റെ അപാര ബുദ്ധി വർക്ക് ചെയ്ത് ഒരു ഐഡിയ പുറത്തെടുത്തു..
"നമുക്ക് നാട്ടുകാരെ വിളിച്ച് കൂട്ടി അവർക്ക് എന്തെങ്കിലും മധുരം വിളമ്പി നിന്റെ പേര് മാറ്റി എന്ന ഞാൻ പ്രഖ്യാപിക്കാം.. ന്തേ.."

"ആ.. അത് കൊള്ളാം..ന്നാ അടിപൊളി പായസം വെക്കാം..ലേ.."

അങ്ങനെ പോടൻ നാട്ടുകാരെയും കൂട്ടുകാരെയും ക്ഷണിച്ച ദിവസം... പോടൻ ഏറെ സന്തോഷത്തിൽ വന്നവർക്കെല്ലാം പായസം വിളമ്പി... പായസം കുടിച്ചവർ ഓരോരുത്തർ മൂടും തട്ടി സ്ഥലം കാലിയാക്കി..പോടൻ സങ്കടപ്പെട്ടു.

"സുഗുണേട്ടാ.. ഇങ്ങള് പറ.."

സുഗണൻ പായസം കുടിച്ച് മത്തായി ഒരുഭാഗത്ത് ഇരുന്നു... നാട്ടുകാരെല്ലാം പിരിഞ്ഞു..

എന്തായാലും അടുത്ത ദിവസം മുതൽ പോടന്റെ പേര് മാറി...നാട്ടുകാരെല്ലാം പോടനെ പിന്നെ 'പായസ പോടാ  ന്ന വിളിച്ചു...

ശുഭദിനം..

Thursday, November 9, 2017

സൂപ്പു കഥകൾ

സ്കൂൾ യുവജനോത്സവം വന്നെത്തി.... കൂടെയുള്ള കേമന്മാരൊക്കെ ഓരോ പരിപാടികളെടുത്തപ്പോൾ അവരെ ഞെട്ടിച്ച് കൊണ്ട് സൂപ്പു പ്രസംഗ മത്സര ത്തിൽ പങ്കെടുത്തു..

"അച്ഛാ...നിക്ക് ഒരു പ്രസംഗം എഴുതി തരോ...സ്‌കൂളിൽ പ്രസംഗിക്കാനാ.."

"അയ്യോ ..എനിക്കറിയില്ല...നീ അച്ഛന്റെ ഫോണെടുത്ത് യൂട്യൂബിൽ നോക്ക്..അതിൽ മ്മടെ രാഷ്ട്രീയക്കാരെ പ്രസംഗമുണ്ടാകും.. അതാകുമ്പോൾ ഇന്ന് ചർച്ച ചെയ്യുന്ന വിഷങ്ങളാകും..നിനക്ക് സമ്മാനവും കിട്ടും.."

സൂപ്പു ആവേഷപരിതനായി...അച്ഛന്റെ ഫോണും വാങ്ങി റൂമിൽ ചെന്നിരിന്ന യൂട്യൂബ് തുറന്നു..ആദ്യം കണ്ട യുവ നേതാവിന്റെ പ്രസംഗം തന്നെ സൂപ്പുവിന് ബോധിച്ചു..അതിന്റെ മോഡൽ പടിച്ചെടുത്തു..

യുവജനോത്സവം നടന്ന ദിവസം... ഓരോ കുട്ടികളുടെ പരിപാടികൾ കണ്ട നെഞ്ചിടിപ്പ് കൂടി കണ്ണ് തള്ളി നിന്ന സൂപ്പുവിന്റെ നമ്പർ വന്നു..

ജഡ് ജെസ് പ്ലീസ് നോട്ട്..ജസ്റ് നമ്പർ പതിനേഴ് സൂപ്പു....

ചിലർ കൂവി.. ചിലർ കയ്യടിച്ചു..ടീച്ചേഴ്‌സ് കണ്ണും തള്ളി അമ്പരപ്പോടെ ഇരുന്നു...സൂപ്പു സകല ധൈര്യവും സംബരിച്ച് മൈക്കിന്റെ മുന്നിൽ നിന്നു.. പ്രസംഗം ആരംഭിച്ചു...സൂപ്പു ആവേഷപരിതനായി...

"ഇന്ന് നമ്മൾ ചർച്ച ചെയ്യേണ്ട ഒന്ന് രണ്ട കാര്യങ്ങൾ ഞാ സൂചിപ്പിക്കട്ടെ....
പാവപ്പെട്ട ഒരമ്മ ജിമിക്കി കമ്മൽ വാങ്ങിയിട്ട് അത് ദുഷ്ടനായ അച്ഛൻ കട്ടകൊണ്ട പോയിട്ട് ഏതെങ്കിലും മാധ്യമങ്ങൾ ചർച്ച ചെയ്‌തോ...എന്നിട്ട് ആ സങ്കടത്തിൽ അമ്മ അച്ഛന്റെ ബ്രാണ്ടി കുപ്പി കുടിച്ചതിൻറെ പേരിൽ അമ്മയെ പരിഹസിക്കുന്നത് സ്ത്രീ വിരുദ്ധമല്ലേ...
നാൽപ്പത്രണ്ട പേര് ചേർന്ന് കപ്പുലുണ്ടാക്കിയിട്ട ആ കപ്പൽ ഓടിക്കാൻ ഇഞ്ചനില്ല..ഒടുവിൽ പങ്കായം തുഴയേണ്ടി വന്നത് ചർച്ച ചെയ്യണം..."

അപ്പോഴേക്കും ആരോ കർട്ടനിട്ടു....

സമ്മാനം കിട്ടിയില്ലെങ്കിലും സൂപ്പുവിന്റെ പ്രസംഗം വൈറലായി...

Sunday, November 5, 2017

സൂപ്പു കഥകൾ

സൂപ്പുവിന്റെ കൈപിടിച്ച് സൂപ്പുവിന്റെ അച്ഛൻ സ്‌കൂളിലേക്ക് വലിഞ്ഞ് നടന്നു..അച്ഛന്റെ മുഖം ചുവന്നിരുന്നു...

എന്താ സംഭവം എന്നറിയണമെങ്കിൽ തലേദിവസം അൽഫോൺസ ടീച്ചറുടെ ജിയോഗ്രാഫി ക്ലാസ്സിൽ പോയി നോക്കണം...

ക്ലാസ് എടുക്കുന്നതിനിടെ അൽഫോൺസാ ടീച്ചർ തൻ്റെ മകളുടെ പഠിപ്പിനെ പറ്റി വാചാലമായി..ഇത് കേട്ട് സഹികെട്ട് സൂപ്പു ടീച്ചറോട്..

"മോള് കാണാനെങ്ങനെ..."

ചോദ്യം ടീച്ചർക്ക് രസിച്ചില്ല..

"ഉം, ന്തേ..നിനക്ക് കെട്ടാൻ പ്ലാനുണ്ടോ.."

സൂപ്പു വിട്ടില്ല..

"ടീച്ചർ നിർബന്ധിച്ചാൽ.. ഞാൻ കെട്ടാം.."

ഇത് കേട്ട് കുട്ടികൾ ചിരിച്ചു..ടീച്ചർക്ക് അരിശം വന്നു..

"പൊക്കോ ന്റെ ക്ളാസിന്ന്...നാളെ അച്ഛനെ വിളിച്ചാണ്ട് വന്നാ ക്ലാസിൽ കേറാ.."

അന്ന് രാത്രി സൂപ്പുവിന്റെ വീട്ടിൽ നടന്നത്..

"അച്ഛാ ഞാനിനി ആ സ്‌കൂളിൽ പോണില്ല.."

"ഏ.. എന്തേ..."

"അവിടെ പഠിച്ചാൽ ഞാൻ പിന്നെ ചീത്തയാകും..ഒരു ടീച്ചർ ഇന്ന് എന്നോട് അവരുടെ മോളെ കെട്ടോന്ന ചോദിച്ചു..ഞാൻ പറഞ്ഞു അച്ഛനോട് ചോദിക്കണമെന്ന..എന്നാ നാളെ അച്ഛനേം വിളിച്ച് ചെല്ലാൻ പറഞ്ഞു ."

സൂപ്പുവിന്റെ വാക്ക് കേട്ടുള്ള അച്ഛന്റെ പടപ്പുറപ്പാടായിരുന്നു ഇന്ന് കണ്ടത്..
സൂപ്പുവിന്റെ കയ്യും പിടിച്ച് അച്ഛൻ സ്റ്റാഫ്‌റൂമിലേക്ക് കയറി അലറി..

"ആരാ അൽഫോൺസാ ടീച്ചർ.."

"ഞാനാണ്.."

"ഇങ്ങക്കിവിടെ വാദ്യാര് പണിയാണോ ബ്രോക്കർ പണിയാണോ.."

"സൂപ്പു പറഞ്ഞത് എന്താന്നറിയ്യോ.."

"അവൻ ഒന്നും പറയില്ല..ഓൻ ൻറെ മോനാ..അത്കൊണ്ട് ഞാൻ പറയുന്നു ഇങ്ങളെ മോളെ കെട്ടാൻ ൻറെ മോൻക്ക് സമ്മതല്ല...കുറച്ച് കൂടി അന്തസ്സുള്ള ബന്ധം കിട്ടോന്ന ഞാനൊന്ന് നോക്കട്ടെ...ആ ഹാ.."

ഇതും പറഞ്ഞ് സിനിമാ സ്റ്റൈലിൽ സൂപ്പുവിന്റെ അച്ഛൻ നടന്നു..സൂപ്പുവിന്റെ പൊടിപോലും കണ്ടില്ല..എല്ലാം കേട്ട് നിന്ന ടീച്ചർ കുന്തം വിഴുങ്ങിയപോലെ നിന്നു..