Translate

Monday, December 17, 2018

സ്നേഹമുള്ള പ്രവാസി

ജോലി കഴിഞ്ഞ് എല്ലാവരും പോയിട്ടും സലിം പിന്നെയും കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്ത് കൊണ്ടിരിന്നു ....
ദുബായിലെ ഒരു കമ്പിനിയിലാണ് സലിം ജോലി ചെയ്യുന്നത് ..എല്ലാവരും പോയിട്ടും ജോലി ചെയ്യാൻ സലീമിനെ പ്രേരിപ്പിച്ചത് കമ്പിനിയുടെ ഇപ്പഴത്തെ അവസ്ഥ തന്നെയാണ് ..പലരെയും കമ്പിനിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനമുണ്ടെന്ന് സലിം അറിഞ്ഞിരുന്നു .. അതിൽ താൻ പെട്ടുപോകരുതെന്നുള്ള പ്രാർത്ഥന മാത്രമായിരുന്നു സലീമിന്റെയുള്ളിൽ ..നാട്ടിൽ ഒരു വീടുണ്ടാക്കാനുള്ള തറക്ക് കല്ലിട്ട് വെച്ചിട്ടുണ്ട് ...എങ്ങനെയെങ്കിലും ആ വീട് പണി പൂർത്തിയാക്കണം ...എന്ത് വന്നാലും ഈ ജോലി നഷ്ടപ്പെടരുതെന്ന് അവൻ ആഗ്രഹിച്ചിരുന്നു ...
" സലീംക്ക ഇങ്ങള് പോണില്ലേ ..."
അടുത്തിടെ ജോലിക്ക് കയറിയ ഓഫീസ് ബോയ് സുബൈർ സലീമിന്റെ അടുത്ത് ചെന്ന് നിന്നു ...
" ചെറിയൊരു പണിയും കൂടി ബാക്കിയുണ്ട് ..നിനക്ക് പോകാനായിലേ ... ഞാനിപ്പോ തീർക്കാം ..ഇപ്പഴത്തെ അവസ്ഥയിൽ കമ്പിനിക്ക് വേണ്ടി മെനക്കെട്ടില്ലെങ്കിൽ ശെരിയാവില്ല ..."
സുബൈർ അൽപം മാറി ഒരു കസേരയിൽ ഇരുന്നു ..
" നീ പേടിക്കണ്ട ഇപ്പൊ തീർക്കാം .. നീ മെട്രോക്കല്ലേ പോകാറ് ...ഇന്ന് ഞാൻ ഡ്രോപ്പ് ചെയ്യാം ..."
സുബൈർ ഒന്ന് പുഞ്ചിരിച്ചു ..
അധികം വൈകാതെ സലിം ജോലി ചെയ്ത് തീർത്ത് ഓഫീസിൽ നിന്ന് ഇറങ്ങി ..
സുബൈറിനെ അവന്റെ താമസസ്ഥലത്ത് വിട്ട് സലിം തന്റെ റൂമിലേക്ക് തിരിച്ചു ..
റൂമിൽ എത്തിയുടനെ ക്ഷീണം കൊണ്ട് സലിം ബെഡിലേക്ക് ചാഞ്ഞു ... കണ്ണുകളിൽ ഉറക്കം ചേക്കേറി തുടങ്ങുമ്പോഴേക്കും മൊബൈൽ ശബ്ദിച്ചു ..
നാട്ടിൽ നിന്ന് സലീമിന്റെ ഭാര്യ സാബിത ആയിരുന്നു ...

" ഹാലോ , എന്താ മോളെ വിശേഷം .."
കണ്ണുകളിൽ പടർന്നുകയറിയ ഉറക്കത്തെ വലിച്ച് താഴെയിട്ട് ക്ഷീണം ഇല്ലാതെ സന്തോഷത്തോടെ സലിം സംസാരിച്ച് തുടങ്ങി ... എന്ത് സങ്കടമായാലും ക്ഷീണമായാലും അതൊന്നും തന്റെ ഭാര്യയെ അറിയിക്കാതെ പെരുമാറുന്ന ഒട്ടുമിക്ക പ്രവാസികളെ പോലെ തന്നെയാണ് സലീമും ...
അത് പോലെത്തന്നെ ഒട്ടുമിക്ക പ്രവാസികളുടെ ഭാര്യമാരെ പോലെ തന്നെയാണ് സലീമിന്റെ ഭാര്യയും ...
അവർ പതിവ് സംസാരങ്ങളിൽ തന്നെ തുടങ്ങിയെങ്കിലും പതിയെ അവൾ കുറച്ച് കാലമായി ആവിശ്യപ്പെട്ടിരുന്ന അവളുടെ വലിയൊരു ആഗ്രഹം സംസാരത്തിലേക്ക് കൊണ്ട് വന്നു ....
 " ഇക്ക , ഇന്നലെ ന്റെ വീട്ടിൽ പോയപ്പോൾ ന്റെ ഉമ്മ പിന്നേം ന്നോട് ചോദിച്ചു .. നീയെന്നാ ഗൾഫിൽ പോകുന്നത് എന്ന് ... എല്ലാവരും ഇത് തന്നെ ചോദിക്കുന്നത് ..." 
" നിന്നെ കൊണ്ടുവരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല പൊന്നേ ... ഒരുപാട് കാശ് ചിലവുണ്ട് ...എങ്ങനെയെങ്കിലും കുറച്ച് കാശ് എടുത്ത് വെച്ച് നമ്മുടെ വീട് പണി തുടങ്ങണമെന്ന് വല്യ ആഗ്രഹമുണ്ട് ...."
" ഇക്ക ഇങ്ങനെ ഓരോന് പറഞ്ഞ് കയ്യൊഴിയും ... എനിക്കറിയാ ...എന്നോട് ഒരു സ്നേഹവുല്ല ..."
" നീ സ്നേഹല്ലാന്ന് മാത്രം പറയല്ലേ സാബി ..."
" എനിക്ക് മാത്രം യോഗല്ലാ ...ന്റെ കുടുംബത്തിലും ഇക്കാടെ കുടുംബത്തിലും എല്ലാരും ഗൾഫിൽ പോയി ഞാൻ മാത്രാണ് ...ഇങ്ങനെ ...ന്റെ വിധി "
അവൾ സങ്കടവും ദേഷ്യവും പ്രകടിപ്പിച്ച് ഫോൺ വെച്ചു ...
സലീമിന് ശെരിക്കും സങ്കടമായി ...
കുറച്ചായി ഇത് പതിവാണ് ... സലിം എല്ലാ വിഷമങ്ങളും മറച്ചുവെച്ച് ഒന്ന് സ്നേഹത്തോടെ സംസാരിച്ച് തുടങ്ങുമ്പോഴായിരിക്കും സാബിത തന്റെ വലിയ ആഗ്രഹം പറയുക ... പിന്നെ അത് അവളുടെ പരിഭവത്തിൽ അവസാനിക്കും ...
അവൾ പറയുന്നതിലും കാര്യമുണ്ട് ..അവൾക്ക് ചുറ്റുമുള്ളവരെല്ലാം ഗൾഫിൽ പോയവരാണ് ... കൂട്ടുകാരികളെല്ലാം തങ്ങളുടെ ഭർത്താക്കന്മാരൊത്ത് ഗൾഫിൽ പോയതിന്റെ ഫോട്ടോ വാട്സാപ്പ് ഗ്രൂപ്പിൽ  ഇടുമ്പോൾ അവളുടെ മനസ്സിലെ ആഗ്രഹം സങ്കടമായി മാറും ... ആ സങ്കടമെല്ലാം സലിം വിളിക്കുമ്പോൾ അവൾ പറഞ്ഞ് തീർക്കും ... 
ദുബായിലെ മാളുകളിലും ബീച്ചുകളിലും മറ്റും കൂട്ടുകാരുമൊത്ത് നടക്കുമ്പോൾ സലിം തന്റെ ഭാര്യയെയും മകനെയും ഓർക്കും ...അവളുടെ കൈപിടിച്ച് തമാശകളൊക്കെ പറഞ്ഞ് നടക്കുന്നതായി അവൻ മനസ്സിൽ കാണും ... 
അവളെ തന്റെ അടുത്ത് കൊണ്ടുവന്നാൽ ...ഈ നയനമനോഹര കാഴ്ചകൾ കാണിച്ചാൽ അവൾക്ക് ഒരുപാട് സന്തോഷമാകുമെന്ന് സലീമിനറിയാം ...പക്ഷെ അതിനുള്ള ചിലവും കാര്യങ്ങളും ഓർക്കുമ്പോൾ സലിം ഒരു പ്രവാസി എന്ന നിലക്ക് പല സ്വപ്നങ്ങളും കുഴിച്ചുമൂടിയത് പോലെ ഇതും മനപ്പൂർവ്വം മറന്ന് കളയും .. അല്ലാതെ അവളോട് സ്നേഹമില്ലാഞ്ഞിട്ടല്ല ....
ഒരിക്കൽ അവളോട് സംസാരിക്കുമ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടാണ് കൊണ്ടുവരാൻ കഴിയാത്തത് എന്ന് പറഞ്ഞപ്പോൾ അവൾ രണ്ടാമതൊന്ന് ചിന്തിക്കാതെ തന്റെ കയ്യിലുള്ള സ്വർണ്ണം വിറ്റൂടെ എന്ന് പറയാൻ അവൾക്ക് ഒരു മടിയും ഉണ്ടായില്ല .. അവളുടെ സ്വർണ്ണം അവൾക്ക് പ്രിയപ്പെട്ടതാണ് ... അത് സലിമിനറിയാം .. മുൻപ് എന്തോ ആവിശ്യത്തിന് ഒരു വള വിൽക്കാൻ ചോദിച്ചപ്പോൾ അവൾ പൊട്ടിത്തെറിച്ചത് സലിം ഓർത്ത് പോയി .. 
അവളുട മനസ്സിലെ മോഹം അത്രക്കുള്ളത് കൊണ്ട് തന്നെയാണ് ഒരു മടിയുമില്ലാതെ സ്വർണ്ണം വിൽക്കാൻ പറയാൻ അവളെ പ്രേരിപ്പിച്ചത് എന്ന് സലീമിന് നല്ല ബോധ്യമുണ്ട് ..
പലരാത്രികളും സലിം ചിന്തയിലായിരിക്കും .. 
തന്റെ പ്രിയപെട്ടവളുടെ ആഗ്രഹം ഒരു വശത്ത് ..വീടെന്ന തന്റെ സ്വപ്നം മറുവശത്ത് ... ജോലി നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം ഇവരണ്ടിനുമിടയിൽ .....
സലിം തന്റെ വിഷമങ്ങൾ കൂട്ടുകാരുമായി പങ്ക് വെക്കും. ... അവരിൽ പലരും കുടുംബമായി കഴിയുന്നവരാണ് ... 
പലരും പല അഭിപ്രായക്കാരാണ് ...
" ഫാമിലിയെ കൊണ്ടുവരുന്നത് വലിയ ചിലവാണ് ..."
"നിനക്ക് കഴിയുമെങ്കിൽ കൂട്ടിയാൽ മതി .. ചുമ്മാ മറ്റുള്ളവരെ കണ്ട് കാട്ടിയാൽ പണികിട്ടും .."
" ഏയ് അങ്ങനെയൊന്നുമില്ലടാ ... കുറച്ചെന്തെങ്കിലും കയ്യിലുണ്ടായാൽ മതി ...നമ്മൾ പ്രവാസികൾ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാ ...അപ്പോപ്പിന്നെ അവരുടെ ആഗ്രഹവും സന്തോഷങ്ങളും തന്നെയാണ് നമുക്ക് വലുത് ..."
" അതും ശെരിയാ ... നിനക്കിപ്പോൾ ഒരു ജോലിയുണ്ട് ... ആ ജോലി നഷ്ടപ്പെട്ടാൽ പിന്നെ ഒന്നും നടക്കില്ല ..."
" നീ വെറുതെ ചുമ്മായിരിന്നോ ... പെണ്ണുങ്ങൾ അങ്ങനെ പലതും പറയും ... അവർക്കറിയില്ല നമ്മുടെ സങ്കടം ...അങ്ങനെയിപ്പോ നമ്മുടെ സങ്കടം മറച്ച് അവരെ സന്തോഷിപ്പിക്കേണ്ട കാര്യമൊന്നുമില്ല ..."
ഓരോരുത്തരും ഓരോ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ സലിം എന്ത് തീരുമാനമെടുക്കണമെന്നറിയാതെ വലഞ്ഞു ...
ഒടുവിൽ അവളുടെ സന്തോഷമാണ് വലുതെന്ന് മനസ്സിലുറപ്പിച്ച് ആ സന്തോഷ വാർത്ത അവളെ അറിയിച്ചു ..
" കുറച്ച് കാശിന്റെ പ്രശ്നങ്ങളൊക്കെ ഉണ്ട് ...എന്നാലും സാരല്ല ..എന്റെ പൊന്നിന്റെ ആഗ്രഹമല്ലേ ...ഒരു മൂന്ന് മാസത്തെ വിസിറ്റിങ്ങിനു നിന്നെ ഞാൻ ഇങ്ങോട്ട് കൂട്ടാം ..."
ആ വാക്കുകൾ അവൾക്ക് സമ്മാനിച്ചത് അതിരില്ലാത്ത സന്തോഷമായിരുന്നു ...അവൾ എല്ലാവരോടും ആ സന്തോഷവാർത്ത പങ്കുവെച്ചു ..

അങ്ങനെ ദിവസങ്ങൾക്ക് ശേഷം തന്റെ സ്വപ്ന ചിറകിലേറി സബിത വരാനുള്ള ദിവസമായി ...
നാട്ടിൽ പോകുമ്പോൾ തന്നെ വരവേൽക്കാൻ അവൾ ഒരുക്കുന്നത് പോലെ അവൾക്ക് വേണ്ടി സലീമും എല്ലാം ഒരുക്കിവെച്ചു .. 
പ്രതീക്ഷച്ചതിലും കൂടുതൽ റെന്റ് കൊടുത്താണ് സലിം അവൾക്കുള്ള താമസം ഒരുക്കിയത് ... 
അവൾക്കിഷ്ടപ്പെട്ട സാധനങ്ങളെല്ലാം വാങ്ങി വെച്ചു ...അവൾക്ക് സന്തോഷം നൽകുന്നതെല്ലാം ആ ഒരു മുറിയിൽ ഒരുക്കി ... എന്തൊക്ക ചെയ്തിട്ടും സലീമിന് പോരാ എന്നൊരു തോന്നൽ ... അവളോട് വല്ലാത്തോരു ബഹുമാനവും സ്നേഹവുമെല്ലാം അവന് തോന്നി ..
എല്ലാം ഒരുക്കുമ്പോഴേക്കും കയ്യിൽ കണക്ക്കൂട്ടിവെച്ച കാശ് തീർന്നു ..പിന്നെ ഒരു സുഹൃത്തിന്റെന്ന് കടം വാങ്ങേണ്ടി വന്നു ....
സലീമിന് ചെറിയൊരു ഭയം ഉള്ളിൽ മിന്നി ... അവൾ വരുമ്പോഴേക്കും കടം വാങ്ങേണ്ടി വന്നാൽ ഇനി മൂന്ന് മാസം ആകെ കടത്തിലാവുമെന്ന ഒരു ഉൾഭയം ....
അവൾ വരുന്ന ദിവസം സലിം ലീവെടുത്തു ..പതിവിലും ഉന്മേഷവാനായി അവൻ ഉണർന്നു ..വീണ്ടുമൊരു വിവാഹദിനം ആയത് പോലെയാണ് സലീമിന് തോന്നിയത് ...
അവളെയും കാത്ത് ഏർപ്പോട്ടിൽ നിൽക്കുമ്പോൾ സലിം മനസ്സിലാക്കി താൻ നാട്ടിൽ പോകുമ്പോൾ അവൾ ഏർപ്പോട്ടിൽ എത്രത്തോളം ആഹ്ലാദത്തിലായിരിക്കുമെന്ന് .... ഓരോരുത്തർ കടന്ന് വരുമ്പോഴും അവൻ അവളുടെ മുഖം തിരയുകയായിരുന്നു ...
ഒടുവിൽ ഒരു സ്വപ്നരാജ്യം പിടിച്ചടുക്കാൻ വന്ന രാജ്ഞിയെ പോലെ അവൾ വന്നു ....
സലിം തന്റെ പ്രവാസ ലോകത്തേക്ക് അവളെ ആനയിച്ചു ... 
ദിവസങ്ങൾ മൂന്നും നാലും കടന്നു പോയി ...
" അല്ല , ന്നെ ഈ റൂമിൽ തന്നെ ഇരുത്താനാ കൊണ്ടുവന്നത് ... നമുക്ക് പുറത്തൊക്കെ പോണ്ടേ ..." 
സലിം ഒന്ന് പുഞ്ചിരിച്ചു ...
" ഇയ്യാദ്യോന്ന് റസ്റ്റ് ചെയ്യ് നമുക്ക് പോകാം സമയണ്ടല്ലോ .."
" ഇക്ക എന്നും കാലത്ത് എണീറ്റു പോകും പിന്നെ രാത്രിയാണ് വരുന്നത് ...പിന്നെ എങ്ങനെ പോവാനാ .."
" ഞാൻ നാട്ടിൽ വരുന്ന പോലെയല്ല ...അവിടെ നിന്റെ കൂടെ വീട്ടിലിരിക്കാനും പുറത്ത് പോവാനും എനിക്ക് സമയമുണ്ട് ... ഇവിടെ എനിക്ക് ജോലിയുണ്ട് .. ആഴ്ചയിലൊരിക്കൽ ലീവുള്ളപ്പോൾ ഒന്ന് പുറത്ത് പോകാം അങ്ങനെയൊക്കെ നടക്കൂ ..."
ഇതും പറഞ്ഞ് സലിം ജോലിക്ക് പോകാനായി ഇറങ്ങി ...
ലീവ് മാത്രം പോരാ കാശും കൂടി വേണം മോളെ എന്നും മനസ്സിൽ പാഞ്ഞു ....
പറ്റുന്ന ദിവസങ്ങളിൽ സലിം സാബിതയെ പുറത്ത് കൊണ്ടുപോകും ..പലപ്പോഴും കയ്യിൽ കാശില്ലാതാകുമ്പോൾ ഏതെങ്കിലും കൂട്ടുകാരനോട് കടം വാങ്ങും ....അങ്ങനെ കടം വാങ്ങി പലർക്കും ഒരു തുക കൊടുക്കാനുണ്ട് ..
എങ്ങനെയായാലും സാബിതയെ സന്തോഷിപ്പിക്കണം ...അവളുടെ വിസിറ്റിംഗ് കാലാവധി തീരും വരെ തന്നെകൊണ്ടാകും വിധം സന്തോഷം കൊടുക്കാൻ സലിം പല വഴികളും നോക്കി ..
സാബിതയുടെ വിസിറ്റിംഗ് ഒരു മാസവും ഇരുപത് ദിവസവും പിന്നിട്ടു ... ഇനി ഒരു മാസം കൂടിയുള്ളൂ എന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് സലിമിനെ തകർത്തെറിഞ്ഞ് കൊണ്ട് ഓഫീസിൽ നിന്ന് ആ വാർത്ത വന്നത് ...ആറുപേരെ കമ്പിനി ജോലിയിൽ നിന്ന് പിരിച്ചു വിട്ടു ...അതിൽ ഒരാൾ സലീമും ..!!
സലിം ആകെ തകർന്ന് പോയി ...അവന്റെ കണ്ണുകൾ ചാലിട്ടൊഴുകി ... കാറിനകത്തിരുന്ന്  അവൻ ഉറക്കെ പൊട്ടിക്കരഞ്ഞു ...
താൻ തനിച്ചായിരുന്നെങ്കിൽ ഏതെങ്കിലും കൂട്ടുകാരന്റെ റൂമിൽ താമസിക്കാം ഇതിപ്പോ അവളെയും കൊണ്ട് ഞാനെന്ത് ചെയ്യും ... സലിം കരച്ചിലിനിടെ ഓരോന്ന് പറയുന്നുണ്ടായിരുന്നു ..
പെട്ടന്ന് അവൻ കരച്ചിൽ നിർത്തി ...' ഇല്ല എന്ത് വന്നാലും അവളെ ഞാൻ ഒന്നും അറിയിക്കില്ല ...അവൾ സന്തോഷത്തോടെ കാഴ്ചകൾ കണ്ട് ആസ്വദിക്കട്ടെ ....ദുബായുടെ വർണ്ണ മനോഹാര്യത കണ്ട് ആസ്വദിക്കുന്നവർ വിശ്വസിക്കില്ല ഈ വർണ്ണങ്ങൾക്കപ്പുറത്ത് കണ്ണുനീർ ഒഴുക്കുന്ന ഒരുപാട് പേരുണ്ടെന്ന് ...
ജോലി നഷ്ടപ്പെട്ടത് ആരോടും പറഞ്ഞില്ല .. താമസിക്കുന്ന സ്ഥലത്തെത്തി കാർ പാർക്ക് ചെയ്ത് കണ്ണാടിയിൽ നോക്കി മുഖമെല്ലാം തുടച്ച് കാറിൽ നിന്ന് പുറത്തിറങ്ങി ...
അടുത്തുള്ള ഗ്രോസറിയിൽ കയറി ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി ... 
" കാശ് താരാട്ടാ ... "
" ഓ കുഴപ്പല്ല ... പറ്റ് കുറച്ചായിട്ട് ണ്ട് ..ഈ മാസം തീർത്താൽ മതി .." 
സലിം ഒന്ന് മൂളിക്കൊണ്ട് പുറത്ത് കടന്ന് സിഗരറ്റിന് തീ കൊളുത്തി ...
മനസ്സിലെ തീയിനെ പുകകൊണ്ട് മറക്കാൻ ശ്രമിച്ചിട്ട് കാര്യമില്ലെന്ന് അവനറിയാം ...
മുഖത്ത് എങ്ങിനെയൊക്കെയോ ഒരു പുഞ്ചിരി വരുത്തിവെച്ച് അവൻ റൂമിലേക്ക് പോയി ...
" എന്തുപറ്റി ഇന്ന് നേരത്തെയാണല്ലോ .."
" ഇന്ന് ജോലി പെട്ടന്ന് തീർന്നു ..." 
" ആണോ .. എന്നാ ഇന്ന് പുറത്ത് പോവാലേ .." 
അവൻ എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞ് മാറാൻ കരുതിയെങ്കിലും അവളുടെ സന്തോഷം കണ്ടപ്പോൾ അത് തകർക്കാൻ അവന് മനസ്സ് വന്നില്ല ... 
" നീ എന്നാ റെഡിയാവ് നമുക്ക് ബീച്ചിൽ പോകാം .."
അവളെ അറിയിക്കാതെ അവളുടെ സന്തോഷം കെടുത്താതെ അവൻ ദിവസങ്ങൾ തള്ളി നീക്കി ..
ജോലി പോയ വിവരം അവൾ ഒരിക്കലും അറിയരുതെന്ന് അവനുണ്ടായിരുന്നു .. 
കാലത്ത് പതിവ് പോലെ അവൻ ജോലിക്ക് പോകുംപോലെ റൂമിൽ നിന്ന് ഇറങ്ങും ..എന്നിട്ട് പള്ളിയിലും മറ്റും ചെന്നിരുന്ന് സമയം തീർക്കും .. എന്തെങ്കിലും ചെറുതായി കഴിച്ച് വിശപ്പ് തീർക്കും .. ചിലപ്പോഴൊക്കെ ഒന്നും കഴിക്കാതെ അവൾക്കും മോൻക്കും എന്തെങ്കിലും വാങ്ങിക്കൊടുക്കും ...
സാധാരണ ജോലിക്ക് പോയി വരാറുള്ള സമയം നോക്കി അവൻ തിരിച്ച് റൂമിൽ പോകും ...
ദിവസങ്ങൾ ഇങ്ങനെ തള്ളി നീക്കി ... അതിനിടയിൽ പലരോടും കടം വാങ്ങി റൂമിന്റെ റെന്റ് കൊടുത്തു ... 
കയ്യിൽ കാശില്ലാത്തതിന്റെയോ ജോലി നഷ്ടപ്പെട്ടതിന്റെയോ ഒരു സങ്കടവും സലിം അവളെ അറിയിച്ചില്ല ...
നാട്ടിലേക്ക് തിരിക്കാൻ സമയമായി തുടങ്ങി .. താനും കൂടെ നാട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞപ്പോൾ അവളുടെ സന്തോഷം ഇരട്ടിച്ചു .. 
സലീമിന്റെ അവസ്ഥ അറിയാതെ അവൾ നാട്ടിലേക്കുള്ള പല സാധനങ്ങളും വാങ്ങിക്കൂട്ടി .. കൂട്ടത്തിൽ അവൾക്കൊരു സ്വർണ്ണ വളയും ....
സലിം പലരോടും പല അവധികളും പറഞ്ഞ് വീണ്ടും കടം വാങ്ങി ...
ആരും ജോലി നഷ്ടപ്പെട്ടത് അറിഞ്ഞില്ല ...അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ പലരും കടം കൊടുക്കാൻ മടിക്കുമായിരുന്നു ...
സലീമിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തുണ്ട് ..നിസാം . അവനോട് മാത്രം സലിം എല്ലാ സങ്കടങ്ങളും പങ്കുവെക്കും ..
നാട്ടിലേക്ക് തിരിക്കുന്ന ദിവസം കാലത്ത് നേരെത്തെ എണീറ്റ് സലീമും സാബിതയും കൂടി പെട്ടികളെല്ലാം കെട്ടി ...
ഉച്ചയോടെ റൂമിൽ നിന്ന് ഇറങ്ങണം ..അതിന്റെ തിക്കും തിരക്കിലാണ് അവർ ... സാബിതയുടെ മുഖത്ത് ദുബായ് വിട്ട് പോകുന്നതിന്റ ഒരു വാട്ടമുണ്ട് ..പിന്നെ സലിം കൂടെ പോരുന്നുണ്ടല്ലോ എന്നോർത്ത് സന്തോഷിക്കും ..
എന്നാൽ നാട്ടിൽ പോകുന്നതിന്റെ ഒരു സന്തോഷവും സലീമിന്റെ മനസ്സിലില്ല ...എന്നാൽ മുഖത്ത് അതൊന്നും കാണിച്ചില്ല ...
സാബിത പോകാനായി ഒരുങ്ങി തുടങ്ങി ..
" ആ നീ ഡ്രസ്സ് മാറിയാ ...ന്നാ ഞാൻ പോയി കുളിക്കട്ടെ ..."
സലിം കുളിക്കാനായി ബാത്റൂമിൽ കയറി ...
സാബിത തലമുടി ചീകുന്നതിനിടെ സലീമിന്റെ ഫോൺ റിങ് ചെയ്യുന്നത് കണ്ടു ... ഫോൺ സൈലന്റായിരുന്നു ... സലിം ഫോൺ അങ്ങനെ സൈലന്റ് മൂഡിൽ വെക്കാറില്ല .. പെട്ടന്ന് സാബിതക്ക് എന്തോ ഡൗട്ട് കുടുങ്ങി ... അവൾ ഫോൺ നോക്കിയപ്പോൾ ഒരു പാട് മിസ്സ് കോൾ ഒരേ നമ്പറിൽ നിന്ന് തന്നെ ...
വീണ്ടും കോൾ വന്നു .. അവൾ ഫോണെടുത്തു ..
" എത്ര നേരായാടാ നിന്നെ വിളിക്കുന്നു ... നീയെന്താ ഫോണെടുക്കാത്തത് ...നീ എന്നെ പറ്റിച്ച് പോകാന്നു കരുതണ്ടാട്രാ ..."
സബിതാക്ക് ഒന്നും മനസ്സിലായില്ല ..
" ഹാലോ ..."
" ഹാലോ ഇതാരാ ... സലീമല്ലേ ..."
" അല്ല , സലിംക്കാടെ ഭാര്യയാണ് ..."
" ആണോ എന്നാ അവനോട് പറഞ്ഞേക്ക് എനിക്ക് തരാനുള്ള കാശ് തരാതെ ഞാൻ വിടില്ലന്ന് ... "
" ഇക്ക അങ്ങനെ കാശ് വാങ്ങിയിട്ടുണ്ടെങ്കിൽ തരും .."
" എങ്ങനെ എപ്പോ തരുമെന്നാ ..അവന്റെ ജോലി പോയി നാട്ടിലേക്ക് പോവല്ലേ .. ഇനി എന്ന് ഇങ്ങോട്ട് തിരിച്ച് വരുമെന്നാ ...."
 അത് കേട്ടതോടെ സാബിതയുടെ ചങ്കിടറി ..അവളുടെ കൈകൾ വിറച്ചു ...
" ജോലി ...ജോലി പോയെന്നോ ...?"
" അത് ശരി അപ്പൊ അവനൊന്നും പറഞ്ഞില്ലേ ...ഒരു മാസം കഴിഞ്ഞല്ലോ ജോലി പോയിട്ട് ..."
അതും കൂടി കേട്ടപ്പോൾ അവളാകെ തകർന്നു .. അവൾ ഫോൺ കട്ട് ചെയ്ത് കട്ടിലിൽ ഇരുന്ന് കരഞ്ഞു ..
സലിം കുളികഴിഞ്ഞ് ബാത്ത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദംകേട്ടപ്പോൾ അവൾ വേഗം മുഖം തുടച്ച് ഒന്നും അറിയാത്ത പോലെ ഇരിന്നു ...
" നിന്റെ മുഖമെന്താ വാടിയിരിക്കുന്നത് ...ദുബായ് വിടുന്നതിന്റെ സങ്കടമാകും ലേ  .. സാരമില്ലടോ ... നമുക്കും ഇനിയും വരാലോ ..."
സലിം ഡ്രസ്സ് മാറി . അപ്പോഴേക്കും സലീമിന്റെ ഫ്രണ്ട് നിസ്സാം വന്നു ..
നിസാം പെട്ടിയെല്ലാം വണ്ടിയിൽ കയറ്റി .. 
" സാബിതക്ക് പോകാനൊരു മൂടില്ലന്ന് തോന്നുന്നു .." 
നിസാം ചിരിച്ച് കൊണ്ട് പറഞ്ഞു ... 
" അവളുടെ വല്യ ആഗ്രഹം തീരുന്നതിന്റെ സങ്കടമാണ് ..."
സലിം അത് പറഞ്ഞപ്പോൾ സാബിത പൊട്ടിക്കരഞ്ഞു ..
സലിം അവളെ സമാധാനിപ്പിക്കാൻ അവളുടെത്തിരുന്നു തോളിൽ കൈവെച്ചു ..
" നീ എന്തിനാ കരയുന്നെ .."
സാബിത കണ്ണുകൾ തുടച്ചു ...
" ഇക്ക പറഞ്ഞത് നേരാ ... ന്റെ വലിയ ആഗ്രഹമായിരുന്നു ... പക്ഷെ എനിക്കതിലും വലുതാണ് ന്റെ ഇക്ക ... ഇക്കാടെ സന്തോഷത്തിനേക്കാൾ വലുതല്ല ഇക്ക് ഈ ദുബായ് ...ഇക്കാടെ ജോലി പോയിട്ട് ന്നോടൊരു വാക്ക് പറഞ്ഞില്ലല്ലോ ..."
സലിം അത് കേട്ട് ഞെട്ടി ...! അവന്റെ കണ്ണുകൾ നിറഞ്ഞു ... 
" ഞാൻ .. നിന്റെ ... " 
" വേണ്ട ഒന്നും പറയണ്ട ... കഴിഞ്ഞ ഒന്നര മാസമായി ജോലിയില്ലാതെ എനിക്കും മോൻക്കും ഒരു കുറവും വരുത്താതെ ഇക്ക ...."
അവൾക് സങ്കടം സഹിക്കാനായില്ല ..
നിസാം അടുത്ത് ചെന്നു ..
" സലിം ചെയ്തതാ അതിന്റെ ശെരി .. നീ വിഷമിക്കണ്ട .. ഇവിടെയുള്ള കടങ്ങൾ ഞാൻ നോക്കിക്കോളാ...പിന്നെ ജോലി നമുക്ക് വേറെയും നോക്കാലോ .. ഞാനുണ്ടല്ലോ .. ഇപ്പൊ പുറപ്പെടാൻ നോക്ക് ...സമയമായി ...."
അവൾ എഴുന്നേറ്റ് തന്റെ ഹാന്റ് ബാഗിൽ നിന്നും സലിം വാങ്ങിയ വളയെടുത്ത് മേശപ്പുറത്ത് വെച്ചു ..
പിന്നെ അവളുടെ കഴുത്തിലും കാതിലും കാലിലുമുണ്ടായിരുന്ന സ്വർണ്ണങ്ങളും മേശപ്പുറത്ത് വെച്ചു ..
" ഇതാ ... ഇത് മുഴുവനും എടുത്ത് ഇക്ക നിസാമുക്കാടെ കയ്യിൽ കൊടുക്ക് .."
" നീ എന്താ സാബി കാട്ടുന്നേ ... കടമെല്ലാം ഞാൻ നോക്കിക്കോളാ .. നീ ഇതെടുത്ത് അണിഞ്ഞേ .. "
" ഇല്ല .. ഇതെടുക്കാതെ ഞാൻ ഇവിടന്ന് വരില്ല ..."
സലിം കരഞ്ഞു .... 
" നീ എന്നെ ധർമ്മ സങ്കടത്തിലാക്കല്ലേ സാബി .. ഇതെല്ലാം നിനക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. " 
" ഇതിലും പ്രിപ്പെട്ടതാ എനിക്കെന്റെ ഇക്ക ..."
അവൾ കരഞ്ഞ് കൊണ്ട് അവന്റെ മാറിലേക്ക് ചാഞ്ഞു ... സലിം പൊട്ടിക്കരഞ്ഞ് അവളെ ചേർത്ത് പിടിച്ചു ...
കണ്ടു നിന്ന നിസാമിന്റെ കണ്ണു നിറഞ്ഞു ...
" സലിം ഇവളെ പോലെ ഒരു ഭാര്യയെ കിട്ടിയത് നിന്റെയും നിന്നെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് ഇവളെയും ഭാഗ്യമാണ് ..." 
അത് കേട്ട് അവർ പുഞ്ചിരിച്ചു ...സലിം സ്വർണ്ണം നിസാമിനെ ഏൽപ്പിച്ചു ...
" കടങ്ങളെല്ലാം വീട്ടി ബാക്കി വല്ലതുമുണ്ടെങ്കിൽ നീ അയച്ചു തന്നാ മതി ... " 
അവർ വണ്ടിയിൽ കയറി എർപോട്ടിലേക്ക് പുറപ്പെട്ടു..
സാബിതയുടെ വലിയ ആഗ്രഹം പൂവണിഞ്ഞ് കൊണ്ട് സലീമിന്റെ വീടും സാബിതക്ക് സ്വർണ്ണവും എന്ന രണ്ട് ബാധ്യതയും ബാക്കി വെച്ച് അവരെയും കൊണ്ട് ദുബായിൽ നിന്ന് വിമാനം പറന്നുയർന്നു ....

-----------------------







No comments:

Post a Comment

അഭിപ്രായം അറിയിക്കുക