Translate

Monday, November 19, 2018

വിശപ്പിന്റെ പാഠം

മുളകമ്പ് കൊണ്ട് കെട്ടിയ വേലിക്കരികിൽ പത്ത് വയസ്സുകാരൻ അനസ് കണ്ണിനിമ വെട്ടാതെ ദൂരെ ഇടവഴിയിലേക്കും നോക്കിനിൽക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി .... 
അങ്ങ് ദൂരെ ആ ഇടവഴിയും താണ്ടി തന്റെ ഉമ്മയുടെ വരവും കാത്ത് നിൽക്കൽ അനസിന് പതിവാണ് ... 
അനസിന് അഞ്ച് വയസ്സുള്ളപ്പോൾ അവന്റെ ഉപ്പ നാട് വിട്ട് പോയതാണ് ... അതിന് ശേഷം കുഞ്ഞു അനസ്‌മോനെ വളർത്താൻ ആ ഉമ്മാക്ക് ഒരുപാട് കഷ്ടപ്പാട് വേണ്ടിവന്നു ... ആരും സഹായത്തിനില്ലന്ന് ബോധ്യമായപ്പോൾ , അനസ് വളരുന്നത് കണ്ടപ്പോൾ ആ ഉമ്മ വീട്ടുജോലിക്ക് പോയി മകനെ വളർത്തി ... 
അൽപം ദൂരെ മാറി ഒരു വലിയ വീട്ടിലാണ് ഉമ്മ വീട്ടുജോലിക്ക് പോകുന്നത് ... 
അനസ് സ്‌കൂളിൽ പോകാൻ തനിച്ച് തന്നെ ഒരുങ്ങും ... ഉമ്മ നേരെത്തെ പോകുമെന്ന് അവനറിയാം .. 
സ്‌കൂളിൽ പോകാനൊരുങ്ങിയാൽ അവന് എന്തെങ്കിലും കഴിക്കണമെങ്കിൽ ഉമ്മ വരണം ... വീട്ട് ജോലി കഴിഞ്ഞാൽ ആ ഇടവഴിയും താണ്ടി ഉമ്മ വരുമ്പോൾ അവന്റെ കണ്ണുകൾ ഉമ്മയുടെ മടിക്കെട്ടിലേക്കായിരിക്കും ... 
വിശന്ന വയറുമായി ആ മടിക്കെട്ട് നോക്കി വെള്ളമൂറി നിൽക്കുന്ന അനസിന് ഉമ്മ തന്റെ മടിക്കെട്ടിൽ നിന്ന് ജോലിക്ക് പോയ വീട്ടിൽ നിന്ന് കൊടുത്ത എന്തെങ്കിലും ആഹാരം നിറഞ്ഞ പുഞ്ചിരിയോടെ കൊടുക്കും ... എന്നും അതും കഴിച്ചാണ് അനസ് സ്‌കൂളിൽ പോകാറ് ...
ഇന്ന് പക്ഷെ പതിവ് തെറ്റി .. !! 
സ്‌കൂളിൽ പോകാനുള്ള സമയം ആയി ... അവന്റെ കുഞ്ഞു മനസ്സ് സങ്കടപ്പെട്ടു ...ഉമ്മ വരാനുള്ള സമയം കഴിഞ്ഞു .. വേലിക്കൽ നിന്ന് മുഷിയുമ്പോൾ വീടിന്റെ ഉമ്മറപ്പടിയിൽ ചെന്നിരിക്കും ....സ്‌കൂളിൽ പോകാനുള്ള സമയത്തേക്കാൾ അവന്റെ കുഞ്ഞു വയറിന്റെ വിശപ്പായിരുന്നു അവനെ സങ്കടപ്പെടുത്തിയത് ... അവൻ വയറിൽ പിടിച്ച് വീണ്ടും വേലിക്കൽ നിൽക്കും ... മുളകമ്പിൽ അവൻ വയർ ചേർത്ത് വെച്ച് കണ്ണുകളെ ദൂരെ ഇടവഴിയിലേക്ക് ഉമ്മയെ തിരയാൻ വിടും .... 
അവന്റെ വിശപ്പ് സങ്കടമായി കണ്ണുകളിൽ നിന്ന് കണ്ണുനീരൊഴുകി ... മുളകമ്പ് കെട്ടിയ വേലിയിലെ ഇടയിലൂടെ അവൻ കുനിഞ്ഞ് പുറത്ത് കടന്നു ..ഉമ്മ ജോലി ചെയ്യുന്ന ആ വലിയ വീട് ലക്ഷ്യമാക്കി അനസ് ഓടി ....
ആ വീട്ടിലേക്ക് അവൻ അന്ന് വരെ കയറിയിട്ടില്ല ...മതിൽ കെട്ടിന്റെ അടുത്തെത്തിയപ്പോൾ അവൻ അവിടെ തമ്പിട്ടു ..അകത്ത് കയറാൻ അവന് ഭയമായിരുന്നു . മതിലിന്റെ ചെറിയ ഇടയിലൂടെ അവൻ ഉമ്മയെ തിരഞ്ഞു ... തന്റെ ഉമ്മ ആ വീട്ടിലെ പണികൾ ചെയ്യുന്നത് നിറകണ്ണുകളോടെ അവൻ നോക്കിനിന്നു ..
ആ വീട്ടിലെ മുതലാളി ഇന്ന് ഗൾഫിൽ നിന്ന് വരുന്നത് കൊണ്ട് പതിവിൽകൂടുതൽ പണിയുണ്ടായിരുന്നു ആ ഉമ്മാക്ക് ..
'ഉമ്മാ എനിക്ക് വിശക്കുന്നു ' എന്ന് വിളിച്ച്പറയാൻ അവന് തോന്നി ...
ഉമ്മയുടെ പണികളെല്ലാം തീർന്നെന്ന് അവന് മനസ്സിലായി .. ഉമ്മ കൈകാലുകൾ കഴുകി വീടിന്റെ പിന്നാമ്പുറത്ത് ചെന്നിരുന്നു .. വീട്ടിലെ ജോലിക്കാരി ഉമ്മാക്ക് കഴിക്കാനുള്ള ചായയും രണ്ട് കഷ്ണം പുട്ടും വെച്ച് കൊടുത്തു .. ഉമ്മ ചായ വേഗം വലിച്ച് കുടിച്ച് തീർത്തു .. എന്നിട്ട് ആ രണ്ട് കഷ്ണം പുട്ട് എടുത്ത് തന്റെ മടിക്കെട്ടിലേക്ക് വെച്ചു ..
അത് കണ്ട് ആ കുഞ്ഞ് മനസ്സ് പിടഞ്ഞു ..' ഉമ്മ കഴിക്കാതെയാണോ എനിക്ക് .........' 
അവൻ കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് ഓടി .. വീടിന്റെ ഉമ്മുറപ്പടിയിൽ അവൻ ഇരുന്ന് തേങ്ങി ... പിന്നെ കണ്ണുകൾ തുടച്ച് ഉമ്മയെ കാത്ത് പതിവ് പോലെ വേലിക്കൽ ചെന്ന് നിന്നു ..
ദൂരെ ഇടവഴി താണ്ടി ധൃതിയിൽ നടന്ന് വരുന്ന ഉമ്മയെ അവൻ നോക്കി നിന്നു .. അവന്റെ വിശപ്പെല്ലാം അവൻ മറന്ന് പോയി .. അന്ന് വരെ വെള്ളമൂറിക്കൊണ്ട് നോക്കിനിന്ന ഉമ്മയുടെ മടിക്കെട്ടല്ല അവൻ ആ നിമിഷം കണ്ടത് ... തനിക്ക് വേണ്ടി തിന്നാതെ മാറ്റിവെച്ച് വിശപ്പ് സഹിച്ച ഉമ്മയുടെ സ്നേഹമായിരുന്നു ആ മടിക്കെട്ട് നിറയെ ..
ഉമ്മ ഓടിവന്ന് അനസിനെ ചേർത്ത് പിടിച്ച് ... മോന് വിശന്നിട്ടുണ്ടാവും ലേ ....എന്ന് പറഞ്ഞ് മടിക്കെട്ടിൽ നിന്ന് ആ രണ്ട് കഷ്ണം പുട്ട് എടുത്ത് ഒരു പാത്രത്തിലിട്ട് അനസിന് വെച്ച് കൊടുത്തു ..
അനസ് ഉമ്മയെ നോക്കി ... 
" ഇക്ക് വിശപ്പില്ല ഉമ്മാ ..ഉമ്മ കഴിച്ചോളിം ..."
" ഉമ്മ കഴിച്ചതാ .. ഇത് മോന്ക്ക് ഉള്ളതാ .."
" എന്നാലും ഇന്ന് ഉമ്മ ന്റെ കൂടെയിരുന്ന് കൈക്കണം ...! എന്നാലേ ഞാൻ കൈക്കൂ ..."
അനസ് വാശിപിടിച്ചു ... ഒടുവിൽ ഉമ്മയും അനസിന്റെ കൂടെയിരുന്ന് കഴിച്ചു ... ഒരു ചെറുപുഞ്ചിരിയോടെ അവൻ ഉമ്മകഴിക്കുന്നത് നോക്കിയിരുന്നു ....!!


Tuesday, November 6, 2018

ബാസിമ

എട്ട് മണിക്ക് മുൻപ് അടുക്കളയിലെ തന്നാലാവുന്ന പണികളെല്ലാം തീർത്ത് ബാസിമ കോളേജിൽ പോകാനൊരുങ്ങും ..
കുളികഴിഞ്ഞ് വസ്ത്രം മാറി തന്റെ ബാഗെടുത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് വരെയുള്ള സമയം ബാസിമ ഒരു കാര്യത്തിനും ഉമ്മയെ വിളിച്ച് ബുദ്ധിമുട്ടിക്കില്ല ...എട്ട് മണി എന്നൊരു സമയമുണ്ടെങ്കിൽ ബാസിമ വീട്ടിൽ നിന്ന് ഇറങ്ങിയിരിക്കും ....

വീട്ടിൽ നിന്ന് ബസ്റ്റോപ്പിലേക്ക് പതിനഞ്ച് മിനിറ്റ് നടക്കാനുണ്ട് .. അവിടന്ന് പത്തോ പതിനഞ്ചോ മിനിട്ട് ബസ്സ് കാത്ത് നിൽക്കണം .. ഇതിനിടയിൽ തന്നെ ബസിമാക്ക് രണ്ട് പൂവാലന്മാർക്ക് മുഖം കൊടുക്കേണ്ടി വരാറുണ്ട് ... 
ഒന്ന് വീടിനടുത്തുള്ളവനാണെങ്കിൽ മറ്റവൻ ബസ്സ് കാത്ത് നിൽക്കുന്ന ബസ്റ്റോപ്പിന്റെ മുന്നിൽ ഒരു മൊബൈൽഷോപ്പുള്ള ഫ്രീക്കൻ ...

പക്ഷെ ഇവർക്ക് നോക്കി നിർവൃതിയടയാമെന്നല്ലാതെ ബാസിമയുടെ ഒരു നോട്ടം പോലും തിരിച്ച് കിട്ടില്ല ... അതാണ് ബാസിമ ... തേനൊലിപ്പിച്ച് നിൽക്കുന്നവർക്ക് പാത്രം വെച്ച് കൊടുക്കുന്ന ചീത്ത പെൺകുട്ടികളിൽ പെട്ടവളല്ല ബാസിമ ...!!

ബാസിമയുടെ സമയം കൃത്യമാണെങ്കിലും ബാസിമാക്ക് പോകാനുള്ള ബസ്സ് പലപ്പോഴും സമയം പാലിക്കാറില്ല ...
ബസ്സിൽ കയറുമ്പോൾ സീറ്റ് കിട്ടണേ എന്ന പ്രാർത്ഥനെ ബാസിമാക്ക് ഉണ്ടാകാറുള്ളൂ ...!!
പക്ഷെ ആ പ്രാർത്ഥന പലപ്പോഴും ഫലം ചെയ്യാറില്ല ..

ബസ്സിൽ അവൾ കയറിപ്പറ്റുമ്പോഴേക്കും കിളി ചാടിക്കയറി വിസിലടിച്ച് ഡോറടക്കുന്നത് ബാസിമയുടെ ശരീരത്തിൽ ഒരു സ്പർശനം എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ... 
അത് അവൾക്കറിയാം .. പക്ഷെ ബസ്സിൽ എങ്ങനെയെങ്കിലും നിൽപ്പുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അവൾക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല ....

ബസ്സിൽ സീറ്റ് കിട്ടിയില്ലെങ്കിൽ പിന്നെ അവൾക്കറിയാം തന്റെ പുറകിൽ ഏതെങ്കിലും ഒരു ഞരമ്പ് രോഗി തൂങ്ങിനിൽപ്പുണ്ടാകും എന്ന് ...
അതിൽ തന്നെക്കാൾ പ്രായം കുറഞ്ഞ കൊച്ചനുജന്മാർ മുതൽ വല്ലുപ്പയുടെ പ്രായക്കാർ വരെ ഉണ്ടാകും .....
നിസ്സഹയായ വെറുമൊരു പെൺജന്മമായി മാറുന്ന നിമിഷങ്ങൾ ......

തിക്കിനും തിരക്കിനുമിടയിലൂടെ 'ടിക്കറ്റ് ടിക്കറ്റ് ' എന്ന് വിളിച്ച് പറഞ്ഞ് കണ്ടക്ടറുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള തിക്കി ഞരുങ്ങിയുള്ള പോക്കും രക്ഷപ്പെടാൻ കഴിയാത്ത കുരുക്ക് തന്നെ ...!!
വല്ലാതെ തിരക്കുള്ളപ്പോൾ ബാസിമ മുന്നിലേക്ക് കയറിനിൽക്കും ... 
അവിടെ ഡ്രൈവറുടെ വക ചില കോപ്രായങ്ങൾ കാണണം ...എന്നാലും ശരീരം സുരക്ഷിതമാണ് ..

ബസ്സിൽ നിന്നിറങ്ങുമ്പോഴും ഇതൊക്കെ തന്നെ അവസ്ഥ ....!!
ഇതെല്ലാം ആഗ്രഹിക്കുന്നവരും ആസ്വദിക്കുന്നവരും ഉണ്ടെന്ന് ബാസിമാക്ക് അറിയാം ... തന്റെ കൂട്ടുകാരികളിൽ പലരും ഇതൊക്കെ വലിയ ആവേശത്തോടെ പറയുന്നത് അവൾ എത്രയോ കേട്ടിരിക്കുന്നു ..

അവരെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് തന്നെ പോലുള്ളവർക്ക് ഇങ്ങനെയൊക്കെ നേരിടേണ്ടി വരുന്നത് എന്ന് ബാസിമാക്ക് തോന്നിയിട്ടുണ്ട് ...എല്ലാവരും തന്നെപോലെയാണെങ്കിൽ ഒരു പക്ഷെ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരിക്കും എന്നാണ് ബാസിമയുടെ പക്ഷം ...!!!

ബസ്സ് ഭാഗ്യത്തിന് കോളേജിന്റെ മുന്നിൽ തന്നെ ചെല്ലുന്നത് കൊണ്ട് അത്രയും രക്ഷപ്പെട്ടെന്ന് അവൾ അവളുടെ മനസ്സിനോട് തന്നെ പറയും ....

കോളേജിന്റെ പടികയറുന്നത് മുതൽ പിന്നെ അവൾ കാണേണ്ട മുഖങ്ങൾ പലതാണ് ... 
പ്രണയമാണെന്ന് പറഞ്ഞ് വരുന്നവർ ... പ്രണയിച്ച് പോയി എന്ന് പറഞ്ഞ് ശല്യം ചെയ്യുന്നവർ ... സുഹൃത്താണെന്ന് പറഞ്ഞ് വരുന്നവർ ... ചുമ്മാ സംസാരിക്കാൻ വരുന്നവർ .... പഠിപ്പിക്കുന്ന അദ്ധ്യാപകൻ പോലും ശെരിയല്ലാത്ത രീതിയിൽ സംസാരിക്കൽ ......അങ്ങനെ പോകുന്നു ....

പക്ഷെ എല്ലാവർക്കും ബാസിമ വാക്കുകൊണ്ടല്ല , തൻറെ നിലപാടുകൊണ്ട് മറുപടി കൊടുക്കും ...
'ഏതൊരു വിശ്വാസത്തോടെ തന്റെ മാതാപിതാക്കൾ തന്നെ വീട്ടിൽ നിന്ന് പുറത്ത് വിടുന്നുവോ ആ വിശ്വാസം വിജയിപ്പിച്ച് കൊണ്ടല്ലാതെ താൻ തിരിച്ച് വീട്ടിൽ കയറാറില്ല എന്ന'ബാസിമയുടെ ഉറച്ചനിലപാട്   ...

കടന്നുപോയ കടമ്പകളെല്ലാം തിരിച്ച് കയറി അവൾ വീട്ടിലെത്തിയാൽ ഒരു ആശ്വാസത്തിന്റെ നെടുവീർപ്പുണ്ട് ... അത് കൺകുളിർക്കെ കണ്ട് സന്തോഷിക്കുന്ന ഉമ്മയെയും ഉപ്പയെയും നോക്കി അവൾ ഒരു കണ്ണിറുക്കി ഒന്ന് പുഞ്ചിരിക്കും ...

തങ്ങളുടെ പെണ്മക്കൾ വീട്ടിൽനിന്ന് പോയി തിരിച്ച് വരുന്നത് വരെ നെഞ്ചിൽ തീയുമായി കഴിയുന്ന പാതാപിതാക്കൾ കൊതിച്ചുപോകും ബാസിമയെ പോലുള്ള ഒരു മകളെ കിട്ടാൻ .....

ബാസിമ സമൂഹത്തിന് നേർക്ക് പിടിച്ച ഒരു കണ്ണാടിയാണ് ....
അവളുടെ യാത്രയിൽ കണ്ട മുഖങ്ങൾ കാണാനുള്ള കണ്ണാടി ... ബാസിമയെ പോലുള്ള പെൺകുട്ടികൾക്ക് തങ്ങളെ കാണാനുള്ള കണ്ണാടി ......

പിച്ചിചീന്തപ്പെടാതിരിക്കട്ടെ നന്മയുടെ പെൺജന്മങ്ങളെ .....!!!!!!!