Translate

Tuesday, October 22, 2019

ഓർമ്മകളുടെ അനന്തപുരി

കുന്നംകുളം ടൗണിലെ ഒരു ഹോട്ടലിൽ ഞാനും എന്റെ ബാല്യകാല സുഹൃത്ത് ഷാഫിയും കൂടി ഒരു ചായകുടിക്കാൻ കയറിയതാണ് ....
പലതും സംസാരിക്കുന്ന കൂട്ടത്തിൽ ഞങ്ങൾ കഴിഞ്ഞുപോയ കാലങ്ങളെ ഒന്ന് അയവിറക്കി ... 
1998 കാലഘട്ടത്തിൽ ഞങ്ങൾ ഗുരുവായൂരിൽ നിന്ന് തിരുവന്തപുരത്തേക്ക് ഒരു ട്രെയിൻ യാത്ര നടത്തിയിരുന്നു ..അന്ന്  മറ്റൊരു സുഹൃത്തും കൂടെയുണ്ടായിരുന്നു ..വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നി ഞങ്ങൾക്ക് ... സംസാരം രസംപിടിച്ചപ്പോൾ എന്നാ പിന്നെ ആ യാത്ര നമുക്ക് ഒരിക്കൽ കൂടി നടത്തിയാലോ എന്ന് ഞാനൊരു ആഗ്രഹം പ്രകടിപ്പിച്ചു ...അന്ന് പോയ സ്ഥലങ്ങളെല്ലാം പോയി ഒന്ന് ഓർമ്മകളെ പൊടിതട്ടിയെടുത്ത് ആസ്വദിച്ചാലോ എന്ന എന്റെ ആഗ്രഹം അവന്റെയും കൂടി ആഗ്രഹമായി മാറി ..
അവിടെ ഇരുന്ന്കൊണ്ട് തന്നെ ടൗണിൽ ഉള്ള ഒരു സുഹൃത്തിന്റെ ട്രാവൽസിലേക്ക് വിളിച്ച് രണ്ട് ദിവസത്തിനകം ട്രെയിൻ ടിക്കറ്റ് കിട്ടുമോ എന്ന് അന്വേഷിച്ചു ...അവർ ശെരിയാക്കാമെന്ന് പറഞ്ഞു ... 
പക്ഷെ അവിടന്ന് എടുത്തില്ല . ഞങ്ങൾ അവിടന്ന് തിരിച്ച് വടക്കേകാട് എന്ന ഞങ്ങളുടെ സ്വന്തം നാട്ടിലെത്തി ..
വടക്കേകാട് സിറ്റി ട്രാവൽസിൽ കയറി ടിക്കറ്റ് നോക്കി ... ജൂലൈ 23 നാണ് ടിക്കറ്റ്‌ നോക്കുന്നത് ..ഞങ്ങൾ പോകാനുദ്ദേശിക്കുന്നത് ജൂലൈ 26 വെള്ളിയാഴ്ച്ചയാണ് ..രണ്ട് ദിവസത്തെ പരിപാടി .. പക്ഷെ ആ ദിവസം പോയാൽ എന്റെ കൂടെയുള്ള സുഹൃത്ത് ഷാഫിക്ക് പങ്കെടുക്കേണ്ട ഒരു പരിപാടി നഷ്ടപ്പെടുമെന്നായപ്പോൾ ദിവസം മാറ്റാമെന്നായി ...അങ്ങനെ ഒരു പാട് സമയം കാത്തിരുന്നു ..ടിക്കറ്റ് എടുക്കുന്ന ആൾ ചോദിച്ചു "അല്ലാ നിങ്ങൾക്ക് അവിടെ എന്നാ പ്രോഗ്രാം .." 
ഞാൻ പറഞ്ഞു ഞങ്ങൾക്ക് അവിടെ പ്രോഗ്രാമോന്നുമില്ല ഇവിടെയുള്ള കാര്യങ്ങൾ നോക്കി ടിക്കറ്റ് എടുക്കുന്നതാണ് .. 
ഇരുപത് വർഷം മുൻപ് നടത്തിയ ഒരു യാത്രയുടെ ഓർമ്മകൾ  വീണ്ടും ഒന്ന് തിരിച്ചുകൊണ്ടുവരാൻ വേണ്ടി ഒരു ട്രെയിൻ യാത്ര നടത്തുന്നു ..അത്രേയുള്ളു .. 
അത് കേട്ടപ്പോൾ അയാൾക്ക് വലിയ കൗതുകം തോന്നി ... അത് ഏതായാലും നല്ലകാര്യമായി ... എന്ന് കമന്റും പറഞ്ഞു ... 
അയാൾ കമ്പ്യൂട്ടറിൽ തന്നെ കണ്ണു തുറിച്ചിരുന്നു ..
" നിങ്ങൾക്ക് നാളെ രാത്രി പറ്റോ ... അതായത് നാളെ രാത്രി 24 ന് ഗുരുവായൂരിൽ നിന്ന് രാത്രി 9.30 ന്  തിരുവനന്ത പുരത്തേക്കും തിരിച്ച് ജൂലൈ 26 വെള്ളിയാഴ്ച്ച വൈകീട്ട് 5 .30  അവിടന്ന് ഇങ്ങോട്ടും ...രാത്രി 12 .30 ന് ഇവിടെ എത്തും ..എന്താ എടുത്താലോ ...
ഞാൻ ഒന്നും നോക്കിയില്ല ആയിക്കോട്ടെ എന്ന് പറഞ്ഞു ... ഷാഫിക്കും എതിർപ്പില്ലായിരുന്നു ... അങ്ങോട്ടുള്ളത് തൽക്കാലായ കാരണം ടിക്കറ്റിന് കാശ് ഒരൽപം കൂടുതൽ കൊടുക്കേണ്ടി വന്നു .. എന്നാലും സ്ലീപ്പർ ക്ലാസ്സിൽ സീറ്റുണ്ടല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു ..മൊത്തം രണ്ട് പേർക്ക് അങ്ങോട്ടും ഇങ്ങോട്ടുമായി 1150 രൂപയായി .
അങ്ങനെ റിട്ടേൺ ടിക്കറ്റും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു ...
ഇനി നാളെ രാത്രി ഗുരുവായൂരിൽ നിന്ന് ഞങ്ങൾ യാത്ര പുറപ്പെടും .... ആ പഴയ കുട്ടികളെ പോലെ ...എല്ലാ കെട്ടുകളും തൽക്കാലം അഴിച്ചുവെച്ച് ഞങ്ങൾ ആ പഴയ കാലത്തിലേക്ക് സർവ്വസ്വതന്ത്രരായി പറന്നുപോകും ... 

യാത്ര തുടരും .....

#ഓർമ്മകളുടെ_അനന്തപുരി - 2
•••••••••••••••••••••••••••••
ഇന്ന് ജൂലൈ 24 ബുധനാഴ്ച ...
ഇന്നാണ് ഞാനും എന്റെ ബാല്യകാല സുഹൃത്ത് ഷാഫിയും കൂടി തിരുവനന്തപുരത്തേക്ക് പോകുന്നത് .... 
രണ്ട് പേർ മാത്രം ഒരു ടൂർ പ്ലാൻ ചെയ്യുക ..അതും തിരുവനന്തപുരത്തേക്ക് ...ട്രെയിനിൽ ...
 ഇതിൽ അത്ര വലിയ യാത്ര കാണാത്തവർ പലരുമുണ്ടാകും .... 
ഞങ്ങളും അങ്ങനെ ചിന്തിക്കുന്നവരാണ് .. ഞങ്ങൾക്കും കൂടുതൽ ഇഷ്ടം പ്രകൃതി ഭംഗി ആസ്വദിക്കാനാണ് ... തിരുവനന്തപുരത്താകട്ടെ പ്രകൃതി ഭംഗിയേക്കാൾ കൂടുതൽ ചരിത്ര കാഴ്ചകളാണ് ... എന്നിട്ടും എന്തെ ഞങ്ങൾ ഇങ്ങനെ ഒരു സ്ഥലം തിരഞ്ഞെടുത്തത് എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളു ...ഞങ്ങൾ ഞങ്ങളുടെ കുട്ടിക്കാലം അത്രമാത്രം ഇഷ്ടപ്പെടുന്നു ... 
നഷ്ടപ്പെട്ടുപോയ ചില ഓർമ്മകൾ ...ചിലമുഖങ്ങൾ ...ചില നിമിഷങ്ങൾ ..നമുക്ക് തിരിച്ച് കിട്ടില്ല ....
എന്നാലും ആ ഒരു ഓർമ്മകളിലേക്ക് പലരീതിയിലും നമുക്ക് സഞ്ചരിക്കാൻ കഴിയും ...ഈ യാത്രയും ഞങ്ങൾ ഞങളുടെ ഓർമ്മകളെ തേടിയുള്ളതാണ് ... തിരിച്ചുകിട്ടില്ലന്നറിഞ്ഞിട്ടും ആ കാലത്തോടുള്ള ഒരിഷ്ടം കാണിക്കാമല്ലോ ... കണ്ട കാഴ്ച്ചകളും പോയ സ്ഥലങ്ങളും ഞങ്ങൾക്ക് കൈകോർത്ത് പിടിച്ച് കുട്ടികളെ പോലെ നടന്ന് കണ്ട് ആസ്വദിക്കാലോ .... 
കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ പോലെ ഇരുപത് കൊല്ലം മുൻപ് ഞങ്ങൾ തിരുവനന്തപുരത്തേക്ക് ഒരു യാത്ര നടത്തിയിരുന്നു .. 
അന്ന് ഞങ്ങളുടെ കൂടെ കരീം എന്നൊരു സുഹൃത്ത് കൂടിയുണ്ടായിരുന്നു ... മുൻപ് സ്‌കൂളിൽ നിന്ന് ടൂർ പോയ ഒരു അനുഭവം വെച്ച് പോയതാണ് ... അന്ന് ഞങ്ങൾ ഓടിച്ചാടി നടന്ന ആ സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും ഞങ്ങൾക്ക് നഷ്ടപ്പെട്ട കുട്ടിക്കാലവും ഒരിക്കൽ കൂടി ആസ്വദിക്കാൻ ഞങ്ങൾ പോകാൻ തയ്യാറെടുക്കുകയായി ...
രാത്രി ഭക്ഷണം വീട്ടിൽ നിന്ന് കഴിച്ച് ഞങ്ങൾ പുറപ്പെട്ടു ..ഷാഫിയുടെ കാറിലാണ് പോകുന്നത് .. തിരിച്ച് വരുമ്പോൾ രാത്രി 12 മണി കഴിയും അപ്പൊ പിന്നെ കാറാണ് നല്ലതെന്ന് തോന്നി ... 
അങ്ങനെ ഗുരുവായൂർ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്ത് ഞങ്ങൾ ട്രെയിൻ കയറാൻ പോയി .. 
ബോഗിയും സീറ്റും പെട്ടന്ന് തന്നെ കിട്ടി ... 
ഞങ്ങൾ യാത്ര ചെയ്യുന്ന ബോഗി മാത്രം മഞ്ഞ നിറമായിരുന്നു ..അതിന് ഞങ്ങൾ പല തമാശകളും പറഞ്ഞു ..ആ ബോഗി വെള്ളാപ്പള്ളി സ്പോൺസർ ചെയ്തതാണെന്നൊക്കെ ...
സംഭവം ആ ബോഗി മഴവന്നാൽ മൊത്തം ചോർന്നൊലിച്ചപ്പോൾ മാറ്റിയതാണ് ..അതാ അത് മാത്രം മഞ്ഞയായത് ... 
9 .30  ന് തന്നെ ട്രെയിൽ പുറപ്പെട്ടു ..... ഇനി ഒന്ന് മയങ്ങണം ...
പുലർച്ച 4 മണിയോടെ തിരുവനന്തപുരത്ത് എത്തും ... 
ട്രെയിനിന്റെ കടക്കട ശബ്ദവും ഇടക്കുള്ള ചൂളംവിളിയും ... ചായകാപ്പി കച്ചവടക്കാരുടെ അന്നത്തിന് വേണ്ടിയുള്ള മുറവിളിയും എല്ലാം ആ പഴയ കാലത്ത് കേട്ടത് തന്നെ .... എല്ലാം ആസ്വദിച്ച് 
ഞങ്ങൾ മയങ്ങി .... ട്രെയിൻ ഞങ്ങളെയും കൊണ്ട് കുതിച്ചുപാഞ്ഞു ...

യാത്ര തുടരും .....

#ഓർമ്മകളുടെ_അനന്തപുരി - 3
•••••••••••••••••••••••••••••
ആരോ കാലിൽ തട്ടിയപ്പോഴാണ് ഞാൻ പെട്ടന്ന് ഉണർന്നത് ...
ചിലരെല്ലാം അടുത്ത സ്റ്റേഷനിൽ ഇറങ്ങാനായി സീറ്റിലും സ്ലീപ്പർ സീറ്റ് കൊളുത്തിവെച്ച ചങ്ങലയിലും മറ്റും പിടിച്ച് നിൽക്കുന്നുണ്ട് ... അതിലാരുടെയോ കൈ  എന്റെ കാലിൽ തട്ടിയതാണ്  .... 
അടുത്ത  സ്റ്റേഷൻ തിരുവനന്തപുരമാണെന്ന് അറിഞ്ഞപ്പോൾ മെല്ലെ ചാടിയിറങ്ങി ... എന്റെ സുഹൃത്ത് ഷാഫിയെ തട്ടിവിളിച്ച്  ഞാൻ ഫ്രെഷാവാനായി പോയി ... ആ ഒരു സമയത്ത് ആകെപ്പാടെ ഒരു തിക്കുംതിരക്കാണ് ..
ഞങ്ങൾ ഫ്രഷായി ബാഗെടുത്ത് തോളിലിട്ട് ഡോറിന്റെ രണ്ട് കമ്പികളിൽ പിടിച്ച് ട്രെയിൻ സ്റ്റേഷനിലേക്ക് പതുക്കെ അടുത്ത്കൊണ്ടിരിക്കുന്നത് ഞങ്ങൾ നോക്കിനിന്നു ... 
ട്രെയിൻ യാത്രയിൽ എനിക്കേറ്റവും ഇഷ്ടമുള്ളതും ഞാൻ ഏറെ ആസ്വദിക്കുന്നതും ഈ ഒരു നിമിഷങ്ങളാണ് .... 
അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും അനന്തപുരിയിൽ കാല് കുത്തി ... 
ഇരുപത് വർഷത്തിനിടക്ക് ഞാനും ഷാഫിയും ഞങ്ങളുടെ മറ്റു ആവിശ്യങ്ങൾക്ക് വേറെ വേറെ തിരുവനന്തപുരത്തേക്ക് വന്നിട്ടുണ്ടെങ്കിലും , ആ പഴയ യാത്രയുടെ ഓർമ്മകൾ പുതുക്കാൻ ഞങ്ങളൊരുമിച്ച് ഇതാദ്യമാണ് ... 
" നമ്മൾ പണ്ട് വന്നിറങ്ങിയ അതേ ഫീലുണ്ട് ലേ .." 
ഞാൻ ഷാഫിയുടെ തോളിൽ കൈവെച്ച് പറഞ്ഞു .. 
" ആടാ ..ശെരിയാലാ .....ഒരു മാറ്റവും ഇല്ലാത്ത പോലെ ..."
സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും ഞങ്ങൾക്ക് കൗതുകം വിട്ട് മാറിയില്ല ... പുറം കാഴ്ചകളും അതേ പോലെ ... ഒരു പക്ഷെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും ... പക്ഷെ ഞങ്ങൾ നോക്കികാണുന്നത് ഞങ്ങളുടെ ഓർമ്മകളെയാണ് ... ആ പതിനാറും പതിനെട്ടും വയസ്സുള്ള കൗമാരങ്ങളെയാണ് ....  
" നീ അത് കണ്ടോ അന്ന് നമ്മൾ താമസം അന്വേഷിച്ച് പോയ പള്ളി ..."
ഷാഫി പറഞ്ഞപ്പോഴാണ് ഞാനാ ബോർഡ് ശ്രദ്ധിക്കുന്നത് ...മുസാഫിർ ഖാന 
ചെറിയ കാശിന് താമസം അല്ലെങ്കിൽ ഒന്ന് റസ്റ്റ് ചെയ്യാനും ഫ്രെഷാവാനും ഉള്ള സൗകര്യം ..
ഞങ്ങൾ ഓരോ ചൂടുചായ കുടിച്ച് ആ പള്ളിയിലേക്ക് പോയി ... 
താമസിക്കാനുള്ള റൂം നോക്കി..350..രൂപ പറഞ്ഞു ഒരു ദിവസത്തിന് ... പക്ഷെ എന്തോ മനസ്സിന് അത്ര പിടിച്ചില്ല ... ഇത്തിരികൂടിയാലും നല്ല റൂമിൽ താമസിക്കാം എന്ന തീരുമാനത്തിൽ ഞങ്ങൾ അവിടന്ന് പുറത്തിറങ്ങി ...
മറ്റൊരു റോഡിലൂടെ നടന്നപ്പോൾ പലരും അടുത്ത് വന്ന് സാർ റൂം വേണോ അടിപൊളി റൂമാണ് 700 രൂപക്ക് എല്ലാ സൗകര്യവും ഉള്ള റൂമാണ് എന്നൊക്കെ പറഞ്ഞു ... 
ആർക്കും പിടികൊടുക്കാതെ ഞങ്ങൾ തന്നെ റൂമും തിരഞ്ഞ് നടന്നു ...
സമയം ആറുമണി കഴിഞ്ഞുകാണും .....അത് കൊണ്ട് തന്നെ ആ സമയത്ത് നടക്കാൻ ഒരു രസം തോന്നി ...
പല റൂമും ഞങ്ങൾ ചെന്ന് നോക്കി എന്തോ അവർ പറയുന്ന കാശിനുള്ള ഒരു സൗകര്യം ആ റൂമുകൾക്കില്ലന്ന് തോന്നി ...
നേരം വെളുത്തു .....ഇനി അധികം അലഞ്ഞു തിരിഞ്ഞാൽ ശെരിയാവില്ല ...
ഞങ്ങൾ വേറെ ഒരു റോഡിലൂടെ നടന്നു ... എവിടെയും മനസ്സിനിണങ്ങിയത് കിട്ടുന്നില്ല .. ഉണ്ടെങ്കിൽ തന്നെ അത് വലിയ റേറ്റുള്ളതാണ് ...
ഞങ്ങൾക്ക് ആ നടത്തത്തിലുള്ള രസം നഷ്ടപ്പെട്ട് തുടങ്ങി ... 
സമയം 8 മണിയാകുന്നു .....വെയിൽ വന്ന് തുടങ്ങി ... ചെറുതായി മഴചാറിയതുകൊണ്ട് ചൂടില്ല .... 
ഇതിനിടെ ഒരു ഓട്ടോ കാരൻ ഞങ്ങളുടെ പുറകെ വന്നു ... റൂം അയാൾ ശെരിയാക്കിത്തരാമെന്ന് പറഞ്ഞു ... അത് അയാൾ ഓട്ടം പിടിക്കാനുള്ള പരിപാടിയാണെന്ന് ഞങ്ങൾക്ക് തോന്നി ... ഞങ്ങൾ വേണ്ടന്ന് പറഞ്ഞ് മുന്നോട്ട് നടന്നു ... 
അയാൾ ഞങ്ങളുടെ പുറകെ തന്നെ വന്നു .....
ഞങ്ങളുടെ യാത്ര 

തുടരും ......

#ഓർമ്മകളുടെ_അനന്തപുരി - 4
•••••••••••••••••••••••••••••

ഞങ്ങൾ ഒരു ഇടുങ്ങിയ റോഡിലൂടെ നടന്നു ......പക്ഷെ അവിടെ ഒന്നും താമസിക്കാനുള്ള ഹോട്ടൽ കണ്ടില്ല ..
ആ ഓട്ടോ കാരൻ ഞങ്ങളുടെ പുറകെ വന്നു .. 
" ഈ റൂട്ടിലൊന്നും ഹോട്ടലുകളില്ല ...എന്റെ കൂടെ പോര് ഞാൻ കാണിച്ച് തരാം .....നല്ല റൂമാണ് ..."
ഞങ്ങൾക്ക് അയാൾ ഇങ്ങനെ പുറകെവന്ന് ചോദിക്കുന്നതിൽ എന്തോ തട്ടിപ്പ് മണത്തു ..
" വേണ്ട ബോസ് ഞങ്ങൾ കണ്ടു പിടിച്ചോള .."
ഞങ്ങൾ വീണ്ടും നടന്നു ... ആ റോഡിൽ നിന്ന് മറ്റൊരു റോഡിലേക്ക് തിരിഞ്ഞപ്പോൾ അവിടെ ഒരു ചായക്കട കണ്ടു അയാളോട് ആ റോഡ് എങ്ങോട്ട് പോകുമെന്ന് ചോദിച്ചു ...
ആയുർവേദ കോളേജിലേക്കുള്ളതാണെന്ന് പറഞ്ഞു .. 
" ഇവിടെ താമസിക്കാനുള്ള റൂം കിട്ടില്ലേ ..."
" ഇല്ല ഈ റോഡിലില്ല നിങ്ങൾ വന്നവഴി തിരിച്ചുപോണം അവിടെയുണ്ടാകും .."
കടക്കാരൻ ഇത് പറഞ്ഞപ്പോൾ ഞങ്ങൾ നിരാശയോടെ തിരിഞ്ഞതും ദേ ആ ഓട്ടോകാരൻ മുന്നിൽ ... 
" ഞാൻ പറഞ്ഞില്ലേ. ഈ വഴിയിലുണ്ടാവില്ല എന്റെ കൂടെ വന്നാൽ ഞാൻ കാണിച്ച് തരാം .....ഇന്ന് കൈനീട്ടം ഓടിയില്ല അത്കൊണ്ടാണ് എനിക്ക് കമ്മീഷനൊന്നുമില്ല .....നിങ്ങൾക്ക് റൂം ഇഷ്ടപ്പെട്ട ഓട്ടോ കാശ് തന്നാമതി ... "ഞങ്ങൾ പരസ്‍പരം മുഖത്ത് നോക്കി ......അയാൾ പറഞ്ഞ വാക്കുകൾ സത്യമാണെന്ന് ഞങ്ങൾക്ക് തോന്നി ... ഓട്ടോയിൽ കയറിയിരിക്കുമ്പോൾ ഞാൻ പറഞ്ഞു
 " ബോസേ റൂം ഇഷ്ടപ്പെട്ടാലേ ഓട്ടോകാശ് തരൂ ..."
അയാൾ ഒന്ന് പുഞ്ചിരിച്ചു ... 
" നിങ്ങൾക്ക് ഏത് റേഞ്ചിലാ വേണ്ടത് ...?"
" അങ്ങനെ വലിയ റേറ്റുള്ളത് വേണ്ട ഉള്ളത് നല്ല വൃത്തിയുള്ളത് ..."
അങ്ങനെ ഓട്ടോ ഒരു വലിയ തീയേറ്ററിനടുള്ള ഒരു ലോഡ്ജിലേക്ക് എത്തി ... 
" ഇവിടന്ന് നിങ്ങൾക്ക് എങ്ങോട്ട് പോകാനും എളുപ്പമാണ്..ദേ തൊട്ടടുത്ത് തിയേറ്ററുണ്ട് ..."
ഞങ്ങൾ റൂം ചെന്ന് നോക്കി കുഴപ്പമില്ല ...850 രൂപ പറഞ്ഞു .. 
" ഓക്കേ ഞങ്ങൾക്ക് റൂം ഇഷ്ടപ്പെട്ടു ...ഇപ്പൊ സമയം 8.30 ആവുന്നു ...നാളെ വെക്കേറ്റ് ചെയ്യുമ്പോൾ ഇതേ സമയത്ത് തന്നെ വേണോ ... ഒരു മണിക്കൂർ കഴിഞ്ഞിട്ട് പോരെ ..."
ഞങ്ങൾ പല റൂമും വേണ്ടന്ന് വെച്ചത് ഈ സമയത്തിന്റെ കാര്യത്തിലുമുണ്ട് .....പക്ഷെ ഇയാൾ അത് സമ്മതിച്ചു . 
ഓട്ടോ കാരന് കാശും നല്ല റൂം കാണിച്ചുതന്നതിന് നന്ദിയും പറഞ്ഞ് വിട്ടു .. പോകുമ്പോൾ അയാൾ അയാളുടെ മൊബൈൽ നമ്പർതരാമെന്ന് പറഞ്ഞു എങ്ങോട്ടെങ്കിലും പോകാനുണ്ടെങ്കിൽ വിളിക്കാൻ .. ഞങ്ങൾ വേണ്ടാന്നു പറഞ്ഞു ..
അങ്ങനെ റൂമിൽ പോയി കുറച്ച്‌സമയം ഒന്ന് നടുനിവർത്തി കിടന്നു .....പിന്നെ കുളിയെല്ലാം കഴിഞ്ഞ് ഫ്രഷായി ഞങ്ങൾ തൊട്ടുതാഴെയുള്ള ഹോട്ടലിൽ പ്രാതൽ കഴിക്കാൻ പോയി .. 
പൊറോട്ടയും മുട്ടക്കറിയും ചപ്പാത്തിയും ഗ്രീൻപീസും പറഞ്ഞു .. ഫൂഡ് ഞങ്ങൾക്ക് അത്രപോരാന്ന് തോന്നി ...
ഇനി എങ്ങോട്ട് എന്നുള്ള ചർച്ചയിൽ മൃഗശാലയും മറ്റും കാണാൻ പോകാമെന്ന തീരുമാനത്തിൽ കൗണ്ടറിൽ ചാവികൊടുത്തേൽപ്പിച്ച് ഞങ്ങൾ പുറത്തിറങ്ങി ...
കുറച്ച് മുന്നോട്ട് നടന്നപ്പോൾ ആയുർവേദ കോളേജിന്റെ മുന്നിലെത്തി .. അവിടെയെല്ലാം ആകെ പോലീസ് ...ഓട്ടോ കാർ വിളിച്ചിട്ട് വരുന്നില്ല ... ഇന്ന് ആ ഓട്ടോക്കാരൻ നമ്പർ തന്നപ്പോ വാങ്ങിയാൽ മതിയായിരുന്നു എന്ന് അപ്പൊ ഞങ്ങൾക്ക് തോന്നി ..അങ്ങോട്ട് ബസ്സും പോകുന്നില്ല ..അവിടെ സെക്രട്ടറിയേറ്റ് പടിക്കൽ യു ഡി എഫിന്റെ ഉപരോധം ... പണികിട്ടിയ ..!! 
ഇനിയിപ്പോ അങ്ങോട്ട് പോകണമെങ്കിൽ നടക്കണം ...ആ റോഡെല്ലാം പോലീസ് തടഞ്ഞു വെച്ചിട്ടുണ്ട് ... 
ഇനി അങ്ങോട്ട് പോയാൽ അവിടെ വല്ല ലാത്തിച്ചാർജ്ജും നടന്നാൽ ..? 
ഇനിയിപ്പോ എന്ത് ചെയ്യും ..... നടന്ന് പോയാലോ ആ വഴിക്ക് ...!
യാത്ര 
തുടരും ..

#ഓർമ്മകളുടെ_അനന്തപുരി - 5
•••••••••••••••••••••••••••••

ആയുർവേദ കോളേജിന്റെ മുന്നിൽ ഒരു ചെരുപ്പ്കുത്തിയുണ്ട് അയാളുടെ അടുത്തപോയി ഞങ്ങൾ സെക്രട്ടറിയേറ്റിലേക്കുള്ള വഴിചോദിച്ചു ..
അയാൾ ചൂടായി .. ദേഷ്യപ്പെട്ട് എന്തൊക്കെയോ പറഞ്ഞു .. ഞങ്ങൾ അവിടന്ന് മെല്ലെ വലിഞ്ഞു ...
ഒന്നുകിൽ അയാൾ സുഖമില്ലാത്ത ആളായിരിക്കും അല്ലെങ്കിൽ ആ നാട്ടുകാർക്ക് സെക്രട്ടറിയേറ്റ് എന്ന് കേൾക്കുമ്പോൾ കാലിവരുന്നുണ്ടാകാം ...എന്നും സമരമുഖമല്ലേ അവിടെ ... ഇന്നും ഒരു വഴിതടയൽ നടക്കുന്നു ... അവിടെയുള്ളവരുടെ യാത്രകൾക്കും കച്ചവടങ്ങൾക്കുമെല്ലാം ഇതെല്ലാം ശെരിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി ... ഒരു പക്ഷെ അത്കൊണ്ടാകും വെറുമൊരു ചെരുപ്പുകുത്തിക്ക് പോലും ആ സ്ഥലം ഇത്ര ദേഷ്യത്തോടെ കാണുന്നത് ... 
എന്തായാലും ഞങ്ങൾ സെക്രട്ടറിയേറ്റ് പടിക്കലേക്ക് .....ആ സമരമുഖത്തേക്ക് വിപ്ലവ പോരാളികളെ വലിഞ്ഞു നടന്നു ... ലാത്തിവീശിയാൽ രണ്ടെണ്ണം കൊള്ളുമെന്ന്  കരുതി തന്നെ ... 
ഞങ്ങൾ അവിടെ എത്തുമ്പോൾ രമേശ് ചെന്നിത്തലയുടെ പ്രസംഗം നടക്കുന്നു ... വേദിയിൽ യൂ ഡി എഫിന്റെ സമുന്നതരായ നേതാക്കൾ ഇരിപ്പുണ്ട് ... ഞങ്ങൾ അവിടെ കുറച്ച് സമയം നിന്നു ... ഞാൻ ഇടക്ക് ഷാഫിയെ തട്ടുന്നുണ്ട് 'വാ പോവാം ' എന്ന് പറഞ്ഞ്  .. 
ഷാഫി പണ്ട് കോളേജിൽ എസ എഫ് ഐ യുടെ വീറുറ്റ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് ഇത്പോലെ കുറെപോലീസുകാരെ കണ്ടിട്ടുമുണ്ട് .. ഞാൻ പിന്നെ കോളേജിൽ പോകാത്തത് കൊണ്ട് നല്ല കുട്ടിയായിരുന്നു .... 
പ്രസംഗം ചൂട് പിടിച്ച് ചെന്നിത്തല മുഖ്യമന്ത്രി സ . പിണറായി വിജയനെ അടച്ചാക്ഷേപിക്കുന്നു ... ഞാൻ മെല്ലെ തിരിഞ്ഞ് പൊലീസുകാരെ നോക്കി .. അവരുടെ തലതൊട്ടപ്പനെ പറഞ്ഞിട്ട് ഒരു കൂസലുമില്ലാതെ ഞെളിഞ്ഞ് നിൽക്കുന്നു .. ഞാൻ മനസ്സിൽ പറഞ്ഞു ' ജനാതിപത്യം .....സ്വാതന്ത്ര്യം ..' 
ഷാഫിയെ വിളിച്ച് ഞങ്ങൾ അവിടന്ന് നടന്നു .. ഇനിയിപ്പോ ലാത്തിചാർജൊന്നുമുണ്ടാവില്ലന്ന് ഞങ്ങൾക്ക് മനസ്സിലായി ... അത്കൊണ്ട് നേരെ ചൊവ്വേ ശ്വാസം വിട്ട് ഞങ്ങൾ നെഞ്ചും വിരിച്ച് സെക്രട്ടറിയേറ്റിന്റെ മുന്നിലൂടെ മൃഗശാല ലക്ഷ്യമാക്കി നടന്നു ... കുഴപ്പമില്ലാത്ത ചൂടുണ്ട് ...
ഇരുപത് വർഷങ്ങൾ പിന്നിട്ട ഓർമ്മകളുടെ കവാടം തുറന്ന് കൗമാരക്കാരുടെ ആവേശത്തിൽ ഞങ്ങൾ ആ മൃഗശാലയിലേക്ക് നടന്നു കയറി ... 
ആ മ്യൂസിയത്തിന് ഒരു മാറ്റവുമില്ല .. നിറത്തിനും  രൂപത്തിനും ഞങ്ങളുടെ ഓർമ്മക്കാലം തന്നെ ...
മൃഗങ്ങൾ അന്നത്തെ പോലെ ഇന്നില്ല ... ഉള്ളത് തന്നെ കണ്ടാൽ ദയനീയ ഭാവം ... പിന്നെ മൃഗങ്ങളെ കാണാൻ കയറിയതല്ലല്ലോ ഞങ്ങൾ ഞങ്ങളുടെ കൗമാരകാലം നോക്കികാണുകയായിരുന്നു .... ആ കാലം ഓർമ്മിപ്പിക്കാൻ കോളേജിൽ നിന്ന് ചാടിവന്ന  കുറെ കമിതാക്കളെ കണ്ടു .... 
ഉച്ചയോടെ ഞങ്ങൾ പുറത്തിറങ്ങി പിന്നെ നേരെ മുന്നിലുള്ള ഒരു മ്യൂസിയത്തിൽ കയറി .. അവിടെ അധികം നിന്നില്ല ... കാര്യമായി ഒന്നുമില്ലായിരുന്നു അവിടെ ... 
പിന്നെ പ്രിയദർശിനി പ്ലാനിറ്റോറിയം കാണാൻ പോയി . പക്ഷെ ആ സമയത്ത് ഷോ ഇല്ല , അഞ്ചുമണിക്കാണെന്നാണ് ഓർമ്മ .. അങ്ങനെ ഇനി എന്ത് ചെയ്യും എന്നോർത്ത് കുറച്ച് സമയം ഇരിന്നു ... 
പിന്നെ അന്ന് നമ്മൾ കോവളം പോയിരുന്നല്ലോ എന്ന് പറഞ്ഞ് ഞങ്ങളുടെ റൂട്ട് കോവളത്തേക്ക് തിരിച്ചു ... 
അങ്ങോട്ട് എങ്ങിനെ ഏത് ബസ്സിൽ പോകുമെന്നറിയാതെ അടുത്തുള്ള ഒരു കടക്കാരനോട് ചോദിച്ചു .... 
അങ്ങനെ അയാൾ പറഞ്ഞതനുസരിച്ച് പോകാനായി ബസ്സ് കാത്ത് നിന്നു ...!!

യാത്ര 
തുടരും ......

#ഓർമ്മകളുടെ_അനന്തപുരി - 6
•••••••••••••••••••••••••••••

ബസ്സിലെല്ലാം നല്ല തിരക്കാണ് .. എങ്ങിനെ അതിൽ കയറിപറ്റും എന്ന് ചിന്തിച്ച് നിന്ന് രണ്ട് ബസ്സ് പോയി .. 
തിരക്കായാലും വേണ്ടില്ല ചാടിക്കയറുക തന്നെ എന്ന് ഉറപ്പിച്ച് നിന്നു ... ബസ്സ് വന്ന് നിന്നതും ഇടിച്ച്കയറി ഉള്ളിൽ കയറിപ്പറ്റി ...
കിഴക്കേ കോട്ടയിലേക്കുള്ള ബസ്സിൽ കയറിയാൽ അവിടന്ന് കോവളത്തേക്ക് ബസ്സ്‌കിട്ടും എന്ന് ആ കടക്കാരൻ പറഞ്ഞിരുന്നു ..
ഉച്ചഭക്ഷണത്തിന്റെ സമയം അതിക്രമിച്ചിരുന്നു ...അതായിരിക്കാം വല്ലാത്ത വിശപ്പ് അനുഭവപ്പെട്ടത് .. 
കിഴക്കേകോട്ടയിലെത്തിയപ്പോൾ നല്ലൊരു ഹോട്ടൽ തിരിഞ്ഞുനടന്നു .. വലിയകുഴപ്പമില്ലാത്ത ഒരു ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു ..
മട്ടൻ ബിരിയാണിയായത് കൊണ്ടാകാം യാത്ര ചെയ്ത ക്ഷീണത്തോടെ ഒരു മയക്കം കൂടിവന്നത് ..
അടുത്തുള്ള ഒരു പള്ളിയിൽകയറി നിസ്കരിച്ച് കുറച്ച് സമയം അവിടെ കിടന്ന് റസ്റ്റ് ചെയ്തു .. 
ഒരു പാതിമയക്കം തീർത്ത് ഞങ്ങൾ കോവളത്തേക്ക് ബസ്സ് കയറി .....വീണ്ടും ഓർമ്മകളുടെ തീരങ്ങളിലൂടെയുള്ള ഒരുയാത്ര ...! 
പഴയകാലങ്ങൾ അയവിറക്കിയും തമാശകൾ പറഞ്ഞും ഞങ്ങൾ യാത്ര തുടർന്നു ... 
കാലം എത്ര മാറിയാലും ശരീരം പ്രായം വിളിച്ച് പറഞ്ഞാലും ഞങ്ങളുടെ മനസ്സുകൾ കൗമാരത്തിന്റെ ചിറകുകളിൽ പറന്നുകളിച്ചു .... 
ജീവിതത്തിന്റെ കാലചക്രം തിരിഞ്ഞുപോയപ്പോൾ പലതും നേടിയെങ്കിലും അതിനേക്കാളെല്ലാം വലുതായിരുന്നു ഞങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു കെഎസ്ആർടി സി ഞങ്ങളെയും കൊണ്ട് കുതിച്ചു പാഞ്ഞത് ... കുസൃതി കുട്ടികളെ പോലെ യാത്ര ആസ്വദിച്ച് ബസ്സ് കോവളത്ത് എത്തിയത് അറിഞ്ഞില്ല ... 
കോവളത്ത് പഴയ തിരക്ക് കണ്ടില്ല .... ഞങ്ങൾ താഴേക്ക് ഇറങ്ങി നടന്നു ... കടൽ തീരത്ത് കടലിലേക്ക് മുഖം തിരിച്ച് ഒരു ചായക്കട കണ്ടു .. 
അതിൽ കയറി രണ്ട് ചായ ഓർഡർ ചെയ്തു ... 
ഞങ്ങൾ കടലിലേക്ക് നോക്കിയിരുന്നു ... കര പാതിമുക്കാലും കടൽ കവർന്നെടുത്തിരിക്കുന്നു .. 
ഞങ്ങൾക്ക് മുന്നിൽ ചായ കൊണ്ടു വെച്ചു .. 
" അല്ല ആശാനേ ഇവിടെ വെള്ളം പൊങ്ങിയിരുന്നോ ..? " 
" ഏയ് അത് ഈ സമയത്ത് ഇങ്ങനെ തന്നെയാ " 
ഷാഫി എന്നോട് വിജനമായ കരയിലേക്കുനോക്കി പറഞ്ഞു " ആരുമില്ലല്ലോ ഡാ " 
അത് കേട്ട കടക്കാരൻ പറഞ്ഞു 
" ഇപ്പൊ സീസണല്ലാ ... സീസണിൽ ആളുണ്ടാകും .." 
പക്ഷെ ഞങ്ങൾക്ക് സീസണൊന്നുമില്ലാത്തത് കൊണ്ട് വന്നത് നഷ്ടമായിപ്പോയി എന്നൊന്നും തോന്നിയില്ല ... 
കോവളം ബീച്ചിലൂടെ ഞങ്ങൾ ഓർമ്മകൾ പങ്കുവെച്ചും ഓർത്ത് ചിരിച്ചും നടന്നു ... 
അപ്പഴാണ് ആ പാറക്കെട്ടിന് മുകളിലെ ലൈറ്റ് ഹൗസ് കാണുന്നത് .. പലവട്ടം കോവളം വന്നിട്ടുണ്ടെങ്കിലും മദാമ്മ മാരെ നോക്കാന്നല്ലാതെ ആ ലൈറ്റ് ഹൗസ് ഭാഗത്ത് പോയിട്ടില്ല ... 
ഞങൾ അങ്ങോട്ട് നടന്നു .....
അകത്ത് കയറാനുള്ള ടിക്കറ്റ് എടുത്ത് അകത്ത് കയറി ... നല്ല രസമുള്ള സ്ഥലം ... 
ലൈറ്റ് ഹൗസിന് മുകളിൽ കയറിയപ്പോഴാണ് കോവളത്തിന്റെ മനോഹര കാഴ്ച്ചകൾ കണ്ടത് .. ഒരു പുതിയ അനുഭവമായിരുന്നു .... 
ഓർമ്മകളുടെ ചെപ്പിനുള്ളിൽ ഇതും പുതിയ ഒരനുഭവമായി ചേർത്ത് വെച്ചു .. 
ഇരുട്ടിത്തുടങ്ങിയപ്പോൾ ഞങ്ങൾ അവിടത്തെ കാഴ്ചകൾക്ക് തിരശീലയിട്ട്  തിരിച്ച് പോകാൻ ബസ്സ് കാത്ത് ആ ബസ്റ്റോപ്പിൽ ഇരുന്നു ... 
അവിടെ ഒരു ടി വി യിൽ നീലഗിരി സിനിമ വെച്ചിട്ടുണ്ട് ... എല്ലാവരും അതിൽ കണ്ണിട്ട് ഇരിപ്പുണ്ട് ... 
ഞാനും ഷാഫിയും ഇനി എന്നാ നമ്മൾ ഇത്പോലെ കോവളത്തേക്ക് വരിക എന്ന് പരസ്പരം ചോദിച്ച് ഒരു നെടുനിശ്വാസം വിട്ടു ... 
ഞങ്ങൾ ബസ്സിൽ കയറിയിരുന്നു ... ഞങ്ങളുടെ യാത്ര തുടർന്നു .....

#ഓർമ്മകളുടെ_അനന്തപുരി - 7
•••••••••••••••••••••••••••••
രാത്രി എട്ട് മണികഴിഞ്ഞുകാണും ബസ്സ് കിഴക്കേ കോട്ടയിലെത്താൻ ഞങ്ങൾ അവിടെ ഇറങ്ങി .. 
ഇനി തമ്പാനൂർ പോണം ... ഓട്ടോയിൽ പോണോ ബസ്സിന് പോണോ എന്ന് ചർച്ച ചെയ്തെങ്കിലും ഒടുവിൽ അനന്തപുരിയുടെ മനോഹരമായ  രാത്രി കാഴ്ചകൾകണ്ട് തെരുവിലൂടെ എന്തെങ്കിലുമൊക്കെ സംസാരിച്ച് നടക്കാമെന്നായി .... 
അങ്ങനെ ഞങ്ങൾ ഒരു ഓട്ടോ കാരനോട് വഴിചോദിച്ച് നടന്നു ... 
ഞങ്ങൾക്കത് പുതിയ ഒരു അനുഭവമായി ...
നടന്ന് നടന്ന് ഞങ്ങൾ താമസിക്കുന്ന സ്ഥലം കിട്ടുന്നില്ല .. അതുവഴിവന്ന ഒരു പ്രായം ചെന്നയാളോട് ആയുർവേദ കോളേജിന്റെ അങ്ങോട്ടുള്ള വഴി ചോദിച്ചു ... 
അപ്പഴാണ് ഞങ്ങൾ നടന്ന വഴി ഒരുപാട് തിരിച്ച് നടക്കണം എന്ന് മനസ്സിലായത് ... 
വീണ്ടും നടന്നു ... അങ്ങനെ ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ കണ്ടുപിടിച്ച് റൂമിലെത്തുമ്പോൾ 9 .30 കഴിഞ്ഞിരുന്നു ... 
പിന്നെ നന്നായി ഒന്ന് കുളിച്ച് ഫ്രഷായി നല്ലൊരു ഹോട്ടലും നോക്കി നടന്നു .. 
അങ്ങനെ രാത്രി ഭക്ഷണം കഴിഞ്ഞ് റൂമിലെത്തി കുറച്ച് സമയം സംസാരിക്കുമ്പോഴേക്കും ഞാൻ ക്ഷീണം കൊണ്ട് ഉറക്കത്തിന്റെ ഇരുട്ടറയിലേക്ക് സ്വപ്നകാഴ്ചകൾ കാണാനായി ഊളിയിട്ടു ....
ഷാഫി എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ് കിടന്നിരുന്നു .. 
രാവിലെ നേരെത്തെ എഴുന്നേറ്റ് നടന്നു ... പ്രഭാത സവാരി ആവുകയും ചെയ്തു പള്ളിയിയിൽ പോയി നിസ്കരിച്ചു . 
നല്ലൊരു ചായയും കുടിച്ച് റൂമിലേക്ക് നടക്കുമ്പോൾ ഇന്ന് ഇനി എങ്ങോട്ടെല്ലാം പോകണമെന്നുള്ള ചർച്ചയായിരുന്നു ..
ഇന്ന് വൈകീട്ട് 5 .30 നുള്ള ഗുരുവായൂർ എക്സ്പ്രസ്സിൽ നാട്ടിലേക്ക് തിരിക്കും അതിനുള്ളിൽ പോകാൻ പറ്റുന്നിടത്ത് പോണം. ... 
ഞങ്ങൾ റൂമിൽ പോയി കുറച്ച് റസ്റ്റ് ചെയ്ത് ഏകദേശം ഒരു 9.30 ന് ബാഗ് എടുത്ത് റൂം വെക്കേറ്റ് ചെയ്തു ..... 
ഒരു ഓട്ടോ പിടിച്ച് നേരെ പ്രിയദർശിനി പ്ലാനിറ്റോറിയത്തിലേക്ക് പോയി ... 
10.30 നാണ് ഷോ തുടങ്ങുന്നത് ...
ഞങ്ങൾ അടുത്തുള്ള ബി എസ് എൻ എൽ ന്റെ കാന്റീനിൽ പോയി ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ... 
പിന്നെ അടുത്തുള്ള പാർക്കിലെല്ലാം ഒന്ന് നടന്ന് ഫോട്ടോസ് എടുത്തു ... 
ആ സ്ഥലത്തിനൊന്നും ഒരു മാറ്റവുമില്ല .. പണ്ട് സ്ഥാപിച്ച അതേ റോക്കറ്റ് അവിടെ തന്നെ ഉണ്ടായിരുന്നു ... അന്ന് കൗതുകമായിരുന്നെങ്കിൽ ഇന്ന് ഇതെല്ലാം കാണുമ്പോൾ ഇതൊക്കെ ഒന്ന് മൈന്റൈൻ ചൈയ്തുടെ എന്ന് മനസ്സിൽ പറഞ്ഞു. ... 
ഞങ്ങൾക്ക് പഴയകാല ഓർമ്മകളുടെ പൂക്കൾ വാരിവിതറി നിഷ്കളങ്കമായ ചിരിയോടെ രണ്ട് ബസ്സ് നിറയെ സ്‌കൂൾ കുട്ടികൾ ... 
സന്തോഷമായി .....അവരോടൊപ്പം പഴയ കുട്ടികളായി ഇരുന്ന് കാണാലോ .... 
പണ്ട് ഇവിടെ ഇത് കാണാൻ വന്നിട്ട്  തിയേറ്ററിനുള്ളിലെ എ സി കാരണം സുഖമായി ഉറങ്ങിയിട്ടുണ്ട് .. 
ഷോ തുടങ്ങാനായി...
 ടീച്ചേർസ് കുട്ടികളെ അടക്കിയിരുത്താൻ പാട് പെടുന്നുണ്ട് ... കുട്ടികളുടെ കൂട്ടത്തിൽ ഞങ്ങൾ ഇരുന്ന് ഷോ കണ്ടു ... 
പണ്ട് കണ്ട ഷോ അല്ല , ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട്.... പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നല്ല കാഴ്ചകൾ ... അതെല്ലാം ഒന്ന് പോയി കാണുന്നത് നല്ലതാണ് ...
ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പിന്നെ എങ്ങോട്ടും പോകാനുള്ള സമയമില്ല വെള്ളിയായാഴ്ച്ചയായത് കൊണ്ട് ജുമുഅ ക്ക് പോകാനുള്ള സമയമായിത്തുടങ്ങിയിരുന്നു ...
അവിടന്ന് അടുത്തുള്ള പാളയം ജുമാമസ്ജിദിൽ പോയി ... 
ഇന്നും നഗരം സമരമുഖം തന്നെ ... ബി ജെ പി യുടെ പ്രകടനമായിരുന്നു ... 
ജുമുഅ കഴിഞ്ഞ് യാത്ര 

തുടരും ....

#ഓർമ്മകളുടെ_അനന്തപുരി - 8
•••••••••••••••••••••••••••••

തിരുവനന്തപുരത്തുണ്ട് എന്ന് പോസ്റ്റിട്ടപ്പോൾ തിരുവനന്തപുരത്തുള്ള ചിലരെല്ലാം കമന്റിലും ഇൻബോക്സിലും വന്ന് അവരുടെ സ്നേഹാന്വേഷണം നടത്തിയിരുന്നു ... 
അതിൽ ഒന്ന് കാണണം എന്ന് പറഞ്ഞ ഒരു നല്ലമനസ്സുണ്ടായിരുന്നു ... നമ്പർ തന്നു വിളിച്ചു സംസാരിച്ചു തിരിച്ച് പോകും മുൻപ് പറ്റുമെങ്കിൽ നേരിൽ കാണാമെന്ന് പറഞ്ഞിരുന്നു .... 
ഒരു കോലോത്തെ തമ്പുരാട്ടിയുണ്ട് ... ആ തമ്പുരാട്ടിയെ ഒന്ന് നേരിൽ കണ്ടാലോ എന്ന് ആലോചിച്ച് സ്ഥലം ചോദിച്ചറിഞ്ഞു .. പിന്നെ വേണ്ടന്ന് വെച്ചു ... അങ്ങോട്ട് കയറിച്ചെന്നാൽ കോലോത്തുള്ളോർക്ക് ചിലപ്പോ ഇഷ്ടപ്പെടില്ല എന്ന് കരുതി ....
എന്നെ കാണാം എന്ന് പറഞ്ഞ ആ മഹാമനസ്സ് രഘു വാര്യർ ആയിരുന്നു ... 
പാളയം പള്ളിയിൽ നിന്ന് ഇറങ്ങി മൊബൈൽ എടുത്ത് നോക്കിയപ്പോൾ രഘു വാര്യരുടെ മിസ്സ് കോൾ .. ഞാൻ തിരിച്ച് വിളിച്ചു ..
എവടെ ഉള്ളത് എന്ന ചോദ്യത്തിന് ഞാൻ പാളയം പള്ളിയുടെ മുന്നിലുണ്ട് എന്ന് പറഞ്ഞു .. 
തൊട്ട് മുന്നിലുള്ള ഹോട്ടലിൽ കയറി നിങ്ങൾ ഭക്ഷണം കഴിക്കുമ്പോഴേക്കും ഞാനങ്ങോട്ട് എത്തിക്കോളാമെന്നും പറഞ്ഞു ...
ഞാൻ ഷാഫിയോട് കാര്യം പറഞ്ഞു .. 
" എടാ എന്നെ കാണാൻ ഒരാള് വരുന്നുണ്ട് നമുക്ക് ആ ഹോട്ടലിൽ നിന്ന് ഫുഡ്ഡ്‌ കഴിക്കാം അപ്പോഴേക്കും ആള് വരും ...."
ഷാഫി സത്യത്തിൽ വല്യ കാര്യമായി ഫേസ്‌ബുക്ക് നോക്കുന്ന ആളൊന്നുമല്ല .. അത് കൊണ്ട് തന്നെ അതിലെ ഒരു സുഹൃത്ത് കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ അവന് അത് അത്ര വലിയ കാര്യമായിട്ടൊന്നും തോന്നിയില്ലന്ന് അവന്റെ മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തു ... 
ആ ഹോട്ടലിൽ നല്ല തിരക്കുണ്ട് .. കുറച്ച് സമയം കാത്ത്നിന്ന് ടേബിൾ കാലിയായ ഉടൻ ചാടിയിരുന്നു ... 
ഞങ്ങളുടെ അടുത്തിരിന്നിരുന്ന ഒരു സുഹൃത്ത് പറഞ്ഞു ഇവിടത്തെ സ്പെഷ്യൽ മട്ടൻബിരിയാണി ആണെന്ന് ... എന്നാപ്പിന്നെ രണ്ട് പ്ളേറ്റ് പോരട്ടെ എന്ന് ഞങ്ങളും ...
ഭക്ഷണം കഴിച്ച് തീരുമ്പോഴേക്കും രഘു വാര്യരുടെ ഫോൺ വന്നു .. ആള് അവിടെ എത്തി എന്ന് പറയാൻ ... 
ഞങ്ങൾ വേഗം കഴിച്ച് തീർത്ത് ബില്ലും കൊടുത്ത് പുറത്തിറങ്ങി ... 
ആളെ കാണാതെ ഞാൻ ഫോൺ ചെയ്തു .. ചില അടയാളങ്ങൾ പറഞ്ഞതനുസരിച്ച് ഒടുവിൽ വണ്ടി പാർക്ക് ചെയ്തത് കണ്ടു .. ഞങ്ങൾ അങ്ങോട്ട് പോയി കാറിൽ കയറി ... 
എവിടെയോ കിടക്കുന്ന ഞങ്ങൾ ഒരു വിരൽ തുമ്പ്‌കൊണ്ട് അറിയുകയും അതുവഴി നേരിൽ കാണാൻ ആഗ്രഹിക്കുകയും പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയുമൊക്കെ ചെയുന്ന ഒരു വേറിട്ട അനുഭൂതിയുണ്ട് ഫേസ്‌ബുക്ക് എന്ന മീഡിയക്ക് ...
വാര്യരുടെ കൂടെ ഷാജി എന്നൊരു സുഹൃത്ത് കൂടിയുണ്ട് ഞങ്ങൾ കൈകൊടുത്ത് പരസ്പരം പരിചയപ്പെട്ടു ... 
എവിടെയെങ്കിലും ഇരുന്ന് സംസാരിക്കാമെന്ന് തീരുമാനിച്ച് വണ്ടി നേരെ ഇ എം എസ്സ് പാർക്കിലേക്ക് ....
എന്നെ കണ്ടിട്ട് വാര്യരുടെ ആദ്യ കമന്റ് വന്നത് 
" നിങ്ങളെ താടിയും ഫോട്ടോയൊക്കെ കണ്ടപ്പോൾ ഏതോ ഭീകരനാണെന്ന് കരുതി പക്ഷെ നേരിൽ കണ്ട് സംസാരിച്ചപ്പോഴല്ലേ ആളൊരു പച്ചപാവമാണെന്ന് മനസ്സിലായത് ..." 
വാര്യരെ പോലെ പലരും അങ്ങനെ തെറ്റിദ്ധരിച്ച് വെച്ചിട്ടുണ്ടാകും .....ഇതുപോലെ നേരിൽ കാണുമ്പോൾ എല്ലാം മാറിക്കോളും ....
വാര്യരുടെ ഭാര്യ മെഡിക്കൽകോളേജിൽ ഡോക്ടറാണെന്ന് പറഞ്ഞു ... വാര്യരും പത്രങ്ങളിലും മറ്റും ജോലിചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു ... 
ഷാഫിക്ക് അപ്പഴാണ് മനസ്സിലായത് ഫേസ്‌ബുക്ക് വെറുമൊരു ബുക്കല്ല  , അതിലിരിക്കുന്നവർ ഒരുപണിയുമില്ലാത്തവരല്ല എന്ന് ... എന്നെ കാണാൻ ഫേസ്ബുക്കിലുള്ള ഒരാള് വരുന്നു എന്ന് കേട്ടപ്പോൾ മുഖം ചുളിച്ച അവൻ വാര്യരെ പരിചയപ്പെട്ടപ്പോൾ വലിയ സന്തോഷമായി ....
ഞങ്ങൾ കുറച്ച് സമയം അവിടെ ഇരുന്ന് സംസാരിച്ച് ഫോട്ടോ എടുത്ത് പലതമാശകളും പറഞ്ഞ് പുതിയ ഒരു സൗഹൃദത്തിന് തിരികൊളുത്തി .... 
വാര്യർക്ക് തിരുവനന്തപുരത്തെ സ്‌പെഷ്യൽ എന്തെങ്കിലും വാങ്ങിത്തരണമെന്നുണ്ടായിരുന്നു ...അതിനേക്കാൾ മധുരമുണ്ട് ഈ ഒത്ത്‌ചേരലിന് എന്ന് പറഞ്ഞ് ഞാൻ വാര്യരെ തടഞ്ഞു ... 
എങ്ങോട്ടെങ്കിലുമൊക്കെ പോകാനാണെങ്കിൽ അവർക്കും ഞങ്ങൾക്കും സമയമില്ലായിരുന്നു ... 
എന്തായാലും ഉള്ള സമയത്ത് തൊട്ടടുത്തുള്ള നിയമസഭാ മന്ദിരം ഒന്ന് കണ്ട് പൊയ്ക്കോളാൻ വാര്യര് പറഞ്ഞപ്പോൾ അതിന്റെ മുന്നിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് പോകാമെന്നാണ് കരുതിയത് ...
പക്ഷെ ഞങ്ങൾക്ക് പ്രതീക്ഷിക്കാത്ത അവസരമാണ് വീണുകിട്ടിയത് ..... 
അത് അടുത്ത എപ്പിസോഡിൽ പറയാം ... 
തൽക്കാലം വാര്യരെ യാത്രയാക്കാം ....
സന്തോഷം പങ്കിട്ട് ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞു ... 
ഇനി എന്ന് കാണും എന്ന് പറഞ്ഞില്ല .. എന്നും കാണുമല്ലോ എന്ന് ഞങ്ങൾക്ക് അറിയാം .... 
അപ്പൊ വാര്യർക്കും ഷാജിക്കും സ്നേഹത്തിന്റെ ഒരാലിംഗനം തരുന്നു .... 
സന്തോഷം .....സ്നേഹം ... 
വന്നതിന് .....കണ്ടതിന് ....
ഞങ്ങളുടെ യാത്ര 
തുടരും .....

#ഓർമ്മകളുടെ_അനന്തപുരി - 8
•••••••••••••••••••••••••••••

രഘു വാര്യർ യാത്ര പറഞ്ഞ് വണ്ടിയെടുക്കാൻ പോയി .. അതുവരെ വാര്യരുടെ സുഹൃത്ത് ഞങ്ങളുടെ കൂടെ നിന്നു ... 
ഞങ്ങളിപ്പോൾ നിയമസഭാ മന്ദിരത്തിന്റെ മുന്നിലാണ് നിൽക്കുന്നത് .. നമ്മുടെ നാട് ഭരിക്കുന്ന ആ മനോഹര കൊട്ടാരം നോക്കി ഞാൻ ഷാജിയോട് പറഞ്ഞു , 
" ഇതിനകത്ത് കയറി കാണാനുള്ള വല്ല വഴിയുമുണ്ടോ ആവോ ... " 
ഷാജി അറിയില്ല എന്നമട്ടിൽ കണ്ണും മിഴിച്ച് ആലോചിച്ച് നിക്കുമ്പോഴാണ് ഞങ്ങളുടെ മുന്നിലൂടെ എന്റെ ഡയലോഗ് കേട്ട് അതിനകത്ത് ജോലി ചെയ്യുന്ന ഒരു സ്ത്രീ കടന്നുപോകുന്നത് .. 
" കേറാൻ പറ്റും ..."
ആ സ്ത്രീ അത് പറഞ്ഞപ്പോൾ സന്തോഷമായി ...
എങ്ങനെ അതിന്റെ പരിപാടി ... 
എനിക്ക് ആവേശമായി ...കൂടെ ഷാഫിക്കും ..
" ഒന്നുമില്ല അവിടെ എൻട്രൻസിൽ നിങ്ങളുടെ അഡ്രസ്സ് കൊടുത്താ മതി ... " 
ഞങ്ങൾക്ക് സന്തോഷമായി .....അപ്പോഴേക്കും രഘുവാര്യർ വണ്ടിയുമായി വന്ന് ഷാജി അതിൽ കയറി യാത്ര പറഞ്ഞ് പിരിഞ്ഞു ... 
ഞങ്ങൾ ആദ്യം നേരെ ചീഫ് സെക്രട്ടറിയുടെ വസതിയും സ്പീക്കർ താമസിക്കുന്ന വസതിയുമെല്ലാം സ്ഥിതിചെയ്യുന്ന നിയമസഭാ മന്ദിരത്തിന്റെ തൊട്ടടുത്ത് ഉള്ള ആ മനോഹര സ്ഥലം കാണാൻ പോയി .... 
അവിടെ ഒരു പഴയ ചരിത്ര മ്യുസ്സിയവും ജി കാർത്തികേയൻ പണികഴിപ്പിച്ച പുതിയ ഹൈഡ്രോളിക്ക് മ്യൂസിയവും ഉണ്ട് ... 
രണ്ടും ഞങ്ങൾ ഒന്ന് ഓടിച്ചിട്ട് കണ്ടു .... ഒരു രൂപ പോലും ടിക്കറ്റ് വേണ്ട ...ഫ്രീ ... 
ഒരുപാട് അറിവുകൾ നമുക്ക് ലഭിക്കും ... പഴയ കാല കേരളത്തിന്റെ രൂപവും ഭരണ കർത്താക്കളും പല ചരിത്ര വഴികളും സ്മാരകങ്ങളും .... 
സി എച്ച് മൊഹമ്മദ്കോയയുടെ തൊപ്പി , ഇ എം എസ്സിന്റെ കണ്ണട , ഇ കെ നായനാർ അവസാന കാലത്ത് ഉപയോഗിച്ച മൊബൈൽ ഫോൺ ... അങ്ങനെ പലതും .... 
ചരിത്രപരമായും രാഷ്ട്രീയപരമായുമുള്ള പല അറിവുകളും അവിടന്ന് കിട്ടും ... അവിടെ അതെല്ലാം എത്ര സമയം വേണമെങ്കിലും നമുക്ക് വിശദീകരിച്ച് തരാൻ ആളുകളുണ്ട് ... അവർ എത്രമാന്യമായിട്ടാണ് പെരുമാറുന്നത് ... 
സമയം കുറവ് കാരണം ഞങ്ങൾ പിന്നെ നിയമ സഭ കാണാൻ പോയി .. 
ആദ്യം മ്യൂസിയം കണ്ടത് അത് നാല് മാണി വരെ ഉളളൂ എന്നത് കൊണ്ടാണ് ...
നിയമസഭാ മന്ദിരത്തിലേക്ക് കടക്കാൻ ഒരു ചെറിയ കവാടമുണ്ട് .. അവിടെ ചില ഉദ്യോഗസ്ഥർ ഇരിക്കന്നുണ്ട് ... 
നിയമസഭ കാണാൻ വന്നതാ എന്നറിയിച്ചപ്പോൾ ഞങ്ങൾ കരുതി സർക്കാരുദ്യോഗസ്തരുടെ തനികൊണം കാണിക്കുമെന്ന്  ... പക്ഷെ അവിടെയും ഞങ്ങളെ അത്ഭുതപ്പെടുത്തി .. എന്തൊരുമാന്യമായിട്ടാണ് അവർ പെരുമാറുന്നത് ...ഇനി പിണറായി സഖാവിന്റെ ഭരണമായ കാരണമാണോ എന്നും തോന്നിപ്പോയി ....
ഞങ്ങളുടെ മൊബൈലും ബാഗും എല്ലാം അവിടെ വാങ്ങിച്ചുവെച്ചു ... 
ഞങ്ങളെ പോലെ മലപ്പുറത്ത് നിന്ന് മൂന്ന് പിള്ളേഴ്സ് ഉണ്ടായിരുന്നു അവരും ഞങ്ങളും ഒരു ടീമായി ...ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു തരാൻ കൂടെ ഒരാളും വന്നു ... ആളുടെ പേര് ഓർക്കുന്നില്ല .. നല്ല രസകരമായി സംസാരിക്കുന്ന അയാളുടെ ഓരോ സ്ഥലത്തെത്തുമ്പോൾ ഉള്ള വിശദീകരണം കേട്ട് ഞങ്ങൾക്ക് ചിരിവന്നു ... 
സ്പീക്കർ , മുഖ്യമന്ത്രി അങ്ങനെ തുടങ്ങി പല പ്രമുഖരുടെയും ഓഫീസ് കണ്ടു .... 
പിന്നെ തിയേറ്ററിനകത്തേക്ക് കയറും പോലെ ഞങ്ങൾ നിയമസഭാ കൂടുന്ന ആ മഹനീയ വേദിയിലേക്ക് കടന്നു ... 
ഞങ്ങൾ ഗാലറിയിലിരുന്ന് താഴെ നിയമസഭയുടെ ആ രാജകീയ പ്രൗഢി നോക്കിക്കണ്ടു ... ഓരോ ഭാഗമായി അയാൾ ഞങ്ങൾക്ക് വളരെ രസകരമായി വിശദീകരിച്ചു തന്നു ... 
ചാനലുകളിൽ കണ്ടുപരിചമുള്ള ആ സ്ഥലം നേരിട്ട് കണ്ടപ്പോൾ എന്റെ കണ്മുന്നിൽ പല നേതാക്കളും അവിടെ ഇരിക്കുന്നതായി കണ്ടു .... 
ഒരുപാട് സന്തോഷം തോന്നി ... ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ അതിനകത്ത് കയറുമെന്നോ ഇങ്ങനെയൊക്കെ അറിയാൻ പറ്റുമെന്നോ ...!!!!
ഞങ്ങൾക്ക് തിരിച്ച് പോകാനുള്ള ട്രെയിനിന്റെ സമയമായി ... 
അത്കൊണ്ട് അവിടന്ന് വേഗം ഇറങ്ങി ... ഇനി നിയമസഭാ കൂടുമ്പോൾ നേരിട്ട് അതെല്ലാം കാണാൻ വരാമെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി ... 
നിയമസഭ കൂടുമ്പോൾ ഒരു എം എൽ എ യുടെ ലാറ്ററുമായി പോയാൽ അതിനകത്ത് കയറി ഗാലറിയിലിരുന്ന് നമുക്ക് കാണാം ...
ഇനി മടങ്ങാനുള്ള തയ്യാറെടുപ്പായി ...

തുടരും ...

#ഓർമ്മകളുടെ_അനന്തപുരി - അവസാന ഭാഗം 
•••••••••••••••••••••••••••••

ഓഗസ്റ്റ് 29 ന് ആരംഭിച്ച ഓർമ്മകളുടെ അനന്തപുരി ഇതോടുകൂടി അവസാനിക്കുകയാണ് .. 
ഇത് വെറും ഒരു യാത്രാ വിവരണമല്ല .. പഴകാല ഓർമ്മകളെ തൊട്ടുണർത്തലായിരുന്നു ..
അവസാന ഭാഗത്തിന്റെ പോസ്റ്റർ കണ്ടില്ലേ ... ഈ യാത്രയിലെ ഞാനും ഷാഫിയുമാണ് ... പത്തോൻപത് വർഷങ്ങൾക്ക് മുൻപ് ഇതേപോലെ ഒരു യാത്ര നടത്തിയതിന്റെ ഓർമ്മചിത്രമാണ് ....
അന്ന് പോയ വഴികളിലൂടെ ഉള്ള ഒരു സഞ്ചാരമായിരുന്നു ഓർമ്മകളുടെ അനന്തപുരി ... 

നിയമസഭ മന്ദിരം കണ്ട് ഞങ്ങൾ റയിൽവേസ്റേഷനിലേക്ക് പോയി ... തിരിച്ച് പോകും മുൻപ് അന്ന് കയറിയ അതെ ഇന്ത്യൻ കോഫി ഹൗസിൽ കയറി കോഫിയും കറ്റലൈറ്റും കഴിച്ചു ...
5 .30 നുള്ള ഗുരുവായൂർ എക്സ്പ്രസ്സിലാണ് ഞങ്ങൾ തിരിക്കുന്നത് .. 
ഞങ്ങൾ ട്രെയിനിൽ കയറി പോകാൻ പതിനഞ്ച് മിനിറ്റ് ബാക്കിയുണ്ട് ..ട്രെയിനിൽ അധികവും കോളേജ് പിള്ളേർ ...അടിപൊളി ...!
വെള്ളിയാഴ്ച്ച ആയത്കൊണ്ടാവും ഇനി രണ്ട് ദിവസം കോളേജില്ല ആ ഗ്യാപ്പിൽ നാട്ടിൽ പോകുന്ന കോളേജിലെ പുതിയ പിള്ളേരാണ് .. 
പഴയകാല ഓർമ്മകൾ അയവിറക്കിയുള്ള യാത്ര തിരിക്കുമ്പോൾ പിള്ളേരോത്ത് എൻജോയ് ചെയ്ത് പോകുന്നത് ഒരു രസമായിരുന്നു ... 
ഇപ്പഴത്തെ പിള്ളേര് കൊള്ളാം ... അവർ ഫുൾ ജോളിയാണ് ... ഞങ്ങളും അവരോടൊത്ത് നല്ല ജോളിയായി യാത്ര ചെയ്തു ... 
കുറെ നല്ലനിമിഷങ്ങളും നല്ല ഓർമ്മകളും സ്വന്തമാക്കി ഞങ്ങൾ അനന്തപുരിയോട് യാത്ര പറഞ്ഞു ....
രാത്രി 12 മണി കഴിഞ്ഞു ഗുരുവായൂരെത്താൻ ... 
റെയിൽവേക്ക് പുറത്തിറങ്ങി ഞങ്ങൾ വന്ന കാറിൽ കയറി വീട്ടിലേക്ക് തിരിക്കാൻ നോക്കിയപ്പോൾ വണ്ടി സ്റ്റാർട്ടാവുന്നില്ല .. ബാറ്ററി വീക്കായതാണ് .. പിന്നെ ഒന്നും നോക്കിയില്ല വലിഞ്ഞു നടന്നു ബസ്റ്റാന്റിന്റെ മുന്നിലേക്ക് ...അവിടന്ന് വല്ലതും കഴിച്ച് പോകാമെന്ന് കരുതി ... പക്ഷെ നല്ല കടകളൊന്നുമില്ല .. പിന്നെ ഒരു ഓട്ടോപിടിച്ച് പടിഞ്ഞാറേ നടയിലേക്ക് ... അവിടന്ന് വെള്ളപ്പവും കടലക്കറിയും കഴിച്ച് വീണ്ടും ഒരു ഓട്ടോപിടിച്ച് ഞങ്ങളുടെ നാട്ടിലേക്ക് ... വടക്കേക്കാട്ടേക്ക് ...
ചെറിയ മഴ ചാറുന്നുണ്ട് .... 
ഒരുപാട് കാലം നാട് വിട്ടപോലെ ഞങ്ങൾ ഓട്ടോക്കാരനോട് ഓരോന്ന് ചോദിച്ചു ... 
"ഇവിടെ ഇപ്പോഴും മഴയൊക്കെ ഉണ്ടോ ബോസേ ......?"

ഞങ്ങളുടെ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു ...

പുതിയ വിശേഷങ്ങളുമായി ഞാൻ വീണ്ടും വരാം .....ഇന്ഷാ അള്ളാ ... 
സഹകരിച്ചവർക്കും സഹിച്ചവർക്കും ഇഷ്ടപ്പെട്ടവർക്കും വായിച്ച് കഷ്ടപ്പെട്ടവർക്കും ഒരുപാട് ഒരുപാട് സ്നേഹം അറിയിക്കുന്നു ... ഞാനും എന്റെ സുഹൃത്ത് ഷാഫിയും .....

അവസാനിച്ചു ..!!

Sunday, August 25, 2019

വയനാട്

#ഞമ്മടെ_താമരശ്ശേരി_ചൊരം  ഭാഗം - 1 
•••••••••••••••••••••••••••••••••••••••

യാത്ര എപ്പോഴും പുതിയ അനുഭവങ്ങൾ നൽകും .. പുതിയപാഠങ്ങൾ നൽകും .. 
പുതിയ ഓർമ്മകൾ നൽകും ... 
എന്നെന്നും ഓർത്ത് വെക്കാൻ ചേർത്ത് വെക്കാൻ ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി നല്ലനിമിഷങ്ങളെ സമ്മാനിക്കലാണ്  ഓരോ യാത്രകളും .... 
ഇതൊരു യാത്രാ വിവരണമായൊന്നും കണക്കുകൂട്ടണ്ട ...
ചുമ്മാ ഒരെഴുത്തായി കണ്ടാൽ മതി .....
ഇതിൽ എന്നോടൊപ്പം യാത്ര ചെയ്തവർ ഡ്രൈവറടക്കം പതിനൊന്ന് പേരാണ് ... പക്ഷെ ആരുടേയും പേര് പ്രതിപാദിക്കുന്നില്ല .... മറ്റൊന്നും കൊണ്ടല്ല ആവിശ്യമില്ലന്ന് തോന്നി .....
എന്റെ ജീവിതത്തിൽ പലയാത്രകളും നടത്തിയിട്ടുണ്ട് , യാത്രകൾ എനിക്കെന്നും പ്രിയപ്പെട്ടതാണ് ....ചിലയാത്രകൾ കാലേകൂട്ടി ദിവസവും സമയവും സ്ഥലവും നിശ്ചയിച്ച് പൊക്കുന്നവയും , ചിലയാത്രകളാകട്ടെ പെട്ടന്നുള്ള , പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നുമില്ലാത്ത യാത്രകളും ആയിരിക്കും .
ഈ യാത്രക്ക് മുൻപുള്ള ചർച്ചകൾ പലവട്ടം നടന്നു ... 
വാഗമൺ , വയനാട് , ആലപ്പുഴ ഹൗസ്ബോട്ട് അങ്ങനെ സ്ഥലത്തെ കുറിച്ച് പല ചർച്ചകളും നടന്നു ...
ബഹുഭൂരിഭാഗം പേരും എങ്ങോട്ടായാലും കുഴപ്പല്ല യാത്ര ആയാൽ മതി എന്ന അഭിപ്രായക്കാരാണ് ... എന്നാൽ കൂട്ടത്തിൽ ഒരാൾക്ക് വയനാട് പോണം എന്ന വലിയ ആഗ്രഹം പ്രകടിപ്പിച്ചു ... 
പണ്ട് ഒരു സിനിമയിൽ പപ്പു പറഞ്ഞു കേട്ടുതുടങ്ങി സുഹൃത്തുക്കളുടെ നാവിലൂടെ തത്തിക്കളിച്ച 'ഞമ്മടെ താമരശ്ശേരി ചൊരം ' ജീവിതത്തിൽ അയാൾ ഒരിക്കൽ പോലും കണ്ടിട്ടില്ലന്ന് പറഞ്ഞപ്പോൾ , അവസാനചർച്ചയിലും വാഗമൺ തീരുമാനിക്കുകയും എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തിട്ടും , ആ ഒരാളുടെ ഇഷ്ടത്തിന് , ആഗ്രഹത്തിന് പത്ത്‌പേരുടെയും മനസ്സ് വയനാട്ടിലേക്ക് തിരിച്ചുവെച്ചു .... 
അത് കൊണ്ട് തന്നെയാണ് ഈ യാത്രാ കുറിപ്പിന് ' ഞമ്മടെ താമരശ്ശേരി ചൊരം ' എന്ന് പേരിട്ടത് .... 
പരസ്പരം വിട്ടുവീഴ്ചയും സ്നേഹവും ഐക്യവും തന്നെയാണ് ഇതുപോലുള്ള യാത്രകളിലെ ആദ്യപാഠവും .... 
യാത്രക്ക് മുൻപ് വയനാട്ടിലെ പൊന്മുടിക്കോട്ട എന്നസ്ഥലത്ത് ഒരുമലമുകളിൽ ഒരു റിസോർട്ട് കൂടെയുള്ള , അവിടെ മുൻപ് പോയി പരിചയമുള്ള ഒരുസുഹൃത്ത് ബുക്ക് ചെയ്തു .. യാത്രക്കായി ട്രിപ്പ് ടു വയനാട് എന്നൊരു വാട്സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരുന്നു .. റിസോർട്ടിന്റെ ഫോട്ടോസും വീഡിയോസും ആ സുഹൃത്ത് ഗ്രൂപ്പിൽ പോസ്റ്റുചെയ്തു ... എല്ലാവർക്കും ഇഷ്ടമായി .. പക്ഷെ, അങ്ങോട്ട് വണ്ടിപോവില്ല ഒരൽപം നടക്കണം എന്നുകൂടി ആ സുഹൃത്ത് പറഞ്ഞു ..എന്നാൽ നടക്കാനുള്ള ദൂരത്തെ കുറിച്ച് ചിലർക്ക് സംശയംവന്നു .. ഒടുവിൽ ആ സുഹൃത്ത് എല്ലാവർക്കും മനസ്സിലാവാൻ നാട്ടിലുള്ള ഒരു ചെറിയ ദൂരപരിധി പറഞ്ഞു .. അത് അത്ര വലിയ ദൂരമൊന്നുമല്ലാന്ന് തോന്നി ... 
അങ്ങനെ പോകാനുള്ള സ്ഥലം വയനാട് , ദിവസം ജൂൺ 14 വെള്ളി , സമയം കാലത്ത് 6 .30 , വാഹനം ട്രാവലർ  എന്ന്  തീരുമാനിച്ചു ...  

യാത്ര തുടരും ...

#ഞമ്മടെ_താമരശ്ശേരി_ചൊരം  - 2 

•••••••••••••••••••••••••••••

രാത്രിയിലെ ഉറക്കക്ഷീണം വകവെക്കാതെ ഞാൻ നേരെത്തെ തന്നെ എണീറ്റു . 
എങ്ങോട്ടെങ്കിലും പോകാനൊരുങ്ങിയാൽ പിന്നെ എണീക്കാൻ അലാറം ഒന്ന് വേണ്ടാ .. 
പ്രത്യേകിച്ച് ഇതുപോലുള്ള യാത്രകൾക്ക് . 
ആവേശത്തോടെ കുളികഴിഞ്ഞ് ഡ്രസ്സ് മാറി തലേന്ന് തയ്യാറാക്കി വെച്ച ബാഗും എടുത്ത് വണ്ടിവരാമെന്ന്  പറഞ്ഞ സുഹൃത്തിന്റെ വീട്ടിലേക്ക് എത്തിച്ചേർന്നു .. 
അധികം താമസിയാതെ എല്ലാവരും എത്തി . 
യാത്രയിൽ ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കാനായി ഭക്ഷണം പാകംചെയ്യാനുള്ള എല്ലാ സാധനങ്ങളും എല്ലാവിധ തയ്യാറെടുപ്പോടും കൂടിയാണ് പുറപ്പെടുന്നത് .
ചിക്കൻ , മട്ടൻ , ബീഫ് തുടങ്ങി പാചകം ചെയ്യാനുള്ള എല്ലാ സാധനങ്ങളും പിന്നെ മറ്റു ബിസ്കറ്റ് പോലുള്ള അല്ലറ ചില്ലറ സാധനങ്ങളും .. എല്ലാം ഏതാണ്ട് രണ്ട് കാർട്ടൂൺ സാധനങ്ങളുണ്ട് . ഒറ്റ നോട്ടത്തിൽ സ്ഥലം കണ്ട് ആസ്വദിക്കാനല്ല വട്ടം കൂടിയിരുന്ന് വെട്ടിവിഴുങ്ങാനാണെന്ന് ആർക്കും തോന്നിപോകും .. 
അതിൽ ഏറെ കുറെ സത്യമുണ്ടെങ്കിലും എല്ലാവരും ഒരുമിച്ച് ഒരു വീട്ടിൽ കൂടിയിരുന്ന് സ്‌നേഹവും സന്തോഷവും പങ്കുവെക്കുക എന്ന ഒരു വലിയ സത്യം ഇതിൽ മറഞ്ഞിരിപ്പുണ്ട് ... 

രണ്ട് ദിവസത്തിന് ഒരുങ്ങിയുള്ള യാത്രയല്ലേ അപ്പൊ ചിലപ്പോ പറഞ്ഞ സമയത്ത് ഇറങ്ങാൻ പറ്റിയെന്ന് വരില്ല , സ്വാഭാവികം ..! അധികമൊന്നുമില്ലെങ്കിലും പറഞ്ഞ സമയത്തിലും കുറച്ചുവൈകി അങ്ങനെ ഞങ്ങൾ പതിനൊന്ന് പേരും വയനാട് ലക്ഷ്യമാക്കി യാത്ര തിരിച്ചു ... 
ഒരു യാത്ര പുറപ്പെടുമ്പോൾ യാത്രക്ക് ഒരു അമീർ ( നേതാവ് ) നെ നിശ്ചയിക്കുക എന്നത് യാത്രയുടെ മര്യാദയിൽ പെട്ടതാണ് .. 
അങ്ങനെ ഞങ്ങൾ കൂട്ടത്തിലെ ഒരാളെ അമീറായി തീരുമാനിച്ചു ..!
വണ്ടി പുറപ്പെട്ട് അഞ്ചുമിനിറ്റ് ആയിക്കാണും അപ്പോഴാണ് ഒരു സാധനം എടുക്കാൻ മറന്നത് .. 
പിന്നെ ഒന്നും നോക്കിയില്ല വണ്ടി നിർത്തി തിരിക്കാൻ തീരുമാനിച്ചു . ആർക്കും ശകുനത്തിലൊന്നും വിശ്വാസമില്ലാത്തത് കൊണ്ട് എതിരഭിപ്രായമില്ലായിരുന്നു ...
ഡ്രൈവറുടെ ഉള്ളിൽ ഇനി എന്തെങ്കിലും മിന്നിമാറിയോ എന്നറിയില്ല .... 
അങ്ങനെ വീണ്ടും യാത്ര തിരിച്ചു .. 
വണ്ടിയിലുള്ള ഡ്രൈവറടക്കം പന്ത്രണ്ട് പേരുടെയും ലക്ഷ്യവും മനസ്സും ഏതാണ്ട് ഒന്നാകുമെന്ന് എനിക്ക് തോന്നി ..
നല്ല കാലാവസ്ഥ .. പ്രകൃതി ഞങ്ങളുടെ യാത്രക്ക് അഭിവാദ്യം അർപ്പിക്കുന്നത് പോലെ എനിക്ക് തോന്നി .
എന്റെ നാടായ വടക്കേകാട് നിന്നാണ് യാത്ര പുറപ്പെട്ടത് .ഏതാണ്ട് മാറഞ്ചേരി ആയപ്പോൾ പ്രാതൽ കഴിഞ്ഞിട്ടാവാം യാത്ര എന്നായി ... 
നേരെത്തെ കഴിച്ചാൽ വണ്ടിയിൽ ഇരുന്ന് വയറിൽ ഗ്യാസ് കെറ്റാണ്ടാന്നും ഉണ്ട് ... 
അങ്ങനെ വലിയകുഴപ്പമില്ലാത്ത ഒരു ഹോട്ടലിൽ കയറി . 
ഓരോരുത്തർ അവരവർക്ക് വേണ്ടത് ഓർഡർ ചെയ്തു . ഞാൻ മാത്രം ഓർഡർ ചെയ്തില്ല . ഞാൻ എല്ലാവർക്കും വേണ്ടത് സപ്ലെ ചെയ്യാൻ നിന്നു .. 
റൗഫ് ഹോട്ടൽ ഫീൽഡായ കാരണം എല്ലാവർക്കും സപ്ലെ ചെയ്തിട്ടേ കഴിക്കുള്ളു എന്ന് ആരോ കമന്റ് ചെയ്തതായി തോന്നി .. 
സത്യത്തിൽ അതായിരുന്നില്ല , ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് ഒരു ഗുളിക കഴിക്കാനുണ്ട് . ആ സമയം അഡ്ജസ്റ്റ് ചെയ്യുവായിരുന്നെന്ന് കൂട്ടത്തിൽ ചിലർക്കെങ്കിലും മനസ്സിലായിക്കാണും .. 
അങ്ങനെ എല്ലാവരുടെയും മുഖത്ത് വയറ് നിറഞ്ഞതിന്റെ സന്തോഷം കണ്ടുകൊണ്ട് ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു .... 
പിന്നെ കാഴ്കൾ കണ്ട് കൊണ്ട് ചിലർ , സംസാരിച്ച് കൊണ്ട് ചിലർ , മൊബൈലിൽ കണ്ണുംനട്ട് ഞാനും ചിലരും , ഉറക്കക്ഷീണം കണ്ണിൽ തൂങ്ങി മറ്റു ചിലർ .... 
ഇതൊന്നും ഇല്ലാതെ വയനാട് ലക്ഷ്യമാക്കി
വണ്ടിയോടിക്കുന്ന ഡ്രൈവറും ..
ഞമ്മടെ താമരശ്ശേരി ചൊരം കാണാൻ കൊതിയൂറി സ്വപ്നം കണ്ടിരിക്കുന്ന മ്മ്‌ടെ ചെങ്ങായിയും ... 

യാത്ര തുടരും ...
#ഞമ്മടെ_താമരശ്ശേരി_ചൊരം  - 3 
•••••••••••••••••••••••••••••••

യാത്ര കുറച്ചുദൂരം നീങ്ങിയപ്പോൾ എല്ലാവരുടെയും ക്ഷീണമെല്ലാം കണ്ണുകളിൽ നിന്ന് മാഞ്ഞുപോയി ... പിന്നെ എല്ലാവരും സംസാരത്തിൽ മുഴുകി .. അങ്ങോട്ടും ഇങ്ങോട്ടും ചെറിയചെറിയ തമാശകൾ പറഞ്ഞ് യാത്രക്ക് ഒന്ന് ഉണർവ് നൽകി ... 
ഞാൻ മുൻസീറ്റിൽ ചെന്നിരുന്ന് മൊബൈലിൽ പുറം കാഴ്ചകളുടെ വീഡിയോ പകർത്തികൊണ്ടിരുന്നു ... 
വയനാട്ടിലേക്ക് അടുക്കും മുൻപേ പ്രകൃതി അതിന്റെ ഭംഗി കാണിച്ച് മാടിവിളിക്കുന്നുണ്ട് ... 
കൂട്ടത്തിൽ പലപ്രായക്കാരുണ്ടെങ്കിലും ഏറ്റവും പ്രായം കുറഞ്ഞവനും ഏറ്റവും പ്രായം കൂടിയവനും ഒരേ മനസ്സാണ് . അത് തന്നെയാണ് യാത്ര ഞങ്ങൾക്ക് ആവേശം നൽകിയത് ..
അതിനിടെ ഉച്ചക്ക് കഴിക്കാനുള്ള ബീഫ്‌റോസ്റ്റിന്റെ പാത്രം തന്റെ മാറോട് ചേർത്ത് സീറ്റിൽ ചുരുണ്ട് കൂടികിടന്നുറങ്ങുന്ന സുഹൃത്തിന്റെ കാഴ്ച്ച ഞങ്ങളിൽ ചിരിയുണർത്തി ... 
ഞങ്ങളുടെ വാഹനം കവലകളിൽ നിന്ന് കവലകളിലേക്കും ടൗണുകളിൽ നിന്ന് ടൗണുകളിലേക്കും പുറം കാഴ്ച്ചകളെ കീറിമുറിച്ചു കൊണ്ട് മുന്നോട്ട് കുതിച്ചു ... 
യാത്ര പുറപ്പെട്ടത് വെള്ളിയാഴ്ചയായത് കൊണ്ട് വഴിയിൽ ജുമുഅ യുടെ സമയമായാൽ പള്ളിയിൽ കയറണം .. അത് കഴിഞ്ഞിട്ട് വേണം ഉച്ച ഭക്ഷണം കഴിക്കാൻ . ഉച്ചക്ക് കഴിക്കാനുള്ള ബീഫ് വണ്ടിയിൽ കരുതിവെച്ചിട്ടുണ്ട് പക്ഷെ അത് എ
ന്ത് കൂട്ടി കഴിക്കണം എന്നുള്ള ചർച്ച വന്നു .. 
വയനാട് എത്തിയാൽ ഉടനെ നെയ്ച്ചോറും ഉണ്ടാക്കി ബീഫും കൂട്ടി കഴിക്കാമെന്ന ചർച്ച വന്നെങ്കിലും ഭക്ഷണം കഴിക്കാനുള്ള സമയം ഒരുപാട് വൈകിപ്പോകും എന്ന കാരണം കൊണ്ട് ആ ചർച്ച തുടക്കത്തിൽ തന്നെ ചീറ്റിപ്പോയി ... 
അപ്പോഴാണ് വണ്ടിയിൽ പഴം പൊരിയുണ്ടെന്നും അതും ബീഫും കൂട്ടി ഒരു പിടിപിടിക്കാമെന്ന് ഒരുത്തൻ ചർച്ചക്ക് തുടക്കമിടുന്നത് ... 
കേട്ടപാടെ പലരും നിനക്ക് വട്ടാണോ എന്ന ചോദ്യം ഉന്നയിച്ചപോലെയായി പ്രതികരിച്ചത് .. എന്നാൽ അതിനോട് സപ്പോട്ട് ചെയ്ത ചിലരും ഉണ്ട് . 
നെയ്യപ്പം ബീഫും കഴിക്കുന്ന കടകളുണ്ട് , പഴം പൊരിയും ബീഫും കഴിക്കുന്ന കടകളും ഉണ്ട് എന്നൊക്കെയായി വാദങ്ങൾ .. 
എന്തായാലും ബഹുഭൂരിഭാഗം പേരും ഇത് ആദ്യമായി കേൾക്കുന്നത് കൊണ്ട് അതും തള്ളിപ്പോയി .... 
അപ്പോഴേക്കും വണ്ടി നമ്മടെ താമരശ്ശേരി ചുരം എത്തി ... 
ഞാനടക്കം എല്ലാവരും ഒന്നോ അതിലധികമോ പ്രാവിശ്യം കണ്ടതാണെങ്കിലും ജീവിതത്തിൽ ആദ്യമായി കാണാൻ കൊതിച്ച് , ആദ്യമായി കാണാൻ പോകുന്ന ആ ഒരാളുടെ ആവേശവും ആഹ്ലാദവും എന്തായിരിക്കും എന്ന ചിന്തയിലായിരുന്നു എല്ലാവരും ....

യാത്ര തുടരും ....

#ഞമ്മടെ_താമരശ്ശേരി_ചൊരം  - 4 
•••••••••••••••••••••••••••••••••

വയസ്സിത്രയൊക്കെയായിട്ടും ജീവിതത്തിൽ ഒരിക്കൽ പോലും താമരശ്ശേരി ചുരം കണ്ടിട്ടില്ലന്ന് പറയുന്നതിലല്ല കൗതുകം അത് കാണാനുള്ള ഒരു കൊച്ചുകുട്ടിയുടെ പോലുള്ളൊരു മനസ്സ് ആ ഒരു സംസാരത്തിൽ അയാൾ പ്രകടിപ്പിച്ചതാണ് എല്ലാവരിലും കൗതുകവും പുഞ്ചിരിയും വിരിയിച്ചത് ... 
അയാളുടെ താമരശ്ശേരി ചുരം കാണാനുള്ള ആകാംക്ഷ കണ്ടപ്പോൾ എല്ലാവരും മുൻപ് കണ്ടതാണെങ്കിലും വീണ്ടും ആ ചുരം കാണാൻ മനസ്സിൽ ഒരാശ പൂത്തുലഞ്ഞു ... 
പണ്ട് സ്‌കൂളിൽ നിന്ന് ടൂർ പോകുന്ന കുട്ടികളുടെ മനസ്സുപോലെ എല്ലാവരും ആ മനോഹര കാഴ്ചകാണാൻ പൂതിപൂണ്ടിരിന്നു ...! 
ചില സ്ഥലങ്ങളും കാഴ്ച്ചകളും എല്ലാം നമ്മെ ചില ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകും ... 
കൂടെയുള്ളവരാരും അറിയാതെ എന്റെ മനസ്സ് എന്നെ കുറച്ച് കാലം പിറകോട്ട് കൂട്ടികൊണ്ടുപോയി .. അന്ന് കൂട്ടുകാരുമൊത്ത് എങ്ങോട്ടെന്നില്ലാതെ , എന്തിനെന്നില്ലാതെ നടത്തിയ ചിലയാത്രകൾ ... ശരീരത്തിന്റെ ഞെരമ്പുകളിൽ ചോര ചൂടുപിടിച്ച് തലച്ചോറിൽ തിളച്ച് മറിയുന്ന കാലത്തെ ഓർത്തവെക്കാൻ ഇഷ്ടമില്ലാത്ത ചില ഓർമ്മകൾ .... വേണ്ടാ ...!! എന്റെ ഓർമ്മകളെ അധികം പിറകോട്ട് പോകും മുൻപ് ഞാൻ തിരിച്ചു വിളിച്ചു ...
അങ്ങനെ വണ്ടി താമരശ്ശേരി ചുരം കയറാൻ പോകുന്നു ... പക്ഷെ ചുരംകാണാൻ കണ്ണും മനസ്സും കുളിർകൊണ്ട് കാത്ത് നിന്ന ആ ചെങ്ങായി ദേ മൊബൈലിൽ ക്രിക്കറ്റ് കളി കണ്ട് ആസ്വദിച്ചിരിക്കുന്നു..!!
കളികാണുന്ന ഹരത്തിൽ നിന്ന് അയാളെ തട്ടിവിളിച്ച് ചുരം അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണിച്ചുകൊടുത്തു ... 
അയാൾ ആ സീറ്റുകളിൽ പിടിച്ച് കുനിഞ്ഞ് നിന്ന് പുറം കാഴ്ച്ചകളിലേക്ക് തലയിട്ട് നിൽക്കുന്നത് കാണാൻ തന്നെ മനസ്സിൽ കുളിർകോരുന്ന അനുഭൂതിയായിരുന്നു ...
വയനാടിന്റെ ഭംഗിയെ മോഹിപ്പിച്ച് കൊണ്ട് ചുരം നാണംപൂണ്ട് നിന്നു .. എത്ര കണ്ടാലും ആദ്യമായി കാണുന്ന ഒരു അവസ്ഥ ..!  
ചുരത്തിലൂടെ വളഞ്ഞുതിരിഞ്ഞു പോകുന്ന റോഡുകളെല്ലാം സൗകര്യങ്ങൾ വരുത്തി കൂടുതൽ യാത്രക്ക് അനിയോജ്യമാക്കിയിരുന്നു ...
എന്നാൽ ഇതൊന്നും ആസ്വദിക്കാതെ ഉറങ്ങുന്നവരുമുണ്ട് .. ഒരു പക്ഷെ ഇതൊക്കെ ഒരുപാട് കണ്ടത് കൊണ്ടാകാം ... അല്ലെങ്കിൽ ചുരം കയറുമ്പോൾ ശാരീരിക അസ്വസ്ഥത ഉള്ളത്കൊണ്ടാകാം ...
എന്തായാലും എനിക്ക് പ്രകൃതിയുടെ എല്ലാഭംഗിയും ആസ്വാദനമാണ് .. 
ചുരം അതിന്റെ ഭംഗി ഞങ്ങളുടെ മനസ്സിൽ വർണ്ണമനോഹര ചിത്രങ്ങളായി അവശേഷിപ്പിച്ച് മറഞ്ഞുപോയി .... 
ചുരം കയറിക്കഴിഞ്ഞപ്പോൾ ആദ്യം കണ്ട ഒരു സ്ഥലത്ത് ഒരുപാട് കടകൾ കണ്ടു .. അതിൽ തേനും മറ്റു വയനാടൻ സാധനങ്ങളും വിൽക്കുന്ന ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തി ..
എന്തെങ്കിലും വാങ്ങുന്നത് തിരിച്ച് വരുമ്പോഴാകാം എന്ന് പലരും അഭിപ്രായം പറഞ്ഞു .. അങ്ങനെ തൽക്കാലം താമസസ്ഥലത്ത് എത്തിയാൽ ഇടക്ക് കുടിക്കാനായി നന്നാരി സർബത്ത് വാങ്ങി ... 
അത്ര നേരം യാത്രചെയ്ത ക്ഷീണം ഒന്ന് മാറ്റി വണ്ടി യാത്ര തുടർന്നു ... 
ആദ്യം ജുമുഅ നമസ്കാര സമയമായത് കൊണ്ട് അടുത്തുള്ള പള്ളിയെ ലക്ഷ്യം വെച്ച് അങ്ങോട്ട് നീങ്ങി ... 
ജുമുഅ കഴിഞ്ഞ് വീണ്ടും 
യാത്ര തുടരും ...........

#ഞമ്മടെ_താമരശ്ശേരി_ചൊരം  ഭാഗം - 5
•••••••••••••••••••••••••••••••••••••••••••••••
യാത്ര തുടരും മുൻപ് ടൗണിൽ നിന്ന് വേണ്ട സാധനങ്ങൾ വാങ്ങി ... 
ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് സാദനങ്ങൾ കിട്ടാൻ കുറച്ച് ദൂരം താഴെയിറങ്ങി പോണം ..
ഉച്ചക്കുള്ള ഭക്ഷണം കഴിക്കാനുള്ള ചർച്ചയിലായി പിന്നെ .., 
വണ്ടിയിൽ പാകം ചെയ്ത ബീഫുണ്ട് .. അത് കഴിക്കാൻ കുബ്ബൂസ് , പൊറോട്ട , ബ്രഡ്ഡ് അങ്ങനെ പല ചർച്ചകളും , ഒടുവിൽ ഒരു നല്ല ഹോട്ടൽ കണ്ടു . അവിടന്ന് ഫുഡ് കഴിക്കാമെന്നും ബീഫ് രാത്രിയിൽ കഴിക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടെങ്കിലും ഹോട്ടലിൽ നിന്ന് നെയ്‌ച്ചോർ വാങ്ങി ബീഫും കൂട്ടി കഴിക്കാമെന്നായി ... എന്നാ പിന്നെ കടക്കാരോട് സംസാരിച്ച് അവിടെ തന്നെയിരുന്ന് കഴിക്കാമെന്നായി ... അങ്ങനെ അത് തീരുമാനമായി .. ആ ബീഫും നെയ്ച്ചോറും ഒരു തീരുമാനമായി ...
പിന്നീട് ഞങ്ങൾ താമസിക്കാൻ ബുക്ക് ചെയ്ത റിസോട്ടിലേക്ക് വണ്ടി തിരിച്ചു ...  
വയനാട് അതിന്റെ ഭംഗി ഒളിപ്പിച്ചു വെക്കാതെ ഞങ്ങൾക്ക് ആസ്വദിക്കാനായി തുറന്നിട്ടു തന്നു ... ഒരു നിഷ്കളങ്ക ഹൃദയമുള്ളവന്റെ പുഞ്ചിരിപോലെ ...
കണ്ണുകളിൽ വയനാടിന്റെ ഓരോ ചിത്രങ്ങളും വർണ്ണമനോഹരങ്ങളായിരുന്നു ...!!!
വണ്ടി പൊന്മുടിക്കോട്ടയിൽ നിന്ന് ഒരു കുന്ന് കയറി രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് ...അതൊരു ക്ഷേത്രത്തിലേക്കുള്ള വഴിയായിരുന്നു .. അതിന്റെ അടുത്താണ് ഞങ്ങൾ ബുക്ക് ചെയ്ത റിസോർട്ട് .. 
കുറച്ച് ദൂരം ഉള്ളിലേക്ക് ചെന്നപ്പോൾ പിന്നെ വഴി അടച്ചതാണ് കണ്ടത് .. ആ റോഡ് കോൺഗ്രീറ്റ് ഇട്ട് നന്നാക്കിയിട്ടുണ്ട് .. പക്ഷെ ഇന്ന് ഒരു വണ്ടിയും അങ്ങോട്ട് വിടില്ല .. നാളെ നാലുമണിക്ക് എം എൽ എ വന്ന് ഉദ്‌ഘാടനം കഴിഞ്ഞിട്ടേ വണ്ടികൾക്കായി തുറന്ന് കൊടുക്കുകയുള്ളു .. 
വഴി മുളകമ്പ് കൊണ്ട് തട വെച്ച് അവിടെ ബൈക്കിൽ നാട്ടുകാരായ രണ്ട്മൂന്ന് ചെറുപ്പക്കാരിരിപ്പുണ്ടായിരുന്നു ... 
അരകിലോമീറ്ററോളം ഉയരത്തിൽ നടന്നുകയറണം .. ഞങ്ങളുടെ കയ്യിലാണെങ്കിൽ അത്യാവശ്യം ലഗ്ഗേജുമുണ്ട് .. ഇതെല്ലാം എടുത്ത് അങ്ങോട്ട് കയറുക എന്നത് വലിയ പ്രയാസമായി ... 
ഞങ്ങളിൽ ഒരുവനാണ് ആ റിസോർട്ട് ബുക്ക് ചെയ്തത് .. തുടക്കത്തിൽ അവൻ വണ്ടി അങ്ങോട്ട് പോകില്ലെന്നും കുറച്ച് നടക്കാനുണ്ടെന്നും പറഞ്ഞിരുന്നു .. പക്ഷെ അത് ഇത്ര വലിയ പണിയാകുമെന്ന് ആരും കരുതിയില്ല ... അവനോട് കൂട്ടത്തിലുള്ള ചിലർ ചൂടായി .. ഇങ്ങനെ ഒരു അവസ്ഥയാണ് ഇവിടെയുള്ളത് എന്ന് എന്ത്കൊണ്ട് നീ നേരെത്തെ പറഞ്ഞില്ല എന്ന് പറഞ്ഞായിരുന്നു അവനുനേരെ തിരിഞ്ഞത് .. പക്ഷെ, അവൻ ഞാനത് നേരെത്തെ പറഞ്ഞതാണെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചു ... 
വണ്ടി തിരിച്ച് മറ്റേതെങ്കിലും സ്ഥലത്തേക്ക് പോയാലോ എന്നും ചർച്ച വന്നു ...
അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരോട് ഞങ്ങളെ ഒന്ന് കടത്തിവിടണമെന്ന് അപേക്ഷിച്ചു ...പണിയെല്ലാം കഴിഞ്ഞതല്ലേ ഇനി എം എൽ എ വന്ന് ഒന്ന് ഉദ്ഘടാനം ചെയ്യണമെന്നല്ലേ ഉള്ളു എന്നൊക്കെ പറഞ്ഞ് നോക്കി .. പക്ഷെ ആ നാട്ടുകാർ സമ്മതിച്ചില്ല .. ഒരു പക്ഷെ അവരുടെ വലിയ ഒരു സ്വപ്ന സാക്ഷാൽക്കാരമായിരിക്കും അത് ...
ഞങ്ങൾക്കത് മനസ്സിലായി .. അത്കൊണ്ട് തന്നെ അവരോട് അധികം തർക്കിക്കാൻ നിന്നില്ല ... ഞങ്ങൾക്ക് തൽക്കാലം ബുദ്ധിമുട്ട് തോന്നിയെങ്കിലും അവരോട് ഒരു ബഹുമാനമൊക്കെ തോന്നിയ നിമിഷമായിരുന്നു അത് ...!!
ഇനി എന്ത് ചെയ്യും എന്നായി എല്ലാവരും ... 
ഒന്നുകിൽ തിരിച്ച് മറ്റെങ്ങോട്ടെങ്കിലും പോവുക , അല്ലെങ്കിൽ അര കിലോമീറ്ററിന് മേലെയുള്ള ആ കയറ്റം എല്ലാ സാധനങ്ങളും പെറുക്കി കയറുക ...

ആ ഒരു വലിയ തീരുമാനമെടുത്ത് ഞങ്ങളുടെ 

യാത്ര തുടരും ......

#ഞമ്മടെ_താമരശ്ശേരി_ചൊരം  ഭാഗം - 6 
•••••••••••••••••••••••••••
ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും യാത്രക്ക് ഊർജ്ജം പകരും എന്ന ചിന്ത ഉൾകൊണ്ട് എല്ലാവരും അങ്ങനെ ആ കയറ്റം കയറാമെന്ന് തീരുമാനിച്ചു .. 
വണ്ടിയിൽ നിന്ന് സാധനങ്ങൾ ഇറക്കി ഒരു ചെറിയ തട്ടിക്കൂട്ട് കടയുടെ മുന്നിൽ ഇറക്കി വെച്ചു .. 
ഓരോരുത്തരുടെ ലഗേജിനുപുറമെ രണ്ട് കാർട്ടൂണും മറ്റു സാമഗിരികളും അടക്കം കുറച്ച് സാധനങ്ങളുണ്ട് ...ഇതെല്ലാം കൊണ്ട് ആ കയറ്റം കയറുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നു .. 
അവസാനമായി ആ നാട്ടുകാരോട് ഞങ്ങളുടെ സാധനങ്ങൾ ഒന്ന് മുകളിലെത്തിക്കാൻ എന്തെങ്കിലും നിങ്ങൾ ചെയ്ത് തരണമെന്ന് പറഞ്ഞു ..
ഒടുവിൽ അവർ ഒരു അർബാന കൊണ്ടുവന്നു .. പറ്റാവുന്ന ലഗേജുമായി ഞാനും മറ്റു മൂന്നുപേരുമൊഴികെ എല്ലാവരും ആ കയറ്റം കയറി ... 
അർബാനയിൽ കാർട്ടൂണുകളും മറ്റു ചില സാധനങ്ങളും കയറ്റി മുന്നിൽ കയർ കെട്ടി ഒരാൾ വലിച്ചു രണ്ട്പേർ അർബാന തള്ളിക്കൊടുത്തു .. ഞങ്ങൾ അവരെ സഹായിച്ചു .. 
ഞങ്ങളുടെ ബാഗും എടുത്ത് ആ കയറ്റം കയറാൻ ഇത്തിരി ബുദ്ധിമുട്ടി ... എന്നാലും തമാശകൾ പറഞ്ഞും ചിരിച്ചും ഒരു വിധം ഞങ്ങൾ ഞങ്ങളുടെ റിസോർട്ടിലേക്ക് എത്തി ... 
ആ കുന്നിൻമുകളിൽ നിന്നുള്ള കാഴ്ച്ച എല്ലാ ക്ഷീണവും അകറ്റി മനസ്സിനും ശരീരത്തിനും ഉന്മഷം നൽകി .. 
വയനാട് ഞങ്ങളെ ചെറിയ ഒരു കുളിർമഴകൊണ്ട് ആനയിച്ചു ... 
ഇനി രണ്ട് ദിവസം പ്രകൃതിയുടെ സുന്ദര കാഴ്ച്ചകളും കണ്ട് ആസ്വദിച്ച് ആ റിസോർട്ടിൽ നല്ല ഭക്ഷണമെല്ലാം ഉണ്ടാക്കി  ആകാശ നീലിമയിലേക്ക് പറക്കാൻ വിട്ട പട്ടംപോലെ മനസ്സിന് പറന്നുനടക്കുന്ന കുറെ നല്ല നിമിഷങ്ങൾ പ്രകൃതിയുടെ സമ്മാനമായിരിക്കും ...
വയനാടിന്റെ നെറുകയിൽ വലിയൊരു മലമുകളിൽ ചുറ്റും കാട് കൊണ്ട് മനോഹരമായ ഒരു റിസോർട്ട് .. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് എത്ര ദിവസം താമസിച്ചാലും മതിവരാത്ത ഒരു സ്ഥലം ... 
റിസോട്ടിന് പുറത്ത് ഒരു ചെറിയ വീടുപോലെ കിച്ചനും അതിന്റെ അടുത്ത് ഭക്ഷണം കഴിക്കാനുള്ള ഒരു സ്ഥലവും ... 
എല്ലാവരും അകത്ത് ബാഗുകളും മറ്റും ഒതുക്കിവെച്ചു .. നാല്‌റൂമുകളായിരുന്നു .. ഓരോരുത്തർ അവർക്കുള്ള റൂമുകൾ തിരഞ്ഞെടുത്തു ...
നന്നായി ഒന്ന് കുളിച്ച് ഫ്രഷായി എല്ലാവരും റിസോട്ടിന്റെ മുൻവശത്ത് ഇരിക്കാനുള്ള തിണ്ണയിൽ ഇരിപ്പുറപ്പിച്ച് നല്ല ചായയും പഴംപൊരിയും കൂട്ടി കഴിച്ചു .....
ചിലർ അൽപം റസ്റ്റ് ചെയ്തു ... ചിലർ രണ്ട് ദിവസം താമസിക്കുന്ന സ്ഥലത്തിന്റെ ചുറ്റും നടന്ന് നോക്കുന്നുണ്ട് ... ഞാൻ എന്റെ മൊബൈൽ എടുത്ത് കാമറ ഓൺ ചെയ്ത് പ്രകൃതിയുടെ പുഞ്ചിരി പകർത്തിയെടുത്തു .....
റിസോട്ടിന്റെ മുന്നിലുള്ള ചെറുമതിലിൽ കയറിനിന്നാൽ അങ്ങ് ദൂരെ മനോഹര കാഴ്ച്ചകളുടെ ഒരു താഴ്‌വര കാണാമായിരുന്നു ... പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മനോഹാര്യത ആ സ്ഥലത്തിനുണ്ടായിരുന്നു ... ലോകത്തിന്റെ സൃഷ്ടാവ് എത്ര ഭംഗിയായിട്ടാണ് പ്രകൃതിയെ ഒരുക്കി വെച്ചിരിക്കുന്നത് ... 
വയനാട് ഇരുട്ട് പുതച്ച് തുടങ്ങി ....
നേർത്ത തണുപ്പുണ്ട് ... മഴ ഒന്ന് ചാറി എന്നല്ലാതെ വലിയ മഴയോ തണുപ്പോ ഉണ്ടായില്ല ... 
കാലാവസ്ഥ പ്രവചനം അങ്ങനെയായിരുന്നില്ല .... 
ആരോ പറയുന്നുണ്ടായിരുന്നു നമ്മളൊക്കെയല്ലേ ഈ മലകയറിയത് അപ്പൊ പിന്നെ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാൽ മതി എന്ന് ... 
വിശേങ്ങൾ ഇനിയുമുണ്ട് ....യാത്രയുടെ അനുഭവങ്ങൾ ഇനിയും 
തുടരും ......!!!!

#ഞമ്മടെ_താമരശ്ശേരി_ചൊരം  ഭാഗം - 7
••••••••••••••••••••••••••
ഞങ്ങൾ താമസിക്കുന്ന റിസോട്ടിന്റെ താഴെയിറങ്ങിയാൽ ഒരു ചെറിയ മറ്റൊരു റിസോട്ടുണ്ട് ഞാനും മറ്റുമൂന്നുപേരും കൂടി അത് കാണാനായി പാറക്കെട്ടുകൾക്കിടയിലൂടെ കുറ്റികാടിനുനടുവിലൂടെ താഴേക്ക് ഇറങ്ങി ...ശെരിക്കും ഭയപ്പെടുത്തുന്ന വഴികൾ .. നേരം ഇരുട്ടിത്തുടങ്ങുന്നു .... ഒളിവിൽ താമസിക്കാൻ പറ്റിയ സ്ഥലമെന്ന് ഞാൻ പറഞ്ഞപ്പോൾ ആരോ ഒരാൾ പറഞ്ഞു , പറയാൻ പറ്റില്ല പണ്ട് സഖാക്കൾ ഒളിവിൽ താമസിച്ചിട്ടുണ്ടാകും ഇവിടെയൊക്കെ .. 
എന്തായാലും അവിടെ താമസിക്കാൻ വരുന്നവക്ക് ഇത്തിരി ചങ്കുറപ്പ് വേണം ... ഇല്ലെങ്കിൽ ബോധമില്ലാതെ കിടക്കുന്നവരാകണം .... 
എന്തായാലും ഞങ്ങൾ മെല്ലെ തടിതപ്പി .....
രാത്രി റിസോട്ടിന്റെ പുറത്തെ വെളിച്ചത്തിൽ അവിടെയുമിവിടെയുമായി ചിലർ ഫോൺ ചെയ്യുന്നു ... ചിലർ വീഡിയോ കോൾ ചെയ്ത് വീട്ടുകാർക്ക് ഞങ്ങൾ താമസിക്കുന്ന റിസോട്ട് കാണിക്കുന്നുണ്ട് ... അക്കൂട്ടത്തിൽ ഈയുള്ളവനുമുണ്ട് ... 
രാത്രിയിലെ ഭക്ഷണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ... 
ഞങ്ങൾ വരുമ്പോൾ കൊണ്ടുവന്ന ചിക്കൻ ചുട്ടെടുക്കാനുള്ള കരിയും ഗ്രില്ലും മറ്റു സാധനങ്ങളും റെഡിയാക്കി ... 
പലരും പലരീതിയിൽ ഓരോ പണികളിൽ ഏർപ്പെട്ടു ... 
അങ്ങനെ സമയം കടന്നുപോയി .... എല്ലാവരും ഒത്തോരുമിച്ച് തമാശകൾ പറഞ്ഞ് രസകരമായി പാചകം നടന്നു .... 
അങ്ങനെ ചിക്കൻ ചുട്ടതും , ഹമ്മൂസും സലാഡും റെഡി ... 
കഴിക്കാനുള്ള സ്റ്റീൽ പ്ലെയിറ്റും ക്ലാസും കൊണ്ടുവന്നിരുന്നു ... ഡിസ്പോസിബിൾ മാലിന്യം ഒഴിവാക്കാനായി അത്കൊണ്ട് .. 
അങ്ങനെ തൃപ്തിയോടെ ഞങ്ങൾ ഒരു വീട്ടിലെ അംഗങ്ങളെ പോലെ ഭക്ഷണം കഴിച്ചു ...സത്യത്തിൽ സ്ഥലങ്ങൾ ചുറ്റിനടന്നു കാണുന്നതിനേക്കാൾ ഞങ്ങൾ ഒരേമനസ്സോടെ ഇഷ്ടപ്പെടുന്നതും ഇതൊക്കെ തന്നെയായിരുന്നു ...ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കുക .. ഒരുമിച്ചിരുന്ന് ഭക്ഷണവും സ്നേഹവും പങ്കുവെക്കുക .... തമാശകൾ പറഞ്ഞ് കുറെ ചിരിക്കുക .... 
ഇതിനിടയിൽ ഞങ്ങൾക്ക് മനസ്സ് തളർന്നത് ഞങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലുള്ള രണ്ട് പേർക്ക് സുഖമില്ലാതായതാണ്  ....വലിയ കാര്യമല്ലെങ്കിലും ചെറുതായിട്ടെങ്കിലും ഞങ്ങളുടെ സന്തോഷത്തിൽ മങ്ങൽ വീണു ....
സുഖമില്ലാതായവരും മറ്റു ക്ഷീണമുള്ളവരും കിടന്നു ... 
ഞങ്ങൾ അഞ്ചോ ആറോ പേർ തീ കായാനിരിന്നു ....
ഓരോ ചായകൂടി ആവാമായിരുന്നു എന്നൊരു അപിപ്രായമുണ്ടായിരുന്നു .. പിന്നെ വേണ്ടന്ന് വെച്ച് ഞങൾ സംസാരിച്ചിരുന്നു ... 
അതിനിടെ കൂട്ടത് രണ്ട്മൂന്ന് പേർ പഴയ ഗാനങ്ങളുടെ ശകലങ്ങൾ മൂളി .... 
ആരാത്രി ശെരിക്കും ആസ്വദിച്ച് ഞങ്ങൾ ഉറങ്ങാനായി പിരിഞ്ഞു ..... 
എരിഞ്ഞമർന്ന വിറകുകൊള്ളികൾ പുകഞ്ഞു കൊണ്ടിരുന്നു ...... 
നിലാവിന്റെ പട്ടുടുവ ചുറ്റി രാവ് പുഞ്ചിരിതൂകി നിന്നു ..... 
അങ്ങനെ ജൂൺ 14 വെള്ളിയാഴച്ച അവസാനിച്ചു ... 
അടുത്ത ദിവസത്തെ വിശേഷങ്ങളുമായി 

തുടരും ......

#ഞമ്മടെ_താമരശ്ശേരി_ചൊരം  ഭാഗം - 8 
•••••••••••••••••••••••••••••••••••••••
ജൂൺ 15 ശനി ...
രാവിലെ അഞ്ച് മണിക്ക് തന്നെ എല്ലാവരും എഴുന്നേറ്റു .... പ്രഭാത പ്രാർത്ഥന കഴിഞ്ഞ് 
പലരും ക്ഷീണം കാരണം വീണ്ടും മയങ്ങി .. ഞങ്ങൾ അഞ്ചുപേർ ഞങ്ങളുടെ റിസോട്ടിൽ നിന്നും പിന്നെയും ഉയരത്തിൽ നിൽക്കുന്ന അട്ടമല എന്ന മല  കയറാൻ പുറപ്പെട്ടു ... 
വെളിച്ചം വെച്ച് വരുന്നതേയുള്ളു ...ആറുമണിക്ക് മലമുകളിൽ എത്തണം ...ഉദയസൂര്യന്റെ ഭംഗി കുറച്ചുകൂടി നന്നായി കാണാൻ പറ്റും എന്ന് കൂട്ടത്തിൽ മുൻപരിചയമുള്ള സുഹൃത്ത് പറഞ്ഞിരുന്നു ...
അങ്ങനെ കുറ്റികാടിനുള്ളിലൂടെ പാറക്കെട്ടുകളിൽ പിടിച്ച് ഒരു വിധം അങ്ങ് കയറിപറ്റി .... 
നേരം വെളുത്ത് വരുന്ന സമയമായെത് കൊണ്ടാകാം വലിയ ക്ഷീണമൊന്നും അനുഭവപ്പെട്ടില്ല  ..
പോകുന്ന വഴിയിൽ നിറയെ അട്ടകളാണ് ... അട്ട നിറഞ്ഞത് കൊണ്ടാവാം ആ മലക്ക് അട്ടമല എന്ന പേര് വീണത് ...
ഞങ്ങളുടെ കൂടെയുള്ള സഹോദരൻ കാൽ പുല്ലിൽ വെച്ച് മനപ്പൂർവ്വം അട്ടയെ കൊണ്ട് കടിപ്പിക്കുന്ന രംഗം കണ്ടപ്പോൾ അതിശയം തോന്നി .
അവൻ പറയുന്നത് അട്ട ചീത്ത രക്തമാണ് കുടിക്കുന്നത് അത് കൊണ്ട് അത് ശരീരത്തിന് നല്ലതാണെന്ന് എന്നാണ് ... 
എന്തായാലും ഞങ്ങൾ അട്ട കടിക്കല്ലേ എന്ന സൂക്ഷ്മതയിലാണ് നടക്കുന്നത് .. 
മലമുകളിലെത്തിയപ്പോൾ മൂടൽ മഞ്ഞ് കൊണ്ട് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ .!
മേഘങ്ങളുടെ ഇടയിൽ അകപ്പെട്ടത് പോലെ തോന്നി .. ഉദയം കാണാൻ പറ്റിയില്ലെങ്കിലും മനോഹരമായ ഒരു പ്രഭാത കാഴ്ച്ച കാണാൻ സാധിച്ചു .. 
പതിയെ മൂടൽമഞ്ഞ് നീങ്ങി തുടങ്ങുമ്പോൾ ഇളംകാറ്റിൽ നേർത്ത മുടിയിഴകൾ പാറുമ്പോൾ മുഖം തെളിഞ്ഞുവരുന്ന ഒരു സുന്ദരിയെ പോലെ വയനാടിന്റെ പ്രകൃതി ഭംഗി തെളിഞ്ഞു വന്നു ... 
തണുപ്പിന്റെ കോരിത്തരിപ്പിനേക്കാൾ ആ ഭംഗി ആസ്വദിക്കുമ്പോഴുള്ള മനസ്സിന്റെ കുളിരായിരുന്നു ഏറെ സന്തോഷം തന്നത് .. 
പിന്നെ പതിയെ ആരോ നടന്നു തെളിഞ്ഞ വഴികളിലൂടെ ഞങ്ങൾ താഴെ റിസോട്ടിലേക്ക് ഇറങ്ങി .. 
ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും ചിലരെല്ലാം എഴുന്നേറ്റ് പ്രാതൽ കഴിക്കുന്ന തിരക്കിലാണ് .. ഞാനൊന്നും നോക്കിയില്ല താറാവ് മുട്ട കൊണ്ട് ബുർജി ഉണ്ടാക്കി ബ്രഡ്ഡും കൂട്ടി അടിച്ചു ... 
പിന്നെ ഞങ്ങൾ കളികളിൽ ഏർപ്പെട്ടു ...  
ഉച്ചഭക്ഷണത്തിന്റെ പണികൾ അപ്പുറത്ത് തുടങ്ങി .. 
നല്ല മട്ടൻ ബിരിയാണിയും കോഴി പൊരിച്ചതും ... 
കളി ആവേശം കേറി വരുമ്പോൾ അവിടെ ഭക്ഷണം പാകം ചെയ്യുന്നതിന്റെ മണം പരന്നു ... 
ഭക്ഷണം റെഡി .. കളി അവിടെ അവസാനിപ്പിച്ചു .. 
നല്ലൊരു കുളി പാസാക്കി വയറും മനസ്സും നിറച്ച് ഉണ്ട് ഒരൽപം വിശ്രമിച്ചു ....
ചെറുതായി ഒരു മഴപെയ്ത് ഞങ്ങളെ വയനാട് ഒന്ന് കുളിരണിയിപ്പിച്ചു .... 
എവിടെപ്പോയാലും നാലുമണിക്ക് ചായകുടിക്കാ എന്നുള്ളത് മലയാളിക്ക് ഒരു ശീലമാണല്ലോ ..ഞങ്ങളും അത് തെറ്റിച്ചില്ല . 
ചായ കുടിച്ച്കൊണ്ടിരിക്കുമ്പോഴാണ് റിസോട്ടിന്റെ പുറത്ത് പുതിയ റോഡ് ഉദ്ഘാടനം ചെയ്യാൻ എം എൽ എ വന്ന് നിക്കുന്നത് കണ്ടത് .. 
പിന്നെ ഒന്നും നോക്കിയില്ല , ഞങ്ങളുടെ വണ്ടി കയറ്റാൻ സമ്മതിക്കാതെ ഇതിന്റെ മുകളിലേക്ക് സാധനങ്ങളും കൊണ്ട് വലിഞ്ഞുകയറാൻ കാരണമായ ആ റോഡിന്റെ ഉദ്ഘാടനവും എം എൽ എ യെയും ഒന്ന്‌ കാണാൻ തന്നെ അങ്ങോട്ട് പോയി ...
ഉദ്ഘാടനം കണ്ടില്ലെങ്കിലും എം എൽ എ യുടെ കൂടെ നിന്ന് ഒരു സെൽഫിയെടുത്ത് മൂപ്പരുമായി കുറച്ച് നേരം സംസാരിച്ചു .... 
5 മണിക്ക് ശേഷം കാലത്ത് കാണാത്തവരുമായി ഞാൻ വീണ്ടും ആ മല കയറാൻ പോയി ... 
ഉദയം കാണാൻ പറ്റിയില്ല , ഇനി അസ്തമയമെങ്കിലും കാണാമെന്നുള്ള പ്രതീക്ഷയായിരുന്നു .... 
അങ്ങനെ അത് കണ്ടു .... 
പുതിയ ഒരു ഉടുപ്പിട്ട് സുന്ദരിയായ ഒരു പെൺകുട്ടി ഇപ്പൊ എന്നെ കാണാൻ എങ്ങനെയുണ്ട് എന്ന് ചോദിക്കും പോലെയായിരുന്നു പ്രകൃതി ഇളംചുവപ്പിട്ട് നിന്നിരുന്നത് ..... 


തുടരും ......

#ഞമ്മടെ_താമരശ്ശേരി_ചൊരം  ഭാഗം - 9 
••••••••••••••••••••••••

ഇരുട്ടി തുടങ്ങിയിരുന്നു ഞങ്ങൾ ആ മല ഇറങ്ങുമ്പോൾ .. 
ഒരൽപം ഭയം നിഴലിച്ചു നിൽക്കുന്ന വഴികളും ശബ്ദങ്ങളും .. അങ്ങനെ താഴെയിറങ്ങി റിസോട്ടിലെത്തിയപ്പോൾ രണ്ട് പേരുടെ കാലിൽ നിന്ന് രക്തം വാർന്നൊലിക്കുന്നു .. അട്ട കടിച്ചതാ .. 
ഞാൻ വലിയ ഗമയിൽ എന്നെ ഇതുവരെ ഒരു അട്ടയും കടിച്ചില്ല എന്ന് പറഞ്ഞ് നേരെ കുളിക്കാൻ പോയതാ .. ഷർട്ട് അഴിച്ചപ്പോൾ എന്റെ കണ്ണ് തള്ളി .. വയറിന്മേൽ ദാണ്ടെ ഒരു അടിപൊളി അട്ട ചോരകുടിച്ച് അങ്ങനെ വീർത്ത് വരുന്നു ... 
ഞാൻ പുറത്തേക്ക് ഓടി കൂടെയുള്ളവർക്ക് കാണിച്ചുകൊടുത്തു .. ഒരാൾ കുറച്ച് ഉപ്പ് എടുത്ത് അതിന്റെ മെലിട്ടതും ഞെട്ടറ്റു വീണ മാങ്ങ പോലെ അത് താഴെവീണ് പൊട്ടി ...
അതിനിടെ ആരോ പറഞ്ഞു അതിന്റെ പല്ല് വയറിന്മേൽ ഉണ്ടെങ്കിൽ പിന്നെ വിഷയമാകും എന്നൊക്കെ ... വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ..!!!
ഞങ്ങളുടെ കൂടെ ഒരു മലേഷ്യക്കാരൻ (അവിടെ ജോലിചെയ്യുന്ന ആൾ )ഉണ്ടായിരുന്നു ... ഹോട്ടൽ ഫീൽഡ് ആയത് കൊണ്ട് അവനെക്കൊണ്ട് മലേഷ്യൻ പൊറോട്ട ഉണ്ടാക്കിക്കാൻ എല്ലാവരും തീരുമാനിച്ചു ... 
അങ്ങനെ രാത്രി ഫുഡ്ഡ് പരിപാടികൾ ആരംഭിച്ചു .. പൊറോട്ടക്ക് അവന് നാല് ഹെൽപ്പർമാർ വേണം .. മലേഷ്യ പൊറോട്ടയുടെ മഹിമ പറഞ്ഞ് പറഞ്ഞ് അത് ഉണ്ടാക്കിതീരാൻ 12 മണിയായി ...
പൊറോട്ടയും ചിക്കനും കൂടി. ഏല്ലാവരും കഴിക്കുമ്പോൾ സമയം രാത്രി 1മണി ..
പിന്നെ എല്ലാവരും ചേർന്ന് കുറച്ച് സംസാരവും മറ്റുമായി കിടക്കാൻ 2 .30 ആയി .. 

ജൂൺ 16 ഞായർ , 
പ്രഭാതം പതിവിലും ഭംഗിയുള്ളതായി തോന്നി .. ഒരു പക്ഷെ ഇന്ന് വായനാടിനോട് വിടപറയുന്നത് കൊണ്ടാകാം ...!!
മനസ്സിലെ ആവേശമെല്ലാം പതിയെ മങ്ങിത്തുടങ്ങി .. പ്രഭാത ഭക്ഷണം കഴിക്കാനൊന്നും ഒരു മൂഡില്ല ആർക്കും ... 
റിസോട്ടിന്റെ മുന്നിലുള്ള ചെറിയ പാറക്കെട്ടിൽ കയറി നിന്ന് പിരിയാൻ പോകുന്നവളെ ഒരിക്കൽക്കൂടി ആലിംഗനം ചെയ്ത അനുഭൂതിയായിരുന്നു വയനാടിന്റെ ആ പ്രഭാത കാഴ്ച്ച ഒരിക്കൽ കൂടി ഞങ്ങൾ നോക്കികണ്ടത് ... 

അവിടെ നിന്ന് ഒരുപാട് ഫോട്ടോസ് എടുത്തു ..

ഓർമ്മകളുടെ ചെപ്പിനുള്ളിൽ സൂക്ഷിക്കാൻ ..

ആ പാറക്കെട്ടിൽ ഇരുന്ന് കാഴ്ചകണ്ട് മതിവന്നില്ല .. വെയിൽ ചൂട്പിടിച്ച് തുടങ്ങിയപ്പോൾ ഞങ്ങൾ റിസോട്ടിലേക്ക് പോയി ... 

നാട്ടിലേക്ക് തിരിച്ച് പോകാനുള്ള സമയം തീരുമാനിച്ചു ..!!

ഇനി 
മടക്ക 
യാത്ര 
തുടരും .......

#ഞമ്മടെ_താമരശ്ശേരി_ചൊരം -(അവസാന ഭാഗം )
••••••••••••••••••••••••

ഉച്ചഭക്ഷണം കഴിഞ്ഞ ഉടൻ പുറപ്പെടാമെന്ന് പലരും പറഞ്ഞെങ്കിലും പിന്നെ അത് നാല് മണിയാക്കി .. 
അതുവരെയുള്ള സമയം ഞങ്ങൾ ക്രിക്കറ്റ് കളിച്ചു ... അവസാന സമയത്തെ ആവേശമായിരുന്നു ... 
മൂന്ന്‌പേർ ഉച്ചഭക്ഷണം തയ്യാറാക്കുന്നുണ്ട് .. ഇനി കളികഴിയുന്നതോടെ കുളിച്ച് ഉച്ചഭക്ഷണം കഴിച്ച് ഒന്ന് വിശ്രമിച്ച് ബാഗും മറ്റും എടുത്ത് തിരിച്ച് പോകാമെന്നതാണ് തീരുമാനങ്ങൾ ..!! 
അങ്ങനെ എല്ലാവരും സമയാസമയത്ത് കാര്യങ്ങൾ തീർത്ത് പുറപ്പെടാനൊരുങ്ങി ... ആരുടെ മുഖത്തും സങ്കടമൊന്നുമില്ല വായനാടിനോട് വിടപറയുമ്പോൾ .. 
എന്നാൽ ഇനിയും അവിടെ കൂടാൻ , അല്ലെങ്കിൽ മറ്റെവിടെയെങ്കിലും കൂടാൻ മനസ്സ് കൊതിക്കുന്നുണ്ട് എന്ന് എല്ലാവരുടെയും മുഖത്ത് ഒളിമിന്നുന്നുണ്ടായിരുന്നു ...! 
ഞങ്ങളുടെ വാഹനം അങ്ങ് താഴെ നിർത്തിയിട്ടിരിക്കാണ് .. ഒരു കിലോമീറ്റർ താഴെ പോണം , അതിനായി ഒരു ജീപ്പ് വന്നു ഞങ്ങൾ കുറച്ച് പേർ അതിൽ കയറി .. 
ഞാനും മറ്റൊരു സുഹൃത്തും ജീപ്പിന്റെ ബാക്കിൽ തൂങ്ങി ... അത് മറ്റൊരു അനുഭവം .. 
ഞങ്ങൾ വാഹനത്തിന്റെ അടുത്തെത്തി ജീപ്പിൽ നിന്ന് സാധനങ്ങൾ ഇറക്കി ട്രാവലറിൽ കയറ്റി ജീപ്പ് മറ്റുള്ളവരെ എടുക്കാൻ വീണ്ടും പോയി .
ഞങ്ങൾ അപ്പോഴേക്കും കുറച്ചുകൂടി താഴെയിറങ്ങിയാൽ ഒരു ചായക്കടയുണ്ട് അങ്ങോട്ട് പോയി .. 
ഞങ്ങളുടെ ചായകുടിക്കഴിയുമ്പോഴേക്കും മറ്റുള്ളവരെ കൂട്ടി ട്രാവലർ വന്ന് നിന്നു .. എല്ലാവരും ചായകുടിക്കാനിറങ്ങി ... അപ്പുറത്തെ കടയിൽ കപ്പക്കിഴങ്ങ് കണ്ടപ്പോൾ കൂട്ടത്തിൽ ഒരാൾ അത് വാങ്ങി ... 
ഞാൻ പറഞ്ഞു , ഇത് നാട്ടിൽ കിട്ടുന്നുണ്ടല്ലോ പിന്നെ വെറുതെ ഇത് .....!
വയനാട്ടിലെ കപ്പക്ക് പ്രത്യേകത ഉണ്ടെന്നാണ് മൂപ്പരുടെ മറുപടി ... 
അങ്ങനെ ഞങ്ങൾ മടക്ക യാത്ര ആരംഭിച്ചു .. ഒരു പതിനഞ്ച് മിനിറ്റ് യാത്ര ചെയ്തപ്പോഴാണ് റിസോട്ടിൽ നിന്ന് ഫോൺ വരുന്നത് .. ചെങ്ങായി വാങ്ങിയ കപ്പക്കിഴങ്ങ് ആ കടയിൽ വെച്ച് മറന്നു .. കടക്കാരോട് ഞങ്ങൾ താമസിച്ച റിസോട്ടിന്റെ പേര് പറഞ്ഞിരുന്നു .. ആ കടക്കാർ റിസോട്ടിലേക്ക് വിളിച്ച് പറഞ്ഞു അതറിയിക്കാനാണ് റിസോട്ടുകാർ ഞങ്ങളെ വിളിച്ചത് ... വീണ്ടും വയനാടിന്റെ പ്രകൃതി പോലെ തന്നെ അവിടെ ജനങ്ങളുടെ മനസ്സും നല്ലതാണെന്ന് തെളിയിച്ചു ... അതോടൊപ്പം ഞങ്ങൾ യാത്ര തുടങ്ങുമ്പോൾ ഇത്പോലെ മറന്നുവെച്ചത് എടുക്കാൻ വണ്ടി തിരിച്ചു പോയപോലെ ഇപ്പൊ തിരിച്ചു പോകുമ്പോഴും വണ്ടി തിരിക്കാൻ തയ്യാറായി ...പുറപ്പെട്ടാൽ പിന്നെ തിരിക്കുന്നത് നല്ലതല്ലെന്ന് കരുതുന്നവരുണ്ട് ... ഞങ്ങൾക്ക് അത് പൊളിച്ചടുക്കാൻ ഒരു അവസരമായി കണ്ട് വണ്ടി തിരിച്ചു .. 
അങ്ങനെ വീണ്ടും യാത്ര ... ഇനി താമരശ്ശേരി ചുരം ഇറങ്ങാനുള്ള സമയമായി .. 
പോകുമ്പോൾ കയറിയ അതെ കടയിൽ കയറി എല്ലാവരും വീട്ടിലേക്കുള്ള ചില്ലറ സാധനങ്ങൾ വാങ്ങി ... കൂട്ടത്തിൽ ഞാനും വാങ്ങി തേനും ചോക്ലേറ്റും എല്ലാം ...!!
പത്ത്‌പേരിൽ ഒരാളുടെ താമരശ്ശേരി ചുരം എന്ന വലിയ ഒരാഗ്രഹം സഫലീകരിക്കാൻ മറ്റു ഒമ്പത് പേരുടെ മനസ്സും വയനാട്ടിലേക്ക് തിരിച്ച് വെച്ച സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ സൗഹൃദത്തിന്റെ ഒരു വലിയ സന്ദേശമായിരുന്നു ഈ യാത്ര ....
രണ്ട് ദിവസം ഒത്തോരുമിച്ച് എല്ലാ സ്വന്തമായ കാര്യങ്ങളും മാറ്റിവെച്ച് ഒരു കുടുമ്പം പോലെ പരസ്പരം സ്നേഹം പങ്കുവെച്ച് ഒരുപാട് നല്ല നല്ല ഓർമ്മകൾ സ്വന്തമാക്കി താമരശ്ശേരി ചുരം ഞങ്ങൾ ഇറങ്ങുകയാണ് ..... 
ഇനി എന്ന് ഇത്പോലെ എല്ലാവരും കൂടുമെന്നറിയില്ല ... ഇതുപോലെ വീണ്ടും താമരശ്ശേരി ചുരം കയറുമെന്നും അറിയില്ല ... ഇനി എന്നും താമരശ്ശേരി ചുരം കയറുമ്പോൾ ഈ യാത്ര ഓർമ്മയിൽ വരും ... ഒരു പക്ഷെ ഇത് വിശദമായി വായിക്കുന്നവർക്കും താമരശ്ശേരി ചുരം ഈ യാത്രയെ ഓർമിപ്പിക്കുമായിരിക്കും ..... അങ്ങനെ തോന്നിയാൽ ഞാൻ നിങ്ങളിലേക്ക് എത്തിച്ച ഈ യാത്രാ അനുഭവങ്ങൾ നിങ്ങൾക്കിഷ്ടപ്പെട്ടു എന്ന് എനിക്ക് സന്തോഷിക്കാം ..... 
ചുരം ഇറങ്ങി രാത്രി ഭക്ഷണം ഒരു തട്ടുകടയിൽ നിന്ന് കഴിച്ച് ഓർമ്മകളെ താലോലിച്ച് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു .... 
ഈ യാത്രാ അനുഭവക്കുറിപ്പ് ഇവിടെ അവസാനിക്കുന്നു ..... 

ഇനി പുതിയ യാത്രാ അനുഭവുമായി ഉടൻ വരാമെന്ന പ്രതീക്ഷയോടെ ...!!!
നിങ്ങൾ സഹകരിക്കുമെന്ന പ്രത്യാശയോടെ നിങ്ങളുടെ സുഹൃത്ത് 😍

റൗഫ് വടക്കേകാട്ടുകാരൻ ♥️♥️♥️