Translate

Thursday, January 2, 2014

കുഞ്ഞാപ്പ കഥകൾ (സിനിമാ ടിക്കറ്റ് )

കാർത്ത്യാനിയുടെ ചായക്കടയിൽ ഊക്കൻ ചർച്ച നടക്കുന്നു . നാളെ റിലീസാകാനിരിക്കുന്ന മമ്മുട്ടിയുടെ സിനിമയെ കുറിച്ചാണ് ചർച്ച .ബിഗ്ബട്ജറ്റ് സിനിമ ... മമ്മുട്ടി സിനിമക്ക്  വേണ്ടി പത്ത്കിലോ തൂക്കം കുറച്ചു ...ബംബർഹിറ്റ് സിനിമയായിരിക്കും ....എന്നിങ്ങനെ പോകുന്നു ചർച്ച .
"നാളെ ആവഴിക്കടുക്കാൻ പറ്റില്ലട്ടാ ...നല്ല തെരക്കാവും ..മമ്മുക്കാടെ പടല്ലേ .."
ഇവ്ട്ന്നു പുലർച്ചന്നെ പോയി അവിടെ ടിക്കറ്റിന് ക്യൂ നിക്കേണ്ടി വരും . "
"നല്ല പോലീസുണ്ടാകുട്ടാ ....അടി ഒറപ്പാ ...."
"ബ്ലാക്കിന് റ്റികെറ്റെട്ക്കാന്ള്ള കായുംകൊണ്ട് പോണ്ടി വരും...ന്നാലേ നാളെ കാണാൻ പറ്റൂ ...."
" അതെയതെ ...കാണാണങ്കി നാളെത്തന്നെ കാണണം ..ഇല്ലെങ്കി പിന്നതിന്റെ ത്രില്ല് കിട്ടില്ല ..."
നാല് ചെറുപ്പക്കാർ ഇരിന്ന് ഓരോന്ന് പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ രണ്ടുദിവസം മുമ്പത്തെ പേപ്പറും പിടിച്ച് കട്ടൻ ചായയും കുടിച്ച് അപ്പുറത്ത് കുഞ്ഞാപ്പ ഇരിക്കുന്നുണ്ടായിരുന്നു .
"എന്ത് പടാടാ നാളെ വരണെ ...? "
 കുഞാപ്പാടെ ചോദ്യം കേട്ട് ചർച്ച പെട്ടന്ന് നിന്നു .
"ഇങ്ങേളെന്ത് മനുഷ്യനാ കുഞാപ്പാ ...മമ്മൂക്കാടെ സൂപ്പർ പാടല്ലേ വരണത് .."
"അയിന് ഇബടിരിന്ന് ഇങ്ങനെ വർത്താനം പറഞ്ഞിട്ടെന്താ ...നാളെ പോയി കണ്ടാപോരെ ...."
കുഞാപ്പ ഒരു വിലയുമില്ലാതെ ചോദിച്ചു .
"ഇങ്ങേക്കെന്താ കുഞാപ്പാ ...നാളെ പോയാൽ റ്റിക്കട്ട് കിട്ടില്ല .അങ്ങട് അട്ക്കാൻ പോലും പറ്റില്ല ... അയിന്റെ സങ്കടല്ലേ ഞങ്ങള് പറേണത്."
കുഞ്ഞാപ്പ പേപ്പെറുടുത്ത് മടക്കിവെച്ച് ഭാക്കിയുള്ള ചായ ഒറ്റവലിക്ക് കുടിച്ച് തീർത്ത് പുറപ്പെടാൻ ഒരുങ്ങി .
"ങ്ങക്ക് ആ പടം കാണണം അത്രല്ലുള്ളു ..ഞാൻ ടിക്കറ്റ് ശരിയാക്കി തരാം ...ൻറെ ചെങ്ങായിണ്ട് അവടെ ടൗണില് ...ഓനോട്‌ പറഞ്ഞാ എത്ര റ്റിക്കട്ട് വേണേലും കിട്ടും .."
ഇത് കേട്ട അവർക്ക് സന്തോഷം അടക്കാനായില്ല ...
"സത്യാണോ കുഞാപ്പാ ...എന്നാ ഇങ്ങടെ ഫുൾ ചെലവ് ഞങ്ങടെ വക ....അപ്പോ നാളെ മാറ്റിനിക്ക് പോകാം ഫസ്റ്റ് ഷോ അപ്പഴാ ..."
"പിന്നെല്ലാണ്ട് ...ഇങ്ങള് പോരെ ഞാൻ റെഡി ..ആ പടം ഇങ്ങള് കണ്ടൂന്ന് വെച്ചോളീ ..."
    അടുത്ത ദിവസം മാറ്റിനിക്ക് ടൗണിലെ തിയേറ്ററിലേക്ക് നാലുപേരും കുഞ്ഞാപ്പയേയും കൂട്ടി ബസ്സിൽ പോയി . വലിയ ആദരവോടെയാണ് അവർ കുഞ്ഞാപ്പയെ കൊണ്ടുപോയത് .
തിയേറ്ററിനടുത്തെത്തിയപ്പോൾ അവർ വിചാരിച്ച അത്ര തിരക്കില്ലായിരുന്നു .
"കുഞാപ്പാ .. പേടിക്കാള്ള തെരക്കില്ലട്ടാ ...ഇപ്പൊ തന്നെ ക്യൂവില് നിന്നാ റ്റിക്കട്ട് കിട്ടൂട്ടാ ..."
"എന്തിനാ വെറുതെ തിക്കും തെരക്കിലും നിക്കണ് ...നമ്മക്ക് പോയി നല്ല ബിരിയാണിയൊക്കെ തിന്നിട്ട് വരാ ..."
കുഞാപ്പാടെ വാക്കും വിശ്വസിച്ച് അവർ മൂപ്പരേയും കൊണ്ട് ഹോട്ടലിൽ പോയി ബിരിയാണി കഴിച്ചു .
വലലിയൊരു ഏമ്പക്കവും വിട്ട് കുഞ്ഞാപ്പ അവരെയും കൂട്ടി ബസ്റ്റാൻറിലേക്ക് പോയി .
"കുഞാപ്പാ ..ആളെവടെ ..അവടെ പടം തൊടങ്ങാനായിട്ടാ ..."
"ഇങ്ങേളെന്തിനാ ബേജാറാവണ് ...ആളെ കാണുന്നു ,ഓനൈറ്റ് പോയി ടിക്കറ്റ് വാങ്ങുന്നു പടം കാണുന്നു ...പോരെ ..."
കുഞ്ഞാപ്പ അവർക്ക്  വീണ്ടും ധൈര്യം കൊടുത്തു . പക്ഷെ ബസ്റ്റാൻറി ലെത്തി കുഞ്ഞാപ്പ  അയാളെയും തിരഞ്ഞ് നടക്കുന്നത് കണ്ടപ്പോ അവർക്ക് ടെൻഷനായി .
"കുഞ്ഞാപ്പ ആരോടെങ്കിലും ചോദിക്ക് ...സമയം പോകുന്നു .."
കുഞ്ഞാപ്പ പോയി ഒരു ജ്യൂസ്കടക്കാരനോട് ആളെ തിരക്കി .
"വേഗം വാ ...ആളെകിട്ടി ..ആള് ആ കോണിപ്പടിമ്മേ ഇരിക്കീണ്ടത്രേ .."
അവർ അങ്ങോട്ട്‌ ഓടിച്ചെന്നു .  അവർ അവടെ കണ്ട കാഴ്ച കുഞാപ്പാടെ സ്നേഹിതൻ കള്ളുകുടിച്ച് ഫിറ്റായി  പാമ്പ്‌ പരുവത്തിൽ കിടന്ന് ഇഴയുന്നതാണ് .എല്ലാവരും കുഞ്ഞാപ്പയെ ഒന്ന് നോക്കി . കുഞ്ഞാപ്പ അയാളെ തട്ടിവിളിച്ചു .
"എടാ ചോപ്പൂ ...ഇയ്യെന്താ ഇബടെ കെടക്ക്ണ് എണീക്കടാ ..."
ഇത് പറഞ്ഞ് തീരുമ്പോഴേക്കും ചോപ്പു കുഞ്ഞാപ്പക്കിട്ട് ഒരു ചവിട്ട് വെച്ച്കൊടുത്തു .ചവിട്ടിന്റെ കൂടെ ഇതും ...
" പോടാ %&$# മോനെ ....ആരാടാ ഇന്നെ തൊട്ടത് .. ചോപ്പൂനോട് കളിക്കല്ലേ  പട്ടികളേ ..."
ചവിട്ടേറ്റ് വീണ കുഞ്ഞാപ്പയെ അവർ എടുത്ത്പോക്കി.
"ഇതാ ഇങ്ങടെ ചെങ്ങായി ...   ഈ കള്ളും കുടിച്ച് കെടക്കണ ആളാ മ്മക്ക് റ്റിക്കട്ട് തരണത് ..അപ്പൊ ത്തന്നെ ആ റ്റിക്കറ്റ് എട്ക്കാണങ്കി പടം കാണാർന്നു ..ഇങ്ങളാണ്ട് വായോ ...ബാക്കി നാട്ടീന്ന് തരാട്ടാ ..."
ഇതും പറഞ്ഞ്  അവർ സ്ഥലം വിട്ടു . കുഞ്ഞാപ്പ ചുമരും ചാരി ബസ്സിന് പോകാനുള്ള കാശും കയ്യിലില്ലാതെ    ചോപ്പുവിനെയും നോക്കി ഒരേ നിൽപ്പ് നിന്നു .
                                                    ***** ശുഭം ********
                                                     



                                  റൗഫ് റഹ്മത്തുള്ള വടക്കേകാട് ,           
                                                               

                                                                                                       

No comments:

Post a Comment

അഭിപ്രായം അറിയിക്കുക