Translate

Thursday, December 26, 2013

കുഞ്ഞാപ്പ കഥകൾ (പാസ്സ്പോട്ട് )

         
കുഞാപ്പക്ക് ലോട്ടറി അടിച്ചു .പതിനായിരം രൂപ .കാലത്ത് ഉറക്കത്തിൽ നിന്നെഴുന്നേറ്റ്‌ കണ്ണുംതിരുമ്മി പുറത്ത് വന്നപ്പോഴാണ് ലോട്ടറിക്കാരൻ കുട്ടപ്പൻ ഈ വിവരം പറയാൻ മുറ്റത്ത് വന്ന്നിൽക്കുന്നത് കണ്ടത് .കുഞാപ്പാടെ ഉറക്കമെല്ലാം വെട്ടുകിളിപായുന്ന പോലെ പാഞ്ഞു .കുട്ടപ്പനുമായിപോയി ലോട്ടറികാശ് കൈക്കലാക്കി സന്തോഷം അടക്കാനാവാതെ കുഞ്ഞാപ്പ വീട്ടിലേക്കു ഓടി വന്നു .കെട്ടിയോൾ അലക്കുകല്ലിലിരിന്ന് മത്തി നന്നാക്കുന്നുണ്ടായിരുന്നു .അതൊന്നും നോക്കാതെ കുഞ്ഞാപ്പ കെട്ടിയോളെ കെട്ടിപ്പിടിച്ചു .
"ൻറെ മാണിക്യക്കല്ലേ.....ഇത് കണ്ടാ ജ്ജ് ...കായ്യാണ് മോളെ കായ്യ് ...അണക്കെന്താ വേണ്ടത് യ്യ് പറഞ്ഞോ ..ഞാൻ വാങ്ങിത്തരാ ..."
രണ്ടാമതൊന്നു ആലോചിക്കാതെ കെട്ടിയോള് പറഞ്ഞു . 
"ങ്ങള് പോയി ഒരു ടി വി വാങ്ങീട്ട് വാ ..അപ്പറത്തെ വീട്ടീ പോയി സീരിയല് കണ്ട് കണ്ട് ഞാൻ മടുത്തു ..."
കുഞ്ഞാപ്പ പിന്നെ ഒന്നും ആലോചിച്ചില്ല .ഉടനെ പോയി ടി വി വാങ്ങി വന്നു .കേബിളും വലിച്ചു .അന്ന് രാത്രി തന്നെ കേട്ടിയോൾക്ക് സീരിയലും കാണിച്ച് കൊടുത്തു .രണ്ട് പേരും തൊട്ടുരുമ്മിനിന്ന് സീരിയല് കാണുമ്പോഴാണ് റിയാദിൽ നിന്ന് കുഞാപ്പാടെ മാമാടെ ഫോണ്‍ വന്നത് .
"ഹലോ ..കുഞാപ്പല്ലേ ...യ്യ് വേഗം പാസ്പോട്ട് എടുക്കണം ...അനക്കിവിടെ നല്ലൊരു ജോലി ശരിയാക്കിയിട്ടുണ്ട് .എമർജെൻസി പാസ്പോട്ട് എടുത്തോ ...പെട്ടന്ന് വേണം ..."
ഇതും പറഞ്ഞ് മാമ ഫോണ്‍ വെച്ചപ്പോൾ കുഞാപ്പക്ക് ആകെ സങ്കടായി .കാര്യം തിരക്കിയ കേട്ട്യോളോട് കുഞ്ഞാപ്പ വിവരം പറഞ്ഞു .
"അയിന് ഇങ്ങളെന്തിനാ സങ്കടപ്പെട്ണ് .ഇങ്ങള് പൊയ്ക്കോളീ ...ന്നെ പിരിയിണ സങ്കടോന്നുംവേണ്ട .."
"പോടീ ബലാലെ ...അന്നെ പിരിയിണ സങ്കടല്ല ...എങ്ങനിപ്പോ പാസ്പോട്ട് എടുക്കാന്നാ  ൻറെ ചിന്ത ..."
അങ്ങനെ രണ്ടുപേരും ഇരിന്ന് ആലോചിച്ചു .ഒടുവിൽ ..
"അല്ലടീ ...ഞമ്മക്ക് ഈ ടി വി വിറ്റാലാ ..."
ഇത്കേട്ട് കെട്യോള്ക്ക് ഹാലായി .
"ടി വി വിക്കേ ...ഇങ്ങള് മുണ്ടാണ്ട് പൊയ്ക്കോളി അവിടന്ന് ..."
കുഞാപ്പയും കെട്ട്യോളും ഒന്നും രണ്ടും പറഞ്ഞ് വഴക്കായി .ഒടുവിൽ കെട്ട്യോൾക്കിട്ട് രണ്ട് കൊടുത്ത് കാര്യം സമ്മതിപ്പിച്ചു .അങ്ങനെ ടി വി വിറ്റു . കുഞ്ഞാപ്പ ദിവസങ്ങൾക്കുള്ളിൽ പാസ്പോട്ട് എടുത്തു .അതിൻറെ സന്തോഷത്തിന് കൂട്ടുകാർക്കൊക്കെ പാസ്പോട്ട് കുപ്പിയും കൊടുത്തു .എല്ലാവരും ഹാപ്പി !!
രണ്ടു ദിവസം കഴിഞ്ഞ് വിസയും പ്രതീക്ഷിച്ചിരിക്കിണ കുഞ്ഞാപ്പയുടെ വീട്ടിലേക്ക് റിയാദിലുള്ള മാമ കയറി വരുന്നത് കണ്ട് കുഞ്ഞാപ്പ ഞെട്ടി !
"ങ്ങള് ഇതെപ്പോ റിയാദീന്ന് വന്ന് ...പാസ്പോട്ട് ഞാനിട്ത്ത് ..ഇങ്ങള് വിസ കൊട്ന്നീണ്ടാ ..."
"ഇല്ല കുഞ്ഞാപ്പ ...അവടെ നിതാഖത്ത് ..ൻറെ പണിപോയി ..ഞ്ഞിപ്പോ ന്താ ചെയ്യാ ..."
കുഞാപ്പക്ക് സങ്കടവും ദേഷ്യവും ഒരുമിച്ച് തലയോട്ടീ കേറി ....
"ഇങ്ങള് പറഞ്ഞിട്ടല്ലേ എമർജൻസി പാസ്പോട്ട് ഇടുത്തത് ..കെട്ട്യോളോട് വഴക്കിട്ട് ടി വി യും വിറ്റ് ..." 
ഇതും പറഞ്ഞ് കുഞ്ഞാപ്പ അകത്ത് പോയി പാസ്പോട്ട് എടുത്ത് മാമാടെ കയ്യിൽ വെച്ച്കൊടുത്തു ...
"ന്നാ ....ഇതിങ്ങളെന്നെ വെച്ചോളീ ...ന്നിട്ട് ..ഇന്ന് വൈന്നേരത്തിൻറെ ഉള്ളില് ഒരു ടി വി ഇബടെ കിട്ടണം .....ഇല്ലങ്കി ഇങ്ങളെ നിതാക്കത്ത് ഞാന് ഇവടെ നടത്തും ...പറഞ്ഞില്ലാന്നു വേണ്ട .... "
മാമ ഒന്നും മിണ്ടാതെ പാസ്പോട്ടും വാങ്ങി പടികടന്നു . 
"മാമ ...ടി വി 26 ഇഞ്ച്‌ കളറാണ് ട്ടാ  .....അത് മറക്കണ്ടാ ..."
മാമ കുഞാപ്പനെയും കയ്യിലെ പാസ്പോട്ടും പോക്കറ്റിലെ കാശും ഒന്ന് നോക്കി ...പിന്നെ ആടിയാടി മാമ നടന്നകന്നു .

                       *************ശുഭം ***************
                                                                                                 റൗഫ് റഹ്മത്തുള്ള വടക്കേകാട് ,






Thursday, December 19, 2013

കുഞ്ഞാപ്പ കഥകള്‍ (പേപ്പട്ടി )

                   
     കാർത്തൂന്റെ ചായക്കടയിലിരിന്നു പുട്ടും കട്ടൻചായയും വെച്ച്കേറ്റുമ്പോഴാണ് പട്ടാളക്കാരൻ വേലായുധന്റെ വീട്ടിലെ പട്ടിക്ക് പേ ഇളകിയെന്ന് കുഞ്ഞാപ്പ അറിയുന്നത് .അതും ലോട്ടറിക്കാരൻ കുട്ടപ്പന്റെ വായീന്ന് .
"മ്മ് ടെ വേലായുധന്റെ വീട്ടിലെ പട്ടിയാണോ  കുട്ടപ്പാ .."
കുഞ്ഞാപ്പ ചുളുവിൽ ചർച്ചയിൽ നുഴഞ്ഞുകയറി .
"ആസാധനം തന്നെ ..കണ്ടാ തന്നെ പേടിയാകും ..ഇപ്പൊ ചങ്ങലക്കിട്ടിട്ടുണ്ട് .അതാച്ചാ ചങ്ങല പൊട്ടിക്കാൻ കിടന്ന് ചാടിക്കളിക്കുന്നുണ്ട് ... അതെങ്ങാനം പൊട്ടിയാൽ എല്ലാത്തിന്റെ കാര്യവും പോക്കാ ..."
" കാർത്തോ ..കായിഞ്ഞാൻ പിന്നെ തരാട്ടാ .."   കുഞ്ഞാപ്പ വേഗം ചായ കുടിച്ച്തീർത്ത് കാർത്തൂനോട് കടവും പറഞ്ഞ്‌ പട്ടാളക്കാരൻ വേലായുധൻറെ വീട്ടിലേക്കു വെച്ച് പിടിച്ചു .
          കുട്ടികളും മുതിർന്നവരും അടക്കം ആളുകൾ നിരവധിയുണ്ട് .കുട്ടികൾ കാര്യമറിയാതെ    ആർപ്പുവിളിച്ച് രസിച്ചു .മുതിർന്നവരുടെ മുഖത്ത് ഭയപ്പാട് തളംകെട്ടി നിന്നു . അതിനടയിലേക്കാണ് കുഞ്ഞാപ്പ കയറിച്ചെല്ലുന്നത് .
"എന്താ എല്ലാരും കാഴ്ച്ചകണ്ട് നിക്കണ് ..ഇങ്ങക്കൊക്കെ പിരാന്താ ..അതെങ്ങാനം ചങ്ങലപ്പൊട്ടിച്ചാൽ .....എന്താ അവസ്ഥ ! കുട്ട്യോളൊക്കെ ഉള്ളതല്ലേ .."
"അതിനിപ്പോ നമ്മെളെന്താ ചെയ്യാ കുഞ്ഞാപ്പ ,ആർക്കും അങ്ങോട്ട്‌ അടുക്കാൻ പേടിയാ ." 
പട്ടാളക്കാരൻ വെലായുധൻ കുഞാപ്പയോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു .
"അയിനെ തല്ലിക്കൊന്നൂടെ .."
"എന്താ ൻറെ കുഞാപ്പാ ..അനക്ക് വിവരല്ലേ ..അതെങ്ങാനം കടിച്ചാൽ പിന്നെന്താ അവസ്ഥ !.."
ചങ്കുരു ഇത്തിരി ഗൗരവത്തിൽ തന്നെ പറഞ്ഞു .
"ങ്ങള് പട്ടാളക്കാരനല്ലേ ...ഇബടെ തോക്കുണ്ടാവില്ലേ ..അതെടുത്ത് കാച്ച് .."
"തോക്കൊക്കെ ഉണ്ട് ..അത് പട്ടാളക്കാരന്റെ തോക്കല്ല ..പക്ഷികളെ വെടിവേക്കുന്നതാ ..."
"എന്നാ അതിങ്ങേടെടുക്ക് ...ഞാൻ വെടിവെച്ചോളാം ...ഉന്നത്തിന്റെ കാര്യത്തില് ഞാൻ മിടുക്കനാണെന്നറിഞ്ഞൂടെ ..."
കുഞ്ഞാപ്പയുടെ ഡയലോഗ് കേട്ട് എല്ലാവരും കൊരിത്തരിച്ചു . വേലായുധൻ അകത്ത്പോയി തോക്കെടുത്ത് കുഞാപ്പക്ക് കൊടുത്തു ... കുഞ്ഞാപ്പ എല്ലാവരെയും നീക്കി നിർത്തി ..പേ ഇളകി ഹാലായി നിൽക്കുന്ന പട്ടിയെ ഒരുകണ്ണ്‍ അടച്ച് ഉന്നം പിടിച്ചു ..എല്ലാവരും ആകാംക്ഷയോടെ പട്ടി ചത്ത് വീഴുന്നതും കാത്ത് നിശബ്ദരായി നിന്നു ...
"ൻറെ മമ്പറത്തെ ഇസ്പ്പേട്ടറെ .." എന്നും പറഞ്ഞ് കുഞ്ഞാപ്പ ഒറ്റ വെടി ...' ട്ടേ ....'
 വെടിയുണ്ട കറക്റ്റു നേരെ പട്ടിയെ കെട്ടിയ ചങ്ങലക്ക് കൊണ്ടു ..ചങ്ങല പൊട്ടി !!!  ആളുകൾ നാലുപാടും ചിതറിയോടി ..കുഞ്ഞാപ്പ നൂറെ നൂറ്റിപ്പത്തിൽ വാണം വിട്ട പോലെ പാഞ്ഞു ..പിന്നാലെ പട്ടിയും .......
ആ പോക്ക് പിന്നെ രണ്ട് ദിവസത്തിന് കുഞാപ്പാടെ വിവരമൊന്നുമിണ്ടായില്ല . രണ്ട് ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞാപ്പ നാട്ടിലേക്ക് വിളിച്ചു .. ഞാൻ സുഖമായി ബോംബയിലെത്തി ..എനിക്കിവിടെ സുഖം തന്നെ ..ആ കള്ളനായിൻറെ മോൻ വേലായുധനോട്‌ പറയണം പട്ടിയെ വളർത്തുമ്പോ ഇങ്ങനെ തന്നെ വളർത്തണമെന്ന് ..ആ പോക്കിൽ പട്ടി വണ്ടിയിടിച്ച് ചത്ത കാരണം ഞാനിപ്പോ കുരക്കുന്നില്ല ... .

                          ======ശുഭം ============
                                                                                                റൗഫ് റഹ്മത്തുള്ള ,






Sunday, December 15, 2013

ഫ്ലാറ്റ് നമ്പർ 23 ,(കഥ )

         
 രാത്രി ഒരുമണി കഴിഞ്ഞിട്ടും ജോസ് വന്നിട്ടില്ല .സിസിലി കയ്യിൽ ഒരു റിമോട്ടുമായി  സോഫയിൽ ചുരുണ്ടു കൂടിയിരിക്കുന്നു .ചാനലുകൾ മാറിമാറി കൊണ്ടിരിന്നു .ഒരു പ്രോഗ്രാമും അവൾ നേരാവണ്ണം കാണുന്നില്ല .മേശപ്പുറത്ത് വിളമ്പിവെച്ച ഭക്ഷണം ചൂടാറികഴിഞ്ഞിരുന്നു .ടി വി കാണുന്നതിനിടെ ഇടക്ക് കോളിങ്ങ്ബെൽ ശബ്ദിക്കുന്നുണ്ടോന്ന് ചെവിയോർക്കും .നാലുവയസ്സുകാരി മകൾ നല്ല ഉറക്കം .അവളുണരാതിരിക്കാൻ ടി വി യിലെ ശബ്ദം വളരെ നേരിയത് മാത്രം .
          ജോസ് ഒരു ചെറുകിട ബിസ്സ്നെസ്സ്കാരനാണ് .ഒരു ഗ്രോസറിയും രണ്ട് മൊബൈൽ ഷോപും ഉണ്ട് .കാലത്ത് ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയാൽ പിന്നെ പാതിരാക്ക് എത്രമണിക്ക് തിരിച്ച് കയറുമെന്ന് പറയാനാവില്ല .തലയിൽ ബിസ്സ്നെസ്സ് മാത്രം .പതിനഞ്ചുവർഷം കഴിഞ്ഞു ജോസ് ദുബായിലെത്തിയിട്ട് .അതിൽ രണ്ട് വർഷം മാത്രം മറ്റൊരുവൻറെ കീഴിൽ ജോലി ചെയ്തു .പിന്നെയെല്ലാം ഓരോരോ ബിസ്സ്നെസ്സുകൾ .പലതും പയറ്റി ഒടുവിൽ ഈ നിലയിലെത്തി .സാമാന്യം തരക്കേടില്ലാത്ത കച്ചവടം നടക്കുന്നുണ്ടെങ്കിലും വരുമാനമെല്ലാം എങ്ങോട്ട് പോകുന്നെന്ന് മാത്രം ജോസിനറിയില്ല .സിസ്‌ലിയെ മകൾക്ക് ഒന്നരവയസ്സുള്ളപ്പോഴാണ് 23-നമ്പർ റ്റുബെഡ്റൂം ഫ്ലാറ്റിലേക്ക് കൊണ്ടുവരുന്നത് .വന്നന്ന് മുതലേ സിസ്‌ലിക്ക് ജോസിനെ നേരെചൊവ്വേ ഒന്ന് കാണാൻ കിട്ടാത്ത അവസ്ഥ .
        കോളിംഗ്ബെല്ല് കേട്ടപ്പോൾ സിസ്‌ലി ഞെട്ടിയില്ല .ആ ശബ്ദം അവൾ കാതോർത്തിരുന്നതാണ് . സിസ്‌ലി ഡോർ തുറന്നു കൊടുത്തു .ജോസ് വന്നപാടെ സോഫയിൽ ചാരിയിരിന്നു .റിമോട്ടെടുത്ത് ചാനലുകൾ മാറ്റി മാറ്റിയിരിന്നു .സിസ്‌ലി മേശപ്പുറത്ത് അടച്ചുവെച്ച ഭക്ഷണം വിളമ്പി . 
"അച്ചായാ ..കഴിക്കുന്നുണ്ടേ വന്ന് കഴിച്ചേ ..."
മറുപടി കാണാതായപ്പോൾ സിസ്‌ലി അടുത്ത്ചെന്നു .റിമോട്ടും കയ്യിൽപിടിച്ച് ജോസ് നല്ല ഉറക്കം .
"അച്ചായാ ..ഇതെന്നതാ വന്ന് വല്ലതും കഴിച്ചേ  .."
ജോസ് പെട്ടന്ന് ഉണർന്നു . 
"നീ കഴിച്ചേര് ..എനിക്ക് വലിയ വിശപ്പില്ല "
ജോസ് വീണ്ടും ഉറക്കത്തിലേക്ക് ചാഞ്ഞു .
"എന്നാത്തിനാ ഞാനിതൊക്കെ ഉണ്ടാക്കിണേ ...എനിക്കും വേണ്ട "
സിസ്‌ലി ദേഷ്യത്തോടെ എല്ലാം അവിടെ വെച്ച് മോളുടെ അടുത്ത്ചെന്ന് കിടന്നു .എങ്ങുനിന്നോ ഒഴുകിവരുന്ന രാപ്പാടിയുടെ മൂളൽകേട്ട് മയങ്ങേണ്ട സിസ്‌ലി അപ്പുറത്തെ സോഫയിൽ കിടന്നുറങ്ങുന്ന ജോസിൻറെ കൂർക്കംവലി കേട്ട് ഉറങ്ങി .
രാവിലെ എട്ട് മണിയാകുമ്പോഴേക്കും ജോസിന് പോകാനുള്ള ഒരുക്കങ്ങളൊക്കെ സിസ്‌ലി ചെയ്തു .അപ്പവും കടലക്കറിയും കൂട്ടി ജോസ് ചായ കുടിക്കുമ്പോൾ സ്നേഹത്തോടെ സിസ്‌ലി അടുത്തിരിന്നു .
"അച്ചായാ ഞാനൊരു കാര്യം പറഞ്ഞാൽ വല്ല മൊടക്കും പറയ്യോ .."
"നീ പറ സിസ്‌ലി ..ഇതും കഴിചേച്ച് എനിക്കങ്ങ് പോണം .."
പറഞ്ഞു തീരുമ്പോഴേക്കും ജോസ് എണീറ്റ് കൈ കഴുകി .
"ഇച്ചായനിങ്ങനെ കാലെലാ പോയാ പിന്നെ വരുന്നത് ഒരു നേരത്താ ...എനിക്കിവിടിങ്ങിനെ ഒറ്റക്കിരിന്നു മടുത്തു ...എന്നാത്തിനാ അച്ചായാ നമക്ക് ഇത്ര വലിയ ഫ്ലാറ്റ് ..ഇതിലെ ഒരുമുറി ഏതെങ്കിലും ഫാമിലിക്ക് കൊടുത്തൂടെ ..എന്നാപിന്നെ എനിക്കെന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാൻ ഒരാളാവോലോ .."
ജോസ് ഷൂ ഇട്ട് പുറത്തിറങ്ങി .
"അച്ചായാ ...വല്ലതും കേൾക്കുന്നുണ്ടോ .."
സിസ്‌ലി ഓടിച്ചെന്ന് കതകടക്കുമ്പോൾ ഒന്ന് ഓർമ്മപ്പെടുത്തി .
"നമുക്ക് പറ്റിയവരുവേണ്ടേ ..എന്തായാലും ഞാൻ നോക്കട്ടെ .."
സിസലിക്ക് ആശ്വാസമായി .ജോസും പോയി മോളു പഠിക്കാനും പോയാൽ സിസ്‌ലി പിന്നെ ടി വി കാണലും ഉറക്കവുമായി ആകെപ്പാടെ ഒരു മരവിച്ച അവസ്ഥയിലാകും .
അന്ന് രാത്രി പതിവിലും വൈകിയാണ് ജോസ് വന്നത് .വന്നപാടെ ജോസ് സോഫയിൽ ക്ഷീണം കൊണ്ട് മയങ്ങി .സിസലിക്ക് ദേഷ്യം വന്നു .
"ഇതെന്നതാ അച്ചായാ ..കഷ്ടണ്ട്ട്ടോ ...ഇന്നും ഒന്നും കഴിക്കിണില്ലേ ..."
"വല്ലാത്തൊരു തലവേദന ,ഇന്ന് മാർക്കറ്റ് കുറച്ച് ഉണർവുണ്ടായിരുന്നു ..നീ കഴിചേച്ചു കിടന്നോ ..ഞാൻ പതിയെ വന്ന് കെടന്നോളാം .."
"എന്നാത്തിനാ അച്ചായാ ഇങ്ങനെ കെടന്നോടുന്നെ ...എൻറെയും കൊച്ചിന്റെയും കാര്യം തന്നെ ശെരിക്ക് നോക്കുന്നില്ല ..സ്വന്തം ആരോഗ്യമെങ്കിലും നോക്കണ്ടായോ .."
സിസ്‌ലി പറഞ്ഞതൊന്നും ജോസ് കേൾക്കുന്നില്ലായിരുന്നു .പിന്നെയും എന്തൊക്കെയോ പിറുപിറുത്ത് സിസ്‌ലി ഉറങ്ങാൻ കിടന്നു .ഇത് സ്ഥിരം പതിവായത്കൊണ്ട് സിസ്‌ലി ഇതിനോടൊക്കെ പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു .
'ഇതിലും ഭേദം വല്ല കൂലിപ്പണിക്കാരനെയും കെട്ടി നാട്ടിൽ കൂടായിരുന്നു ..എന്തായാലും ജോസേട്ടെൻറെ ഒരുകുഞ്ഞിനെ പ്രസവിച്ച് ലാളിക്കാൻ പറ്റിയല്ലോ അതുമതി ..'അവൾ മനസ്സിനെ സമാധാനിപ്പിച്ചു .മോളെ തന്നിലേക്ക് ചേർത്ത് പിടിച്ച് സിസ്‌ലി ഉറക്കത്തിലേക്ക് ആഴ്ന്നു .
     ജോസിൻറെ ഒരു സുഹൃത്തുണ്ട് കറിയാച്ചൻ ..ജോസിനെ പലകാര്യത്തിലും സഹായിച്ചിട്ടുള്ള ആളാണ് കറിയാച്ചൻ .സിസ്‌ലി പറഞ്ഞ കാര്യം ജോസ് കറിയാച്ചനോട് അവതരിപ്പിച്ചു .
"ജോസേ ..സിസ്‌ലി പറേണതിലും കാര്യണ്ട് ..നീ എന്നാ കോപ്പാ കാണിക്കുന്നേ ...അവൾക്കും ബോറടിക്കത്തില്ലയോ ..നീയിങ്ങനെ ബിസ്നെസ്സേന്നും പറഞ്ഞ് നടന്നാലെങ്ങനാ ..എന്നതായാലും ഞാൻ നോക്കാം ..നമ്മടെ ആൾക്കാരെന്നെ ആയിക്കോട്ടെ ..സിസ്‌ലിക്കും അതൊരു സന്തോഷാകും .."
കറിയാച്ചൻ അങ്ങനെ പറഞ്ഞപ്പോൾ ജോസിന് സമാധാനമായി .കറിയാച്ചൻ ഒരു കാര്യം ഏറ്റാൽ ഏറ്റതാ ...
     പതിവില്ലാതെ രാത്രി പത്ത്മണിയാകുമ്പോഴേക്കും ജോസ് റൂമിലെത്തിയപ്പോൾ സിസ്‌ലി ആകെ അത്ഭുതപ്പെട്ടുപോയി .
"എൻറെ മാതാവേ ..ഞാൻ എന്നതാ ഈ കാണുന്നെ ..."
നല്ല ഉന്മേഷവാനായിട്ടായിരുന്നു ജോസിൻറെ വരവ് .
"സിസ്‌ലി നീയൊന്ന് റെഡിയായിക്കേ ...ഇന്ന് പൊറത്തൂന്നാവാ ഭക്ഷണം .."
"എനിക്കിനി മരിച്ചാമതി ഇതെന്നാ പറ്റി അച്ചായാ .."
സിസ്‌ലിയുടെ മുഖം പ്രസന്നമായി .അവൾ വേഗം ഡ്രസ്സ്‌മാറി പുറപ്പെടാൻ നേരത്ത് ജോസിൻറെ മൊബൈൽ റിംഗ് ചെയ്തു .ഫോണിൽ കറിയാച്ചനായിരുന്നു .
"  ജോസേ നീ എവിടേടാ ...നിനക്ക് ഫ്ലാറ്റിലേക്ക് അളെകിട്ടിയിട്ടുണ്ട് നീയൊന്ന് വേഗം പാർക്കിലോട്ടു വാ ..അവിരിവിടുണ്ട് ..."
ജോസ് മൊബൈലും പിടിച്ച് അങ്ങനെ ഇരിന്നു ..
"എന്നതാ അച്ചായ ..ആരാ ഫോണിൽ .."
"അത് കറിയാച്ചനാ ..ഞാനിപ്പോ വരാം ...നമുക്ക് വന്നിട്ട് പോകാം .."
സിസ്‌ലിയുടെ മുഖംവാടി ..അവളുടെ കണ്ണ്‍ നിറഞ്ഞു ..ജോസ് ആ പോക്ക് പോയി പിന്നെ വരുന്നത് ഏറെ വൈകിയാണ് .
                 രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഫ്ലാറ്റിലേക്ക് പുതിയ താമസക്കാർ എത്തി .ആന്റണിയും റോസിയും . ഇരുവരും വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞിട്ടില്ല .നല്ല ചൊറു ചൊറുക്കുള്ള ചെക്കനും പെണ്ണും .സിസലിക്ക് അവരെ ഇഷ്ടപ്പെട്ടു .ആന്റണി ഒരു ഇംഗ്ലീഷ് കമ്പിനിയിൽ സെയിൽസ്എക്സിക്യൂട്ടിവാണ് . റോസി ഒരു ഹോസ്പ്പിറ്റലിൽ നഴ്സായി ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട് .കറിയാച്ചനാണ് ജോലിക്കാര്യം ഏറ്റിട്ടുള്ളത് .  
വളരെ പ്പെട്ടന്ന് തന്നെ സിസ്‌ലിയും റോസിയും തമ്മിൽ അടുത്തു .എല്ലാ കാര്യത്തിലും പരസ്പരസഹകരണമായിരുന്നു അവർക്കിടയിൽ .ആന്റണി ജോലി കഴിഞ്ഞ് വന്നാൽ പിന്നെ റോസിയും സിസ്‌ലിയുമായും ഒരുപാട് തമാശകളൊക്കെ പറഞ്ഞിരിക്കും .സിസ്‌ലിക്ക് ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയതിൽ വളരെ സന്തോഷം തോന്നി .ആന്റണിയും റോസിയും വളരെ റൊമാന്റിക്കായിരുന്നു .അവർതമ്മിലുള്ള സ്നേഹബന്ധവും ഒരുമിച്ച് പുത്ത്പോകലുമെല്ലാം സിസ്‌ലിയെ തൻറെ നഷ്ടങ്ങളെ ഓർമ്മിപ്പിച്ചു .
സ്നേഹിക്കാനോ കൂടെയിരിന്ന് എന്തെങ്കിലും സംസാരിക്കാനോ ഒന്ന് പുറത്തുപോകാനോ സമയമില്ലാത്ത ജോസിനെ കുറിച്ചോർത്ത് സിസ്‌ലി സങ്കടപ്പെട്ടു .ആൻറണിയും റോസിയും വന്നതിൽ പിന്നെ സിസലിക്ക് പുറത്തുപോകാനും മറ്റും ജോസിനെ തീരെകിട്ടാതെയായി .എന്തെങ്കിലും കാര്യത്തിന് ജോസിനെ വിളിച്ചാൽ പറയും ... "നീ അവരെ കൂടങ്ങ്‌ പോടീ സിസ്‌ലി എനിക്കുള്ള തിരക്ക് നിനക്കറിഞ്ഞൂടെ .."
പാർക്കിലും പർച്ചേസിങ്ങിനും സിസ്‌ലി അവരുടെ കൂടെ പോകും .അവർ  ഒരുമിച്ച് കറങ്ങി ഭക്ഷണവും കഴിച്ചാണ് വരിക .
ഒരു ദിവസം ഭക്ഷണം കഴിക്കാൻ പിസ്സാ ഹട്ടിൽ കയറി .ആൻറണിയുടെ സംസാരം കേൾക്കാൻ സിസലിക്ക് വലിയ താൽപര്യമാണ് .എന്തെങ്കിലും വിഷയങ്ങൾ സിസ്‌ലി  എപ്പോഴും എടുത്തിടും .അത് തമാശരൂപത്തിൽ ആൻറണി അവതരിപ്പിക്കുന്നത് സിസലിക്ക് വലിയ ഇഷ്ടമാണ് .
ഭക്ഷണം കഴിച്ച് റോസി കൈകഴുകാൻ എണീറ്റ്‌ പോയി .ആൻറണി പോക്കറ്റിൽ നിന്നും കാശെടുക്കുമ്പോൾ സിസ്‌ലി അവളുടെ ഹാൻറ്ബാഗ്‌ തുറന്നിട്ട്‌ പറഞ്ഞു .  "
"അത് പറ്റില്ലട്ടാ എപ്പോഴും ആൻറണിയല്ലേ കൊടുക്കുന്നേ ...ഇത് ഞാൻ കൊടുക്കാം ..ഇന്നലേ കൂടി അച്ചായൻ എന്നെ വഴക്കുപറഞ്ഞു ..നീയെന്തിനാ ഇങ്ങനെ ഓസിക്ക്‌ പോയി തിന്നണേന്ന് .."
"ഏയ്‌ അതൊന്നും സാരമില്ല ,.." ആൻറണി അത് പറഞ്ഞ് കാശെടുത്ത് ബില്ലിൽ വെച്ചപ്പോൾ സിസ്‌ലി ആൻറണിയുടെ കൈ പിടിച്ചു .
"ആൻറണി പ്ലീസ് ..അത് പറ്റില്ല .."
"ഓക്കെ .." ആൻറണി സമ്മതിച്ചു .  അതിനിടയിലെപ്പോഴോ സിസ്‌ലിയുടെയും ആൻറണിയുടെയും കണ്ണുകൾ തമ്മിൽ ഉടക്കി .കുറച്ച് നിമിഷങ്ങൾ മാത്രമുള്ള നോട്ടം .ഇരിവരുടെയും ചുണ്ടുകളിൽ അറിയാതെ പുഞ്ചിരി വിടർന്നു . അപ്പോഴേക്കും റോസി വന്നു .
                പിന്നീട് പലപ്പോഴും സംസാരിക്കുമ്പോൾ സിസ്‌ലിയും ആൻറണിയും കണ്ണിനിമവെട്ടാതെ നോക്കിയിരിക്കും .ദിവസങ്ങൾ കടന്നുപോയി .റോസിക്ക് നഴ്സായി ജോലി കിട്ടി .ഡ്യുട്ടി സമയം ആഴ്ച്ചയിൽ നയ്റ്റും ഡേ യുമായി അങ്ങോട്ടും ഇങ്ങോട്ടും മാറും.
റോസിക്ക് നയ്റ്റ്ഡ്യൂട്ടിയുള്ള ദിവസം .ആൻറണിയും സിസ്‌ലിയും ഹാളിലിരിന്നു ടി വി കണ്ടുകൊണ്ടിരിക്കുന്നു . മോള് ഭക്ഷണം കഴിച്ച് ഉറങ്ങി . പത്ത് മണി കഴിഞ്ഞപ്പോൾ ആൻറണി ഒന്ന് കോട്ടുവായിട്ട് പറഞ്ഞു .. "ഉറക്കം വരുന്നു ഞാൻ പോയേച്ച് കിടക്കട്ടെ .."
"ഇച്ചായൻ വന്നിട്ട് ഉറങ്ങാം ..നേരത്തെ ചെന്ന് കിടക്കാൻ റോസി ഇല്ലല്ലോ ..നമുക്കെന്തെങ്കിലും സംസാരിച്ചിരിക്കാം ..നിങ്ങളൊക്കെ വന്നതിന് ശേഷാ ആൻറണി എനിക്കൊരു ഉണർവുണ്ടായേ ..ആകെപ്പാടെ ഒരു മരവിപ്പായിരുന്നു ..എനിക്കിപ്പോ എന്ത് സന്തോഷാണന്നറിയ്യോ ..അച്ചായൻ ബിസ്നെസ്സെന്നും പറഞ്ഞ് ഓടി നടക്കുവാ ..എങ്ങിനെയൊക്കെയോ ഞങ്ങക്കൊരു കൊച്ചുണ്ടായന്നല്ലാതെ എൻറെ കാര്യത്തില് അച്ചായന് ഒരു ശ്രദ്ധയുമില്ല ..."സിസ്‌ലി സങ്കടങ്ങൾ എണ്ണിപ്പെറുക്കാൻ തുടങ്ങി . 
"എല്ലാം ശരിയാകും ചേച്ചീ ..അച്ചായന് തിരക്കല്ലേ ..ബിസ്സ്നെസ്സെന്നു പറഞ്ഞാ അങ്ങനയാ .."
"റോസി ഭാഗ്യവതിയാ .." എന്തോ പറയാൻ വന്നെങ്കിലും സിസ്‌ലി അവിടെ നിർത്തി . ആൻറണിയും സിസ്‌ലിയും കുറച്ച് സമയം ഒന്നും മിണ്ടാതിരിന്നു .അവർ പരസ്പരം കണ്ണോട് കണ്ണ്‍ നോക്കിയിരിന്നു .അവർക്കുള്ളിൽ നിന്ന് ഏതോ ഒരു കാന്തികശക്തി ശരീരത്തിലാകെ കോരിത്തരിപ്പിച്ചു .ആൻറണിയുടെ ഞരമ്പുകൾ ഉണർന്നു .സിസ്‌ലിയുടെ ചുണ്ടുകൾ വിറച്ചു .ആൻറണി എഴുന്നേറ്റ് സിസ്‌ലിയുടെ അടുത്തിരിന്നു .സിസ്‌ലി അറിയാതെ ആൻറണിയിലേക്ക് ചാഞ്ഞു .ഒരു നിമിഷം അവർ അവരെ തന്നെ മറന്നു .അവർക്കെട്ടിപ്പുണർന്നു .ആൻറണി സിസ്‌ലിയെ സോഫയിലേക്ക് കിടത്തി . ടി വി യിൽ ഏതോ റിയാലിറ്റി ഷോ യുടെ പുന:സംപ്രേക്ഷണം നടക്കുന്നു .സിസ്‌ലിക്കും ആൻറണിക്കും എവിടെനിന്നോ ഒരു ധൈര്യം വന്നത് പോലെ .അവർ പരസ്പരം അവർക്ക് സ്വന്തമെന്നപൊലെ ശരീരങ്ങൾ തമ്മിൽ ഒരു നൂലിഴ ബന്ധമില്ലാതെ ഇഴുകിച്ചേർന്നു .എല്ലാം ഒരു സ്വപ്നസാക്ഷാൽകാരം പോലെ അവർ അനുഭവിച്ചു .എല്ലാം കഴിഞ്ഞപ്പോൾ പരസ്പരം ഒന്നുംമിണ്ടാതെ അവർ ടി വി യിലും നോക്കിയിരിന്നു .
ഒരു മണികഴിഞ്ഞപ്പോൾ കോളിംഗ്ബെല്ലടിച്ചു .സിസ്‌ലി കതക് തുറന്നു .
"ആൻറണി ഉറങ്ങിയില്ലേ ...അതേതായാലും നന്നായി ..സിസ്‌ലിക്കൊരു കൂട്ടായല്ലോ ..തനിച്ചിരിന്ന് ബോറടിക്കുന്നൂന്ന് ഇനി പരാതി പറയൂല്ലല്ലോ ..ഹ ഹ ഹ .."ജോസ് ഉറക്കെ ചിരിച്ചു .സിസ്‌ലിയുടെയും ആൻറണിയുടെയും മുഖത്ത് ഒരു വാടിയ ചിരിമാത്രം .ആൻറണി റൂമിലേക്ക് പോയി .ജോസും സിസ്‌ലിയും ഭക്ഷണം കഴിച്ച് കിടന്നു .ജോസിന് ഇന്ന് അത്ര ക്ഷീണമില്ല .ജോസ് സിസ്‌ലിയെ കെട്ടിപ്പിടിച്ചു .അവളുടെ ശരീരത്തിലൂടെ കയ്യോടിച്ചപ്പോൾ സിസ്‌ലി തടഞ്ഞു ..  
"ഇന്ന് വേണ്ടച്ചായ .." ഇതും പറഞ്ഞ് അവൾ തിരിഞ്ഞ് കിടന്നു .
"അതെന്നാടീ പിരീഡാണോ .."
"ഉം .."
സിസ്‌ലി ഒന്ന് മൂളുകമാത്രം ചെയ്തു .അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . ജോസ് കാലത്ത് ആറ് മണിക്ക് അലാറം വെച്ച് കിടന്നുറങ്ങി .പതിവ് പോലെ ജോസിൻറെ കൂർക്കംവലി ഇല്ലാതിരുന്നിട്ടും സിസ്‌ലിക്ക് അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല .
                                 ****ശുഭം********
                                                                റൗഫ് റഹ്മത്തുള്ള വടക്കേകാട് ,
=============================================== ==================   











Friday, December 6, 2013

കുഞ്ഞാപ്പ കഥകൾ (കരിങ്കാളി )


കുഞാപ്പയും ദാസനും പണ്ടേക്കു പണ്ടേ ചെങ്ങാതിമാരാണ് .ഒരേ പാത്രത്തിൽ ഉണ്ടിട്ടുണ്ട് ,ഒരേ പായയിൽ കിടന്നിട്ടുമുണ്ട് .പക്ഷെ രണ്ടും ശാന്തയുടെതാണെന്ന് മാത്രം .നടത്തറ ശാന്തയല്ലട്ടാ ..കുഞ്ഞാപ്പയുടെ നാട്ടിലെ ശാന്ത .കാലം മാറി .ശാന്ത വീട് മാറി .ദാസനും കുഞാപ്പയും ഇപ്പോൾ രണ്ടുപായയും രണ്ടു പാത്രവുമായി .എന്നാലും സ്നേഹത്തിന് കുറവില്ല .
നാട്ടിലെ കുംഭഭരണി മഹോത്സവം വന്നു .കൊല്ലം കൊല്ലം ദാസൻറെ വീട്ടിൽനിന്ന് ഒരു കരിങ്കാളി ഉണ്ടായിരിക്കും .കുടുംബക്കാർ ചേർന്നാണ് കരിങ്കാളിക്കുള്ള കാശ് എടുക്കുക .ഇത്തവണത്തെ പൂരത്തിന് കരിങ്കാളി കെട്ടാൻ പിരിച്ച കാശ് ദാസൻ കള്ളുകുടിച്ച് തീർത്തു .ഭരണി ദിവസം അടുത്തെത്തിയപ്പോൾ ദാസൻ ആകെ ബേജാറായി .തൻറെ വിഷമം ഉറ്റ ചങ്ങായി കുഞാപ്പയോടു പറഞ്ഞു .
"യ്യ് ഒന്നോണ്ടും പേടിക്കണ്ട ദാസാ ...ഞാനില്ലേ ..കരിങ്കാളി കെട്ടാനുള്ള ആളെ ഞാൻ കൊണ്ടരാം .."
"ആരെ ..?എങ്ങിനെ ....?"
"അതൊന്നും യ്യ് അറിയണ്ട ...ഒക്കെ ഞാൻ ശരിയാക്കാം ..."
ദാസൻ മനസ്സില്ല മനസ്സോടെ സമ്മതിച്ചു .
അങ്ങനെ ഭരണി ദിവസം ദാസൻറെ വീട്ടിലേക്ക് കുഞ്ഞാപ്പ കരിങ്കാളി കെട്ടാനുള്ള ആളുമായി വന്നു .ഒരു കറുത്തമനുഷ്യൻ .
"ഇയ്യാൾക്ക് വല്ലതും അറിയ്യോ കുഞാപ്പാ .."
"അതൊക്കെ അറിയും ...പക്ഷെ മൂപ്പരോട് ഒന്നും സംസാരിക്കാൻ നിക്കരുത്‌ .വലിയ ഗൗരവക്കാരനാ..."
കണ്ടാൽ തന്നെ കരിങ്കാളി പോലുള്ള ആ മനുഷ്യനെ കണ്ടപ്പോൾ ദാസൻ സന്തോഷിച്ചു .കുഞ്ഞാപ്പയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനും മറന്നില്ല .
കരിങ്കാളി വേഷം കെട്ടി .വീട്ടുകാരും കുടുംബക്കാരും ചുറ്റുംകൂടി .കരിങ്കാളിയുടെ കയ്യിൽ വാള് കൊടുത്തപ്പോൾ മൂപ്പര് ഉറഞ്ഞുതുള്ളി ...
"ഹേ ...ഹെ  ഹെ ....തുമി കമൂണാസോ ...കീ ഖബർ .."
കരിങ്കാളി തുള്ളിപ്പറഞ്ഞത്‌ ആർക്കും ഒന്നും മനസ്സിലായില്ല . പക്ഷെ ദാസന് കാര്യം പിടികിട്ടി .കുഞ്ഞാപ്പ പണിക്ക് വന്ന ഏതോ ബംഗാളിക്ക്‌ 100 രൂപയും കൊടുത്ത് കൊണ്ടുവന്നതാണെന്ന് . അപ്പൊ ഓടിയ ഓട്ടം കുഞ്ഞാപ്പ പിന്നെ നിർത്തുന്നത് ഭരണി കഴിഞ്ഞിട്ടാണ് .നാട്ടിലെ അമ്പലവാസികൾ കുഞ്ഞാപ്പയെ ശരിക്കും കൈവെച്ചു .ദാസൻ അടുത്ത ഭരണിക്കുള്ളതും കൂടി കൊടുത്തു .

                  -------------------കയിഞ്ഞു -----------------

                                                                        റൗഫ് റഹ്മത്തുള്ള ,