Translate

Saturday, August 31, 2013

ലാപ്ടോപ് (ഹാസ്യ കഥ )

                             
കുടുംബത്തിലെ പലരുടെയും വീട്ടിൽ ലാപ്ടോപ് വാങ്ങിയതിൽ
അസൂയപൂണ്ട് കുഞ്ഞാപ്പ കുന്നംകുളത്ത്പോയി ഒരു ലാപ്ടോപ് വാങ്ങി . സന്തോഷത്തോടെ കുഞ്ഞാപ്പ ഭാര്യയേയും മക്കളെയും വിളിച്ച് ലാപ്ടോപ്പിന്റെ മുന്നിലിരുത്തി . ബാഗ്‌ തുറന്ന് ലാപ്ടോപ് പുറത്തെടുത്തു . കുഞ്ഞാപ്പ ലാപ്ടോപ് കൈകൊണ്ട് തൊടുന്നത് ഇതാദ്യമാണ് .ലാപ്ടോപിൽ ചാർജെർ കണക്റ്റ് ചെയ്തു . പ്ലഗ്ഗിൽ കൊട് വയർകുത്തി സ്വിച്ച് ഓണ്‍ ചെയ്തു .. എങ്ങനെയൊക്കെയോ ലാപ്ടോപ് ഓണ്‍ ചെയ്തു .. പക്ഷെ ഇതെന്ത് കുന്തമാണെന്ന് അറിയാതെ കുഞാപ്പയും കുടുംബവും കണ്ണും മിഴിച്ചിരുന്നു . ഒന്നും മനസ്സിലാകാതെ ലാപ്ടോപ് ഓഫ് ചെയ്യാൻ തന്നെ തീരുമാനിച്ചു .പക്ഷെ എങ്ങനെ ഒഫാക്കുമെന്നറിയാതെ കുഞ്ഞാപ്പ കുഴങ്ങി . കറന്റില് കുത്തിയ പ്ലഗ്ഗിന്റെ സ്വിച്ച് ഓഫ് ചെയ്തു ..നോ രക്ഷ !..ലാപ്ടോപ് ഒഫായില്ല .പിന്നെ പ്ലഗ്ഗ് ഊരിയിട്ട് നോക്കി .ലാപ്ടോപ് ഒഫായില്ല .ഇതെന്ത് പണ്ടാരമെന്നറിയാതെ കുഞ്ഞാപ്പ തലചൊറിഞ്ഞു .കുഞ്ഞാപ്പയുടെ ഭാര്യ ഒരു ഐഡിയ പറഞ്ഞു . വീടിന്റെ ഫ്യൂസൂരിയാലോ ..? കുഞ്ഞാപ്പ വീടിന്റെ പുറത്തേക്ക് ഓടി ..വീടിന്റെ ഫ്യൂസൂരി . വീട്ടിലെ എല്ലാം ഓഫായി . പക്ഷെ !ലാപ്ടോപ് മാത്രം ഓഫായില്ല . ഇതെന്ത് കുദറത്താണെന്ന് കരുതി കുഞാപ്പയും കുടുംബവും താടിക്കും കൈവെച്ച് ഒരേ ഇരിപ്പ് . ലാപ്ടോപ്പിലെ ബാറ്ററി തീർന്നപ്പോൾ അത് താനേ ഓഫായി .കുഞ്ഞാപ്പ മെല്ലെ ലാപ്ടോപ് അടച്ച് വച്ച് ബാഗിലാക്കി നേരെ കുന്നംകുളത്ത് വാങ്ങിയകടയിൽ തന്നെ കൊണ്ട് കൊടുത്തു .എന്നിട്ട് ഒരു പരാതിയും കൂടി പറഞ്ഞു . ചേട്ടായി ..ഇത് കേടാണ്‌ട്ടാ ..ഓണാക്കിയാൽ പിന്നെ ഇതോഫാക്കാൻ പറ്റില്ല ..!

                                                റൗഫ് റഹ്മത്തുള്ള ,

Wednesday, August 28, 2013

മദനിക്ക് കർണാടക നാലാം തവണയും ജാമ്യം നിഷേധിച്ചു .!- വാർത്ത‍ :-

--------------------------*
ബഹുമാനപ്പെട്ട ഇന്ത്യയുടെ ഭരണാതികാരികളോടും ..,അതിലും ഭാഹുമാനപ്പെട്ട നീതിപീഠത്തോടും ഒരു അപേക്ഷ !... ഈ പാവം മനുഷ്യനെ തൂക്കികൊല്ലുകയോ ,വെടിവെച്ച് കൊല്ലുകയോ ചെയ്ത് ഇദ്ധേഹത്തോട് കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു . കണ്ണും കെട്ടി ഒരു തുലാസും പിടിച്ച് നിൽക്കുന്ന നീതി ദേവതക്ക് ഇതൊന്നും കാണാൻ കഴിയില്ല ,ഒരു മനുഷ്യനെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും ഭേതം ഒറ്റയടിക്ക് കൊല്ലുന്നതാണ് ..

 എന്ന് ഭാരതത്തിൽ ജനിക്കേണ്ടി വന്ന ഒരു പൗരൻ ...(റൗഫ് റഹ്മത്തുള്ള .)

ഇതിനോട് നിങ്ങൾ യോജിക്കുന്നു എങ്കിൽ like ,comment ,share ...ഏതെങ്കിലും തിരഞ്ഞെടുക്കാം .അല്ലാത്തവൻ ഇങ്ങൊട്ട് നോക്കുക പോലും ചെയ്യാതെ സ്വയം സംതൃപ്തി അടയാം .........*******************


         

Tuesday, August 27, 2013

സരിത സുന്ദര കേരളം .(കവിത )

സാരിയുടുത്തൊരു സരിത എന്നൊരു നാരി ..
കേരള മണ്ണിൻ മാറിൽ കോമരം തുള്ളിയ നാരി ..

വലതും ഇടതും ആട്ടിൻകുട്ടികൾ തമ്മിലടിച്ചും രക്തം ചിന്തിയും ..
കണ്ടുമിഴിച്ചു നിന്ന് ജനമെന്നൊരു കഴുതകളും ..

പുലരും തൊട്ട് നട്ടപ്പാതിരവരെ ചാനലുകാരുടെ കുമ്മാക്കി കളികളും
മുഖ്യനെന്നൊരു പാവം ചാണ്ടി മുക്കിലും മൂലയിലും പ ..പ ..പ  പറഞ്ഞു ..
നിയസഭ അകത്തും പുറത്തും കോലാഹലം ..

ഇതൊന്നുമറിയാതെ സരിത എന്നൊരു സോളാർ നാരി ..
സാരികൾ മാറിയുടുത്ത് ജയിലുകളിൽ നിന്നും കോടതികളിലേക്ക് .

നിയമസഭയുടെ മുന്നില് പതിനായിരങ്ങൾ അന്തിയുറങ്ങി ..
നിയമസഭയും പൂട്ടി ചാവിയുംകൊണ്ട് ചാണ്ടിസാർ വീട്ടീ പോയി ..
അന്തിയുറങ്ങിയവർ പായയും ചുരുട്ടി വീട്ടിൽപോയി കഞ്ഞികുടിച്ചു .
പാവം ജനങ്ങൾ എല്ലാം മറന്നു പുതിയൊരു സരിതക്കായി കാത്തിരിന്നു ..

ഹരിത സുന്ദര കേരള നാട്ടിൽ സരിതക്കെന്ത് കാര്യം ..?

                                     ***ശുഭം **                                                
                                                                                     റൗഫ് റഹ്മത്തുള്ള ,


Sunday, August 25, 2013

ഒരു അബദ്ധം ഏത് പോലീസുകാരനും പറ്റും ..!(കഥ )


 
പ്രവാസ ജിവിതം തുടങ്ങുന്നത് എന്റെ ഇരുപതാം വയസ്സിലാണ് . മൂന്ന് വർഷം ചെറുപ്പത്തിന്റെ ചൂടും മരുഭൂമിയുടെ ചൂടും കൊണ്ട് പണ്ടാരമടങ്ങിയുള്ള ഒരുജീവിതമായാണ് കഴിഞ്ഞുകൂടിയത് . ലക്ഷ്യ ബോധമില്ലാത്ത ഒരു പ്രായം . മൂന്ന് വർഷം തികഞ്ഞപ്പോൾ നാടൊന്നു കാണാൻ പൂതിയായി .
മൂന്ന് വർഷം കൊണ്ട് ഞാൻ എന്ത് നേടി എന്നായിരുന്നില്ല ചിന്ത . എന്തൊക്കെയോ നഷ്ടപ്പെട്ടു എന്നായിരുന്നു . നഷ്ടങ്ങളുടെ കണക്ക് നോക്കുമ്പോൾ നേടിയത് ഒന്നുമല്ലന്ന് എനിക്ക് തോന്നി തുടങ്ങി . അത്കൊണ്ട് തന്നെ നാടൊന്നു കാണാൻ കൊതിച്ചതും .
നാട് ചെറിയ മാറ്റങ്ങൾക്ക് തലകുനിച്ച് കൊടുത്തിട്ടുണ്ടായിരുന്നു . പക്ഷെ അതിനെക്കാളേറെ എന്റെ കൂടെ നടന്നവരുടെയും എന്നേക്കാൾ പ്രായം കുറഞ്ഞവരുടെയും മാറ്റമായിരുന്നു എന്നെ അമ്പരപ്പിച്ചത് .
എന്റെ ഒരു സുഹൃത്ത് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പഠിക്കുന്നു . അവന്റെ കാര്യത്തിൽ വലിയ അമ്പരപ്പൊന്നും തോന്നിയില്ല . കാരണം ഞാൻ മൂന്ന് വർഷം മുമ്പ് നാട് വിടുമ്പോൾ അവൻ അതെ കോളേജിൽ തന്നെ ആയിരുന്നു . ഷഫീക്ക് , അതാണ് ആ മഹാന്റെ പേര് . എന്നാൽ എന്റെ മറ്റൊരു സുഹൃത്തായ ഷുക്കൂർ , പള്ളിക്കമ്മറ്റിയും രാഷ്ട്രീയവുമായി തകർക്കുകയായിരുന്നു . അതിൽ ഒരൽപം അസൂയ ഇല്ലാതില്ലാതില്ല .., !
ഞാൻ ഗൾഫിന്റെ ദുരിതങ്ങൾ പാസ്സ്പോട്ടിന്റെ കൂടെ പെട്ടിയിൽ വെച്ച് പൂട്ടി . എന്നിട്ട് ഗൾഫിനെ ഒരു സ്വർഗ്ഗ പൂങ്കാവനമാക്കി അവർക്ക് മുന്നിൽ എന്റെ തിരക്കഥയിൽ അവതരിപ്പിച്ചു കൊടുത്തു . സംഗതി ഏറ്റു . അവർക്കെന്നോട് സ്നേഹമോ ബഹുമാനമോ എന്തൊക്കെയോ തോന്നിയെന്ന് അവരുടെ പെരുമാറ്റത്തിൽ തോന്നി .
അവർക്ക് മുന്നിൽ ഞാൻ പക്ക്വത വന്ന ഒരാണായി . ഞാൻ ഒരു പെണ്ണ്‍ കെട്ടാൻ സാധ്യതയുണ്ടെന്നുവരെ കാച്ചി കളഞ്ഞു . പാവം അവരത് വിശ്വസിച്ചു . അതെങ്ങാനം എന്റെ വീട്ടിലറിഞ്ഞിരുന്നെങ്കിൽ ...! ഹോ .. !!
കോളേജിൽ പഠിക്കുന്ന ഷഫീക്ക് കാര്യമായിത്തന്നെ എനിക്ക് പെണ്ണ് നോക്കി . പുറത്തെവിടെയുമല്ല അവന്റെ കോളേജിൽ കൂടെ പഠിക്കുന്ന കുട്ടിയെ തന്നെ ആ സ്നേഹ സമ്പന്നൻ എനിക്ക് വേണ്ടി ആലോചിച്ചു .
ആദ്യം അവളുമായി ഫോണിൽ സംസാരിച്ചു . നല്ല ശബ്ദം , കാര്യമായി തന്നെ ആലോചിച്ചാലെന്തന്നുവരെ ഞാൻ ചിന്തിച്ചു . അവളോട്‌ സംസാരിച്ചപ്പോൾ അവൾക്കും എന്നെ പറ്റിയെന്നൊരു തോന്നൽ മിന്നൽ പോലെ മനസ്സിൽ തെളിഞ്ഞു . അവളെ കാണണം എന്നായി പിന്നെ . ഷഫീക്ക് അവന്റെ സ്നേഹവാതിൽ വീണ്ടും തുറന്നു .
"പിന്നെന്താടാ ..നീ നാളെ കോളേജിൽ വാ ... നിനക്ക് കണ്ട് സംസാരിക്കാനുള്ള വകുപ്പ് ഞാനുണ്ടാക്കി തരാടാ .."
ഹോ !...എന്തൊരു വാക്കുകളാണ് അത് . അവനോട് വല്ലാത്തൊരു ഇഷ്ടം തോന്നി . ഞാൻ മൂന്ന് വർഷത്തെ പ്രവാസ ജീവിതം കൊണ്ട് കുറച്ച് സുന്ദരനായിട്ടുണ്ട് എന്ന ഒറ്റ പ്രതീക്ഷയിലാണ് അവനിതിനെല്ലാം നിൽക്കുന്നത് .
ഞാൻ ആ സന്തോഷ വിവരം ഷുക്കൂറിനെ അറിയിച്ചു . പെണ്‍കുട്ടികളെ കയ്യിലിട്ട് അമ്മാനമാടുന്നവനാണ് ഷുക്കൂർ . ഒരു പെണ്ണിനെ വളക്കാൻ അവനു അധികം സമയമൊന്നും വേണ്ട . എനിക്കാണെങ്കിൽ പെണ്‍കുട്ടികളോട് സംസാരിക്കാൻ വലിയ ചമ്മലാണ് . അത് കൊണ്ട് തന്നെ നാളെ കോളേജിൽ പോകുമ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ അവനോട് വരാൻ പറഞ്ഞു . എന്റെ ഭാഗ്യം .അവൻ സമ്മതിച്ചു .
പിറ്റേ ദിവസം പരമാവതി ഗ്ലാമറായി തന്നെ ഞാൻ ഇറങ്ങി . ജിവിതത്തിലെ ആദ്യ പെണ്ണ് കാണൽ ചടങ്ങിന് . കൂടെ ഷുക്കൂറും .
പഠിക്കാനായി കോളേജിൽ പോയിട്ടില്ല . ആദ്യമായി അങ്ങനെ കോളേജിന്റെ പടി കയറി . ഇങ്ങനെയെങ്കിലും കോളേജിന്റെ പടികേറാത്തവനെന്ന പേര് ദോഷം മാറികിട്ടാണെങ്കിൽ കിട്ടെട്ടെന്ന് കരുതി .
ഷഫീക്ക് ഞങ്ങളെ കണ്ടപാടെ ഓടിവന്നു .അവന്റെ മുഖത്ത് സന്തോഷം . ഞങ്ങളെ അവൻ കോളേജ് അങ്കണത്തിലെ ഒരുമരച്ചുവട്ടിലേക്ക് കൂട്ടി കൊണ്ടുപോയി . അവിടെ എനിക്ക് കാണേണ്ട പെണ്ണും അവളുടെ കൂട്ടുകാരിയും ഞങ്ങളെ കാത്തിരിപ്പായിരുന്നു . ഞങ്ങൾ പരസ്പരം പരിജയപ്പെട്ടു . ഒരുപാട് സംസാരിച്ചു .തമാശകൾ പറഞ്ഞു . എനിക്ക് വേണ്ടി വാതോരാതെ ഷുക്കൂർ സംസാരിച്ചു .എനിക്ക് കുട്ടിയെ നന്നേ ബോധിച്ചു . ഞങ്ങൾ അവിടന്ന് പിരിയുമ്പോൾ ഷഫീക്ക് അവളുടെ മനസ്സറിഞ്ഞ് രാത്രി പറയാമെന്ന് എന്നോട് സ്വകാര്യം പറഞ്ഞു .
അന്ന് രാത്രി ഞാൻ ഷഫീക്കിനെയും കാത്ത് പീടിക കോലായിൽ ഇരുന്നത് വെറുതെ ആയി അവൻ വന്നില്ല .അവനെ തിരഞ്ഞ് വീട്ടിൽ പോയി .അവനെ കണ്ടില്ല . ദിവസം രണ്ടു കഴിഞ്ഞു . എന്നെ കാണുമ്പോൾ പറയാം എന്നും പറഞ്ഞ് അവൻ ഒഴിഞ്ഞു മാറി .
മൂന്നാം ദിവസം ... "പറയടാ ..എന്താ അവൾ പറഞ്ഞത് .."
അവൻ എന്റെ മുകത്ത് നോക്കാതെ പറഞ്ഞു .."അവൾക്ക് നിന്നെയല്ല നിന്റെകൂടെ വന്ന ഷുക്കൂറിനെയാണ് ഇഷ്ടപെട്ടത് ..അവന്റെ സംസാരം അവൾക്ക് ഇഷ്ടപ്പെട്ടത്രെ ..."
കുറച്ച് സമയം നിശബ്ദത ...................... പിന്നെ അവൻ തുടർന്നു . "നിനക്ക് ഒറ്റക്ക് വന്നാ പോരെ എന്തിനാ യ്യ് ഓനെയും കൊണ്ട് വന്നേ ...ഇഞി അന്റെ കാര്യത്തില് ഞാൻ ഇടപെടില്ല ..തെണ്ടി ...വെറുതെ ആളെ നാറ്റിക്കാൻ ..."
ഇതും പറഞ്ഞ് അവൻ ധ്രിതിയിൽ നടന്ന് നീങ്ങി .
ഞാൻ ആകെ തകർന്നു പോയി . ഒപ്പം ഒരു പാഠം കൂടി പഠിച്ചു . പെണ്ണ് കാണാൻ പോകുമ്പോൾ തനിച്ച് പോവുക !..അല്ലെങ്കിൽ നമ്മെക്കാളും കഴിവും സൗന്ദര്യവും കുറഞ്ഞവനെ കൂടെ കൊണ്ട് പോവുക ..., എന്താ ചെയ്യാ..എനിക്കൊരു അബദ്ധം പറ്റി ..ഏത് പോലീസുകാരനും ഒരബദ്ധം പറ്റും .
നാണം കെട്ടു എന്ന് പറയാലോ.  ..ലീവ് തീർന്നു ഞാൻ തിരിച്ച് പോകാൻ തയ്യാറായി .സത്യത്തിൽ ലീവ് തീർന്നതല്ല .നാട്ടിൽ നാണം കെട്ട് നിൽക്കുന്നതിലും നല്ലത് മരുഭൂമിയിലെ ചൂട് കൊണ്ട് നില്ക്കുന്നതാണ് നല്ലതെന്ന് തോന്നി . അടുത്ത വരവിന് ഒരു പെണ്ണ് കെട്ടി പെണ്ണന്ന വർഗ്ഗത്തോട്‌ പകരം വീട്ടുമെന്ന തീരുമാനത്തോടെ വീണ്ടും പ്രവാസത്തിന്റെ കൊടുമുടിയിലേക്ക് .
......................................................................... പോകുമ്പോൾ ഷഫീക്കിനോട് യാത്ര പറഞ്ഞു . ഷുക്കൂറിനോട് പറയാൻ എനിക്ക് മനസ്സില്ല .. ദ്രോഹി ...!

***********************ശുഭം ********************
                                                                                                     റൗഫ് റഹ്മത്തുള്ള ,

Saturday, August 17, 2013

അനുഭവം ഗുരു , (കഥ )

     ടാറിട്ട റോഡിലൂടെ വന്ന്  ഇടവഴിയിലേക്ക് കയറി കുറ്റിച്ചെടികൾക്കിടയിലൂടെ നീണ്ടുനിവർന്ന പറമ്പിലെ വഴികളിൽ ഒരു വെളിച്ചം പോലുമില്ലാതെ അയാൾ നടന്ന് നീങ്ങുമ്പോൾ എന്തോ മനസ്സിലുറപ്പിച്ചിരുന്നു .
  ജിവിതത്തിന്റെ ഓർമ്മകൾ പൂവിട്ട കാലം തൊട്ടേ പ്രണയസരോവരത്തിലെ ഒരു പൊന്മയയിരുന്നു അയാൾ .എണ്ണിയാൽ തീരാത്ത കാമുകിമാർ .
പ്രായത്തിന്റെ പക്വത 25  എന്ന യുവത്വത്തിലെത്തിയപ്പോൾ അയാളുടെ പ്രണയം മറ്റൊരു ലോകം കണ്ടു . പ്രണയിച്ച പെണ്ണിന്റെ മനസ്സ് കവരുന്നതോടോപ്പൊം ശരീരവും കവരാൻ തുടങ്ങി . പതിനേഴു തികയുന്ന കാമുകിയുടെ ശരീരം ആസ്വദിച്ചുകൊണ്ടാണ് അയാൾ പ്രണയത്തിന് മറ്റൊരു
മുഖം കൊടുത്തത് . പിന്നീട് പ്രണയം എന്നത് അയാൾക്കൊരു ഹരമായി തീർന്നു . സ്കൂൾ ,കോളേജ് കാലഘട്ടങ്ങളിലെ മനോഹര പ്രണയങ്ങൾ അയാളിൽ നശിച്ചു തുടങ്ങിയിരുന്നു . പ്രണയത്തിന്റെ പര്യവസാനം സെക്സാണെന്ന് അയാൾ വിശ്വസിച്ചു .
ഇതിനിടക്കാണ് മൊബൈലിൽ വന്ന ഒരു റോങ്ങ് നമ്പർ അയാളിൽ മറ്റൊരു മൃഗത്തെ സൃഷ്ടിച്ചത് . വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുള്ള ഒരു സ്ത്രീയായിരുന്നു റോങ്ങ് നമ്പർ രൂപത്തിൽ അയാളുടെ മനസ്സിലേക്ക് വിരുന്നുവന്നത് . അവർ തമ്മിൽ പരസ്പരം കാണുന്നതിനു മുമ്പ് തന്നെ പ്രണയത്തിൻറെ ഒരു പൂഞ്ചോല  അവർ വാർത്തെടുത്തു .
പ്രണയം കവിതകെളെഴുതാൻ തുടങ്ങി . അവർ തമ്മിൽ കണ്ടു . അവരിലെ പ്രണയം അവർക്ക് തന്നെ ഒരു കൗതുകമായി .
പ്രായം കൊണ്ട് അവളെക്കാൾ ചെറുപ്പമായിരുന്നു അയാൾ . അവളുടെ ഭർത്താവ് വിദേശത്ത് . തന്റെ ജീവന് തുല്യം അവൾ ഭർത്താവിനെ സ്നേഹിക്കുന്നുണ്ട് . എന്നിട്ടും തന്റെ പുതിയ കാമുകനെ അവൾക്ക് മനസ്സിൽ കുടിയിരുത്താൻ കഴിഞ്ഞു . ചില പെണ്ണുങ്ങൾക്ക് അങ്ങനെയൊക്കെ പറ്റുമായിരിക്കും !.
പ്രണയത്തോടൊപ്പോം അയാൾ അവളെ ആസ്വതിക്കാൻ കൊതിച്ചിരുന്നു . പല രാത്രികളും അവരുടെ പ്രണയ സല്ലാപം അവളുടെ കിടപ്പറയിലായിരുന്നെങ്കിലും ,മനസ്സുകൾ ചേർന്നതല്ലാതെ ശരീരങ്ങൾ ചേർന്നിരുന്നില്ല . അതിലെ നിരാശയാവണം അയാളിൽ ഈ രാത്രി അവളുമായി ചേരണമെന്ന തീരുമാനം .

ഇരുട്ടിൽ അയാൾ അവളുടെ വീടിന്റെ പുറകുവശം ലക്ഷ്യമാക്കി നടന്നു . പതിവുപോലെ പുറകുവശത്തെ വാതിൽ അവൾ തുറന്നിട്ടിരുന്നു .
പ്രണയ സല്ലാപങ്ങൾക്കിടെ ,എപ്പോഴോ അവൾ അയാളിലേക്ക് ചാഞ്ഞു . സന്ദർഭം അയാൾ മുതലെടുത്ത്‌ ആഗ്രഹം സഫലീകരിച്ചു . അയാൾ അത് വരെ ആസ്വദിച്ചതൊന്നും ഒന്നുമല്ലന്ന് ഒരു തോന്നൽ അയളിലുണ്ടായി .
പിന്നീടുള്ള അയാളുടെ പ്രണയങ്ങൾ വിവാഹം കഴിച്ച സ്ത്രീകളോടായി . ഭർത്താക്കന്മാർ സ്ഥലത്തില്ലാത്ത സ്ത്രീകളെ പ്രണയിക്കലും അവരെ അനുഭവിക്കലുമയി അയാൾ അരങ്ങ് തകർത്തു . ഈ ബന്ധങ്ങളിൽ നിന്നെല്ലാം അയാൾ ഓരു കാര്യം മനസ്സിലാക്കി .അയാൾ ബന്ധം പുലർത്തിയ ഒട്ടുമിക്ക സ്ത്രീകളും വികാരം കൊണ്ട് തങ്ങളുടെ ഭർത്താക്കന്മാരെ വഞ്ചിച്ചവരല്ല .അവർക്ക്തങ്ങളുടെ ഭർത്താക്കന്മാരുടെ അടുത്ത് നിന്ന് വേണ്ടത്ര സ്നേഹം കിട്ടാത്തവരായിരുന്നു .

പ്രായം അയാൾക്ക് വിവാഹത്തിനുള്ള വഴിയൊരിക്കി . അയാൾക്ക് സുന്ദരിയായ ഒരു പെണ്ണിനെ ഭാര്യയായി കിട്ടി . അവളുമായുള്ള ഓരോ ദിവസങ്ങളും അയാളിൽ കുറ്റബോധം വേട്ടയാടി തുടങ്ങി . താൻ മറ്റുള്ളവന്റെ ഭാര്യയോട് ചെയ്തത് ആരെങ്കിലും തന്റെ ഭാര്യയോട് ചെയ്യുമോന്ന് അയാൾ ഭയപ്പെട്ടു . ആ ഭയം അയാളിലെ മനസ്സിനെ നോവിച്ചു കൊണ്ടിരുന്നു . എല്ലാ തെറ്റുകളിൽ നിന്നും അയാൾ മോചനം നേടാൻ ശ്രമിച്ചു .
പുസ്തകങ്ങളിലും മറ്റും അയാൾ അയാളെപോലുള്ളവരെ തിരയാൻ തുടങ്ങി . അതിലൂടെ അയാൾ താൻ ആരായിരുന്നെന്ന് സ്വയം തിരിച്ചറിഞ്ഞു .
അയാൾ തന്റെ ഭാര്യക്ക് വേണ്ടുവോളം സ്നേഹം കൊടുത്തു .അവളെ സന്തോഷിപ്പിച്ചു .തന്നെപ്പോലുള്ള കഴുകന്മാരുടെ കണ്ണുകളിൽ നിന്ന് അവളെ അയാൾ സംരക്ഷിച്ചു . അയാളിൽ നല്ലൊരു മനുഷ്യനും ,നല്ലൊരു ഭർത്താവും ജന്മമെടുത്തു . തന്റെ അനുഭവങ്ങൾ മറ്റുള്ളവർക്കൊരു പാഠമാക്കുന്നതിന് വേണ്ടി ദാമ്പത്യ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം തന്നെ അയാൾ രചിച്ചു .... "അനുഭവം ഗുരു ".



                                  ***ശുഭം **                                                          
                                                                                                       റൗഫ് റഹ്മത്തുള്ള .


                                                          

Saturday, August 3, 2013

സുമിത്ര.. (കഥ)

                 
   റോഡിലെങ്ങും തിരക്കാണ് . അടുത്തുള്ള അമ്പലത്തിലെ കുംഭഭരണി മഹോത്സവം നടക്കുകയാണ് .പൂരക്കാഴ്ച്ചകൾ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മന്ദം മന്ദം നീങ്ങുന്നു . പൂരലഹരിയിലും മദ്യലഹരിയിലും ആളുകൾ ആർത്തുവിളിച്ച് ഉല്ലസിക്കുന്നു . റോഡരികിലെ വീടുകളിലെ ആളുകളും മറ്റുകാഴ്ചക്കാരും ഗൈറ്റിലും മതിലിനപ്പുറത്തുമായി നിന്ന് കാഴ്ചകൾ കണ്ടാസ്വതിക്കുന്നു .
പൂരക്കാഴ്ച്ചകൾ കണ്ട് നടന്നിരുന്ന അയാൾ കൂടിനിന്ന സ്ത്രീകളിൽ ഒരു പതിനാറു കാരിയെ കണ്ടപ്പോൾ ഒന്ന് തമ്പിട്ടു . അയാൾക്ക് അവളെ നല്ല പരിജയമുണ്ടായിരുന്നു . അവൾ നിൽക്കുന്നത് അവളുടെ വീടിനുമുന്നിലല്ല . അയാളുടെ ഒരു സുഹൃത്തിന്റെ വീടാണത് . നിറയെ സ്ത്രീകൾ കൂടിനിന്ന അങ്ങോട്ട്‌ എങ്ങനെ പോകുമെന്ന  ആശയകുഴപ്പത്തിലായിരുന്നു അയാൾ . തന്റെ സുഹൃത്തിനെ അവിടെ കണ്ടിരുന്നെങ്കിൽ അങ്ങോട്ട്‌ പോകാൻ അയാൾക്കൊരു ധൈര്യമുണ്ടായിരുന്നു .
കുറച്ച് മാസങ്ങൾക്ക് മുൻപാണ് അയാൾ അവളെ ആദ്യമായി കാണുന്നത് . മറ്റൊരു സുഹൃത്തിന്റെ മകളുടെ പിറന്നാളിന് . അന്ന് പലരെയും പരിജയപ്പെട്ട കൂട്ടത്തിൽ അയാൾ അവളെയും പരിജയപ്പെട്ടിരുന്നു . പേര് സുമിത്രയാണെന്നും , പഠിക്കുകയാണെന്നും അന്ന് തന്നെ അയാൾ മനസ്സിലാക്കി . പക്ഷെ ,അവളോട്‌ അയാൾക്ക് പ്രണയമൊന്നും തോന്നിയില്ല !..  എങ്കിലും എന്തോ ഒരു പ്രത്യേകത അവൾക്കുള്ളതായി അയാൾക്ക് തോന്നിയിരുന്നു .
           തന്നെക്കാളും ഒരുപാട് പ്രായം കുറവാണ് അവൾക്കെന്ന് അയാൾക്കറിയാമായിരുന്നു . എന്നിട്ടും ! എന്തോ അവളെ കാണുമ്പോൾ അയാളുടെ മനസ്സിൽ പുതുമഴയുടെ നീർകണങ്ങൾ പതിക്കും പോലൊരു കോരിത്തരിപ്പ് അനുഭവപ്പെടുമായിരുന്നു . പലപ്പോഴും പലസ്ഥലത്തും അവളെ കണ്ടുമുട്ടി .പലതും സംസാരിച്ചു . തന്റെ മനസ്സിലെ അനുഭവം മാത്രം പങ്കുവെച്ചില്ല .തന്റെ സംസാരത്തിലും , പെരുമാറ്റത്തിലും അയാൾ താൻ അവളുടെ കാമുകനാണെന്ന് വരുത്താൻ ശ്രമിച്ചു . അവൾക്കത് മനസ്സിലാകഞ്ഞിട്ടാണോ ,അതോ , അയാളുടെ പ്രായം മനസ്സിലാക്കിയിട്ടാണോ ..എന്തോ , അവൾ അയാളോടുള്ള തന്റെ സമീപനം ഒരു കുട്ടിയുടേത് പൊലെ പ്രതിഫലിപ്പിച്ചു .
എന്നാൽ ,അവൾക്ക് തന്നെ ഇഷ്ടമാണെന്ന് തന്നെ അയാൾ വിശ്വസിക്കാൻ ശ്രമിച്ചുതുടങ്ങി .അതോടെ അയാളിൽ ഒരു കാമുകനും ബീരുവും ഒരേ സമയം ജന്മമെടുത്തു .അവളെ കാണാൻ മാത്രം അയാൾ അവൾ പങ്കെടുക്കുന്ന ആഘോഷങ്ങളിലെല്ലാം  മനപ്പൂർവ്വം പങ്കുചേർന്നു .അയാളിൽ ഒരു കാമുകൻ ഉണർന്നപ്പോൾ പിന്നെ അവളെ കാണുന്നതും പെരുമാറുന്നതും സംസാരിക്കുന്നതും എല്ലാം മനസ്സിൽ വിറയൽ അനുഭവപ്പെട്ടുകൊണ്ടായിരുന്നു .
സുമിത്ര അയാളെ വല്ലാതെ മോഹിപ്പിച്ചു . എന്തിന് ! അവിളിത്ര ചെറുപ്രായമായെന്നോർത്ത് അയാൾ സങ്കടപ്പെട്ടു . തനിക്ക് അവളോളം പ്രായമോ ..അവൾക്ക് തന്നോളം പ്രായമോ ..ആയിരുന്നെങ്കിൽ ഒരു പക്ഷെ ! ഈ പ്രണയം പൂവിടുമെന്നെല്ലാം അയാൾ വെറുതെ ഓർത്തു പോയി . ഇതൊന്നും അറിയാതെ സുമിത്ര മറ്റൊരുവന്റെ കാമുകിയാണെങ്കിലോ ..? അയാൾക്കത് ഓർക്കാൻ പോലും വയ്യ !.
ദിവസങ്ങളുടെ രാവുകളും പകലുകളും അയാൾ ചിന്തകളുടെ ആലയിലെ  തീകനലിലിട്ട് പഴുപ്പിച്ചു . അതോടൊപ്പം  തന്റെ പ്രായവും പക്ക്വതയും ഊതിക്കാച്ചിയെടുത്തു .
" സുമിത്ര ചെറിയ കുട്ടിയാണ് .അവളുടെ പകുതിയിലേറെ പ്രായം എനിക്കുണ്ട് ..വേണ്ട ഒന്നും വേണ്ട ..എല്ലാം അവസാനിപ്പിക്കാം "
അയാൾ തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു . പിന്നീട് കുറച്ചു നാൾ അവളെ കാണാതെ അയാൾ അകന്നു നിന്നു . പക്ഷെ ,വിധി അതിന് അനുവദിച്ചില്ല . പൂരത്തിനിടെ അവളെ വീണ്ടും കാണേണ്ടി വന്നു .
ചുറ്റും നടക്കുന്ന ബഹളങ്ങളെയും , ആൾകൂട്ടത്തെയും അയാൾ ശ്രദ്ധിച്ചില്ല .അയാളുടെ കണ്ണിൽ ആ കൊച്ചു സുന്ദരി മാത്രം ...
 ഭാഗ്യം ! അയാളുടെ സുഹൃത്ത് വീടിന്റെ മുറ്റത്ത് നിൽക്കുന്നത് കണ്ടപ്പോൾ അയാളുടെ ഉള്ളിൽ ഒരു കുളിർ കാറ്റ് വീശി .
മറ്റൊന്നും ചിന്തിക്കാതെ അയാൾ അങ്ങോട്ട്‌ കയറിച്ചെന്നു .സുഹൃത്തിനോട് എന്തെക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും ,അയാളുടെ നോട്ടം അവളിലായിരുന്നു . നോട്ടത്തിനിടെ അയാളുടെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കി .അവൾ ചിരിച്ചു .രണ്ടും കൽപ്പിച്ച് അയാൾ അവളുടെ അടുത്തേക്ക് നീങ്ങി .
"നല്ല മേക്കപ്പിലാണല്ലോ .." അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു .തന്നെ കണ്ടാൽ അവളാദ്യം കുറച്ചു കാലം കാണാതിരുന്നതിനെ പറ്റിയാകും ചോദിക്കുക എന്ന് കരുതിയ അയാൾക്ക് തെറ്റി . "എനിക്കൽപം ഗ്ലാമറുള്ളത് കൊണ്ട് സുമിത്രക്ക് തോന്നുന്നതാ ....സുമിത്രക്ക് സൗന്ദര്യം ഇല്ലാത്തോണ്ടുള്ള അസൂയാവും .." അയാൾ ചിരിച്ചോണ്ടാണ് പറഞ്ഞതെങ്കിലും സുമിത്രക്ക് അതത്ര പിടിച്ചില്ലാന്ന് അയാൾക്ക് മനസ്സിലായി . അന്ന് പിന്നെ പൂര പറമ്പിലും മറ്റും അവൾ അയാളോട് മുഖം കറുപ്പിച്ച് തന്നെ നിന്നു .
അവളുടെ പിണക്കം അയാളെ വിഷമിപ്പിച്ചെങ്കിലും ,ആ പിണക്കത്തിൽ ഒരു പ്രണയം അയാൾ അനുഭവിച്ചു . ദിവസങ്ങളെ ഒരു  പ്രണയ നൗകയാക്കി അയാൾ തുഴഞ്ഞു .
അയാളുടെ സുഹൃത്തിന്റെ മകളുടെ പിറന്നാൾ ദിവസം വീണ്ടും വന്നു.സുമിത്രയെ കണ്ടുമുട്ടിയിട്ട് ഒരു വർഷം തികഞ്ഞെന്നു സാരം . സുമിത്രയോട് അയാൾ സോറി പറഞ്ഞു .നീയൊരു സുന്ദരിക്കോതയാണെന്ന് പറഞ്ഞ്  അയാൾ അവളെ ചിരിപ്പിച്ചു .അവളുടെ പിണക്കം മാറി . പിണക്കം മാറിയ സുമിത്രക്ക് തന്നോട് പ്രണയമുണ്ടെന്ന് മാത്രം അയാളറിഞ്ഞില്ല . എങ്കിലും ഒന്നറിഞ്ഞു . അവൾ അയാളെ ഒരു അങ്കിളായിട്ടാണ് കാണുന്നത് . അവൾ പലർക്കും അയാളെ അങ്ങിനെയാണ് പരിജയപ്പെടുത്തിയത് .
പ്രണയത്തിനിടയിൽ പ്രായം ഒരു പ്രശ്നമല്ലെങ്കിലും , പ്രായങ്ങൾക്കിടയിൽ  പ്രണയം ഒരു പ്രശ്നമാണെന്ന സത്യം ജിവിതത്തിൽ ആദ്യമായി അയാൾ തിരിച്ചറിഞ്ഞു . അന്ന് അയാൾ തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയുമൊപ്പം സ്നേഹത്തോടെ , സന്തോഷത്തോടെ കിടന്നുറങ്ങി .
അന്ന് രാത്രി അയാൾ  സുമിത്രയെ സ്വപ്നം കണ്ടു!! . ജീവിതത്തിൽ പ്രശ്നങ്ങൾ ഒരു രാത്രികൊണ്ട് അവസാനിക്കില്ലന്ന് ഒരു പക്ഷെ , ഉറക്കമുണരുമ്പോൾ അയാൾ സങ്കടപ്പെട്ടേക്കാം ...!!!!.
                                                   
                                        ***ശുഭം ***
                                                                                   റൗഫ് റഹ്മത്തുള്ള ,